ഈ ലേഖനത്തിൻറെ ആദ്യഭാഗം വായിക്കാൻ പോകുക
http://almayasabdam.blogspot.in/2015/03/blog-post_28.html
മൂന്നാം ഭാഗം
ഒരു നൂറ്റാണ്ടിനുമുമ്പുതന്നെ,
ആധുനിക പാശ്ചാത്യപരിഷ്‌ക്കാരത്തിന്റെ പ്രതിലോമകരമായ ഉള്ളടക്കത്തെ ഗാന്ധിജി തുറന്നു
കാട്ടിയിരുന്നു എന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. 1908-ല്‍ അദ്ദേഹമെഴുതിയ 'ഹിന്ദ് സ്വരാ'ജിനെക്കുറിച്ച്,
'ആധുനികപരിഷ്‌ക്കാരത്തിന്റെ കടുത്തൊരു ഖണ്ഡനമാണീ കൃതി''എന്നാണ് അദ്ദേഹംതന്നെ വിശേഷിപ്പിച്ചിട്ടുള്ളത്.
അതില്‍ പാശ്ചാത്യനാഗരികതയെ പൊതുവിലും, പരിഷ്‌ക്കാരലഹരിയിലേക്ക് മനുഷ്യനെ ആകര്‍ഷിച്ചടുപ്പിച്ചുകൊണ്ടിരിക്കുന്ന
അതിന്റെ ഏതാണ്ടെല്ലാ ഘടകങ്ങളെയും പ്രത്യേകംപ്രത്യേകമായും, വിശദമായി വിശകലനം ചെയ്ത്
അവയുടെ നിഷേധാത്മകസ്വഭാവത്തെ വെളിച്ചത്തു കൊണ്ടുവന്നിരുന്നു, അദ്ദേഹം. അതെല്ലാം ആത്യന്തികമായി
ചെയ്യുന്നത്, മനുഷ്യനിലെ ആത്മീയശക്തിയെ പുറത്താക്കി മൃഗീയശക്തിയെ ഉണര്‍ത്തലാണെന്നും,
മനുഷ്യനെ സംബന്ധിച്ച് അത് ആത്മഹത്യാപരമാണെന്നും യുക്തിഭദ്രമായി അദ്ദേഹമതില്‍ സമര്‍ത്ഥിക്കുന്നു.
'''ഇന്ത്യയമര്‍ന്നത് ബ്രിട്ടന്റെ കാല്‍ക്കീഴിലല്ല, ആധുനിക പരിഷ്‌ക്കാരത്തിന്റെ കീഴിലാണ്''
എന്ന് അദ്ദേഹം അന്നെഴുതിയത് ഇന്നു മുഴുവന്‍ ലോകത്തെപ്പറ്റിയും പറയാം എന്നു വന്നിരിക്കുന്നു.
ഏതായാലും, ലോകത്തിന്റെ ഇന്നത്തെ ദുരവസ്ഥയെ അതിന്റെ അടിവേരോടെ മനസ്സിലാക്കാന്‍, ഗാന്ധിജി
എഴുതിയ 'ഹിന്ദ് സ്വരാ'ജിന്റെ കാലാനുസൃതമായ ഒരു പുനര്‍വായന ഉപകരിക്കാതിരിക്കില്ല.
ഏതായാലും യൂറോ-അമേരിക്കന്‍
നവനാഗരികത ലോകമാകെ വ്യവസ്ഥാപിച്ചിരിക്കുന്ന 'സ്വതന്ത്ര'വും 'ജനാധിപത്യപര'വും 'ഉദാര'വും
'മതേതര'വും ഒക്കെയായ ആഗോള കമ്പോളവ്യവസ്ഥയെ മാനുഷികമായ ഒരു വീക്ഷണകോണില്‍നിന്നു സ്വതന്ത്രമായി
നോക്കിക്കാണാനുള്ള ശേഷി കൈവരിച്ചാല്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും ഹീനതയും
ക്രൗര്യവും ഹിംസയും ഭീകരതയും കാണുവാന്‍ മനുഷ്യനു കഴിയും. കച്ചവടമൂല്യങ്ങളില്‍ പ്രവീണരായ
ആര്‍ക്കും കമ്പോളശക്തി ആര്‍ജ്ജിക്കാനുള്ള സ്വാതന്ത്ര്യമാണവിടെ സ്വാതന്ത്ര്യമെന്നും.
അങ്ങനെ കമ്പോളശക്തി നേടിയവരുടെ ആധിപത്യമാണവിടെ ജനാധിപത്യമെന്നും അപ്പോഴവന്‍ മനസ്സിലാക്കും.
ഈ നാഗരികത മുന്നോട്ടുവയ്ക്കുന്ന ഭൗതികമതത്തിന്റെ നിയമങ്ങള്‍ക്ക് മതവിവേചനമില്ല എന്നതാണവിടുത്തെ
മതേതരത്വമെന്നും അവനപ്പോള്‍ മനസ്സിലാകും.
പണത്തെ അതിന്റെ സൃഷ്ടികര്‍ത്താവായ
മനുഷ്യനെക്കൊണ്ട് ആരാധിക്കാന്‍ നിര്‍ബന്ധിക്കുന്ന ഈ ഭൗതികമതമൗലികവാദത്തിന്റെ ദൈവശാസ്ത്രവും
പ്രയോഗശാസ്ത്രവുമാണ് കമ്പോളകേന്ദ്രീകൃതമായി ഇന്നു രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന എല്ലാ
ചിന്താപദ്ധതികളും, അവ നടപ്പാക്കാനുദ്ദേശിച്ചുള്ള എല്ലാ യൂറോ-അമേരിക്കന്‍ തീട്ടൂരങ്ങളും.
