2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ചര്‍ച്ചയില്‍നിന്ന് കര്‍മ്മഭൂമിയിലേക്ക്

Catholic Reformation - jos antony - Picasa Web Albums:

'via Blog this'
ചര്‍ച്ചയില്‍നിന്ന് കര്‍മ്മഭൂമിയിലേക്ക്
'ഇടയന്‍' എന്ന നോവലിലൂടെ കേരളത്തിലെ കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനത്തിന് മഹത്തായ ഒരു സ്വപ്നം സമ്മാനിച്ചയാളാണ് ശ്രീ ചാക്കോ കളരിക്കല്‍. (ആ സ്വപ്നം ലോകമെങ്ങുമുള്ള മലയാളികളിലെത്തിക്കാനായി 'ഇടയന്‍' ഇപ്പോള്‍ ബിലാത്തി വാരാന്ത്യം എന്ന ഇ-വാരികയിലൂടെ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.)*
സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അടിയന്തിരമായി ചെയ്യേണ്ടത് ചരിത്രബോധത്തോടെ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുകയാണെന്ന ബോധ്യത്തോടെ അദ്ദേഹം എഴുതിയ രണ്ടു പുസ്തകങ്ങളാണ് 'ലൈംഗികതയും പൗരോഹിത്യവും', 'മതാധിപത്യം കത്തോലിക്കാസഭയില്‍' എന്നിവ.** ആദിമസഭയുടെ പാരമ്പര്യങ്ങള്‍ പുനസ്ഥാപിച്ചുകൊണ്ടുള്ള ഒരു സഭാ നവീകരണ സംവിധാനം വിഭാവനം ചെയ്യുന്ന 'സഭാനവീകരണത്തിലേക്കൊരു വഴി' എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.
ശ്രീ ചാക്കോ കളരിക്കലിന്റെ മേല്ക്കുറിച്ച പുസ്തകങ്ങളുടെ ഔപചാരികമായ പ്രകാശനവും അവയില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളെക്കുറിച്ചുള്ള ഒരു സെമിനാറും കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനത്തിന്റെ (KCRM) ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 21 ഞായറാഴ്ച പാലായില്‍ നടത്തപ്പെടുകയുണ്ടായി.
KCRM ചെയര്‍മാനായ ശ്രീ കെ. ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ ആണ് സ്വാഗതം പറഞ്ഞത്. സ്വാഗത പ്രസംഗത്തില്‍ ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ സഭാനവീകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ ചാക്കോ കളരിക്കലിന്റെ കൃതികള്‍ പകരുന്ന ഉത്തേജനം നന്ദിപൂര്‍വം അനുസ്മരിച്ചു. ഉപക്രമപ്രസംഗത്തില്‍ ശ്രീ ജോര്‍ജ് ജോസഫ് കേരള കത്തോലിക്കാ സഭയില്‍ ഇപ്പോഴുള്ള വൈദികാധിപത്യം നമ്മുടെ പാരമ്പര്യത്തിനു നിരക്കുന്നതല്ലെന്നും ഈ വൈദികാധിപത്യത്തിന് പുരോഹിതര്‍ അവിവാഹിതരായിരിക്കണമെന്ന സഭയുടെ നിലപാടുമായി അഭേദ്യമായ ബന്ധമുണ്ടെന്നും സൂചിപ്പിച്ചു. നമ്മുടെ പാരമ്പര്യമായ 'മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും' പുനസ്ഥാപിക്കാന്‍ ശ്രീ ചാക്കോ കളരിക്കലിന്റെ കൃതികള്‍ സഭാധികാരികള്‍ക്ക് പ്രേരണ നല്കും എന്ന് അദ്ദേഹം പ്രത്യാശിച്ചു.
'ലൈംഗികതയും പൗരോഹിത്യവും' പ്രകാശനം ചെയ്തത് മാന്നാനം കെ ഇ കോളജിലെ മനശ്ശാസ്ത്ര വിഭാഗം തലവനായ ഡോ. എം കെ മാത്യുവാണ്. പുസ്തകം സ്വീകരിച്ച് സംസാരിച്ച KCRM മുന്‍ ചെയര്‍മാനായ ശ്രീ മാത്യു തറക്കുന്നേല്‍ പുരോഹിതര്‍ക്കിടയില്‍ സ്വവര്‍ഗരതിയും ബാലരതിയും കന്യാസ്ത്രീപീഡനവും വളര്‍ത്തുന്ന വൈദിക ബ്രഹ്മചര്യസമ്പ്രദായം അവസാനിപ്പിക്കാന്‍ കാലം അതിക്രമിച്ചിരിക്കുകയാണ് എന്നു ചൂണ്ടിക്കാട്ടി.
