ശ്രീയേശുചരിതം ഇങ്ങനെയുമാകാം
(എന്റെ ഒരഭ്യുദയകാംക്ഷിയായ ശ്രീ തോമസ് ടി.അബ്രാഹം തയ്യാറാക്കി
അയച്ചുതന്നതാണ് ഈ ലേഖനം)
യേശുക്രിസ്തുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും പറ്റി ഇന്നുളള സഭകളില്‍നിന്ന് വ്യത്യസ്തവും എന്നാല്‍ യുക്തിയും ചരിത്രവും വളരെയധികം പിന്തുണയ്ക്കുന്നതുമായ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം (അവലംബമായ പുസ്തകങ്ങളുടെയും വെബ്‌സൈറ്റുകളുടെയും ലിസ്റ്റ് അവസാനം ചേര്‍ത്തിട്ടുണ്ട്.)
യേശുവിന്റെ ജനനകാലവും വചനങ്ങളും ശ്രീബുദ്ധനുമായി വളരെ സാമ്യം കാണുന്നു. ലോകത്തെ ആദ്യത്തെ മിഷനറി മതമായ ബുദ്ധമതം സില്‍ക്ക് പാതയിലൂടെ ഈജിപ്റ്റ്, ഇസ്രയേല്‍, ഗ്രീസ്, പഴയ സോവിയറ്റ് യൂണിയനില്‍പ്പെട്ട രാഷ്ട്രങ്ങള്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ബി.സി.-200 കാലഘട്ടത്തില്‍ പ്രചരിച്ചിരുന്നു. ഒരു പക്ഷേ ആ ബുദ്ധകഥകള്‍ യേശുവിന്റെ കഥകളിലും ബുദ്ധമതാനുയായികള്‍ വഴി വന്നതാകാം. ഒരു സംഘം ബുദ്ധസന്യാസികള്‍ ഒരു കാലത്ത് തേരാപുട്ട്‌സ് (തേരാപുത്രര്‍ - തേരാ = ഉന്നത ധ്യാനാവസ്ഥയിലെത്തിയ ബുദ്ധസന്യാസി) എന്ന് ആ പ്രദേശങ്ങളില്‍ അറിയപ്പെടുന്നു. അവര്‍ സസ്യഭുക്കുകളും പ്രകൃതി-യോഗാ ചികിത്സയില്‍ പ്രഗല്ഭരുമായിരുന്നു. യഹൂദമതത്തിന്റെ മൂന്നുവിഭാഗങ്ങളില്‍ ഒന്നായിരുന്ന എസ്സീനുകള്‍ അല്ലെങ്കില്‍ നസ്രീനുകള്‍ സന്യാസപാതയിലായിരുന്നു. തികഞ്ഞ സസ്യഭുക്കുകളായിരുന്നു. പുരുഷന്മാരും സ്ത്രീകളും ബ്രഹ്മചര്യം അനുഷ്ഠിക്കുകയും സൂര്യയോഗ അഭ്യസിക്കുകയും ചെയ്തിരുന്നു. ഈ എസ്സീനുകളെ ബുദ്ധതത്വങ്ങള്‍ (മഹായാന) വളരെയധികം സ്വാധീനിച്ചിരുന്നു.
യേശുവിന്റെ ജന്മം മറിയം സ്വര്‍ഗത്തില്‍ നിന്നെത്തിയ പരിശുദ്ധാത്മാവുമൂലമെന്ന് ബൈബിള്‍ പറയുന്നു. സിദ്ധാര്‍ഥന്റെ ജന്മത്തിനുമുമ്പ് അമ്മ മായാദേവി ആകാശത്തുനിന്നും വെളുത്ത നിറമുളള ദിവ്യമായ ഒരു ആന സ്വന്തം വയറില്‍ പ്രവേശിച്ചതായി ദര്‍ശനം കാണുന്നു. ബുദ്ധന്റെ ഒരു മുന്‍ജന്മത്തില്‍ ഒരു കന്യക ഗര്‍ഭംധരിച്ച കഥയുമുണ്ട്. അതുപോലെ ബാലനായ യേശുവിനെ കണ്ടപ്പോള്‍ ശെമയോണ്‍ ദീര്‍ഘദര്‍ശി ഈ ശിശു അത്യുന്നത അവസ്ഥയിലെത്തുമെന്ന് പ്രവചനം നടത്തുന്നു. ബാലനായ സിദ്ധാര്‍ഥനെ കണ്ട് വളരെ പ്രായമുളള സന്ന്യാസിശ്രേഷ്ഠന്‍ പൊട്ടിക്കരയുന്നു. കാരണം ഈ ശിശു ജ്ഞാനവും ധ്യാനവും വഴി മനുഷ്യവര്‍ഗത്തെ ദുഃഖത്തില്‍ നിന്നു മോചിപ്പിക്കുവാന്‍ പഠിപ്പിക്കുന്ന ബുദ്ധനാകുമെന്നും അത്രയും കാലം താന്‍ ജീവിച്ചിരിക്കില്ലല്ലോ എന്നോര്‍ത്താണ് കരയുന്നതെന്നും പറയുന്നു. യേശുവിന്റെ മഹത്തായ ജന്മം ഹിന്ദുസ്ഥാനത്തിലെ ജ്യോതിഷ പണ്ഡിതര്‍ മനസ്സിലാക്കുകയും 3 പേര്‍ ശിശുവിനെ കാണാനായി ഇസ്രായേലില്‍ എത്തുകയും ചെയ്തു. രണ്ടു വയസ്സാകുന്നതിനുമുന്‍പ് ഈജിപ്തിലേക്ക് ഒളിച്ചുപോകേണ്ടി വന്ന യേശുവിന് അത് ഒരു അനുഗ്രഹമായി എന്നു കാണുന്നു. ശിശുവായ യേശുവും മാതാപിതാക്കളും തേരാപുട്ട്‌സ് സന്ന്യാസികളുടെ സമീപത്തായിരുന്നു കഴിഞ്ഞതെന്നും അതിസമര്‍ഥനായ ബാലയേശുവിനെ പണ്ഡിതരായ സന്യാസിശ്രേഷ്ഠര്‍ ആത്മജ്ഞാനത്തിലേക്ക് നയിക്കുന്ന പാത പഠിപ്പിക്കുകയും ലഭ്യമായ മതഗ്രന്ഥങ്ങളുടെ സന്ദേശങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഹേറോദേസ് രാജാവിന്റെ മരണശേഷം തിരികെ ഇസ്രായേയില്‍ എത്തിയ യേശു എസ്സീന്‍ ഗുരുക്കന്മാരുമായും ബന്ധപ്പെട്ടിരുന്നു. അതിനുശേഷം പന്ത്രണ്ടാം വയസ്സില്‍തന്നെ യറുശലേം ദേവാലയത്തില്‍ വച്ച് യഹൂദപുരോഹിത പണ്ഡിതരെ മതഗ്രന്ഥങ്ങളുടെ സന്ദേശങ്ങളെപ്പറ്റിയുളള അവരുടെ വ്യഖ്യാനങ്ങള്‍ തെറ്റായതാണെന്നും ശരിയായ വ്യാഖ്യാനങ്ങള്‍ എങ്ങനെയെന്നും പറഞ്ഞു കൊടുക്കുന്നു. യേശുവിന്റെ മാതാപിതാക്കള്‍ എസ്സീനുകളുമായി നേരത്തെതന്നെ ബന്ധപ്പെട്ടവരായിരുന്നു. യേശുവിന്റെ അധ്യാത്മിക സുഹൃത്തും ബന്ധുവുമായ യോഹന്നാന്‍ (പില്‍ക്കാലത്ത് സ്‌നാപകയോഹന്നാന്‍) എസ്സീന്‍ സന്ന്യാസമാര്‍ഗ്ഗത്തില്‍ ചേര്‍ന്നെങ്കിലും യേശുവിന്റെ അഗാധമായ ആത്മജ്ഞാനവും പ്രായത്തില്‍കവിഞ്ഞ പാണ്ഡ്യത്യവും തിരിച്ചറിയുകയുണ്ടായി. എസ്സീന്‍ ആചാര്യര്‍ യേശുവിനെ ആത്മജ്ഞാനത്തിന്റെ അന്ത്യപ്രാപ്തിയിലേക്ക് നയിക്കുവാനുളള പാണ്ഡ്യത്യവും അനുഭവജ്ഞാനവും തങ്ങള്‍ക്ക് കുറവാണെന്നു പറഞ്ഞതിനെത്തുടര്‍ന്ന് യേശു തന്റെ 13-ാം വയസ്സില്‍ ആത്മവിദ്യയുടെ ശിരാകേന്ദ്രമായ ഹിന്ദുസ്ഥാനിലേക്ക് പുരാതനമായ സില്‍ക്ക് പാതയിലുടെ ഒരു സാര്‍ഥവാഹക സംഘത്തോടൊപ്പം യാത്രയായി.