''ഒന്നുകില്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുക, അല്ലെങ്കില്‍ നശിക്കുക'''എന്നാണ് ഇതിലൂടെയെല്ലാം
യൂറോ-അമേരിക്കന്‍ ശക്തികള്‍ പരോക്ഷമായി പറയുന്നത്. ഇതു പറയാനും ലോകരാഷ്ട്രങ്ങളെക്കൊണ്ട്
അംഗീകരിപ്പിക്കാനും 'വ്യവസ്ഥാപിതവും 'സുതാര്യവുമായ മാര്‍ഗ്ഗങ്ങളാണത്രെ അവര്‍ സ്വീകരിക്കുന്നത്!
പക്ഷേ, അതുകൊണ്ടുമാത്രം
അതു മൗലികവാദഭീകരത അല്ലാതാകുന്നതെങ്ങനെ? പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രങ്ങളെക്കൊണ്ട്
തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിപ്പിക്കുന്നതും, തോക്കുചൂണ്ടിയും ഭീകരാവസ്ഥ സൃഷ്ടിച്ചും
അംഗീകരിപ്പിക്കുന്നതും തമ്മില്‍ കാതലായ വ്യത്യാസമെന്താണ്? അനുസരിക്കാത്ത രാഷ്ട്രങ്ങളെ
ഏകപക്ഷീയമായി യുദ്ധം അടിച്ചേല്പിച്ചു നശിപ്പിക്കുന്നത് വ്യവസ്ഥാപിതമായി യുദ്ധപ്രഖ്യാപനം
നടത്തിയതിനു ശേഷമാണെന്നതുകൊണ്ടുമാത്രം ഭീകരത അല്ലാതാകുന്നതെങ്ങനെ?
ഇന്ന് ഏറ്റവും രൂക്ഷമായി
കാണപ്പെടുന്ന ഇസ്ലാമിക മതമൗലികവാദം അവതരിപ്പിക്കുന്നതിന്റെയും അടിച്ചേല്പിക്കുന്നതിന്റെയും
ശൈലിയും സ്വഭാവവും വ്യത്യസ്തമായിരിക്കുന്നതിന്, നിഗൂഢമായിരിക്കുന്നതിന്, മറ്റു കാരണങ്ങളാണുള്ളത്.
അതിപ്രബലരായവര്‍ക്ക് 'വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെത്തന്നെ തങ്ങളുടെ മൗലികവാദവും ഭീകരവാഴ്ചയും
നടപ്പിലാക്കാനാവും. വ്യവ സ്ഥാപിതസമ്പ്രദായങ്ങള്‍' എന്നു പറയുന്നതുതന്നെ പ്രബലരായവര്‍
തങ്ങ ളുടെ വ്യവസ്ഥകള്‍ സമൂഹത്തില്‍ സ്ഥാപിച്ചെടുത്തിട്ടുള്ള രീതികളെയാണല്ലോ. മുമ്പു
സൂചിപ്പിച്ചതുപോലെ, യൂറോപ്പിന് അതിന്റെ ലോകസാമ്രാജ്യത്വവാഴ്ചക്കാലത്തുതന്നെ യൂറോപ്യന്‍
വ്യവസ്ഥകള്‍ ഇതര ജനസമൂഹങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. പ്രത്യക്ഷസാമ്രാജ്യത്വം
അവസാനിച്ചിട്ടും ലോകസമൂഹത്തില്‍ ഇന്നും അതേ പാശ്ചാത്യവ്യവസ്ഥീകരണംതന്നെ നിലനില്ക്കുകയാണ്.
യൂറോ- കേന്ദ്രിതമായ ഈ വ്യവസ്ഥീകരണത്തിനു വിധേയപ്പെട്ടുകഴിഞ്ഞ ലോകത്തിന്റെ ഇന്നത്തെ
നവനാഗരികസാഹചര്യമാണ് 'വ്യവസ്ഥാപിതവും 'സുതാര്യവുമായിത്തന്നെ തങ്ങളുടെ മൗലികവാദഭീകരത
നടപ്പാക്കാന്‍ യൂറോ-അമേരിക്കന്‍ ശക്തികള്‍ക്കു ബലം കൊടുക്കുന്നത്.
ഈ ബലം ഇല്ലാത്തതിനാലാണ്
മറ്റു മൗലികവാദപ്രസ്ഥാനങ്ങള്‍ക്ക് ഇരുട്ടിനെയും നിഗൂഢതയെയും അതിസാഹസിക ചാവേര്‍ ആക്രമണങ്ങളെയും ആശ്രയിക്കേണ്ടിവരുന്നത്.
