ടി. ജെ. ജോസഫ്
ഫേസ് ബുക്കിൽനിന്ന് (ഒന്നു പുതുക്കിയത് )
എറണാകുളം അതിരൂപതാ വസ്തു ഇടപാടുകളെല്ലാം ആത്മീയതയുടേയും ക്രിസ്തീയ കരുണയുടേയും അംശലേശവുമില്ലാത്ത ശുദ്ധ ഭൗതിക നിലപാടുതറകളുടെ മുമ്പിൽ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളായിരുന്നു. ക്രിസ്തുവാകട്ടെ ഈ മാമാങ്കത്തറയ്ക്ക് ഏഴയൽവക്കത്തുപോലുമുണ്ടായിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ അശ്ലീലമയമായ തർക്ക വിതർക്കങ്ങൾ, അർത്ഥവത്തായിത്തീരേണ്ടിയിരുന്ന സംവാദങ്ങളുടെ വായ് മൂടിക്കെട്ടി. വാദകോലാഹലങ്ങളിൽ പ്രത്യേകിച്ച് പ്രകോപനവുമൊന്നുമില്ലാതെ, ആരാധനക്രമ വാശികൾ കുരിശും കുടയുമെടുത്ത് മുന്നിൽ നിരന്നതോടെ, ക്രിസ്തീയ സമൂഹത്തിന്റെ സ്വത്തു വഹകളുടെ കൈകാര്യകർതൃത്തത്തിന്റെ ധാർമ്മികവും നൈയാമികവുമായ വശങ്ങളെപ്പറ്റിയുള്ള ചർച്ചകളുണ്ടാവുമായിരുന്ന നല്ലൊരവസരം നാം സ്വയം നഷ്ടപ്പെടുത്തി.ഇക്കാര്യങ്ങൾ, നിയമപരമായ വേദികളിൽ പരിഹരിക്കപ്പെടട്ടെ. കാനന് കാനന്റെ വഴി, ഇൻഡ്യൻ സിവിൽ നിയമത്തിന് അതിന്റെ വഴി.ഭൗതിക പോംവഴികൾ ഈ ദുർഘടഭൂമികയിലേക്ക് വഴിവെട്ടിയവർ കണ്ടു പിടിക്കട്ടെ.
ഞാൻ, തികച്ചും ക്രൈസ്തവമായ, ഒരു പോംവഴി, ബലിയെക്കാൾ കരുണയ്ക്കു പ്രാമുഖ്യം കൊടുത്തവനെ ഓർമ്മിച്ചു കൊണ്ട് അവതരിപ്പിക്കുകയാണിവിടെ:
നമ്മുടെ, സീറോ മലബാർസഭയിൽ പെട്ട രൂപതകളുടെതായും കേരളത്തിൽ പ്രവർത്തിക്കുന്ന സന്യാസ സമുഹങ്ങളുടെ ഉടമസ്ഥതയിലായുമൊക്കെ ബഡ്ഡുകളുടെ അടിസ്ഥാനത്തിൽ വിവിധ ക്ലാസ്സുകളിലായി ഏകദേശം മുന്നൂറിലധികം ചികിത്സാലയങ്ങൾ ഉണ്ടെന്നാണറിവ്.
ഇവിടങ്ങളിൽ ചിലതിലൊക്കെ മിതവും ചിലതിൽ അമിതവുമായ ചികിത്സാ പ്രതിഫലം രോഗികളിൽ നിന്നും ഈടാക്കുന്നുമുണ്ട്.
ചില ആശുപത്രികൾ സൂപ്പർ സ്പെഷ്യാലിറ്റി, ചിലവ ഫൈവ് സ്റ്റാർ ലവലുകളിലേക്കെത്തിക്കഴിഞ്ഞു. "ഈ ആശുപത്രി കനത്ത കടത്തിലാണ് അതുകൊണ്ട് കനിവ് എന്നു വച്ചാൽ , ഉപവി,യപേക്ഷയുമായി ആരുമിവിടെ ദയവു ചെയ്ത് വരരുത്"
എന്ന കാണാ ബോർഡ് cash counter നു മുന്നിൽ തൂങ്ങിക്കിടക്കുന്നത് ആശുപത്രി കയറിയിറങ്ങുന്ന മനുഷ്യർക്കൊക്കെ അകക്കണ്ണിൽകാണാം. ബില്ലിളവ് ചോദിച്ചാൽ കേൾക്കുകയും ചെയ്യാം. ഇത് കേരള കത്തോലിക്കാസഭയുടെ കണ്ണിലെ വെറുംകരടല്ല; കമ്പ്/ തുലാൻ തന്നെയാണ്.
മിക്കവാറുമൊക്കെ,വേണ്ട സമയത്ത് നല്ല ജീവിതരീതികൾ കാണിച്ചുകൊടുക്കാനും ചൊല്ലിക്കൊടുക്കാനും വേണ്ടപ്പെട്ടവർക്കു വന്നു ഭവിച്ച ഭ്രംശം മൂലമുണ്ടായ അസുഖങ്ങളുടെ ബാഹുല്യം സമൂഹത്തെ തുറിച്ചു നോക്കുന്ന ഈ സമയം, "നല്ല പറ്റിയ സമയം കൊയ്തെടുക്കാൻ"എന്ന് സഭ കൂടി കമ്പോളശൈലിയിൽ ചിന്തിക്കുന്നത് ദൈവികനീതിക്കു ചേർന്നതല്ല. ആ രീതി മുതലാളിക്കു വിട്ടുകൊടുത്തേക്കൂ.
നമ്മുടേത്, വഴിയിൽ മർദ്ദനമേറ്റു കിടന്ന അപരിചിതനെ സ്വന്തം വാഹന (അതു കഴുതയായിരുന്നതുകൊണ്ട് മർദ്ദിതനെ കഴുതപ്പുറത്ത് വച്ചുകെട്ടി ദളിതനായ സമരിയാക്കാരൻ നടന്നു കാണണം) ത്തിലേറ്റി, ശുശ്രൂഷിക്കാൻ സൗകര്യമുള്ള അടുത്ത പൊതു സ്ഥലത്തെത്തിച്ച് അയാൾക്ക്ആവശ്യമുള്ള പ്രഥമ ശുശ്രൂഷയും ഏർപ്പാടാക്കി ഇനി കൂടുതൽ ചികിത്സാ ചെ ലവെന്തെങ്കിലും വേണ്ടിവന്നാൽ, തിരികെ വരുമ്പോൾ, താൻ തന്നെ തന്നുകൊള്ളാം എന്നു പറയുന്നവന്റെ മഹനീയമാതൃകയാണ്. എന്നുവച്ചാൽ,അശരണ- രോഗീപരിപാലനം കാൽക്കാശുവാങ്ങാതെ, നാം ഫ്രീയായി നടത്തിക്കൊടുക്കേണ്ടതാണെന്നു ചുരുക്കം.ഇതാണോ 'Good Samaritan' വക സ്വന്തം സഭ എന്നെക്കാലവും അറിയപ്പെടാനഭിലഷിക്കുന്ന കേരള സഭ ഇക്കാലമത്രയും ചെയ്തു പോന്നത്?
ഈ ചിന്ത എന്നെനയിക്കുന്നത് Bill Counter ഉം Cash Counter ഉം ഇല്ലാത്ത പുട്ടപർത്തി, സത്യസായി ബാബാ ആശുപത്രിയിലേക്കാണ്. അഭിവന്ദ്യപിതാക്കന്മാരാരെങ്കിലും സായി ഭക്തിപ്പേടി കൂടാതെ അങ്ങോട്ടേക്ക് ഒരു incognito visit നടത്തൂ; എന്നിട്ട്, മുൻവിധിഒന്നും കൂടാതെ കാര്യങ്ങൾപഠിക്കൂ ,അപ്പോൾ മനസ്സിലാവുംനമ്മുടെ വളരെയേറെ കൊട്ടിഘോഷിക്കുന്നആതുര ശുശ്രൂഷാ സ്ഥാപനങ്ങളുടെ നടത്തിപ്പ് എത്രമാത്രം ഇൻ കൊറിജിബ്ൾ അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന്.
കേരള കത്തോലിക്ക സഭ -തനി പൗരസ്ത്യവും, അർദ്ധ പൗരസ്ത്യവും പാശ്ചാത്യവും കൂടി ചേർന്ന സമൂഹം കേരളത്തിലെ ഒരു വൻ സാമ്പത്തിക ശക്തിയാണെന്ന് ചോറുണ്ണുന്നവർക്കെല്ലാം അറിയാം. അത്തരം,ഒരേയൊരു സ്ഥാപനം നമുക്കെന്തു കൊണ്ട് നടത്തിക്കൂടാ?
