2011, ഡിസംബർ 20, ചൊവ്വാഴ്ച

യേശുവും അല്‍ഫോന്‍സാമ്മയും


യേശുവും അല്‍ഫോന്‍സാമ്മയും:

''ഒക്കേക്കുമുള്ളിലെന്തെന്നറിഞ്ഞീടുവാന്‍
ഒക്കുന്നിടത്താണു ഞങ്ങളെന്നും
ദാരിദ്ര്യചൈതന്യമുള്‍ക്കൊണ്ടു ജീവിച്ച
ഞങ്ങളെ ക്രൂശിച്ചോര്‍ തന്നെയാണീ
ഞങ്ങടെ പേരിലാര്‍ഭാടവും ധൂര്‍ത്തുമായ്
പൊന്‍മുടി നല്കി വാഴ്ത്തുന്നതെന്നും
നിങ്ങള്‍ മറന്നാലുമാവില്ല ഞങ്ങള്‍ക്കു
നിങ്ങള്‍ വസിക്കുമാ ഭൂ മറക്കാന്‍ .

ഭൂവിലൂര്‍ജക്ഷാമമുണ്ടു, പെട്രോളിയം
ധൂര്‍ത്തടിച്ചുള്ള തീര്‍ഥാടനങ്ങള്‍
ദൈവം പൊറുക്കുകയി, ല്ലറിവില്ലാത്ത
പാവങ്ങള്‍ക്കായറിവേകിടേണ്ടോര്‍
ചൂഷണവും കൂടിയാണെങ്കിലെങ്ങനെ
ദൈവരാജ്യം ഭൂവിലെത്തു? മോര്‍ക്കൂ!

അങ്ങേ മലയിലെ കാടു വെട്ടിത്തെളി-
ച്ചിങ്ങേ മലയിലാം ദൈവമെന്നും
ഇങ്ങെങ്ങുമില്ലില്ല ദൈവമെന്നും ചൊന്നു
തങ്ങളില്‍ പോരടിക്കുന്ന ലോകം
ഞങ്ങള്‍ക്കു രക്ഷിക്കുവാന്‍ മോഹ, മെങ്കിലും
നിങ്ങള്‍ക്കേ ഭൂരക്ഷ സാധ്യമാവൂ.

2011, ഡിസംബർ 17, ശനിയാഴ്‌ച

അഭയയും അല്‍ഫോന്‍സാമ്മയും


അഭയയും അല്‍ഫോന്‍സാമ്മയും

അഭയ:
അങ്ങയെപ്പോലീ വിശുദ്ധ പദത്തിലീ-
യെന്നെയും പോപ്പവരോധിക്കുമോ? പീഡ-
യന്നു സഹിക്കുവാനേറെയുണ്ടായീല,
കൊന്നു തന്നില്ലേ വെറും സാക്ഷിമാത്രമാം
എന്നെയവര്‍ യൗവനോദയവേളയില്‍?
പീഡ സഹിക്കാത്തവര്‍ക്കാ പദം നല്കുമോ?
’’

അല്‍ഫോന്‍സാമ്മ:
നീയറിയേണം വിശുദ്ധപദത്തിലു-
മേറിയ പീഡയില്ലെങ്ങും, മനസ്സാക്ഷി-
യുള്ളവര്‍ക്കിങ്ങിരുന്നീടുവാനാവുമോ
കള്ളവ്യാപാരത്തിനായിടനില്ക്കുവാന്‍?
ഒന്നു ചൊല്ലാം: നാം വിശുദ്ധരാ, ണെന്നിലും
നിന്നിലും നിത്യം വിളങ്ങിയിരുന്നതു
ദൈവികശക്തിയില്‍ നിഷ്‌കളങ്കം പൂര്‍ണ-
വിശ്വാസമായിരു, ന്നാകയാല്‍ മര്‍ത്യരി-
ന്നെന്തു വിധിക്കിലും നമ്മിലേശില്ല, നാം,
ദൈവത്തിലല്ലോ, വിശുദ്ധി ദൈവത്തിലാം!
’’