ഒളിപ്പോര്‍സാഹചര്യം
നേര്‍ക്കുനേര്‍ പൊരുതി
പരാജയപ്പെടുത്താനാവില്ലെന്നറിയാവുന്ന പ്രബലനായ ശത്രുവിനെ എതിരിടേണ്ടിവരുന്ന സാഹചര്യത്തിലാണ്
ഒരാള്‍ പതിയിരുന്നുള്ള ആക്രമണരീതി സ്വീകരിക്കുക. ഭരണകൂടത്തിന്റെ സായുധശക്തിയെ നേരിട്ടെതിര്‍ത്തു
തോല്പിക്കാനാകാത്തതിനാലാണ് വിപ്ലവകാരികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതാണ്ടെല്ലാ
വിഭാഗങ്ങളും മിന്നലാക്രമണങ്ങളുടെയും വിദ്ധ്വംസക പ്രവര്‍ത്തനങ്ങളുടെയും ചാവേര്‍പോരാട്ടങ്ങളുടെയും
വഴിയില്‍ എക്കാലവും സഞ്ചരിച്ചിട്ടുള്ളത്. അമേരിക്കന്‍ ശക്തിക്കെതിരെ വിയറ്റ്‌നാംകാര്‍
സ്വീകരിച്ച വഴിയും ഒളിപ്പോരിന്റേതായിരുന്നുവല്ലോ? ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിലെ
പല വീരനായകരും ബ്രീട്ടീഷ് സാമ്രാജ്യശക്തിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇതേ മാര്‍ഗ്ഗം
തന്നെയാണ് സ്വീകരിച്ചതെന്നും ഇവിടെ നമുക്കോര്‍ക്കാം. (എത്ര ഉദാത്തലക്ഷ്യത്തിനുവേണ്ടി
ആയിരുന്നാലും, എത്ര വലിയ ശക്തിക്കെതിരെ ആയിരുന്നാലും, അക്രമത്തിന്റെ കിരാതമാര്‍ഗ്ഗം
സ്വീകരിക്കുന്നതിനെതിരെ ഗാന്ധിജി എടുത്ത ഉറച്ച നിലപാട് എത്രമാത്രം ക്രാന്തദര്‍ശിത്വത്തോടും
വിവേകത്തോടും കൂടിയുള്ളതായിരുന്നുവെന്ന്, കുറെയൊക്കെ ആദര്‍ശവല്‍ക്കരിക്കപ്പെട്ടിരുന്ന
അന്നത്തെ അക്രമമാര്‍ഗ്ഗത്തിന്റെ വികസിതരൂപമായ ഇന്നത്തെ ഭീകരപ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍,
നമുക്കു കൂടുതലായി മനസ്സിലാക്കാനാകും.) ഇന്നിപ്പോള്‍ ഈ ഒളിപ്പോര്‍ യുദ്ധതന്ത്രം സൈനികത്താവളങ്ങളെ
ഒഴിവാക്കി, തെരുവുകളിലും കെട്ടിടങ്ങളിലും വാഹനങ്ങളിലുമുള്ള സാധാരണ മനുഷ്യരെ ഉന്നംവയ്ക്കുന്നത്ര
ഭീക രമായിക്കഴിഞ്ഞു. മാത്രമല്ല, ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനശൃംഖലയ്ക്ക്
ലോകമാസകലം താവളങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കു നേരിട്ടെതിര്‍ത്തു തോല്പിക്കാനാവാത്ത
യൂറോ-അമേരിക്കന്‍ വന്‍ശക്തി ക്കെതിരെ ഇസ്ലാമികതീവ്രവാദികളില്‍ വളര്‍ന്നു വരുന്ന നിശ്ചയദാര്‍ഢ്യമാണ്
ഇവിടെ പ്രകടമാകുന്നത്.
അല്പമൊന്നു നിരീക്ഷിച്ചാല്‍, യൂറോ-അമേരിക്കന്‍ ശക്തി വര്‍ദ്ധിക്കുന്തോറും വര്‍ദ്ധിത
വീര്യത്തോടും കൂടുതല്‍ അംഗബലത്തോടുംകൂടി ഇസ്ലാമിക മൗലികവാദഭീകരത ആളിപ്പടരുകയാണ് എന്ന
വസ്തുത, ആര്‍ക്കും കാണാനാകും. ഇത് ഈ മൗലികവാദശക്തികള്‍ തമ്മിലുള്ള ബന്ധത്തിലേക്കാണ്
കൈചൂണ്ടുന്നത്. അതായത്, ഇസ്ലാമിക മൗലികവാദത്തിന്റെ പുത്തന്‍ ഉറവിടം ഈ യൂറോ-അമേരിക്കന്‍
ലോകമേല്‍ക്കോയ്മാ സാഹചര്യം തന്നെയാണ്. ആ വന്‍ശക്തി അടിച്ചേല്പിക്കുന്ന ഭൗതികമതമൗലികവാദത്തിനും
അതിലൂടെ അറേബ്യന്‍ സംസ്‌കാരത്തിന്റെയും എണ്ണസമ്പത്തിന്റെയുംമേല്‍
അവര്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമെതിരെ തങ്ങളുടെ തീക്ഷ്ണമായ ഇസ്ലാമിക മൗലികവാദം പ്രയോഗിക്കുകയാണവര്‍.
മതമൗലികവാദത്തിന്റെ
സെമിറ്റിക് പൈതൃകം
മനുഷ്യരെ അണിനിരത്താനും
ആട്ടിത്തെളിക്കാനും ഏറ്റവും സമര്‍ത്ഥമായ ഉപകരണമാണല്ലോ എന്നും മതം. സര്‍വ്വതും, സര്‍വ്വരും,
ആത്യന്തിക സത്തയില്‍ ഒന്നാണെന്ന ആന്തരികബോധം സൃഷ്ടിച്ച്, എല്ലാത്തരം വിഭാഗീയതകള്‍ക്കുമതീതമായി
മനുഷ്യകുലത്തെ ഐക്യപ്പെടുത്തുക എന്നതാണ് മതങ്ങളുടെ ദൗത്യമെങ്കിലും അവ, പ്രത്യേകിച്ച്
സംഘടിതമതങ്ങള്‍, എക്കാലവും സൃഷ്ടിച്ചുകൊണ്ടിരുന്നത് വിഭാഗീയമായ സാമുദായികത്വബോധമായിരുന്നു.