എറണാകുളം-അങ്കമാലി അതിരൂപത,വൻ നഷ്ടത്തിനുംകടബാദ്ധ്യതക്കുംകാരണമായി ചൂണ്ടിക്കാണിക്കുന്ന മറ്റൂരെ ഭൂമി ഈ ആവശ്യത്തിനായി വിട്ടുകൊടുക്കന്നതിനെപ്പറ്റി ഗൗരവമായിആലോചിക്കണം.അധാർമ്മികതയെ ധാർമ്മികത കൊണ്ട് നേരിട്ട് തമ്പുരാന്റെ മുൻപിൽ സമാധാനവും പറയാം. സുതാര്യത ഈ കാര്യത്തിൽ ഉറപ്പാക്കിയാൽ, രൂപതാംഗങ്ങൾ തീർച്ചയായും ഇതിന്റെ പേരിലെടുത്ത ബാങ്ക് ലോൺ തിരിച്ചടക്കുന്നതിൽ സഹായിക്കാതിരിക്കില്ല. കൂടാതെ, അടുത്ത പത്തുവർഷത്തേക്ക് രൂപതയിൽ,
ഒറ്റ പള്ളി പോലും പൊളിച്ചോ അല്ലാതെയോ പണിയാൻ അനുവാദം കൊടുക്കരുത്. വെള്ളി, അതായത് ദ്രവ്യം, താനെ വന്നുകൊള്ളും. പിന്നെ,വാങ്ങിയ ഭൂമിയോ വേറെ ഭൂമികളോഎത്രയും പെട്ടെന്ന്, പഴേ തട്ടിപ്പു പരിപാടിയിൽക്കൂടിയല്ലാതെവിറ്റ്,കടംവീടുന്നതിന്ഉപയോഗിക്കുകയുമാവാം.
മറ്റു രൂപതകൾ, ഈ സംരംഭത്തിനാവശ്യമായ ബാക്കി ധനം കണ്ടു പിടിക്കണം.ഇൻഫ്രാസ്ട്രക്ചർ, റണ്ണിംഗ് കോസ്റ്റ് വലിയ ചിലവുകൾ ഉണ്ടാവും. 'ആൾദൈവ' മായ സായിബാബായ്ക്കാവാമെങ്കിൽ ജീവിക്കുന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് ഇതാവില്ല എന്നുപറയുന്നതിൽപ്പരം നാണക്കേടുവേറെന്തുണ്ട്?
ഉണ്ടാവാൻ പോകേണ്ട ഈ സംരംഭം വെറും ചികിത്സാസംരംഭം മാത്രമായിരിക്കരുത്: ചികിത്സ കൂടാതെ, അതായത് രോഗബാധ പിടികൂടാതെ മനുഷ്യനിവിടെ ജീവിതം സാദ്ധ്യമാകാമെന്നു ജനതയെ ബോധ്യപ്പെടുത്തുന്നതരത്തിൽ ചിട്ടപ്പെടുത്തിയ തികച്ചും holistic touch ലുള്ളഒരു നൂതന Health care institution ആണ് ഇവിടെ വിവക്ഷിതം (ഇക്കാര്യം, ഈക്കാര്യങ്ങളിൽ വിവരമുള്ളവർക്ക് പിന്നീട് ചർച്ചക്കെടുക്കാവുന്നതാണ്)
പിന്നെ,കെട്ടിടങ്ങൾ, സാങ്കേതികവിദ്യ, ഉപകരണങ്ങൾ പ്രൊഫഷണൽസ്, വോളന്റിയർമാർ, നിത്യനിദാന ചിലവുകൾ, മററു നൂറായിരം കാര്യങ്ങൾ ഇവയ്ക്കൊക്കെയുള്ള ഉറുപ്പികയെപ്പറ്റിയുള്ള ഭയംനമ്മെ ഞെരുക്കുവാൻ നാം സാത്താനെ-മാമോനെ -അനുവദിക്കരുത്. നാമെത്ര പണം കണ്ടിരിക്കുന്നു! ഈ വക കാര്യങ്ങളിൽ സർക്കാരുകൾക്ക് ഗൈഡൻസ് കൊടുക്കാൻ കെല്പുള്ള സമൂഹമാണ് നമ്മുടേതെന്ന് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ നമ്മുടെ സംരംഭങ്ങൾ സാക്ഷി. മുള്ളിനെ മുള്ളു കൊണ്ടെടുക്കുവാൻ സാത്താൻ ഇത്രനാളുംനമുക്കു ട്യൂഷ'നെടുത്തു, ഇനി, അവനൊരു പണി നാം കൊടുക്കണ്ടെ?
Benevolentia (Charity)- രക്തസാക്ഷി(ണി)കളായ ആദിമസഭയിലെസഹോദരിത്രയങ്ങളിലെ 'കുഞ്ഞുവാവയാ'യിരുന്നത്രേ.
കാര്യങ്ങൾ കൈവിട്ട് കാവ്യനീതിയാകുന്നതിനു എന്നു വച്ചാൽ തെളിച്ചെഴുതാം, ഉടുതുണിയില്ലാതെ കുരിശേറിയവന്റെ ഇടയക്കൂട്ടം, മാമ്മോന്റെ വക,പള പളാ പട്ടു കുപ്പായങ്ങൾക്കുള്ളിലുരുന്ന് ചീഞ്ഞളിയുന്നതിനു മുൻപ് നമുക്ക് Charity ക്ക് സാദാനീതി എങ്കിലും ലഭ്യമാക്കാനുള്ള, ധാർമ്മിക കടമ നിറവേറ്റി, പശ്ചാത്താപത്തോടൊപ്പം പ്രായശ്ചിത്തവും ചെയ്യണം.