പുസ്തകപ്രകാശനം നിര്‍വഹിച്ച ഡോ. എം കെ മാത്യു ആധുനിക മനശ്ശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഒരോ ജീവിക്കും പ്രാഥമികമായി ലഭ്യമക്കേണ്ട ഓരാവശ്യമാണ് ലൈംഗികതയയെന്നും അതു നിരോധിക്കുന്നതിന്റെ പരിണതഫലങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്നും വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു: ''കാമശാസ്ത്രത്തെ ശാസ്ത്രമായും കലയായും കാണുകയും ക്ഷേത്രശില്പകലയുടെ വിഷയങ്ങളാക്കുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യയുടെ പാരമ്പര്യം. കേരളത്തില്‍ത്തന്നെ നിലവിലുള്ള ഭരണിയുത്സവങ്ങളും മറ്റും ലൈംഗികതയെപ്പറ്റിയുള്ള നമ്മുടെ പരമ്പരാഗത കാഴ്ചപ്പാട് എത്രമാത്രം വിശാലമാണ് എന്നതിന്റെ ഉദാഹരണമാണ്്. നാം അസംസ്‌കൃതരാണ് എന്നതിന്റെ ഉദാഹരണമായി അതിനെയൊക്കെക്കാണുന്നത് മിഷനറി പ്രവര്‍ത്തനത്തിന്റെ ഫലമായി ഇവിടെ പ്രചരിച്ച ലൈംഗികതയെപ്പറ്റിയുള്ള തികച്ചും യാഥാസ്ഥിതികമായ മൂല്യബോധത്തിന്റെ ഫലമായാണ്. ലൈംഗികത പാപമാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ള, ലോകമാകെ വ്യാപിച്ചിട്ടുള്ള, ക്രൈസ്തവമെന്നു വിളിക്കപ്പെടുന്ന ലൈംഗികസദാചാരത്തിന് ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല. അതു തുറന്നു കാട്ടുകയും പുരോഹിത ബ്രഹ്മചര്യം ഉള്‍പ്പെടെയുള്ള ദുരാചാരങ്ങളില്‍നിന്ന് കത്തോലിക്കാസഭയെ മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നതാണ് ഈ പുസ്തകം. കൂടാതെ യഥാര്‍ഥമായ ക്രൈസ്തവ സദാചാരം എന്തെന്ന് ദൈവശാസ്ര്തജ്ഞരായ എസ് കാപ്പന്റെയും ഫെലിക്‌സ് പൊടിമറ്റത്തിന്റെയും പിന്തുണയോടെ ഇതില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.''
'മതാധിപത്യം കത്തോലിക്കാസഭയില്‍' പ്രകാശനം ചെയ്തത് പ്രശസ്ത വിമോചന ദൈവശാസ്ത്ര ചിന്തകനായ കെ സി വര്‍ഗീസാണ്. പുസ്തകം ഏറ്റുവാങ്ങിയത് സഭാധികാരവുമായി കേസ് നടത്തി വിജയിച്ചെങ്കിലും വിധിയനുസരിക്കാന്‍ സഭാധികാരികള്‍ തയ്യാറാകാത്തതു മൂലം കഷ്ടപ്പെടുന്ന ശ്രീമതി സിസിലി തോമസ് മുരിക്കാശ്ശേരി ആയിരുന്നു. സഭാധികാരികള്‍ തന്നെ പീഡിപ്പിക്കുന്നത് എങ്ങനെയെല്ലാമെന്ന് അവര്‍ വിശദീകരിച്ചു.
സ്വേച്ഛാധിപത്യപ്രവണതയും ലൈംഗികതയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്ത മനശ്ശാസ്ത്രജ്ഞനായ വില്‍ഹം റീഹിന്റെ കണ്ടെത്തലുകള്‍ 1980-കളില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് 'ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശ്ശാസ്ത്രം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളയാളാണ് ശ്രീ കെ. സി വര്‍ഗീസ്.*** ആ പുസ്തകത്തില്‍ ഹിറ്റ്‌ലറുടെ വ്യക്തിപരമായ ലൈംഗികപ്രശ്‌നങ്ങളുമായി ഫാസിസത്തിന്റെ ബന്ധം വ്യക്തമാക്കുന്നുണ്ടെന്നും കത്തോലിക്കാസഭയിലെ പുരോഹിതാധിപത്യവും അവരുടെ നിര്‍ബന്ധിത ബ്രഹ്മചര്യവുമായി അഭേദ്യമായ ബന്ധമുണ്ടാവാനിടയുണ്ടെന്നും ശ്രീ കെ. സി വര്‍ഗീസ് പ്രസ്താവിച്ചു. യേശുവിന്റെ സന്ദേശങ്ങളെ പൗലോസ് അപ്പോസ്തലന്‍ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടെന്നും സഭയുടെ യാഥാസ്ഥിതികമായ ലൈംഗിക സദാചാരത്തില്‍ പൗലോസിന്റെ സ്വാധീനം നിഴലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം ഈ പുസ്തകങ്ങളുള്‍ക്കൊള്ളുന്ന വിവരങ്ങളുടെ സമൃദ്ധിയും സമകാലിക പ്രസക്തിയും സഭാനവീകരണ പ്രവര്‍ത്തകര്‍ ഇവ ഒരു പാഠപ്പുസ്തകം പോലെ പഠിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. അതോടൊപ്പം യേശുവിന്റെ കുരിശുമരണത്തെ മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി നടത്തിയ ബലിയായും യേശുവിനെ സ്വര്‍ഗത്തില്‍നിന്നവതരിച്ച രക്ഷകനായും ഒക്കെക്കാണുന്ന സഭയുടെ വ്യവസ്ഥാപിതമായ കുറെ വിശ്വാസങ്ങള്‍ ഇതില്‍ അതേപടി ആവര്‍ത്തിച്ചിരിക്കുന്നത് ഇങ്ങനെയൊരു പുസ്തകത്തിന് ചേരുന്നതല്ല എന്നു തനിക്കു തോന്നിയതായും അദ്ദേഹം പറഞ്ഞു.
