2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഒറ്റയാൻ നിരാഹാര സമരപോരാട്ടം നടത്തുന്ന ശ്രീ സ്റ്റീഫൻ മാത്യുവിനോട് പറയുവാനുള്ളത്.

Joseph Tj

സിസ്റ്റർ അഭയയുടെ മരണം

- നീതി നിർവ്വഹണത്തിലെ കാലതാമസം

ജനശ്രദ്ധ പിടിച്ചുപറ്റുവാനോ, ഉഴവൂർ പഞ്ചായത്തിലെ ഏതെങ്കിലും വാർഡിൽ നിന്ന് മത്സരിച്ച് ജനങ്ങളെ സേവിച്ച് സേവന ത്വരക്ക് ശമനം വരുത്തുവാൻ വേണ്ടിയോ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരാളല്ല സ്റ്റീഫനെന്ന് അദ്ദേഹവുമായി വെറും പരിമിതമായ പരിചയം മാത്രമേ ഉള്ളൂവെങ്കിലുംഎനിക്ക് ഉറപ്പുണ്ട്.
ഇന്നും ഞാൻ ശ്രീ സ്റ്റീഫനെ കണ്ടിരുന്നു. ഇന്നലെ കണ്ടപ്പോൾപൊതുവായ ചില കാര്യങ്ങൾ സംസാരിച്ചു.ഇന്ന്, വിചാരിച്ചു പോയതൊന്നുംപറയുവാൻ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് സാധിച്ചുമില്ല.
ശ്രീ സ്റ്റീഫൻ, അദ്ദേഹത്തിന്റെ ബാല്യകാല സഹപാഠിയായിരുന്ന സി.അഭയയോട് രണ്ടേമുക്കാൽ ദശാബ്ദങ്ങളിലൂടെ കേരള സമൂഹം ചെയ്ത അനീതിക്കെതിരെ, വാച്യാർത്ഥത്തിൽ തന്നെ കൃത്യമായി
രേഖപ്പെടുത്താവുന്ന ഒരു do or die സമരത്തിലാണ്.കഴിഞ്ഞ 27 വർഷങ്ങളായി കെട്ടും അണഞ്ഞും വീണ്ടും ജ്വലിപ്പിച്ചും നടക്കുന്ന ദയനീയമായ ഒരു നീതി നടപ്പാക്കൽ സംവിധാനത്തെ തുറന്നു
കാട്ടുന്ന ഒന്നാണ് അദ്ദേഹത്തിന്റെയീ നിരാഹാര സമരമെന്നതിൽ സംശയമൊന്നുമില്ല. മിക്കവാറുമൊക്കെ ശ്രീ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഒറ്റയാൻ പോരാട്ടങ്ങളായിരുന്നു നിശ്ചയമായും എഴുതി തള്ളപ്പെട്ടു പോവുമായിരുന്ന അഭയ കൊലപാതകം ഈ അവസ്ഥ
യിൽ എങ്കിലും എത്താൻ കാരണം. അതു കൊണ്ട്, ഒറ്റയാൻ പോരാട്ടങ്ങളോട് എനിക്ക് ബഹുമാനവും സ്നേഹമേയുള്ളൂ.