മലയും കാടും കടലും കടന്ന് നാം ആത്മാക്കളെ രക്ഷിക്കുവാൻ ഏറെ യത്നിക്കുന്നു. അതിനു വേണ്ടി ഒരുപാടു സമർപ്പിതർ വിയർപ്പും രക്തവുമൊഴുക്കി വയലിൽ വേല ചെയ്യുന്നു. ഇത്തരുണത്തിൽ, ഇവിടെ തന്നെ സ്കൂൾ -കോളജ് സ്വാശ്രയ അദ്ധ്വാനത്തിന്റെ ബോറടിയിൽ നിന്ന് ഒന്നു മാറി നിന്ന് ക്രിയേറ്റീവ് ആയി ക്രിസ്തുവിനു വേണ്ടി എന്തെങ്കിലും ക്രിയ ചെയ്യാം എന്നു കരുതുന്ന ഒരു പത്തു ശതമാനമെങ്കിലും കാണാതിരിക്കുമോ, അവർക്കുള്ള ഒരു ക്ഷണക്കത്തു കൂടിയാണി നിർദ്ദേശം.
ഇവിടെയുള്ള തദ്ദേശീയ ആത്മാക്കളെ ആത്മീയ ഉണർവിൽ നിലനിർത്തുന്നതിന് ഒരു പാട് ധ്യാനകേന്ദ്രങ്ങൾ നമുക്കുണ്ട്; അവയിലെല്ലാം കൂടി ഏറ്റവും കുറഞ്ഞത് ഒരായിരം സന്നദ്ധ പ്രേഷിതർ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഈ ശുശ്രൂഷകരിൽ ഒരു പകുതിപ്പേർ സ്വമനസ്സാലെ, ഇപ്പോഴുള്ള കർമ്മമണ്ഡലമൊന്നു മാറ്റുവാൻ തയ്യാറായാൽ ചാരിറ്റിയുടെ ധ്യാനാത്മകതയാൽ പുതിയ ഇടം പ്രകാശമാനമാവും.
സന്യാസിനിമാരുടെ എണ്ണം കുറഞ്ഞു വരുന്നതിനെപ്പറ്റി കോൺഗ്രിഗേഷനുകൾവ്യാകുലരാണ്. കർമ്മനിരതവും സാർഥകവും സർഗ്ഗാത്മകവും അല്ലാത്ത ആവൃതികൾക്കുള്ളിലെ വെട്ടംകേറാ ജീവിതരീതിയാണ് ഈ അവസ്ഥയ്ക്ക് ഒരു കാരണം. ഇപ്പോഴുള്ള സന്യാസിനിമാർക്കും അർഥിനികൾക്കും ക്രിസ്തുവിന്റെ യഥാർഥ, ശിഷ്യകളാവുക എന്ന വെല്ലുവിളി ഏറ്റെടുക്കുവാനുള്ള ഒരു മംഗളവേദി കൂടിയാകും ഈ സംരംഭം.
നമുക്കെന്തു മാത്രം അത്മായ സംഘങ്ങളാണുള്ളത്. തിരുബാല സഖ്യത്തേയും അൾത്താര ശുശ്രൂഷാ കൂട്ടത്തേയും ഒഴിച്ചു നിർത്തിയാൽ തന്നെ എത്രയോ സന്നദ്ധസേവകരെ ടേൺ വച്ച് സേവനത്തിനിറക്കുവാൻ സഭ അത്രയൊന്നും വിയർക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ല.
കരുണ ചെയ്യുവാൻ ആളുകളെ നാമിതുവരെ പര്യാപ്തരാക്കിയിട്ടില്ലെങ്കിൽ, നാമെന്തുതരം ക്രിസ്ത്യാനിത്വമാണ് രണ്ടായിരം വർഷങ്ങളായി ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്?ഒരു വട്ടമല്ല ഒരായിരംവട്ടം വേണ്ടപ്പെട്ടവർ ചിന്തിക്കേണ്ട വിഷയമാണിത്.
ദയവുചെയ്ത്, ആരാധനക്രമ വേലിക്കെട്ടുകളിലും, ഏതാനും ചില വൈദികരുടെ അധർമ്മചെയ്തികളുടെ മേലുടുപ്പൂരിയിട്ടിരിക്കുന്ന അയകളിലും ഈ ആശയത്തെ ഉണക്കാനിടരുതേ!