സെമിറ്റിക് വിഭാഗത്തില്‍പ്പെട്ട യഹൂദ- ക്രൈസ്തവ-ഇസ്ലാം മതങ്ങളെല്ലാം ഏകസത്യമതവാദം പുലര്‍ത്തുന്ന
സംഘടിതമതങ്ങളാണ്. ലോകചരിത്രം പരിശോധിച്ചാല്‍, ഈ മതങ്ങള്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയും
തങ്ങളുടേതുമാത്രമാണ് സത്യമതമെന്ന് അംഗീകരിപ്പിക്കുന്നതിനുവേണ്ടിയും നടത്തിയിട്ടുള്ള
പരസ്പരകുരുതികളുടെ അദ്ധ്യായങ്ങളാണേറെയും. സൂക്ഷ്മാവലോകനത്തില്‍, ഇന്നു നടക്കുന്നത്
പരസ്പരാധിപത്യത്തിനും ലോകാധിപത്യത്തിനുംവേണ്ടി ക്രിസ്ത്യന്‍'യൂറോപ്പും ഇസ്ലാമിക'അറേബ്യയും
നടത്തിയിരുന്ന കുരിശുയുദ്ധങ്ങളുടെയും ജിഹാദുകളുടെയും വേഷപ്പകര്‍ച്ചയോടെയുള്ള തുടര്‍ച്ചമാത്രമാണ്
എന്നു കാണാം. യൂറോപ്യന്‍ സാമ്രാജ്യവികസനം എന്ന ക്രിസ്ത്യന്‍'യൂറോപ്പിനുണ്ടായിരുന്ന
രാഷ്ട്രീയലക്ഷ്യം, ഇന്ന് യൂറോ-അമേരിക്കന്‍ സാംസ്‌ക്കാരിക-സാമ്പത്തികസാമ്രാജ്യത്വം എന്നായി
മാറിയിരിക്കുന്നു എന്നുമാത്രം. അതിനായി 'വ്യവസ്ഥാപിത'രീതികളില്‍ സമ്മര്‍ദ്ദം ചെലുത്തി
ലോകാഭിപ്രായം അനുകൂലമാക്കിക്കൊണ്ടും അജയ്യമായ സൈനി കശക്തിയുടെ പിന്‍ബലത്തോടെയും യൂറോ-അമേരിക്കന്‍
ശക്തികള്‍, അപ്രതിരോധ്യം എന്നു തോന്നുംവണ്ണം മുന്നോട്ടു കുതിക്കുകയാണ്. എന്നാല്‍ ഇസ്ലാമിക
അറേബ്യയ്ക്കും അതിന്റെ സംസ്‌ക്കാരത്തിനും ഇക്കാലയളവില്‍ സംഭവിച്ചത്, യൂറോ-അമേരിക്കന്‍
മുഖമുദ്രയുള്ള ആധുനികനാഗരികതയുടെ അലകളില്‍പ്പെട്ടുള്ള വിള്ളലുകളും ശിഥിലീകരണവുമാണ്.
ഈ ദുര്‍ബ്ബലാവസ്ഥയില്‍, ലോകമേധാവിത്വത്തിലേക്കു കുതിക്കുന്ന യൂറോ-അമേരിക്കന്‍ ശക്തിയെ
തളയ്ക്കാന്‍ സുതാര്യവും വ്യവസ്ഥാപിതവുമായ മാര്‍ഗ്ഗങ്ങളൊന്നും ഇസ്ലാമിക തീവ്രവാദികളുടെ
മുമ്പിലില്ല. അതുകൊണ്ടാണ് തുറന്ന ജിഹാദിനു പകരം നിഗൂഢതയിലൊളിപ്പിച്ച ഭീകരപ്രവര്‍ത്തനങ്ങളിലേക്ക്
അവര്‍ക്കു വഴിതിരിയേണ്ടി വന്നത്.
യൂറോ-അമേരിക്കന്‍
വന്‍ശക്തിയും അതുയര്‍ത്തിപ്പിടിക്കുന്ന ഭൗതികമതമൗലികവാദവും ലോകാധിപത്യത്തിലേക്കുള്ള
ചുവടുകള്‍ മുന്നോട്ടു വയ്ക്കുന്തോറും, സ്വാഭാവികമായും ഈ ഇസ്ലാം മതമൗലികഭീകരതയും ആളിപ്പടരുകയേയുള്ളു.