ഹിന്ദുസ്ഥാനിലെത്തിയ യേശു തക്ഷശില സര്‍വ്വകലാശാലയിലും പിന്നീട് സിന്ധ്‌ദേശത്തെ ജൈന സന്യാസികളുടെകൂടെയും ശാസ്ത്രങ്ങളും ആത്മവിദ്യയും അഭ്യസിച്ചു. ജൈനസന്ന്യാസികളുടെ പ്രകൃതിജീവന മാര്‍ഗവും പ്രകൃതി ചികിത്സാരീതികളും യേശു സ്വായത്തമാക്കുന്നു. വീണ്ടും അറിവുതേടി കിഴക്കോട്ടു യാത്രതിരിക്കാന്‍ തുടങ്ങുന്ന കൗമാരപ്രായക്കാരന്‍ മാത്രമായ യേശുവിനെ, വളരെ ചെറുപ്പത്തില്‍ തന്നെ നേടിയ ആത്മജ്ഞാനവും പാണ്ഡിത്യവും കണ്ട് അത്ഭുതപ്പെട്ട ജൈനസന്ന്യാസിശ്രേഷ്ഠര്‍ തങ്ങളോടൊപ്പം കഴിയുവാന്‍ ക്ഷണിച്ചെങ്കിലും, അദ്ദേഹം തന്റെ അറിവിനുവേണ്ടിയുളള യാത്ര തുടരാന്‍ തീരുമാനിച്ചു. കിഴക്കോട്ട് യാത്ര ചെയ്ത അദ്ദേഹം ഒറീസ്സയിലെ ജഗന്നാഥപുരിയിലെത്തി. അവിടെ അദ്ദേഹം ഭാരതീയ വേദപണ്ഡിതരില്‍നിന്ന് വേദങ്ങളില്‍ പാണ്ഡിത്യം നേടി. ആറുവര്‍ഷത്തോളം അവിടെ താമസിച്ച യേശു രോഗശാന്തിസിദ്ധികള്‍ സ്വായത്തമാക്കി, താന്‍ പഠിച്ച വേദോപനിഷത്തുക്കളുടെ ഉള്ളടക്കം എല്ലാ ജാതികളില്‍പ്പെട്ട ആള്‍ക്കാരേയും പഠിപ്പിക്കുവാന്‍ തുടങ്ങി. എന്നാല്‍ ജാതിവ്യവസ്ഥ പിന്തുടരുന്നവരായ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരെയും ശൂദ്രരെയും വേദങ്ങള്‍ പഠിപ്പിക്കുവാന്‍ പാടില്ലെന്നു പറഞ്ഞു തടയുവാന്‍ ശ്രമിച്ചു. എന്നാല്‍ ജാതിമതഭേദമെന്യേ എല്ലാ മനുഷ്യരിലും ആത്മജ്ഞാനത്തിന്റെ വിത്ത് ഉണ്ടെന്നും ആര്‍ക്കും പരമമായ കൈവല്യാവസ്ഥയിലെത്താമെന്നും വാദിച്ച യേശുവിനെ ഇല്ലാതാക്കുവാന്‍ ചില ബ്രാഹ്മണരും ക്ഷത്രിയരും തീരുമാനിച്ചു. ഇതറിഞ്ഞ യേശു അവിടം വിട്ട് ഹിമാലയ പ്രാന്തങ്ങളിലെ ആശ്രമങ്ങളിലും ബുദ്ധകേന്ദ്രങ്ങളിലും എത്തി യോഗയും ബുദ്ധധര്‍മമാര്‍ഗവും സ്വായത്തമാക്കി.
ഹിമാലയത്തില്‍ യോഗമാര്‍ഗികളായ 'നാഥ്' സന്ന്യാസപരമ്പരയിലെ ആചാര്യന്മാരിലെ ശ്രേഷ്ഠനായ ചേതന്‍നാഥിന്റെ ശിഷ്യനായി. യേശു അവിടെനിന്ന് യോഗയിലെ അഷ്‌ടൈശ്വര്യസിദ്ധികളും നേടി. ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ സത്യന്വേഷണ താത്്പര്യം കണ്ട യേശു തന്റെ 30-ാമത്തെ വയസ്സില്‍ അധര്‍മം വാഴുന്ന തന്റെ ജന്മനാട്ടില്‍ ആത്മവിദ്യ പ്രചരിപ്പിക്കുവാനായി തിരിച്ചെത്തി. സിന്ധുസ്ഥാനിലെ വേദോപനിഷത്തുക്കളും ബുദ്ധമാര്‍ഗ്ഗത്തിലെ ധര്‍മപദവും ത്രിപീഠികയും അതേപടി യൂദന്മാര്‍ക്ക് മേധാവിത്വമുളള നാട്ടില്‍ അവതരിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന അദ്ദേഹം ബുദ്ധതത്ത്വങ്ങള്‍ സ്വാധീനമുണ്ടാക്കിയ സന്യാസ സമൂഹമായ -എസ്സീന്‍- ഇതിനായി തിരഞ്ഞെടുത്തു. അദ്ദേഹം എസ്സീന്‍ ഗുരുവും തന്റെ അടുത്ത ബന്ധുവായ സ്‌നാപകയോഹന്നാനില്‍നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ച് താന്‍ ജൂതമതത്തിലാണെന്ന് മറ്റുളളവരെ കാണിച്ചു. സന്ന്യാസദീക്ഷ സ്വീകരിച്ചെങ്കിലും തങ്ങളെക്കാള്‍ അറിവും ആത്മാനുഭവുമുളള യേശുവിനെ സ്വന്തം രീതിയില്‍ പഠിപ്പിക്കുവാന്‍ എസ്സീന്‍ ഗുരുക്കന്മാര്‍ അനുവദിച്ചു. ഹിന്ദു-ജൈന-ബുദ്ധ-യൂദ മതങ്ങളുടെ സാരാംശങ്ങള്‍ ഏകീകരിച്ച് യഹൂദവിശ്വാസത്തിന് കോട്ടം തട്ടാത്തരീതിയില്‍ അദ്ദേഹം ആത്മവിദ്യയുടെ മാര്‍ഗം പഠിപ്പിക്കുവാന്‍ തുടങ്ങി. ഗ്രാമങ്ങളിലും കടല്‍തീരത്തും മലമുകളിലും ചിലപ്പോള്‍ ദേവാലയങ്ങളിലും അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രികളില്‍ മലമുകളില്‍ ഏകാന്തതകളിലും ധ്യാനവും തുടര്‍ന്നു. അദ്ദേഹത്തിന്റെ അധ്യാപനത്തില്‍ ധര്‍മപദത്തിലെയും ബുദ്ധശാസനങ്ങളിലെയും ധാരാളം കാര്യങ്ങള്‍, ഉപമകള്‍ ഉള്‍പ്പെടെ, ഉള്‍ക്കൊണ്ടിരുന്നു. മലയിലെ പ്രസംഗവും വിധവയുടെ ചില്ലിക്കാശും താലന്തുക്കളുടെ ഉപമയും ഇവയില്‍ ചിലതു മാത്രം. മുടന്തുളള ആട്ടിന്‍കുട്ടിയുമായി ബിംബിസാര ചക്രവര്‍ത്തിയുടെ യാഗശാലയിലേക്കു പോയ ശ്രീബുദ്ധനെപ്പോലെയാണ് മുള്‍പ്പടര്‍പ്പില്‍ വീണുകാണാതെപോയ, ആട്ടിന്‍കുട്ടിയെ കണ്ടെടുത്ത് അതിനെയുമെടുത്ത് നടക്കുന്ന യേശുവും. അതുപോലെതന്നെ ബോധോദയത്തിനു മുമ്പായി കാമദേവന്റെ (മാരന്റെ) പരീക്ഷണങ്ങളില്‍പെടുന്ന സിദ്ധാര്‍ഥനും നാല്പതു ദിവസം ഉപവാസത്തിനും ധ്യാനത്തിനുശേഷം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്ന യേശുവും തമ്മിലുള്ള സാമ്യവും യാദൃച്ഛികമാകണമെന്നില്ല. പൂര്‍ണസസ്യഭുക്കായിരുന്ന യേശു ലഹരിയുളള വീഞ്ഞുപോലും പാടില്ലെന്ന് പഠിപ്പിച്ചിരുന്നു. കൊല്ലരുത് എന്നതിനര്‍ഥം ഒരു ജീവിയെയും കൊല്ലാന്‍ പാടില്ല എന്നാണെന്ന് അദ്ദേഹം പഠിപ്പിച്ചിരുന്നു. സാധാരണക്കാര്‍ക്കായി മഹായാന ബുദ്ധിസ്റ്റ് സിദ്ധാന്തപ്രകാരം Western Pure Land സമാനമായ സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച്, പിതാവിന്റെ രാജ്യത്തെക്കുറിച്ച് അദ്ദേഹം പഠിപ്പിച്ചു. പാപത്തില്‍നിന്ന് മാറി ശുദ്ധമാനസരായി ജീവിക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം ഉത്‌ബോധിപ്പിച്ചു. മതാചാരങ്ങള്‍ കേവലം കര്‍മാനുഷ്ഠാനമായും ഉപജീവിതമാര്‍ഗമായും മാറ്റിയ പുരോഹിത വര്‍ഗത്തെ അദ്ദേഹം തള്ളിപ്പറഞ്ഞു. നാടിന്റെ ഉള്‍പ്രദേശങ്ങളില്‍ പഠിപ്പിച്ചു നടന്നിരുന്ന യേശുവിനെക്കുറിച്ച് മതത്തിന്റെയും രാഷ്ട്രത്തിന്റേയും അധികാരവര്‍ഗം അറിഞ്ഞു. ആ ചെറുപ്പക്കാരന്‍ പാപം ചെയ്യരുതെന്നും നിരന്തരം പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകണമെന്നുമൊക്കെയാണ് പഠിപ്പിക്കുന്നതെന്നതിനാല്‍ അവര്‍ക്ക് അദ്ദേഹത്തിനു ചുറ്റും വന്‍ജനാവലി കൂടുന്നതില്‍ അപാകത കാര്യമായി തോന്നിയില്ല.
എന്നാല്‍ ഒരു ഞായറാഴ്ച ആ ചെറുപ്പക്കാരന്‍ ഒരു കഴുതപ്പുറത്തുകയറി മതത്തിന്റെയും രാഷ്ട്രത്തിന്റെയും സിരാകേന്ദ്രമായ ജറുശലേമില്‍ എത്തി. താങ്കളുടെ, രക്ഷകനെന്നു കരുതിയ സാധാരണ ജനങ്ങള്‍ 'ഓശാന 'പാടി അദ്ദേഹത്തെ എതിരേറ്റു. തലസ്ഥാന നഗരിയിലെ വന്‍ജനവുമായി അദ്ദേഹം നേരെ പോയത് ജറുസലേം ദൈവാലയത്തിലേക്കായിരുന്നു. അവിടെ ദേവാലയം കച്ചവടസ്ഥലമാക്കിയവരെ അദ്ദേഹം ഓടിച്ചുവിട്ടു. അവരുടെ കച്ചവടസാധനങ്ങള്‍ അദ്ദേഹം തട്ടിമറിച്ചിട്ടു. ബലിമൃഗങ്ങളേയും പക്ഷികളെയും അദ്ദേഹം തുറന്നുവിട്ടു. പുരോഹിതവര്‍ഗവും ഭരണവര്‍ഗവും ഞെട്ടി. അവര്‍ ഗൂഢാലോചന നടത്തുകയും അഞ്ചാം ദിവസം യേശുവിനെ കുരിശില്‍ തറയ്ക്കുകയും ചെയ്തു. അതിന് മുമ്പുതന്നെ മൃഗബലിക്കു പകരം അപ്പവും വീഞ്ഞും ഉപയോഗിക്കുവാന്‍ അഹിംസാവാദിയായ യേശു ശിഷ്യരെ പഠിപ്പിച്ചു. തന്റെ ശിഷ്യന് വളരെ പീഡനങ്ങള്‍ ഏല്‌ക്കേണ്ടിവരുമെന്ന് ധ്യാനദര്‍ശനത്തില്‍ കണ്ട ഗുരു ചേതന്‍നാഥ് യേശുവിനെ കുരിശില്‍ തറയ്ക്കുന്നതിനുമുന്‍പായി ജറുസലേമിലെത്തി(നാഥാ നാമാവലി എന്ന സംസ്‌കൃതഗ്രന്ഥം അവലംബം) അദ്ദേഹവും യേശുവിന്റെ രഹസ്യശിഷ്യരായ നിക്കോദേവൂസ്, അരമ്യാക്കാരന്‍ ജോസഫ് കുരിശും വഹിച്ചുകൊണ്ടു യാത്രയില്‍ സഹായിച്ച ശെമയോന്‍, പട്ടാളത്തിലെ ഒരു ശതാധിപന്‍ എന്നിവരുള്‍പ്പെടെ യേശുവിനോട് താത്പര്യമുണ്ടായിരുന്ന ആളുകളും കൂടി യേശുവിനെ രക്ഷിക്കാനായി ഒരു പദ്ധതി തയ്യാറാക്കി. യേശുവിനെ കുരിശില്‍ തറച്ചശേഷം ഒരു ശതാധിപന്റെ നേതൃത്വത്തിലുള്ള ഭടന്മാരൊഴികെ ബാക്കി ഭടന്മാര്‍ തിരിച്ചു പോയിരുന്നു. യേശുവിനോട് മരിച്ചപോലെ ശരീരം