2010, ജൂൺ 23, ബുധനാഴ്‌ച

നിശ്ശബ്ദനായിരിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?


കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം,
പി.ബി. നം.79, തറക്കുന്നേല്‍ ബില്‍ഡിങ്ങ്‌സ്, പാലാ.
16/6/10

കത്തോലിക്കാസഭ ഇന്നൊരു ധാര്‍മിക പ്രതിസന്ധിയിലാണ്. പുരോഹിതരുടെ ധാര്‍മികാധപതനവും ധനാര്‍ത്തിയും അസാന്മാര്‍ഗികതയുമാണ്, ഇതിനു പ്രധാന കാരണം. പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുത്ത് അമേരിക്കയില്‍ മാത്രമല്ല ആസ്‌ത്രേലിയയിലും യൂറോപ്പിലും രൂപതകള്‍ പാപ്പരായിക്കൊണ്ടിരിക്കുകയാണ്. പോപ്പ് മാപ്പുവ്യാപാരിയാകുന്നു. ഈവക കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നു പൗരന്മാരെ വിലക്കിയതിനു പോപ്പിനെ വിചാരണ ചെയ്യാനൊരുങ്ങുകയാണ് അമേരിക്കന്‍ കോടതി. പള്ളികള്‍ വില്‍ക്കുന്നു; മൃൂസിയങ്ങളാക്കുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആസ്‌ത്രേലിയയില്‍ പോപ്പിനെ തടഞ്ഞുവെക്കുക പോലുമു ണ്ട്ായി. ന്യൂയോര്‍ക്കിലും വത്തിക്കാനിലും പുരോഹിതര്‍ പള്ളിക്കുള്ളില്‍ത്തന്നെ ബാലികമാരെ പീഡിപ്പിച്ചു.
കേരളത്തിലും സ്ഥിതി ഭിന്നമല്ല. മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വാര്‍ത്തകള്‍ തമസ്‌ക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്തിട്ടും പുരോഹിതരുടെയും സന്യാസിനിമാരുടെയും ലൈംഗിക അരാജകത്വത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുകയാണ്. സഭാവസ്ത്രം അഴിച്ചുവെച്ചും അഴിക്കാതെയും ഭൗതികതയിലേക്ക് രക്ഷപെടുന്നവരും ധാരാളം. ഭാരതീയ പാരമ്പര്യവും ബൈബിളും അനുസരിച്ച് പുരോഹിതരെയും സന്യാസിനികളെയും വിവാഹം കഴിക്കാനനുവദിക്കണം. പോപ്പിന്റെ മകന്‍ പോപ്പായ പാരമ്പര്യം മറയ്ക്കാന്‍ മാപ്പു മതിയാകുമോ?
മിഷന്‍ലീഗും സോളാഡിറ്റിയും ക്രിസ്റ്റീനും ഡി.സി.എല്ലും പോലുള്ള സംഘടനകളില്‍ നമ്മുടെ കുട്ടികളെ ഫാ. കാര്‍ത്തികപ്പള്ളിയെപ്പോലുള്ളവരുടെ കളിപ്പാട്ടങ്ങളാക്കുന്നത് മിക്കപ്പോഴും ദുശ്ശീലങ്ങള്‍ക്ക് കുട്ടികള്‍ അടിമപ്പെടാനും ഭാവിയില്‍ സമൂഹവിരുദ്ധരാകുന്നതിനും ഇടയാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. വിവാഹമെന്ന കൂദാശയ്ക്കു പ്രായം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ചറിവോ പ്രകൃതിചോദന കളോ ഉണരാത്ത ബാല്യത്തില്‍ പെണ്‍കുട്ടികളെ മഠത്തിനുള്ളില്‍ തടവിലാക്കുന്നു. പിന്നീട് നടക്കുന്ന 'അഴിഞ്ഞാട്ട'ങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ നിഷ്‌ക്കരുണം കൊലപ്പെടുത്താനും ഈ കശ്മലര്‍ മടിക്കുന്നില്ല. അഭയയുടെ ഭാഗ്യംപോലും ലഭിക്കാത്ത പാലായിലെ മേഴ്‌സിയും രാമപുരത്തെ ബിന്‍സിയും…പിന്നെ അറിയപ്പെടാത്ത എത്രയോ വിശുദ്ധകളും! സന്യാസിനികളുടെ കൊലയാളികളെ ശിക്ഷിക്കുക എന്നതിനേക്കാള്‍ രക്ഷിക്കുക എന്ന ക്രൂരവും പൈശാചികവുമായ നിലപാടുമൂലം പരിഹാസ്യരായത് മെത്രാന്മാര്‍ മാത്രമല്ല; ക്രൈസ്തവ സമൂഹമാകെയാണ്.