യൂറോ-അമേരിക്കന്‍ വന്‍ശക്തിയുമായി ഏതെല്ലാം രാജ്യങ്ങള്‍ എപ്പോഴൊക്കെ കൈകോര്‍ക്കുന്നുവോ,
ആ രാജ്യങ്ങളി ലൊക്കെയും, മിക്കവാറും അതാതു സമയങ്ങളില്‍ത്തന്നെ ഇസ്ലാമികതീവ്ര വാദികളുടെ
ചാവേര്‍ ആക്രമണങ്ങള്‍, അല്ലെങ്കില്‍ സ്‌ഫോടന പരമ്പരകള്‍, അരങ്ങേറുന്നു എന്ന യാഥാര്‍ത്ഥ്യം
ഈ നിരീക്ഷണം ശരിയെന്നു തെളിയിക്കുന്നു. ഇന്‍ഡ്യാ-അമേരിക്കാ ആണവകരാറിനനുകൂലമായി
2008 ജൂലൈ 22-ന് മന്‍മോഹന്‍സിന്ദ് സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി ഒരാഴചക്കകം സ്‌ഫോടനപരമ്പരകളുടെ
ഒരു നിരതന്നെ ഉണ്ടായി എന്നത് ഇതിനോടു ചേര്‍ത്തു കാണാവുന്നതാണ്. കരാറുമായി ബന്ധപ്പെട്ട്
പിന്നീടു നടന്ന ഓരോ നീക്കത്തെത്തുടര്‍ന്നും ഇന്‍ഡ്യയില്‍ സ്‌ഫോടനപരമ്പരകള്‍ അരങ്ങേറുകയുണ്ടായി.
ഇതെല്ലാം സൂചനകളായി എടുത്താല്‍, കുറച്ചുകാലമായി നടന്നുവരുന്ന ഇസ്ലാമികതീവ്രവാദത്തിന്റെയും
ഭീകരാക്രമണങ്ങളുടെയും സൃഷ്ടികര്‍ത്താവ് യൂറോ-അമേരിക്കന്‍ ഭൗതികമതമൗലികവാദഭീകരതയാണെന്നു
കാണാം; അഥവാ, തങ്ങള്‍ രൂപംകൊടുത്തു വ്യവസ്ഥാപിച്ചിട്ടുള്ള വ്യാവസായിക-കമ്പോള വ്യവസ്ഥ
യിലേക്ക് ലോകരാഷ്ട്രങ്ങളെല്ലാം വന്നു കൊള്ളണമെന്നു ശഠിക്കുന്ന യൂറോ-അമേരിക്കന്‍ നവകൊളോണിയലിസമാണെന്നു
കാണാം
മൗലികവാദങ്ങളുടെ മഹാസ്രോതസ്സ്
യൂറോ-അമേരിക്കന്‍
ഭൗതികമൗലികവാദവും ലോകജനതകളില്‍ ഒന്നടങ്കം അത് അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന പരോക്ഷഭീകരതയും
ഇസ്ലാമിക മൗലികവാദഭീകരതയെ മാത്രമല്ല വളര്‍ത്തുക; അത് എല്ലാവിധ മത-ജാതി-ഗോത്രവിഭാഗങ്ങളുടെയും,
പ്രാദേശികവും ദേശീയവുമായ സാംസ്‌ക്കാരികത്തനിമകളുടെയുമൊക്കെ അടിസ്ഥാനത്തില്‍ പുതിയ പുതിയ
വിഘടിതമൗലികവാദപ്രസ്ഥാനങ്ങള്‍ക്കുകൂടി ജന്മംനല്കും. കാരണം, ഏതു മതമൗലികവാദത്തെയും പോലെ
കമ്പോളകേന്ദ്രീകൃതമായ യൂറോ-അമേരിക്കന്‍ ഭൗതികമതമൗലികവാദവും ഏകശിലാരൂപിയായ ഒരു സമഗ്രലോകമാതൃകയെ
അടിച്ചേല്പിച്ച്, പ്രാദേശികവും ഗോത്രപരവും വംശീയവും മതപരവും ഭാഷാപരവുമൊക്കെയായി നിലനില്ക്കുന്ന
വൈവിധ്യങ്ങളെയും തനിമകളെയും സാംസ്‌ക്കാരിക പൈതൃകങ്ങളെയും വെട്ടിമുറിക്കുന്നു. ആ മുറിവുകളില്‍
പ്രകോപിതരായും അതിന്റെ വൈകാരികതയില്‍ വേരാഴ്ത്തിയുമാണ് ഓരോ ജനവിഭാഗവും സാമുദായികമായി
വിഘടിച്ചകലുന്നത്.
യൂറോപ്യന്‍ അധിനിവേശത്തിനു
മുമ്പും പിമ്പുമുള്ള കേരളത്തിന്റെ മതസാമൂഹികസാഹചര്യങ്ങള്‍
പരിശോധിച്ചാല്‍ത്തന്നെ, സാമുദായികത്വവും മതമൗലികവാദവും മുളപൊട്ടി വളരുന്നതെങ്ങനെ എന്നതു
സംബന്ധിച്ച ഉള്‍ക്കാഴ്ച നമുക്കുകിട്ടും. പോര്‍ട്ടുഗീസുകാര്‍ ഇവിടെ അവതരിപ്പിച്ച ക്രിസ്തുമതമൗലികവാദത്തിനും
പരമതനിന്ദയ്ക്കും മുസ്ലീമുകള്‍ക്കെതിരെ നിരന്തരമായി
നടത്തിയ ആക്രമണങ്ങള്‍ക്കും പ്രാദേശിക ഭരണാധികാരി കളുടെ സങ്കീര്‍ണ്ണമായ പക്ഷംപിടിക്കലുകള്‍ക്കും
തുടര്‍ച്ചയായിട്ടാണല്ലോ, അതുവരെ ഒരു സംസ്‌കാരത്തില്‍ ഒരു സമൂഹമായി ജീവിച്ചുപോന്ന കേരളജനത
മതങ്ങളുടെ അടിസ്ഥാനത്തില്‍ പിളര്‍ന്ന് വ്യതിരിക്ത മതസമൂഹങ്ങളായിത്തീര്‍ന്നത്. ഭാരതത്തിന്റെ
മൊത്തം സാഹചര്യം പരിശോധിച്ചാലും പാശ്ചാത്യമദ്ധ്യസ്ഥന്റെ ഇടപെടലുകളാണ് ഹിന്ദു-മുസ്ലീം
വൈരത്തിനു കാരണമെന്നു കാണാം. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും പരസ്പരം അവിശ്വാസവും ഭീതിയും
വളര്‍ത്തി സാമുദായികഭിന്നത സൃഷ്ടിച്ച് രാഷ്ട്രവിഭജനത്തില്‍വരെ എത്തിച്ചത് ബ്രിട്ടീഷ്
ഭരണമായിരുന്നല്ലോ.