ആകുന്ന യോഗസ്തംഭനം അഭ്യസിക്കുവാന്‍ ചേതന്‍ നാഥ് നിര്‍ദേശിച്ചെങ്കിലും കഠിനവേദനയാല്‍ മനസ്സ് കേന്ദ്രീകരിക്കുവാന്‍ യേശുവിന് സാധിച്ചില്ല. (യഹൂദരുടെ തിരുനാള്‍ ഉടനെയായതിനാല്‍ അന്നു സന്ധ്യക്കുശേഷം കുരിശില്‍ കിടക്കുന്നവര്‍ മരിച്ചില്ലെങ്കില്‍ കാലുകള്‍ തകര്‍ക്കുക എന്ന രീതിയുണ്ടായിരുന്നു) ചേതന്‍നാഥും ശിഷ്യരും തേരാപുട്‌സ് സമ്പ്രദായത്തുലുള്ള പച്ചമരുന്നുകളും മറ്റും കൊണ്ടുണ്ടാക്കിയ ഒരു പാനീയം ശതാധിപന്‍ വഴി യേശുവിനു കൊടുത്തു. വേദനസംഹാരി വഴി തീവ്രവേദനയ്ക്കു ശമനമുണ്ടാകുകയും യേശുവിന് യോഗസ്തംഭനം നേടുവാന്‍ സാധിക്കുകയും ചെയ്തു. അനക്കമില്ലാതെ കിടന്ന യേശുവിന്റെ മാറിടത്തില്‍ ശതാധിപന്റെ നിര്‍ദേശപ്രകാരം കുന്തംകൊണ്ട് സാവധാനം മുറിവേല്‍പ്പിക്കുകയും അപ്പോഴും അനക്കമുണ്ടാകാതെ കിടന്ന യേശു മരിച്ചെന്ന് ശതാധിപന്‍ പ്രഖ്യാപിക്കുകയും ചെയ്തു. (സാധാരണയായി ഒരാള്‍ കുരിശില്‍ മരിക്കുന്നത് രണ്ട് ദിവസമെങ്കിലും കഴിഞ്ഞിട്ടാണ്.) ഉടനെതന്നെ നിക്കോദേവുസും അറമ്യക്കാരന്‍ യൗസേപ്പും ഒക്കെക്കൂടി പീലാത്തോസിനെ കണ്ട് കാഴ്ചവസ്തുക്കള്‍ കൊടുത്തശേഷം യേശു മരിച്ചെന്നും ശരീരം കുരിശില്‍ നിന്നെടുത്ത് സംസ്‌കരിക്കുവാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ചു. ക്രിസ്തുവിനെ ക്രൂശിക്കാന്‍ മടിയുണ്ടായിരുന്ന പീലാത്തോസ് വിലപിടിപ്പുള്ള കാഴ്ചവസ്തുക്കള്‍ കൂടി കണ്ടപ്പോള്‍ അവരുടെ ആവശ്യം പെട്ടെന്ന് അനുവദിച്ചു. അവര്‍ ഉടനെ ഗാഗുല്‍ത്തയിലെത്തി യേശുവിനെ കുരിശില്‍നിന്ന് മോചിപ്പിച്ച് അരമ്യാക്കാരന്‍ യൗസേപ്പിന്റെ ഒരു ഗുഹയുള്‍പ്പെട്ട പൂന്തോപ്പിലെക്ക് കൊണ്ടുപോയി. അവിടെ അവര്‍ ചേതന്‍നാഥിന്റെ മേല്‍നോട്ടത്തില്‍ യേശുവിന്റെ ഒരു വലിയവിരിപ്പില്‍ കിടത്തുകയും ശരീരം മുഴുവന്‍ 200-ല്‍ പരം റാത്തല്‍ ചെന്നിനായകം കൊണ്ട് പൊതിയുകയും ചെയ്തു. ഏകദേശം മുപ്പതു മണിക്കൂര്‍ ആയപ്പോഴേക്കും യേശു വിയര്‍ക്കുകയും യോഗസ്തംഭനത്തില്‍നിന്ന് ഉണരുകയും ചെയ്തു. യേശു വിയര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തിന്റെ നെഗറ്റീവ് ആ വസ്ത്രത്തില്‍ പതിഞ്ഞിരുന്നു. ആ വസ്ത്രത്തെയാണ് ടൂറിനിലെ തിരുവസ്ത്രമെന്ന് (Shroud of Turin) വിശേഷിപ്പിച്ചിരുന്നത്. പിറ്റേദിവസം രാവിലെ പൂന്തോപ്പിലെത്തിയ മഗ്ദലന മറിയം യേശുവിനെ കിടത്തിയ ഗുഹയില്‍ യേശുവിന്റെ ശരീരം കണ്ടില്ല. വെള്ള വസ്ത്രങ്ങള്‍ ധരിച്ച വളരെ മുഖചൈതന്യമുള്ള ചേതന്‍നാഥിനെയും രഹസ്യശിഷ്യരെയും അവള്‍ മാലാഖമാരെന്നു കരുതി. അവരോടൊപ്പം നിന്ന യേശുവിനെ ദേഹം മുഴുവന്‍ നീരായിരുന്നതിനാല്‍ അവള്‍ക്ക് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല്. യേശു 'മറിയം' എന്നു വിളിച്ചപ്പോള്‍ ശബ്ദംകൊണ്ട്് അവര്‍ക്ക് യേശുവിനെ മനസ്സിലായി. എന്നാല്‍ ദേഹം മുഴുവന്‍ മുറിവുകളും ചതവും ഉണ്ടായിരുന്ന യേശു അണുബാധ ഉണ്ടാകാതെയിരിക്കുവാനായി തന്റെ അടുത്തേക്ക് വരരുതെന്നും തന്നെ തൊടരുതെന്നും മറിയത്തിനോട് നിര്‍ദേശിച്ചു.
യേശു ജീവിച്ചിരിക്കുന്നു എന്നറിഞ്ഞാല്‍ പുരോഹിതവര്‍ഗവും മറ്റും വീണ്ടും യേശുവിനെ ഉപദ്രവിക്കുമെന്നതിനാല്‍ അവര്‍ യേശു ഉയര്‍ത്തെണീറ്റതായി ഒരു കഥയുണ്ടാക്കി. മഗ്ദലനമറിയം ആ കഥ ഭയപ്പെട്ട് ഒളിച്ചിരുന്ന സാധാരണ ശിഷ്യരെ അറിയിക്കുകയും അവര്‍ ആ കഥ പ്രചരിപ്പിക്കുകയും ചെയ്തു. ഏകദേശം 40 ദിവസംകൊണ്ട് യേശു പൂര്‍ണസുഖം പ്രാപിക്കുകയും യോഗസിദ്ധിയാല്‍ ശിഷ്യരില്‍ നിന്ന് മറയുകയും ചെയ്തു. അവര്‍ ആ തിരോധാനം സ്വര്‍ഗാരോഹണമെന്ന് വിശ്വസിച്ചു.