തട്ടുങ്കല്‍ മെത്രാന്റെ ദത്തുപുത്രിയില്‍ ദിവ്യരക്ഷകന്റെ ജനനം ആവേശപൂര്‍വം കാത്തിരുന്ന വിശ്വാസികളെയും ഇതിനിടയില്‍ നമുക്ക് കാണേണ്ടിവന്നു. അദ്ദേഹം ഇന്നു റോമില്‍ മെത്രാനായി വാഴുന്നു! ഇതിനെല്ലാംകൂടി പോപ്പ് ഒരുനാള്‍ പറയാനിരിക്കുന്ന മാപ്പ് പരിഹാരമാകുമോ?
പുരോഹിത-സന്യാസിനീവേഴ്ച കണ്ട സത്യക്രിസ്ത്യാനി (സണ്ണി എടാട്ടുകാരന്‍), പരാതിയുമായി സമീപിച്ചപ്പോള്‍ മെത്രാന്റെ നേതൃത്വത്തില്‍ പുരോഹിതര്‍ ആ കുടുംബത്തെ 'കൈ'കാര്യം ചെയ്ത കേസില്‍ ഇരിഞ്ഞാലക്കുട ബിഷപ്പ് ഇപ്പോള്‍ കോടതി കയറുകയാണ്. എന്തിനേറെ, ഞാറയ്ക്കലില്‍ സന്യാസിനികളെ മഠത്തില്‍ക്കയറി തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചവരില്‍ പള്ളിവികാരിയും കൂടാതെ, ക്വൊട്ടേഷന്‍ സംഘവുമുണ്ടായിരുന്നു. എറണാകുളം മെത്രാനും ഞാറയ്ക്കല്‍ വികാരിയുമുള്‍പ്പെടെ 9 പേര്‍ പ്രതികളായി ഈ കേസ് കോടതിയിലാണ്. സഹനത്തിന്റെയും എളിമയുടെയും ഉപദേശം നിര്‍ലോപം ചൊരിയുന്ന മെത്രാന്മാര്‍ക്കെന്തിനു ഗുണ്ടകള്‍? ഇടയന്മാര്‍ ആടുകളെ കൊന്നു തിന്നുകയോ? ( എസക്കിയേല്‍ 34:15)
ഇവര്‍ക്ക് വിശ്വാസികളെ ഉപദേശിക്കാനും നയിക്കാനും എന്ത് അര്‍ഹത? ഇവര്‍ വെറും പച്ചമനുഷ്യരാണ്. ആര്‍ഭാടത്തെക്കുറിച്ച് ആക്ഷേപം ചൊരിയുന്നവരുടെ വേഷഭൂഷാദികളും വാഹനങ്ങളും രാജാവിന്റേത്! സന്യാസിനികളെയും സാധുക്കളായ പുരോഹിതരെയും പീഡിപ്പിക്കുന്ന മെത്രാന്മാര്‍ക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്കു സംഘടന രൂപീകരിക്കേണ്ടിവന്നു. സ്വയം അവകാശപ്പെടുന്ന ദിവ്യത്വമൊന്നും ഇവര്‍ക്കില്ലെന്നു തിരിച്ചറിയാത്ത വിശ്വാസികള്‍ വിനീതവിധേയരായിരിക്കുന്നിടത്തോളം കാലം മെത്രാന്‍മാര്‍ ഇതു തുടരുകതന്നെ ചെയ്യും. എന്നാല്‍, മലയാറ്റൂര്‍, കൂടരഞ്ഞി, ഇടപ്പള്ളി, തലോര്‍, കൊടുമണ്‍...മെത്രാന്റെ രാജഭരണത്തിനെതിരെ ഇടവകജനങ്ങള്‍ സംഘടിതമായി മുന്നേറുന്നതിന്റെ വിജയഗാഥ മറ്റൊലി കൊള്ളുകയാണ്.