എന്നാല്‍ യൂറോ-അമേരിക്കന്‍
ഭീകരത പ്രത്യക്ഷപ്പെടുന്നത് പരിഷ്‌കൃതിയുടെയും മാന്യതയുടെയും മൂടുപടമിട്ടാണ് എന്നതിനാല്‍,
ഈ വിഭാഗീയശക്തികള്‍ തങ്ങളുടെ പൊതുശത്രുവിനെ തിരിച്ചറിയുന്നില്ല. അതുകൊണ്ട,് ഒന്നുകില്‍
അവ പരസ്പരം മല്ലടിച്ചു തകരുകയോ, അല്ലെങ്കില്‍ പ്രത്യക്ഷശത്രുവിനെ തകര്‍ക്കാന്‍ യൂറോ-അമേരിക്കന്‍
ഇടപെടലിനു താവളമൊരുക്കിക്കൊടുക്കുകയോ ചെയ്യുന്നു. അതിനര്‍ത്ഥം, ഉയര്‍ന്നുവരുന്ന എല്ലാ
വിഭാഗീയ-മൗലികവാദ പ്രസ്ഥാനങ്ങളും, ആത്യന്തികഫലത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍,
യൂറോ-അമേരിക്കന്‍ മഹാശക്തിക്കുതന്നെ കൂടുതല്‍ പ്രാബല്യം നേടിക്കൊടുക്കുകയാണു ചെയ്യുന്നത്
എന്നാണ്. അതായത്, മൗലികവാദ അരാജകത്വം പടരുകയും അതു നിയന്ത്രിക്കാന്‍ യൂറോ-അമേരിക്കന്‍
വന്‍ശക്തിതന്നെ വേണ്ടിവരുന്ന അവസ്ഥ കൂടുതല്‍കൂടുതലായി
സംജാതമാകുകയും ചെയ്യും. മൗലികവാദ ചെറുമീനുകളെ മൗലികവാദതിമിംഗലമായ യൂറോ-അമേരിക്കന്‍
ശക്തി വിഴുങ്ങുകയും അങ്ങനെ അത് ഒന്നിനൊന്നു ശക്തിയാര്‍ജ്ജിക്കുകയും ചെയ്യും.
ഈ വിഴുങ്ങല്‍ പ്രക്രിയയാണ്
വര്‍ദ്ധമാനമായ തോതില്‍ ഇന്നു നടന്നു വരുന്നത് എന്ന്, യൂറോ-അമേരിക്കന്‍ നേതൃത്വം അംഗീകരിച്ചും
അവരുടെ സഹായം പറ്റിയുമാണ് മിക്ക രാഷ്ട്രങ്ങളും ഇന്ന് ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നത്
എന്നതില്‍നിന്നുതന്നെ തെളിയുന്നുണ്ട്. ഇതിന്റെ ഫലമായി സംഭവിക്കുന്നത്, ഒരുവശത്ത് ലോകരാഷ്ട്രങ്ങളുടെയെല്ലാം
മേല്‍ യൂറോ-അമേരിക്കന്‍ ആധിപത്യം കൂടുന്നു എന്നതും, മറുവശത്ത്, തീവ്രവാദിസംഘടനകളും
അവരുടെ ഭീകരാക്രമണങ്ങളും ലോകമാസകലം പെരുകുന്നു എന്നതുമാണ്. ചുരുക്കത്തില്‍, ഭീകരവാദസാഹചര്യത്തെ
ആഴത്തില്‍ കാണാതെയുള്ള ഇന്നത്തെ ഓരോ ഭീകരവിരുദ്ധനീക്കവും വിപരീതഫലമാണ് ഉളവാക്കിക്കൊണ്ടിരിക്കുന്നത്.
ഇതു കാണുവാനുള്ള കണ്ണ് ഭാരതമുള്‍പ്പെടെയുള്ള മിക്ക ലോകരാഷ്ട്രങ്ങള്‍ക്കും ഉണ്ടായിട്ടില്ല
എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്. പക്ഷേ, ഇനിയും ഈ ഉപരിപ്ലവസമീപനം തുടരുന്നപക്ഷം, ഒരു
ദൂഷിതവലയത്തില്‍പ്പെട്ടിട്ടെന്നപോലെ, മനുഷ്യകുലമാകെത്തന്നെ മഹാദുരന്തങ്ങളുടെ ആഴക്കയത്തിലേക്ക്
ആഴാനാണിട.