പുറപ്പാടിനുശേഷം പ്രവാചകനായ മോശയെ അനുയായികള്‍ അനുസരിക്കാതെ വന്നതിനാല്‍ സഹോദരന്‍ ആരോണും അദ്ദേഹത്തെ അംഗീകരിക്കുന്ന ഒരു ചെറു സംഘവുമായി കിഴക്കോട്ട് യാത്രചെയ്ത് കാശ്മീര്‍ താഴ്‌വരയില്‍ താമസമാക്കിയിരുന്നു. അവരുടെ പരമ്പര യേശുവിന്റെ കാലത്തും കാശ്മീര്‍ താഴ്‌വരയില്‍ ഉണ്ടായിരുന്നു. ഇസ്രായേലില്‍ നിന്നും തിരോധാനം ചെയ്ത യേശു സ്വന്തം മാതാപിതാക്കള്‍, മഗ്ദലനമറിയം, രഹസ്യശിഷ്യര്‍ എന്നിവര്‍ക്കൊപ്പം കാശ്മീര്‍ താഴ്‌വരയില്‍ എത്തി അവിടെയുള്ള യൂദസമൂഹത്തോട് ചേര്‍ന്നു. മോശയുടെയും ആരോണിന്റെയും ജോസഫിന്റെയും മറിയമിന്റെയും മഗ്ദലനമറിയമിന്റെയും യൂദന്മാരെ സംസ്‌കരിക്കുന്ന രീതിയിലുള്ള കല്ലറകള്‍ അധിനിവേശ കാശ്മീരില്‍ ഇപ്പോഴും ഉണ്ട്. മാതാവായ മറിയത്തിന്റെ കല്ലറ ഇരിക്കുന്ന സ്ഥലം ഇപ്പോഴും -മേരി- എന്നറിയപ്പെടുന്നു.
ഹിന്ദുസ്ഥാനില്‍ തിരിച്ചെത്തിയ യേശു അഫ്ഗാനിസ്ഥാന്‍ കാശ്മീര്‍, തിബറ്റ്, ഹിമാലയ സാനുക്കള്‍ എന്നിവിടങ്ങളില്‍ ചുറ്റിസഞ്ചരിച്ച് ധര്‍മപ്രചരണവും രോഗശാന്തിയും നടത്തിയിരുന്നു. ഇന്നത്തെ പാക്കിസ്ഥാനില്‍പ്പെട്ട ഗുണ്ടഫര്‍ രാജ്യത്ത് യേശുവും ശിഷ്യനായ തോമസും എത്തിയതായി 'തോമസിന്റെ നടപടികള്‍ (Acts of Thomas) എന്ന പുസ്തകത്തില്‍ പറയുന്നു. ഈ പുസ്തകത്തില്‍പെട്ട കാര്യങ്ങള്‍ അടുത്ത കാലത്ത് ശരിയെന്നു തെളിയിക്കുന്ന രീതിയിലുള്ള പുരാതന നാണയങ്ങളും മറ്റും അടുത്തകാലത്തു കണ്ടെത്തിയിരുന്നു. ഏകദേശം എ.ഡി. 50 തോടെ സിന്ധുസ്ഥാനിലെ ചക്രവര്‍ത്തിയായിരുന്ന വിക്രമാദിത്യന്റെ കൊച്ചുമകനായിരുന്ന സാലിവാഹന മഹാരാജാവ് കുതിരപ്പുറത്ത് ലഢാക്കിലുടെ യാത്ര ചെയ്തപ്പോള്‍ നീണ്ട വസ്ത്രങ്ങള്‍ ധരിച്ച് അത്യന്തം ചൈതന്യവാനായ ഒരു വിദേശിയെ കണ്ടതായി പുരാതന സംസ്‌കൃതഗ്രന്ഥമായ -ഭവിഷ്യപുരാണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ചക്രവര്‍ത്തി അങ്ങ് ആരാണ് എന്ന് ചോദിച്ചു. ആ ദിവ്യന്‍ ഇപ്രകാരം മറുപടി നല്‍കി. 'എന്റെ പേര് ഈസാ മശിഹ. ഞാന്‍ ദൈവപുത്രനാണ് - കന്യാസുതനാണ്. ഞാന്‍ ധര്‍മമാര്‍ഗം എന്റെ നാട്ടുകാരെ പഠിപ്പിക്കുവാന്‍ പോയെങ്കിലും ആ മ്ലേച്ചര്‍ എന്നെ വളരെയധികം ഉപദ്രവിച്ചു. അവിടെനിന്ന് രക്ഷപെട്ട ഞാന്‍ ഇവിടെയെത്തിയതാണ്.' സാലിവാഹനമഹാരാജാവ് ചിലകാര്യങ്ങള്‍ക്കൂടി ആ ദിവ്യനോട് അന്വേഷിക്കുകയും അതിനുശേഷം അദ്ദേഹത്തെ നമസ്‌കരിച്ച് തിരിച്ചു പോകുകയും ചെയ്തു. ഫത്തേപ്പൂര്‍ സിക്രിയില്‍ അക്ബര്‍ ചക്രവര്‍ത്തി ഈസാ നബി ഇന്ത്യയില്‍ പഠിപ്പിച്ചതായി പറയുന്ന താഴെപ്പറയുന്ന വചനം കൊത്തിവച്ചിട്ടുണ്ട്'. ഈ ലോകം ഒരു പാലം മാത്രമാണ്, ഇവിടെ താമസിക്കാതെ കടന്നുപോകുക.' ലഢാക്കിലും ടിബറ്റിലും ഉള്ള മഹായാന ബുദ്ധിസ്റ്റുകള്‍ അവരുടെ ഒരു മുന്‍ ഗുരുവായി 'ഈസാ'യേ കാണുന്നു. ടിബറ്റിലെ ഒരു ബുദ്ധിസ്റ്റ് ആശ്രമത്തില്‍ വച്ച് 'വിശുദ്ധ' പന്ത്രണ്ടു പേരുടെ സുവിശേഷം' കണ്ടെടുത്തിരുന്നു. ആ പുസ്തകം 'Essene Gospel of the Holy 12'ന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1920 കാലഘട്ടത്തില്‍ വത്തിക്കാന്റെ പുരാവസ്തു ശേഖരത്തില്‍നിന്ന്’Essene Gospel of Peace” കണ്ടെടുത്തു. ഈ പുസ്തകത്തില്‍ പ്രകൃതിജീവനവും അഹിംസയും ആത്മവിദ്യയുടെകൂടെ അദ്ദേഹം പഠിപ്പിക്കുന്നു. സൂര്യയോഗയും ജല, വായു, മണ്ണ് ചികിത്സയും ആവശ്യമെന്ന് പറയുന്നു. വൃക്ഷങ്ങളിലെ കായ് കനികള്‍, ഇലകള്‍, ധാന്യങ്ങള്‍, തേന്‍, പാല് എന്നിവയേ കഴിക്കാവൂ എന്നും അന്യനാട്ടിലെ ഫലവര്‍ഗങ്ങള്‍ ഒഴിവാക്കുകയാണ് നല്ലതെന്നും പറയുന്നു. ജൈനസിദ്ധാന്തപ്രകാരമായിരിക്കാം കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുവാന്‍ പറയുന്നില്ല. അതുപോലെ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുന്നതാണ് നല്ലതെന്നും കാരണം പിതാവിന്റെ സാമ്രാജ്യങ്ങള്‍ അവിടെയും വ്യാപിച്ചിരിക്കുന്നുണ്ടെന്നും പറയുന്നു. 1881-ല്‍ ഒരു റഷ്യന്‍ സഞ്ചാരിയായ നോട്ടോവിച്ച് ലഡാക്കിലെ 'ഹെമിസ്' ആശ്രമത്തില്‍ നിന്ന് യേശുവിന്റെ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ഇന്ത്യയിലായിരുന്നു എന്നതിന്റെ ആധികാര്യതയുള്ള പുരാതന ഗ്രന്ഥങ്ങള്‍ കണ്ടെടുത്ത് അവ Life of St. Issaഎന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്. ധര്‍മ ഉപദേശവും രോഗശാന്തിയും നിരന്തര ധ്യാനവും തുടര്‍ന്നു നടത്തിക്കൊണ്ടിരുന്ന യേശു 120-ാം വയസ്സില്‍ ശരീരം ഉപേക്ഷിച്ചെന്നും അദ്ദേഹത്തിന്റെ ഭൗതിക ശരീരം യഹൂദരീതിയില്‍ കാശ്മീരിലെ ശ്രീനഗറിലുള്ള റോസാബെല്ലില്‍ സംസ്‌കരിക്കുകയും ചെയ്തു. ഇന്നും റോസാബെല്ലില്‍ ആ ശവകുടീരം സംരക്ഷിക്കപ്പെടുന്നുണ്ട്. അത് ഈസാ നബിയുടെ ശവകുടീരമാണെന്ന് അവിടുത്തെ ആള്‍ക്കാര്‍ ആദ്യം മുതലേ വിശ്വസിക്കുന്നു. ഒരിക്കല്‍ ശിഷ്യര്‍ ശിഷ്യനും കൂട്ടത്തില്‍ ചെറുപ്പവുമായിരുന്ന് യോഹന്നാന്റെ ഭാവിയെപ്പറ്റി ചോദിച്ചപ്പോള്‍ എന്റെ രണ്ടാം വരവു വരെ അവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ആഗ്രഹമെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് എന്ന് ചോദിച്ചു. പക്ഷേ യേശു വീണ്ടും ഇസ്രയേല്‍ സന്ദര്‍ശിച്ചതായി കാണുന്നില്ല.
