2019, മേയ് 13, തിങ്കളാഴ്‌ച

സഭയിലെ ലൈംഗിക പീഡനം തടയാന്‍ കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പീഡനവിവരം അറിഞ്ഞാല്‍ ഉടന്‍ പരാതി നല്‍കണം

പരാതിപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കണം. പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രുപതകളിലും സംവിധാനം വേണം. ഇരകളുടെ സ്വകാര്യത സൂക്ഷിക്കണം. വിശ്വാസികള്‍ക്ക് നിര്‍ഭയം പീഡനവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണം. ബിഷപ്, കര്‍ദിനാള്‍, സുപീരിയര്‍ തുടങ്ങിയവരാണ് ആരോപണം നേരിടുന്നതെങ്കില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കുള്ള മാര്‍ഗരേഖയുടെ നടപടികളും മാര്‍പാപ്പ വ്യക്തമാക്കി.

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക പീഡനങ്ങളെ കുറിച്ച് വിവരമറിഞ്ഞാല്‍ ഉടന്‍ പരാതി നല്‍കണം. അധികാരികള്‍ പരാതി മൂടിവയ്ക്കാന്‍ ശ്രമമുണ്ടായാലും പുറത്തുപറയണമെന്നും ഫ്രാന്‍സിസ് പാപ്പ വ്യാഴാഴ്ച വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമായി നല്‍കിയ മാര്‍ഗരേഖയില്‍ പറയുന്നു.
പരാതിപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കണം. പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രുപതകളിലും സംവിധാനം വേണം. ഇരകളുടെ സ്വകാര്യത സൂക്ഷിക്കണം. വിശ്വാസികള്‍ക്ക് നിര്‍ഭയം പീഡനവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണം. ബിഷപ്, കര്‍ദിനാള്‍, സുപീരിയര്‍ തുടങ്ങിയവരാണ് ആരോപണം നേരിടുന്നതെങ്കില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കുള്ള മാര്‍ഗരേഖയുടെ നടപടികളും മാര്‍പാപ്പ വ്യക്തമാക്കി.
പരാതികള്‍ ഉയര്‍ന്നാല്‍ അത് വത്തിക്കാനെ അറിയിക്കാന്‍ ആര്‍ച്ച്ബിഷപ്പുമാര്‍ തയ്യാറാകണം. രാജ്യത്തെ നിയമ സംവിധാനവുമായി സഹകരിക്കണം. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ലോകത്തിന്റെ പലകോണുകളില്‍ നിന്നും കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതും അത് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനുമിടയിലാണ് മാര്‍പാപ്പയുടെ പുതിയ നീക്കം.
സഭയിലെ ലൈംഗിക പീഡനങ്ങളില്‍ പോലീസില്‍ പരാതിപ്പെടുന്നതിനെ ഇതുവരെ സഭ പരസ്യമായി പിന്തുണച്ചിരുന്നില്ല. സഭ ന്യൂനപക്ഷമായ സമൂഹത്തില്‍ ഇത്തരം പരാതികള്‍ സഭയ്ക്ക് ദോഷമായി ഭവിക്കുമെന്ന ഭയമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ഇതാദ്യമായാണ് വത്തിക്കാന്‍ അതാതു നാട്ടിലെ നിയമസംവിധാനവുമായി ചേര്‍ന്ന് പരാതിപ്പെടാന്‍ നിര്‍ദേശം നല്‍കുന്നത്. സഭ അതില്‍ ഇടപെടാന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

പരാതിയുമായി എത്തുന്നവരെ സഭാ നേതൃത്വം കേള്‍ക്കണം. അവര്‍ക്ക് ആത്മീയവും വൈദ്യശാസ്ത്രപരവും മനശാസ്ത്രപരവുമായ എല്ലാ പിന്തുണയും നേതൃത്വം നല്‍കണം. പഴയ ലൈംഗിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കന്യാസ്ത്രീകളും പുരോഹിതരും ബാധ്യസ്ഥരാണെന്നും മാര്‍ഗരേഖ പറയുന്നു. പോപ്പിന്റെ നിര്‍ദേശം ലോകമെമ്പാടുമുള്ള പൗഹോരിത്യ നേതൃത്വം പാലിച്ചല്‍ ഇതുവരെ കുഴിച്ചുമൂടിയ പല പീഡന പരാതികളും പുറത്തുവരുമെന്ന് ഉറപ്പാണ്.
http://www.mangalam.com/news/detail/306994-latest-news-pope-issues-groundbreaking-law-ordering-all-catholic-priests-nuns-to-report-abuse.html