ഭാരതസംസ്‌കൃതിയുടെ
ദൗത്യം
കേവലഭൗതികതയും മതാന്ധതയുംചേര്‍ന്നു
സൃഷ്ടിച്ചിരിക്കുന്ന ഇന്നത്തെ ഈ കൂരിരുട്ടില്‍ രക്ഷയുടെ മാര്‍ഗ്ഗദീപം തെളിക്കാന്‍ ആര്‍ക്കാണു
കഴിയുക? ഈ ചോദ്യത്തിന് ഉത്തരം ചികയുമ്പോള്‍, അതിനു കഴിയുന്നത് ഭാരതത്തിനാണ്; ഭാരതത്തിനു
മാത്രമാണ്, എന്ന ശബ്ദമാണ് ഉള്ളില്‍ മുഴങ്ങി ക്കേള്‍ക്കുന്നത്. കാരണം, അനേകം മതദര്‍ശനങ്ങള്‍ക്കു
ജന്മം നല്‍കുകയും എല്ലാ മതങ്ങള്‍ക്കും ആതിഥ്യമരുളുകയും ചെയ്യാന്‍മാത്രം സാര്‍വ്വജനീനമായ,
സാര്‍വ്വലൗകികത്വമാര്‍ന്ന, ഒരു സംസ്‌ക്കാരം സഹസ്രാബ്ദങ്ങളായി നിലനിന്ന ഒരു ചരിത്രപശ്ചാത്തലം
ഈ നാടിനുണ്ട്. സത്യദര്‍ശനത്തിനായി മറ്റെല്ലാം ത്യജിച്ച ഋഷിവര്യന്മാരുടെ നാടാണിത്. ബോധോദയം
നേടിയ അനേകം ബുദ്ധന്മാരുടെയും മഹാവീരന്മാരുടെയും പരമഹംസര്‍മാരുടെയും കബീര്‍മാരുടെയും
നാനാക്കുമാരുടെയും നാട്. അവരെല്ലാം പ്രസരിപ്പിച്ച ചൈതന്യരേണുക്കളുടെ സവിശേഷകമ്പനങ്ങള്‍,
ഊര്‍ജ്ജമണ്ഡലങ്ങള്‍തന്നെ, ഇന്നും നിലനില്‍ക്കുന്ന നാട്. ഈ സാംസ്‌ക്കാരികഭൂമിയില്‍ ഒരു
ദീപം തെളിക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍പ്പിന്നെ പ്രതീക്ഷയ്ക്കു വകയുണ്ടെന്നു
തോന്നുന്നില്ല.
ഇന്‍ഡ്യയുടെ അനന്യമായ
സവിശേഷതയെക്കുറിച്ച് ഓഷോ (രജനീഷ്) എഴുതുന്നു: ''സ്വന്തം പ്രതിഭകളെല്ലാംതന്നെ സത്യത്തെ
ദര്‍ശിക്കുന്നതിനുള്ള, സത്യംതന്നെ ആയിത്തീരുന്നതിനുള്ള, ഒരു കേന്ദ്രീകൃതശ്രമത്തിനായി
സമര്‍പ്പിക്കപ്പെട്ട ലോകത്തിലെ ഒരേയൊരു അസാധാരണമായ ഭൂപ്രദേശമാണ് ഇന്ത്യ'''(ഇന്ത്യ എന്‍
പ്രിയങ്കരി - പേജ് 19). 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്ന ചൊല്ല് ശരിയെങ്കില്‍,
മായക്കാഴ്ചകളുടെയും അന്ധതയുടെയും കുരുക്കുകളില്‍ ഇന്നു സ്വയം കുടുങ്ങിക്കിടക്കുന്ന
മനുഷ്യരാശിയെ രക്ഷിക്കാന്‍ എറ്റവും പ്രാപ്തിയുണ്ടാകുക, സത്യാന്വേഷണത്തിന്റെയും സത്യ
സാക്ഷാത്ക്കാരത്തിന്റെയും വിളനിലമായ ഭാരതത്തിനുതന്നെയാണ്. ഓഷോ തുടര്‍ന്നു പറയുന്നു:
'''ഇന്ത്യയ്ക്ക് അതിന്റെ ആന്തരികമായ അന്തസ്സ്, അതിന്റെ അഭിമാനം, അതിന്റെ മഞ്ഞുമൂടിയ
ശൃംഗങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയണം. കാരണം, മുഴുവന്‍ ലോകത്തിന്റെയും ഭാഗധേയം ഇന്ത്യയുടെ
ഭാഗധേയവുമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. അത് ഒരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമല്ല;
ഇന്ത്യ അന്ധകാരത്തില്‍ നഷ്ടമായിക്കഴിഞ്ഞാല്‍, മനുഷ്യനു പിന്നെ ഭാവിയില്ല... മനുഷ്യജീവിതത്തിന്റെ
കറുകറുത്ത രാത്രികളില്‍പോലും അവന്റെ അവബോധത്തിന്റെ ദീപം പൊലിയാതെ നാം സൂക്ഷിച്ചിട്ടുണ്ട്.
ആ തിരിനാളം എത്രമാത്രം മങ്ങിയതായിക്കൊള്ളട്ടെ, ആ ദീപം ഇപ്പോഴും ജ്വലിച്ചുകൊണ്ടേയിരിക്കുന്നു......''
(മുന്‍ഗ്രന്ഥം, പേജ് 28).