സ്നേഹക്കരുതൽ കൊണ്ട് ചില കാര്യങ്ങളേയും ചില വ്യക്തികളേയും സ്മരിക്കുന്നു. ഇറോം ഷാർമിള.എത്ര വർഷങ്ങൾ ആ സ്ത്രീ നിരാഹാരം കിടന്നു.? ഇന്റർനാഷണൽ മീഡിയകൾ എത്രയോ വട്ടം അവരുടെ ജീവനു വേണ്ടി സ്റ്റേറ്റിനോട് വാമൊഴിയിലും വരമൊഴിയിലും നിശിതമായ ഭാഷയിൽ ഇടപെടലുകൾ ആവശ്യപ്പെട്ടു. അവസാനം, സമരം നിറുത്തി, ഏറ്റവുമടുത്ത നാളിലെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് നീതിക്കുവേണ്ടി വോട്ടു ചോദിച്ചപ്പോൾ, അവർക്കെത്ര വോട്ടുകൾ രക്തത്തിന്റെ രക്തമായ സ്വന്തം ജനതയിൽ നിന്നു കിട്ടി എന്നു നമുക്കറിയാം. ശുദ്ധവും പവിത്രവുമായ ഗംഗയ്ക്കു വേണ്ടി ജീവത്യാഗം ചെയ്തവരെ ആരോർക്കുന്നു?
ജീവത്യാഗം ചെയ്യാൻ നിനച്ചു കൊണ്ടുള്ള ഒറ്റയാൾ സമരം വൈകാരികമാണ്; ബുദ്ധിപൂർവ്വമല്ല തന്നെ.താങ്കൾ പട്ടിണി കിടന്ന് മരിച്ചാലും കരിങ്കല്ല് കരിങ്കല്ലായി പിറ്റേന്നത്തെ പ്രഭാതത്തേയും നോക്കി പതിവു പുഛച്ചിരി ചിരിക്കും.
കുറെപ്പേർ, പിറ്റേന്ന് - കഷ്ടമെന്നും നീചമെന്നും പറയട്ടെ, അക്കൂട്ടത്തിൽ ഞാനുമുണ്ടാവും - സഹാനുഭൂതി ജാഥ നടത്തുകയോ, ഒരു ലക്ഷം ഒപ്പുകൾ സമാഹരിച്ച്,വല്ലയിടത്തേക്കുമൊക്കെ ഹരജി തയ്യാറാക്കി അയക്കുമോ ചെയ്തേക്കും, അവിടെക്കഴിയും കാര്യങ്ങൾ. അതു കൊണ്ട്, മരിക്കുന്ന താങ്കളെക്കാൾ ജീവിക്കുന്ന ഒരു പടയാളിയെയാണ് അഭയയുടെ ആത്മാവിന്നാവശ്യപ്പെടുന്നത്.
മറ്റൊരു കാര്യം കുറച്ചു കൂടി ഡൗൺ ടു എർത്ത് ആയുള്ളതാണ്. താങ്കൾക്ക് ഒരു കൂട്ടിരുപ്പുകാരൻ /കാരി ഇല്ല എന്നാണ് ഞാനറിഞ്ഞത്, അതു കൊണ്ട് സ്വാഭാവികമായി, വാർഡിൽ അഡ്മിററാവാതെ പോലീസു കൊണ്ടുവന്ന് കാഷ്വാൽറ്റിയിൽ ആക്കിയ പാടെ കൂട്ടുനിൽപ്പുകാരില്ലാത്തവരെ - പ്രധാനമായും തെരുവിൽ നിന്നും കിട്ടുന്നവരെ - സംരക്ഷിക്കുന്ന ഐസൊലേഷൻ എന്ന മറു പേരുള്ള ഡെസ്റ്റിട്യൂട്സിനുള്ള വാർഡിലേക്കു മാറ്റി. ഒരു കട്ടിലിൽ മറ്റൊരു മഹായാതനക്കാരനോടൊപ്പം താങ്കളും കിടക്കുന്നു. രണ്ടുണ്ടിവിടെ പ്രശ്നങ്ങൾ:
താങ്കൾക്ക് തത്ക്കാലം, ഇപ്പോൾ അസുഖങ്ങളൊന്നുമില്ല, എന്നാൽ, അനുദിനം ശരീരം ക്ഷീണിച്ചു കൊണ്ടിരിക്കുന്നു. ഡ്രിപ്പും, മനശ്ശക്തിയുമാണ് ജീവശക്തിപകരുന്നതിപ്പോൾ. പേരുകൾ പോലുമറിയാത്ത രോഗങ്ങളുള്ള അഥവാ അറിഞ്ഞാലും പുറത്തറിയിയ്ക്കാൻ വിവേ
കംസമ്മതിക്കാത്ത രോഗികളാവാർഡിലുണ്ട്. താങ്കൾ, ആ അർത്ഥത്തിൽ ഒരു വലിയ റിസ്ക്കിലാണ്. വികാരത്തിനു പകരം, വിവേകവും നമ്മോട് ചിലത് ആവശ്യപ്പെടുന്നുണ്ട്.

മറ്റൊരു കാര്യം, താങ്കൾ മറ്റൊരു രോഗിയുമായി (അവിടത്തെ നിത്യ പ്രതിഭാസമായ) ഒറ്റക്കട്ടിലിലാണ് കഴിയുന്നത് എന്നു ഞാൻ പറഞ്ഞല്ലോ. ശരിക്കും, ആ വാർഡ്, ആ കട്ടിൽ, അത്, ശരിക്കും പാർശ്വവൽക്കരിക്കപ്പെട്ടോർ ,വേറെങ്ങും തുണയില്ലാത്തോർ, അഗ തികൾ, അവർക്കുള്ള ഏറ്റവും പരിമിതമായ, basic ആയ അവകാശമല്ലെ ? എത്ര ഉന്നതമായ ഒരു ആശയത്തിനായി പോരാടുമ്പോൾപ്പോലും നാം അങ്ങനെയുള്ളവരെയും അവരുടെ അവകാശ ങ്ങളെയും വിസ്മരിക്കാൻ പാടുണ്ടോ?
അനീതിക്കെതിരെ മരണം വരിക്കാൻ നെഞ്ചുറപ്പുള്ള ഒരു പോരാളിക്ക്, ജീവിച്ചിരുന്നു കൊണ്ട് തന്നെ,(മരണം വരിക്കുന്നതിൽ) കൂടുതൽ ചെയ്യാൻ കഴിഞ്ഞേക്കും.
ഈ സന്ദേശം, ശ്രീ സ്റ്റീഫന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ അദ്ദേഹത്തിലെത്തിച്ച് വേണ്ടതു ചെയ്യുമല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