ചില പുരോഹിതര്‍ വെറും കുര്‍ബാനത്തൊഴിലാളികളായി തരംതാണിരിക്കുന്നു. മുഴുവന്‍ സമയം പണം സമ്പാദനവും സ്വത്തുണ്ടാക്കലും മാത്രം. പാവപ്പെട്ട കൂലിപ്പണിക്കാരില്‍നിന്നു പോലും ഭീമമായ തുക ഗുണ്ടാപ്പിരിവ് നടത്തി പള്ളികളും മണിമേടകളും കെട്ടിപ്പൊക്കുന്നു. ലക്ഷക്കണക്കിനു രൂപ മെത്രാന്‍ കൊടുക്കും; പലിശസഹിതം തിരിച്ചുകൊടുക്കണമെന്നു മാത്രം! ആയുധക്കമ്പനികളില്‍ പണം നിക്ഷേപിച്ച് വന്‍തുക പലിശവാങ്ങുന്ന പോപ്പിന്റെ പ്രതിനിധികള്‍ തന്നെ! തെരുവില്‍ അലയുന്നവര്‍ അവര്‍ക്ക് ശല്യമാണ്. (പിന്നെ, പടമെടുത്ത് പണമാക്കുമെന്നു മാത്രം; കാഞ്ഞിരപ്പള്ളിയില്‍ സുനാമി ഉണ്ടായതുപോലെ). 'മരാമത്ത് അച്ചന്മാര്‍' എന്നൊരു വിഭാഗം തന്നെയുണ്ട്. പള്ളി നന്നായില്ലെങ്കിലും 'പുള്ളി' നന്നാവുമെന്നതിനാല്‍ ദൈവശുശ്രൂഷയ്ക്കുപകരം മാമോന്‍സേവയാണ് ഇവര്‍ ആവേശപൂര്‍വം നടത്തുന്നത്. ഇവരെപ്പറ്റി യേശു പറഞ്ഞിരിക്കുന്നതു നോക്കൂ. ''അവര്‍ ദുര്‍വഹമായ ചുമടുകള്‍ കെട്ടുന്നു, അവ മനുഷ്യരുടെ ചുമലില്‍ വെയ്ക്കുന്നു. എന്നാല്‍ തങ്ങളുടെ ചെറുവിരല്‍ കൊണ്ടു പോലും സഹായിക്കാന്‍ അവര്‍ ഒരുക്കമല്ല.”(മത്താ.23: 4,5)
കുഞ്ഞച്ചനെയും അല്‍ഫോന്‍സാമ്മയെയും പോലെ, ജീവിച്ചിരുന്ന കാലത്ത് പരമാവധി പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്തവര്‍തന്നെ, മരണശേഷം വിശുദ്ധരാക്കി പണമുണ്ടാക്കാന്‍ ഉപയോഗിക്കുകവഴി വീണ്ടും അവരെ പീഡിപ്പിക്കുന്നു; വിശ്വാസികളെ വഞ്ചിക്കുന്നു. കഷ്ടം! ഇന്ത്യയിലെ ഏറ്റവും ധനികരാണ് കത്തോലിക്കാ മെത്രാന്മാര്‍. തങ്ങളുടെ ആസ്തി വെളിപ്പെടുത്താന്‍ ഞങ്ങള്‍ അവരെ വെല്ലുവിളിക്കുന്നു.
പുരോഹിതരുടെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യാന്‍ 'അല്‍മായര്‍ക്ക്' അവകാശമില്ലെന്നാണ് അവരുടെ നിലപാട്. അഥവാ ആരെങ്കിലും തയ്യാറായാല്‍ ഭീഷണികളാണ്; മാമോദീസ, വിവാഹം, മരിച്ചടക്ക് എന്നിവ മുടക്കുമത്രെ! സാധാരണ വിശ്വാസികള്‍ ഭയപ്പെട്ട് കീഴടങ്ങുകയും ചെയ്യും. ഭയപ്പെടാത്തവര്‍ വിജയിക്കുന്നു. എത്രയോ കോടതിവിധികള്‍ തെളിവായുണ്ട്! മെത്രാന്മാര്‍ കോടതികളില്‍ ബൈബിളിനെയും ഭരണഘടനയെയും തള്ളിപ്പറഞ്ഞ് സത്യവാങ്ങ്മൂലങ്ങള്‍ നല്‍കിയിരിക്കുന്നു. ആത്മപരിശോധന നടത്താനും തെറ്റുതിരുത്താനും തയ്യാറാകാതെ സൂകരങ്ങളെപ്പോലെ തെറ്റിന്റെ ചെളിക്കുണ്ടില്‍ക്കിടന്ന് വീണ്ടും വീണ്ടും അവര്‍ ഉരുളുന്നു. സ്റ്റാലിനെയും ഹിറ്റ്‌ലറെപ്പോലും വെല്ലുന്ന തരത്തില്‍ ജനലക്ഷങ്ങളെ കുരിശുയുദ്ധത്തില്‍ കൊന്നൊടുക്കിയതും ജൊവാന്‍ ഓഫ് ആര്‍ക്കിനെയും ബ്രൂണോയെയും ജീവനോടെ തീയിലെറിഞ്ഞതും ഗലീലിയോയെ പീഡിപ്പിച്ചതും ഉള്‍പ്പെടെ എന്തെന്തു ഭീകരതകള്‍! സഭയുടെ മാടമ്പിജന്മിത്തസ്വഭാവത്തില്‍ പൊറുതിമുട്ടിയ ജനം ഫ്രഞ്ചുറഷ്യന്‍ വിപ്‌ളവങ്ങളിലൂടെ ഇതിനു വിരാമമിട്ടു. അങ്ങനെ യൂറോപ്പില്‍ സഭ ഒരു വഴിക്കായി. കേരളത്തിലെ സഭയും ഈ വഴിക്കാകാന്‍ നാം അനുവദിക്കണോ?
സഭയില്‍ 99.9 ശതമാനം സാധാരണവിശ്വാസികളാണ്. സഭ അവരുടേതാണ്. വിശ്വാസികള്‍ക്ക് ആത്മീയശുശ്രൂഷ നല്‍കാനാണ് മെത്രാന്മാരെയും പുരോഹിതരേയും നിയമിക്കുന്നത്. അതിനുപകരം, ന്യൂനപക്ഷാവകാശമെന്ന തോക്കുചൂണ്ടി, വിദ്യാലയങ്ങളിലെ അധ്യാപകര്‍ മുതല്‍ തൂപ്പുകാരിവരെയുള്ള ജോലികള്‍ പുരോഹിതരും സന്യാസിനികളും വീതംവെച്ചെടുക്കുകയും പൊതുജനങ്ങളുടെ നികുതിപ്പണം ശമ്പളമായി മെത്രാന്റേതും അതുവഴി പോപ്പിന്റേതുമാക്കി മാറ്റുകയും ചെയ്യുന്നു. കഷ്ടപ്പെട്ട് പള്ളിയും പള്ളിക്കൂടവും ഉണ്ടാക്കിയ വിശ്വാസി ദരിദ്രവാസിയായി പുറത്ത്! കാരണം, പള്ളിയും പള്ളിക്കൂടവും പള്ളിസ്വത്തുമുഴുവനും പോപ്പിന്റേതാണത്രെ! മെത്രാന്മാര്‍ ഭരണക്കാരും!! അങ്ങനെ ന്യൂനപക്ഷാവകാശമെന്നത് മെത്രാന്മാര്‍ക്കു മാത്രമുള്ള അവകാശമാകുന്നു!!! മാത്രമോ, കേരളത്തിലെ 60% വരുന്ന വിദ്യാലയങ്ങളിലെ ഉദ്യോഗങ്ങള്‍ ഒരു സമുദായത്തിനു മാത്രമായി സംവരണം ചെയ്യപ്പെടുകയാണ്. വിദ്യാര്‍ഥിപ്രവേശനത്തില്‍ കൊള്ളഫീസും തലവരിയും! ഇവിടെ സാമൂഹികനീതിപോലും അട്ടിമറിക്കപ്പെടുന്നു. ഇതു മറ്റു സമുദായങ്ങളില്‍ വിദ്വേഷം ജനിപ്പിക്കുന്നു. ഡി. സി. എം. എസ്. ഉണ്ടാക്കാനും പള്ളിക്കുവേണ്ടി കൂലിയില്ലാപ്പണി ചെയ്യിക്കാനും ഉല്‍സാഹിക്കുന്ന പുരോഹിതര്‍ എന്തുകൊണ്ട് ആനുപാതികമായി സ്‌കൂളിലും ആശുപത്രികളിലും അവര്‍ക്ക് ജോലി കൊടുക്കുന്നില്ല? എന്നിട്ടു പോരേ പാര്‍ലമെന്റ് മാര്‍ച്ചും സര്‍ക്കാരിനെതിരെ പടപ്പുറപ്പാടും?