അതെ, ഭാരതസംസ്‌കൃതിയുടെ
ജീവന്‍ അസ്തമിച്ചു എന്നു കരുതിക്കൂടാ. ഒരു പക്ഷേ, യുറോ-അമേരിക്കന്‍ നവകൊളോണിയലിസം അടിച്ചേല്പിച്ച
നാഗരികത്തിരമാലകളില്‍പ്പെട്ട് അതല്പം ഉലഞ്ഞു പോയിട്ടുണ്ടാകാം. മനുഷ്യമസ്തിഷ്‌ക്കങ്ങളില്‍
ജ്ഞാനവും ഹൃദയങ്ങളില്‍ സ്‌നേഹവും വിരിയിപ്പിച്ചുകൊണ്ട് സത്യത്തിന്റെ സൂര്യോദയം ഭാരതവിഹായസ്സില്‍
വീണ്ടും ഉദയംകൊള്ളേണ്ടതുണ്ട്. അങ്ങനെ സംഭവിപ്പിക്കുന്നതില്‍ ഇന്ത്യ വിജയിച്ചാല്‍, പൂജാരിമാര്‍ക്കും
പുരോഹിതന്മാര്‍ക്കും മൊല്ലാമാര്‍ക്കും പകരം, മതാചാര്യന്മാരും ഗുരുഭൂതന്മാരും ധാര്‍മ്മിക
ഉപദേഷ്ടാക്കളും ഇവിടുണ്ടാകും. വാണിജ്യവത്ക്കരിക്കപ്പെട്ടു മരിച്ചുകൊണ്ടിരിക്കുന്ന മതങ്ങള്‍ക്ക്
വീണ്ടും ആദ്ധ്യാത്മികതയുടെ ചോരയോട്ടമുണ്ടാകും. അവ നവീകരിക്കപ്പെട്ട്, പുതുജീവന്‍ നേടും.
മനുഷ്യര്‍ ധര്‍മ്മാധര്‍മ്മവിവേചനശേഷിയുള്ളവരും ഊര്‍ജ്ജസ്വലരും ധീരരുമാകും. മാനുഷികമൂല്യങ്ങളിലടിസ്ഥാനമിട്ട പുതിയൊരു മാനവികസംസ്‌കാരവും അതിലധിഷ്ഠിതമായ ഒരു
രാഷ്ട്രീയാവബോധവും ഇന്ത്യയിലുയര്‍ന്നു വരും. അതിന്റെ തണലില്‍ ഇവിടുത്തെ വിവിധ മതസ്ഥര്‍,
ഒരു മൂന്നാംകക്ഷിയുടെയും ഇടപെടല്‍ കൂടാതെ തങ്ങളുടെ സാഹോദര്യം തിരിച്ചറിയും. മതങ്ങളുടെ
ഈ ആശ്ലേഷം വല്ലാത്തൊരു ശുഭതരംഗം ലോകമാകെ പ്രസരിപ്പിക്കും. അതോടെ, യുറോ-അമേരിക്കന്‍
നവനാഗരികത ലോകരെ അണിയിച്ചിരിക്കുന്ന തിളങ്ങുന്ന വര്‍ണ്ണക്കണ്ണട ഊര്‍ന്നു താഴെ വീഴും.
ലോകജനത തങ്ങളുടെ തനിമയാര്‍ന്ന നഗ്നനേത്രങ്ങളിലൂടെ, ഉദാരതയുടെ മാന്യപരിവേഷ മൊഴിഞ്ഞുപോയ
യുറോ-അമേരിക്കന്‍ വന്‍ശക്തിയുടെ തനിരൂപം ദര്‍ശിക്കും; അതുള്‍ക്കൊണ്ടിരിക്കുന്ന മൗലികവാദഭീകരത
കാണും. മനുഷ്യനെയും അവന്റെ ആവാസവ്യവസ്ഥയെയും തകര്‍ക്കുന്ന അതിന്റെ സമീപനം മനുഷ്യരാശിയെ
സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന് മനസ്സിലാക്കുകയും ചെയ്യും.
ഈയൊരു അവബോധം വ്യാപകമാകുന്നതനുസരിച്ച്,
നിലവിലുള്ള യൂറോ-കേന്ദ്രീകൃത തിമിരക്കാഴ്ചയില്‍നിന്ന് ലോകം വിടുതല്‍ പ്രാപിക്കുകയും
മനുഷ്യനില്‍ മരവിച്ചുനിന്നിരുന്ന സര്‍ഗ്ഗാത്മകസിദ്ധികള്‍ ഊര്‍ജ്ജസ്വല മാകുകയും ചെയ്യും.
മൗലികവാദങ്ങള്‍ക്കു പകരം, മനുഷ്യന്റെ മൗലികചിന്തകള്‍ ഉയര്‍ന്നുവരുന്ന വിമോചനാത്മകമായ
ഒരു സാഹചര്യം അപ്പോള്‍ സംജാതമാകും...
ലോകത്തിന്റെ മേല്‍
വിഷംചീറ്റിയാടുന്ന യൂറോ-അമേരിക്കന്‍ വ്യവസ്ഥാപിതഭീകരവാദത്തിന്റെ ആയിരം ഫണങ്ങള്‍ക്കു
മീതേ ഓടക്കുഴല്‍ നാദവുമായി നൃത്തംചവിട്ടുന്ന പുതിയ മനുഷ്യന് പ്രത്യാശയോടെ വഴിയൊരുക്കുക,
നാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