യേശുവിന്റെ ഇസ്രായേലില്‍ നിന്നുള്ള തിരോധാനത്തിനുശേഷം സ്വര്‍ഗാരോഹണകഥ മിക്കവരും ശരിയെന്നു ധരിച്ചു. പ്രധാനമായും മൂന്നു തരം അനുയായികളായിരുന്നു യേശുവിന്റെ പേരില്‍ അവിടെയുണ്ടായത്. ഒന്നാമത്തതേത് ഭക്തിമാര്‍ഗക്കാരുടേതായിരുന്നു. ആദ്യം ക്രിസ്ത്യാനികളെ എതിരിട്ടുകൊണ്ടിരുന്ന സാവൂള്‍ (പോള്‍) എന്ന യൂദപണ്ഡിതന്‍ ഒരിക്കല്‍ യേശു പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടതനുസരിച്ചെന്നു പറഞ്ഞു ക്രിസ്ത്യന്‍ ഭക്തിമാര്‍ഗക്കാരുടെ നേതാവായി. യേശുവിന്റെ ഒരു വചനം പോലും അദ്ദേഹം കേട്ടിട്ടില്ല- അതുകൊണ്ട് ലേഖനഭാഗങ്ങളിലൊന്നും സുവിശേഷവചനങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യരായ ലൂക്കായുടെയും മാര്‍ക്കോസിന്റെയും പേരില്‍ സുവിശേഷങ്ങള്‍ എഴുതപ്പെട്ടു. മത്തായിയുടെ സുവിശേഷം ശിഷ്യനായ മത്തായിയുടെതല്ലെന്ന് ആ മത്തായി തന്നെ സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന് ശേഷം മൂന്നാം നൂറ്റാണ്ടിലാണ് സുവിശേഷങ്ങള്‍ ഇന്നത്തെ രീതിയിലാക്കിയത്. അന്ന് ഭക്തിമാര്‍ഗക്കാര്‍ മറ്റു രണ്ടു വിഭാഗങ്ങളായിരുന്ന എസ്സീന്‍ (Essene) ക്രൈസ്തവരെയും (സന്ന്യാസിവിഭാഗം) ഗ്‌നോസ്റ്റിക്ക് (Gnostics) ക്രൈസ്തവരെയും (ജ്ഞാനമാര്‍ഗികള്‍) ഭരണസ്വാധീനം ഉപയോഗിച്ച് സാവധാനം അമര്‍ച്ച ചെയ്തതായി ചരിത്രരേഖകളില്‍ കാണുന്നു. വിശ്വാസംപോലെ ജ്ഞാനത്തിനും ധ്യാനത്തിനും മുന്‍ഗണന കൊടുത്ത എസ്സീനുകളും ഗ്‌നോസ്റ്റിക്കുകളും അവര്‍ അഹിംസയ്്ക്കും സമാധാനത്തിനും പ്രധാന്യം കൊടുത്തിരുന്നതിനാല്‍ സാവധാനം ഇല്ലാതായി. (കേരളത്തില്‍ കാര്‍മിക പുരോഹിതരുടെ വരവോടെ ബുദ്ധമതവും ജൈനമതവും നാമാവശേഷമായതുപോലെ) അടുത്തകാലത്ത് കണ്ടെടുക്കപ്പെട്ട ചാവുകടല്‍ ചുരുളുകള്‍ എസ്സീനുകളുടെ ഉയര്‍ന്ന ആത്മീയ ജീവിതത്തെക്കൂറിച്ച് വളരെയധികം വിവരങ്ങള്‍ നല്‍കുന്നുണ്ട്. 1940- കളില്‍ ഈജിപ്തിലെ നാഗ് ഹമ്മാഡിയിലെ ഒരു ഗുഹയില്‍നിന്ന് പാപ്പിറസ് ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടു ഒളിച്ചു സൂക്ഷിച്ചിരുന്ന 1700 വര്‍ഷങ്ങളായി ഗ്നോസ്റ്റിക്ക് ഗ്രന്ഥങ്ങള്‍ കണ്ടെടുത്തു. ഈ ഗ്രന്ഥങ്ങളുടെ വിലയറിയാതെ പുസ്തകങ്ങള്‍ കണ്ടെടുത്ത് ആളിന്റെ അമ്മ തണുപ്പുകാലത്തു തീകത്തിക്കുവാന്‍ കുറെയേറെ ഗ്രന്ഥങ്ങള്‍ ഉപയോഗിച്ചു. എന്നാല്‍ തോമാശ്ലീഹായുടെ സുവിശേഷം, മഗ്ദലനമറിയത്തിന്റെ സുവിശേഷം തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ലഭിക്കാനിടയായി. പൗലോസ് നേതൃത്വം നല്‍കിയ ഭക്തിമാര്‍ഗക്കാര്‍ സ്ത്രീകളെ പിന്‍നിരയില്‍ നിര്‍ത്തിയിട്ടെങ്കിലും ഗ്നോസ്റ്റിക്ക് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ആണെന്നോ പെണ്ണെന്നോ വ്യത്യാസം നല്‍കാതെ ആത്മീയമായി ഉയര്‍ന്ന ആളായിരുന്നു. ചില ഗ്നോസ്റ്റിക് ഗ്രന്ഥങ്ങളില്‍ ക്രിസ്തു കുരിശില്‍ മരിച്ചില്ലെന്ന് എഴുതപ്പെട്ടിരുന്നു. മാര്‍തോമ്മായുടെയും മഗ്ദലനമറിയത്തിന്റെയും സുവിശേഷങ്ങള്‍ ബുദ്ധതത്ത്വങ്ങളുമായി വളരെ സാമ്യം കാണിക്കുന്നുണ്ട്. സെന്‍ ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളിലെ കോവാന്‍സ് പോലെയാണ് മാര്‍ത്തോമായുടെ സുവിശേഷത്തിലെ എല്ലാ വചനങ്ങളും മാര്‍ത്തോമായുടെ സുവിശേഷത്തില്‍ തന്റെ അഭാവത്തില്‍ നീതിമാനായ യാക്കോബിനെയാണ് യേശു ശിഷ്യന്മാരുടെ നേതൃത്വം ഏല്പിക്കുന്നത്. തോമ്മായുടെ സുവിശേഷം ചരിത്രമോ അത്ഭുതകൃത്യങ്ങളോ പറയുന്നില്ല. ഈടുറ്റ ആത്മീയ വചനങ്ങള്‍ മാത്രം. അതിനാല്‍ മറ്റു സുവിശേഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ടതാണ് അതെന്ന് സ്വതന്ത്ര ദൈവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