വിവിധ മതസ്ഥരായ കുട്ടികള്‍ പഠിക്കുന്ന ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ ക്രിസ്തീയ പ്രാര്‍ഥനമാത്രം ചൊല്ലുകയും ഓരോ പീരീഡിനും ശേഷം അതാവര്‍ത്തിക്കുകയും ചെയ്യുന്നു? മറ്റു സമുദായങ്ങളിലെ കുട്ടികളില്‍ അതുണ്ടാക്കുന്ന അപകര്‍ഷതാബോധവും മാനസികസംഘര്‍ഷവും, തന്മൂലം ഭാവിയില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളും എന്തുകൊണ്ട് ഇവര്‍ പരിഗണിക്കുന്നില്ല? സര്‍ക്കാര്‍ ചെലവില്‍ മതപ്രചരണം നടത്തുന്നു എന്ന ഗുരുതരമായ ഭരണഘടനാലംഘനം കൂടി ഇവിടെയുണ്ട്.
കത്തോലിക്കാസഭാമേധാവികള്‍ സമാന്തരസര്‍ക്കാര്‍തന്നെ കെട്ടിപ്പടുത്തിരിക്കുന്നു. സത്യം പറഞ്ഞവരെ ക്രൂശിക്കാനായി ഉണ്ടാക്കിയ സഭാവിചാരണ(inquisition)കോടതികളെ ഓര്‍മിപ്പിക്കുന്ന രൂപതാക്കോടതികള്‍, മുദ്രപ്പത്രം, കോര്‍ട്ടുഫീസ്...! ഇവിടെ നിയമനിര്‍മാതാവും നിയമവ്യഖ്യാതാവും വിധികര്‍ത്താവും നിര്‍വാഹകനും ഒരാള്‍തന്നെ - മെത്രാന്‍! എല്ലാറ്റിനുമുപരി, ഇതിനു പിന്‍ബലം ഒരു വിദേശരാജ്യമായ വത്തിക്കാനിലെ മതനിയമമായ കാനോന്‍ നിയമവും. അതാകട്ടെ, ബൈബിള്‍വിരുദ്ധവും അക്രൈസ്തവവും അധാര്‍മികവും, മനുഷ്യാവകാശധ്വംസനപരവുമാണ്. ഇന്ത്യന്‍ ഭരണഘടനയും ഭരണകൂടവും കോടതിയും വെറും നോക്കുകുത്തി!
ഈ ഏകാധിപത്യം ഇനിയും വെച്ചുപൊറുപ്പിക്കാന്‍ ആത്മാഭിമാനമുള്ള ഒരു ഇന്ത്യന്‍പൗരനും സാധ്യമല്ല. ജനാധിപത്യയുഗത്തില്‍, ഈ മതേതരരാജ്യത്ത് ഇത്തരം രാജകീയാധികാരം വിശ്വാസികള്‍ അംഗീകരിക്കുന്നില്ല. കാരണം, തെരഞ്ഞെടുപ്പിനെ നേരിടാതെ, ജനങ്ങളുടെ വോട്ടുനേടാതെ, പിന്‍വാതിലിലൂടെ അകത്തുകയറി, സ്വയം രാജാവായി പ്രഖ്യാപിച്ചവരാണ് മെത്രാന്മാര്‍. ഞങ്ങള്‍ ക്രിസ്തുവിലാണ് വിശ്വസിക്കുന്നത്. പുരോഹിതര്‍ക്ക് ആത്മീയാധികാരം മാത്രമേ ക്രിസ്തുവും അപ്പോസ്തലന്മാരും നല്‍കിയിട്ടുള്ളു. ഭൗതികാധികാരം വിശ്വാസികള്‍ക്കാണ് നല്‍കിയിരി ക്കുന്നത്. (അപ്പ. 6: 14), (1പത്രോ. 2 :2; 1013) അവര്‍ക്ക് രാജ്യം ഭരിക്കാന്‍ കഴിവുണ്ട്; സഭാസ്വത്തുണ്ടാക്കാനും കഴിവുണ്ട്; സഭാസ്വത്തു ഭരിക്കാന്‍ കഴിവില്ല എന്ന നിലപാട് കാനനനിയമമാണ്.; അതംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ പൊതുസമൂഹത്തിന്റെ രക്തം കുടിച്ച് മദിക്കുന്ന ഈ കൊതുകുകളും മൂട്ടകളും സമൂഹത്തിനു രോഗം പകര്‍ന്നു നല്‍കുന്നതിനെതിരെ പ്രതികരിച്ചേ പറ്റൂ. കാരണം, മതവും ദൈവവും രണ്ടാണ്; താലിബാനിസം ഇവിടെ വേണ്ട…
വിശേഷവസ്ത്രം ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു നഗ്നനായി നടന്ന രാജാവ് നഗ്നനാണെന്നു പറഞ്ഞത് കുട്ടിയാണെങ്കിലും അന്നു രാജാവ് അതംഗീകരിച്ചു. പക്ഷേ, പ്രബുദ്ധരായ വിശ്വാസികളും പുരോഹിതര്‍ തന്നെയും കാലങ്ങളായി വിളിച്ചു പറഞ്ഞിട്ടും രാജ കീയ സഭാധികാരം ഇന്നും നഗ്നരായി നടക്കുന്നു.
കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്ക് ധൈര്യംപകരാനും അവരെ കര്‍മോല്‍സുകരാക്കാനും മെത്രാന്മാരുടെ പീഡനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമോപദേശം നല്‍കാനും രൂപംനല്‍കിയ സംഘടനയാണ് കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം (KCRM). കേരളത്തിലെ സമാനചിന്താഗതിയുള്ള 12 ക്രിസ്തീയസംഘടനകളുടെ ഐക്യവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലില്‍ (JCC), KCRM അംഗമാണ്. നമ്മുടെ ശ്രമഫലമായി, വിശ്വാസികളുടെ തെരഞ്ഞെടുക്കപ്പെട്ട സമിതി പള്ളിസ്വത്ത് ഭരിക്കണമെന്നുള്ള നിര്‍ദ്ദേശം (ചര്‍ച്ച് ആക്റ്റ്) ജ. വി.ആര്‍. കൃഷ്ണയ്യര്‍സമിതി കേരള സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ്. മെത്രാന്മാരുടെ കള്ളപ്പണത്തിന്റെ കണക്കറിയാന്‍, ഈ നിര്‍ദ്ദേശം നിയമമാക്കണമെന്നവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിലാണ് JCC.. ജില്ലയില്‍, ഇതിന്റെ ഭാഗമായി പാലാ, രാമപുരം, ഈരാറ്റുപേട്ട, കോട്ടയം എന്നിവിടങ്ങളില്‍ പ്രചരണങ്ങളും പൊതുയോഗങ്ങളും നടത്തിക്കഴിഞ്ഞു. ബൈബിളിലും ക്രിസ്തു വിലും വിശ്വസിക്കുന്ന എല്ലാ കത്തോലിക്കരും KCRMല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ധര്‍മസമരത്തില്‍ സഹായസഹകരണങ്ങള്‍ നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു. നശിപ്പിക്കാനല്ല, പുനരുദ്ധരിക്കാന്‍; നഷ്ടപ്പെട്ടത് നേടിയെടുക്കാന്‍.
കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനത്തിനു വേണ്ടി,
ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് കെ., സെക്രട്ടറി ജോര്‍ജ് മൂലേച്ചാലില്‍
വിളിക്കുമല്ലോ 9037078700/9747304646/9400283663 / 9497088904

വായിക്കുക – 1) ബൈബിള്‍, 2) തിരുസ്സഭാചരിത്രം ഫാ. സേവ്യര്‍ കൂടപ്പുഴ, 3) ഓശാന, 4)നസ്രാണിദീപം,5) കുപ്രസിദ്ധരായ മാര്‍പ്പാപ്പമാര്‍ - പ്രൊഫ. കെ. എം എബ്രാഹം, 6) അഭയ കേസ് ഡയറി - ജോമോന്‍ പുത്തന്‍പുരക്കല്‍, 7) Canon Laws 8) The Dark Side of Christian History- Helen Ellerbe, 9) Holy Blood, Holy Grail-Michael Baigent, Richard and Henry Lincoln, 10) Bible Extract- A Rally of Contradictions -Thomas Muttappally
11)…

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