സെബാസ്റ്റ്യന്‍ വട്ടമറ്റം
(അടുത്ത കാലത്ത് അന്തരിച്ച സത്യാന്വേഷിയായ ഒരു സൂഹൃത്തിന്റെ മരണാനന്തര അനുഭവമാണ് ഈ കവിതയില്‍ വിവരിക്കുന്നത്)
പൊള്ളച്ചിലപ്പുകള്‍,
പള്ളിമണിയൊച്ച
കേട്ടുമടുത്തൊരു കുഞ്ഞിക്കുരുവി
ഉള്ളിലുണര്‍ന്നോരകമൊഴി കേട്ടി-
ട്ടെങ്ങോ മറ്റൊരുലകവും തേടി
ആശോന്മാദച്ചിറകുവിരിച്ച-
ങ്ങാകാശത്തു പറന്നങ്ങു പോയി.
സഹ്യസാനുക്കളഭയമരുളി,
ആദിമന്ത്രപ്പൊരുളുകളുള്‍ക്കൊ-
ണ്ടാത്മസംതൃപ്തി നേടി; മടങ്ങി
കര്‍മ്മമാര്‍ഗ്ഗത്തിലാമഗ്നനായി.
പുതിയൊരു ലോകത്തിന്‍ സൃഷ്ടിക്കു വേണ്ടി
പ്രതിസംസ്‌കാരപ്രവാചക*ശിഷ്യനായ്,
ആശയറ്റവര്‍ക്കാശാകേന്ദ്രമാ-
യാരുമറിയാതറിയപ്പെടാത്തവ-
നായിട്ടാസ്വപ്നജീവിയലഞ്ഞു.
ഒടുവില്‍പ്പറന്നെത്തി പിറന്ന മണ്ണിന്‍
തൊടുകുറിയായ മലഞ്ചെരുവില്‍
സ്വര്‍ഗ്ഗം പോലൊരു കൂ**ടൊരുക്കി
അവിടെപ്പാര്‍ത്തിണക്കുരുവിയൊത്ത്.
യാത്രാവഴികളില്‍ താങ്ങായ ദൈവങ്ങള്‍
ശില്‍പരൂപത്തിലവരൊത്തു പാര്‍ത്തു.
കൂടിന്റെ മുന്നിലിരുന്നു സിദ്ധാര്‍ത്ഥന്‍
തമസോമാ... മന്ത്രമൊഴികള്‍ക്കടിയില്‍.
ആളുകളഭയം തേടിയങ്ങെത്തി
കൂടവര്‍ക്കെല്ലാം സ്വന്തമായ് മാറി
പൂക്കള്‍, പുഴുക്കള്‍, പുല്‍ച്ചാടികളു-
മൊരുപോലെ വാണതു സ്വര്‍ഗ്ഗമാക്കി.
അന്ത്യമടുത്തെന്നറിഞ്ഞിട്ടാവാം
കുരുവിക്കുള്ളിലുറഞ്ഞൊരു മോഹം,
തന്നുടെയാശകളാത്മാംശങ്ങള്‍
നേര്‍വഴി കാട്ടിയ ദൈവികശക്തികള്‍
തേരു തെളിച്ചൊരു സിദ്ധാര്‍ത്ഥന്‍
എല്ലാം വാഴുമിക്കൂടിന്‍ സിരകളി-
ലെന്നും തന്നുടല്‍ ചേര്‍ത്തു ശയിക്കണം.
ഒടുവില്‍ക്കുരുവിയുടന്ത്യമടുത്തു
വാര്‍ത്ത പരന്നു നാട്ടില്‍.
പെട്ടെന്നെവിടെന്നറിയീലവിടേ-
ക്കെത്തി ഒരുപിടി 'സ്വന്തക്കാര്‍'
ഇണക്കുരുവിയെ
സ്‌നേഹക്കെണിയില്‍ വീഴ്ത്തി,
ആട്ടിയകറ്റി
പൂക്കള്‍, പുഴുക്കള്‍, പുല്‍ച്ചാടികളെ,
ദൈവങ്ങളെയും.
ബുദ്ധനു നഷ്ടമായ് തമസോ മാ...
മഹാപുരോഹിതനെത്തി,
കുരുവിയുടുടലുമെടുത്തു
പള്ളിക്കല്ലറനേര്‍ക്കു നടന്നു
'സ്വന്തക്കാര്‍.'
* എസ്. കാപ്പൻ
** ആശാസദൻ, വാഗമൺ
അടുത്ത കാലത്ത് അന്തരിച്ച സത്യാന്വേഷിയായ ഒരു സൂഹൃത്തിന്റെ മരണാനന്തര അനുഭവമാണ് ഈ കവിതയില്‍ വിവരിക്കുന്നത്.
മറുപടിഇല്ലാതാക്കൂ