സന്ന്യാസ പരമ്പരയില്‍പ്പെട്ട എസ്സീനുകളും ഗ്നോസ്റ്റിക്കുകളും സാവധാനം എണ്ണത്തില്‍ കുറഞ്ഞു. എങ്കിലും ഭക്തിമാര്‍ഗക്കാര്‍ യൂദന്മാരുടെയും റോമാക്കാരുടെയും പീഢനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രഹസ്യമായി സംഗമിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. എ.ഡി.310-ല്‍ റോമാസാമ്രാജ്യം ഒരു യുദ്ധത്തില്‍ തോല്ക്കുമെന്ന് അവസ്ഥ വന്നു. ആയിടയ്ക്ക് കോണ്‍സ്റ്റന്റിയിന്‍ ചക്രവര്‍ത്തിയുടെ രാജ്ഞി സ്വപ്നത്തില്‍ തങ്ങളുടെ പതാകയില്‍ കുരിശടയാളം വരച്ച് യുദ്ധത്തിനുപോയാല്‍ ജയിക്കുമെന്ന് കണ്ടു. വിവരം ചക്രവര്‍ത്തിയെ അറിയിച്ചപ്പോള്‍ അങ്ങനെ യുദ്ധം ചെയ്യുവാന്‍ നിര്‍ദേശിച്ചു. അത്ഭുതകരമായി, ജയിച്ചു മുന്നേറിയിരുന്ന ശത്രുസൈന്യം പെട്ടെന്ന് പിന്‍വാങ്ങി. അതിനടുത്ത സമയത്തുതന്നെ ചക്രവര്‍ത്തിയുടെ അമ്മയ്ക്ക് തീവ്രമായ എന്തോ അസുഖം പിടിക്കുകയും കൊട്ടാരം വൈദ്യന്മാര്‍ക്ക് രോഗം ശമിപ്പിക്കുവാന്‍ സാധിക്കാതെവരികയും ചെയ്തു. അപ്പോള്‍ ചക്രവര്‍ത്തിയോട് ആരോ ക്രിസ്ത്യാനികളെ വിളിച്ചു പ്രാര്‍ത്ഥിപ്പിച്ചാല്‍ രാജമാതാവിന്റെ അസുഖം ഭേദമായേള്‍ക്കാമെന്നു പറഞ്ഞതനുസരിച്ച് ചക്രവര്‍ത്തി ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഘത്തെ വിളിപ്പിക്കുകയും അവരുടെ പ്രാര്‍ത്ഥനയ്ക്കുശേഷം രാജമാതാവിന്റെ അസുഖം ശമിക്കുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളും കോണ്‍സ്റ്റാന്റിയിന്‍ ചക്രവര്‍ത്തിയെ ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. അദ്ദേഹം അവരോട് അവരുടെ ജീവിതരീതിയെക്കൂറിച്ചും ആചാര അനുഷ്ഠാനങ്ങളെക്കുറിച്ചും അന്വേഷിച്ചു. തങ്ങള്‍ ശുദ്ധ സസ്യഭുക്കുകളാണെന്നും ലഹരിയുള്ള പാനീയങ്ങള്‍ ഉപയോഗിക്കില്ലെന്നും കൂട്ടത്തില്‍ അവര്‍ അറിയിച്ചു. മാംസഭക്ഷണത്തിനും ലഹരിയ്ക്കും അതിയായ താത്പര്യമുണ്ടായിരുന്ന ചക്രവര്‍ത്തി ഈ രണ്ടു കാര്യങ്ങള്‍ വേണ്ടെന്നുവച്ചാല്‍ ക്രിസ്ത്യാനികളോടുള്ള പീഡനങ്ങള്‍ നിര്‍ത്താമെന്നും രാഷ്ട്രത്തിന്റെ മതം എന്ന സ്ഥാനം നല്‍കാമെന്നും ബിഷപ്പുമാര്‍ക്ക് പ്രഭുക്കന്മാരുടെ തിളങ്ങുന്ന വസ്ത്രങ്ങളും അധികാരദണ്ഡും നല്‍കാമെന്നും അറിയിച്ചു. സാമ്രാജ്യത്തിന്റെ പീഡനങ്ങള്‍ക്ക് പകരം അംഗീകാരവും അധികാരവും കിട്ടുമെന്നറിഞ്ഞ കുറെ ബിഷപ്പുമാര്‍ അതംഗീകരിച്ചു. അതനുസരിച്ച് പൗലോസിനാല്‍ നയിക്കപ്പെട്ട സഭയിലെ സുവിശേഷങ്ങളില്‍ വീഞ്ഞിന്റെ ലഹരിയും മാംസഭക്ഷണവും തെറ്റില്ലെന്നമട്ടില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ലോക്കസ്റ്റ് (Locust) മരത്തിന്റെ ഫലവും തേനും കഴിച്ചിരുന്ന സ്‌നാപകയോഹന്നാനെ വെട്ടുകിളികളും തേനും കഴിച്ചിരുന്ന ആള്‍ എന്ന് എഴുതി വച്ചു. കൂട്ടത്തില്‍ പുനര്‍ജന്മ സിദ്ധാന്തത്തിനു പകരം നശ്വരനായ ശരീരത്തിന് ശാരീരികമായ ഉയിര്‍പ്പുണ്ടെന്നും അതിലെല്ലാം ഉപരിയായി തന്റെ ധ്യാനമാര്‍ഗവും സാത്വികജീവിതരീതിയും രക്തവും ശരീരവും (വീഞ്ഞും അപ്പവുമായി) അവതരിപ്പിച്ച ക്രിസ്തുവിന്റെ പ്രബോധനത്തിനുപകരം ക്രിസ്തുവിന്റെ രക്തവും ശരീരവും കഴിക്കുന്നതായി ബലിയര്‍പ്പണത്തില്‍ കരുതണമെന്നും വതരിപ്പിച്ചു. അങ്ങനെ ക്രിസ്ത്യാനികളെ മാംസഭുക്കുകളാക്കി. ഗോസ്പല്‍ ഓഫ് ഹോളി റ്റൈല്‍വ്-ല്‍ പറയുന്നത് ജനക്കൂട്ടത്തിന് യേശു അപ്പവും മുന്തിരിയും നല്‍കിയെന്നാണ് - സഭകള്‍ അംഗീകരിച്ച സുവിശേഷത്തിലെ അപ്പവും മീനും എന്നല്ല. ഇന്ന് എല്ലാ ഭക്തിമാര്‍ഗ്ഗസഭകളും ഈ മാറ്റം വരുത്തിയ സുവിശേഷങ്ങള്‍ പ്രാമാണിക സുവിശേഷങ്ങളായി കൊണ്ടു നടക്കുകയാണ് ചെയ്യുന്നത്. ചക്രവര്‍ത്തിയില്‍ നിന്ന് കിട്ടിയ അധികാരം വച്ച എണ്ണത്തില്‍ കുറഞ്ഞ എസ്സീനുകളേയും ഗ്നോസ്‌ററിക്കുകളേയും ഉത്മൂലനം ചെയ്യുവാന്‍ സ്വാര്‍ത്ഥ മോഹികളായി ബിഷപ്പുമാര്‍ക്കു കഴിഞ്ഞു. ടൂറിനിലെ തിരുവസ്ത്രം 2000 വര്‍ഷത്തെ പഴക്കമുള്ളതെന്ന് തെളിഞ്ഞെങ്കിലും അവയില്‍ സുവിശേഷങ്ങളില്‍ പറയുന്ന മുറിവുകളുടെ പാടുകള്‍ ഉണ്ടെങ്കിലും, യേശുവിന്റെ ഉയിര്‍പ്പുകഥയെ ആസ്പദമാക്കിയാണ് ക്രിസ്ത്യന്‍ സഭകളുടെ നിലനില്‍പ് എന്നതിനാല്‍ കത്തോലിക്കാ സഭ ടൂറിനിലെ തിരുവസ്ത്രത്തെ തള്ളിപ്പറഞ്ഞു. അതു 14-ാം നൂറ്റാണ്ടിലേതാണ് അവര്‍ പ്രചരിപ്പിച്ചു. അതുപോലെ ഹെമിസ് മോണാസ്റ്ററിയില്‍ നിന്ന് കിട്ടിയ രേഖകള്‍ വത്തിക്കാന്‍ പണം കൊടുത്തു മേടിച്ച് നശിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും നോട്ടോവിച്ച് അത് കൈമാറാതെ പ്രസിദ്ധീകരിക്കുകയാണ് ചെയ്തതു. അതിനുശേഷം ബ്രിട്ടീഷ് ഭരണാധിപന്മാരും കാശ്മീരിലെ ചില മുസ്ലീം തീവ്രവാദികളും ഈസായെപ്പറ്റിയുള്ള ബുദ്ധിസ്റ്റ് ആശ്രമങ്ങളിലെ പുരാതന ഗ്രന്ഥങ്ങള്‍ നശിപ്പിച്ചു. ആ ഗ്രന്ഥങ്ങള്‍ നിലവിലുള്ള യേശുവിനെക്കുറിച്ചുള്ള (ഈസാ നബിയെക്കുറിച്ചുള്ള തങ്ങളുടെ ഗ്രന്ഥങ്ങളിലുള്ള) വിശ്വാസങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും എതിരായതിനാലായിരുന്നു അത്. എങ്കിലും ചാവുകടല്‍ ചുരുളുകളും, ഗ്നോസ്റ്റിക് സുവിശേഷങ്ങളും എസ്സീന്‍ ഗോസ്പല്‍ ഓഫ് പീസും എസ്സീന്‍ ഗോസ്പല്‍ ഓഫ് ഹോളി 12 ഉം അടക്കം ധാരാളം ഗ്രന്ഥങ്ങള്‍ , അംഗീകരിക്കപ്പെട്ട സുവിശേഷങ്ങളില്‍ പറയുന്നതിനെക്കാള്‍ മഹത്തായ രീതിയില്‍ , ഈസാനാഥിനെ വിവരിക്കുന്നു. ആകാശവും ഭൂമിയും മാഞ്ഞുപോയാലും എന്റെ വചനങ്ങള്‍ നിലനില്ക്കുമെന്ന് യേശു പറഞ്ഞത് എത്രയോ അര്‍ഥവത്താണ്. കന്യാജനനമോ ഉത്ഥാനമോ മറ്റു ചരിത്രങ്ങളോ അത്ഭുതങ്ങളോ വലിയ പ്രാധാന്യം കൊടുക്കേണ്ടതല്ലെന്ന് ആ വചനത്തില്‍നിന്നുതന്നെ അര്‍ഥമാക്കാം. എസ്സീന്‍ ഗോസ്പല്‍ ഓഫ് ഹോളി 12-ല്‍ പറയുന്നത് ശ്രദ്ധിക്കുക. എന്താണ് സത്യം എന്ന് ക്രിസ്തുവിനോട് ശിഷ്യര്‍ ചോദിച്ചപ്പോള്‍ 'സത്യം' ഓരോരുത്തര്‍ക്കും അവരുടെ പുരോഗതി അനുസരിച്ച് ആപേക്ഷികമെന്ന് മറുപടി പറയുന്നു. ഇപ്പോള്‍ സത്യമെന്ന് തോന്നുന്നത് അടുത്ത പടിയിലെത്തുമ്പോള്‍ അതിലുമുപരി എന്ന് ബോദ്ധ്യം വരുന്നു. പടിപടിയായി അന്തിമസത്യത്തിലെത്താം.
-നമുക്കും അന്വേഷണം തുടരാം-
Some of the Books and Web-sites be referred:
1. Jesus in India - By Holger Kersten.
2. Life of Saint Issa - By Nicolas Notovitch.
3. Kashmir O Tibetta (Lost Years of Jesus) - By Swamy Abhedananda
4. Dead Sea Scrolls.
5. Essene Gospel of Peace
6. Essene Gospel of the Holy Twelve
7. Acquarian Gospel of Jesus in Christ.
8. Extracts from the Gnostic Gospels-By Elaine Pagels.
9. Gospel of Infancy by St.Thomas
10. Gospel According to Hebrews
11. Gospel of St. Thomas.
12. Gospel of Mary Magdalene
13. Acts of Thomas
14. Bhavishya Purana
15. Natha Namavally
16. www.early christian writings.com
17. www.thetombof jesus.com
18. www.jesusteacher.humanjourney.su
എന്നാല്‍ ദേഹം മുഴുവന്‍ മുറിവുകളും ചതവും ഉണ്ടായിരുന്ന യേശു "അണുബാധ "ഉണ്ടാകാതെയിരിക്കുവാനായി തന്റെ അടുത്തേക്ക് വരരുതെന്നും തന്നെ തൊടരുതെന്നും മറിയത്തിനോട് നിര്‍ദേശിച്ചു.ഈ അണുബാധ കുറച്ചു കൂടിപോയില്ലേ? പിന്നെ അപ്പസ്തോലന്മാരുടെ പുസ്തകത്തില്‍ പറഞ്ഞ ഇതു ജീവിയും തിന്നാം എന്ന സ്വപ്നവും. ആ അണുബാധ ഉണ്ടെന്നു മനസിലായ യേശു സസ്യങ്ങളില്‍ ബാക്ടീരിയ ഉണ്ടെന്നു മനസിലാക്കി അത് കൂടി മാംസം എന്ന കണക്കാക്കി ഒന്നും കഴിക്കരുത് എന്നല്ലേ പഠിപ്പിക്കേണ്ടത് പുള്ളി ഒരു ഭയങ്കര സസ്യഹരി ആയിരുന്നെങ്കില്‍??
മറുപടിഇല്ലാതാക്കൂ