സദസ്സിലുണ്ടായിരുന്ന കെ ടി തോമസ് കൂട്ടൂപ്പറമ്പില്‍, കെ വി മാമ്മന്‍ കിഴക്കേക്കര, സെബാസ്റ്റ്യന്‍ കൊട്ടാരം , പി വി വര്‍ഗീസ് പൊടിമറ്റത്തില്‍, ജോര്‍ജ് കുര്യന്‍ തടവനാല്‍, പയസ് പരുത്തിക്കുറ്റിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി ഇടപെട്ടു. മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചയുടെ അവസാനം ശ്രീ പി. കെ. മാത്യു ഏറ്റുമാനൂര്‍ തിരുവനന്തപുരത്തു സംശയകരമായി മരണമടഞ്ഞതായി കാണപ്പെട്ട സി. മേരി ആന്‍സിയുടെ മരണം കൊലപാതകമായിരിക്കാനുള്ള സാധ്യതകള്‍ വ്യക്തമാക്കിക്കൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും അത് മുഖ്യമന്ത്രിക്കും പോലീസ് അധികാരികള്‍ക്കും അയച്ചുകൊടുക്കണം എന്ന നിര്‍ദേശത്തോടെ പാസ്സാക്കുകയും ചെയ്തു.
ജനലോക്പാല്‍ ബില്‍ പാസ്സാക്കാനാവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ അണ്ണാ ഹസാരേ നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാലാ പട്ടണത്തിലൂടെ ഒരു പ്രകടനം നടത്തണമെന്നും അതില്‍ ചര്‍ച്ച് ആക്ട് ക്രൈസ്തവസഭകളിലെ അഴിമതിക്കെതിരേയുള്ള ലോക്പാല്‍ എന്നൊരു പ്ലാക്കാര്‍ഡുകൂടിപിടിക്കണമെന്നും തീരുമാനിച്ച് സദസ്സ് തെരുവിലേക്കു നടന്നതും കണ്ണൂര്‍നിന്നു വന്ന ശ്രീ കെ സി വര്‍ഗീസും ഇടുക്കിയില്‍നിന്നു വന്ന സിസിലി തോമസും പ്രകടനത്തില്‍ സജീവമായി പങ്കെടുത്തതും വളരെ അര്‍ഥപൂര്‍ണമായി.
N.B.
*വാരികയുടെ പ്രതികള്‍ തുടര്‍ച്ചയായി വേണ്ടവര്‍ sub: BMvaarandhyam എന്ന് എഴുതി manobhaavam@hotmail.com എന്ന വിലാസം കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സ്വന്തം ഇ-മെയില്‍വിലാസം അയച്ചുതന്നാല്‍ ആ ഇ-വാരികയും താമസിയാതെ തുടങ്ങാനുദ്ദേശിക്കുന്ന സഭാനവീകരണവാര്‍ത്തകളടങ്ങുന്ന മറ്റൊരു ഇ-മാസികയും സൗജന്യമായി അയച്ചുതരാം.
** 'ഇടയന്‍', 'ലൈംഗികതയും പൗരോഹിത്യവും', 'മതാധിപത്യം കത്തോലിക്കാസഭയില്‍' എന്നീ പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ ജോസാന്റണി മൂലേച്ചാലില്‍, പ്ലാശനാല്‍ പോസ്റ്റ്, പാലാ - 686579 എന്ന വിലാസത്തില്‍ 60 രൂപാ വീതം മണി ഓര്‍ഡറയച്ച് ആവശ്യപ്പെടുക.
***ഇപ്പോള്‍ 'ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശ്ശാസ്ത്രം' എന്ന പുസ്തകം കോഴിക്കോട് ഒലിവ് പബഌക്കേഷന്‍സ് - http://www. olivepublications.com/Catalogue/Olive%20-%20Catalogue%202010.pdf - പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