2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

കച്ചവടസ്ഥാപനത്തിനു വേണ്ടിയാണോ ഉപവാസം നോക്കേണ്ടത്?

ഫാ. ജിജോ കുര്യന്‍ OFM Cap. ഫോണ്‍: 9496413878

(സത്യജ്വാല 2020 ജൂണ്‍ ലക്കത്തില്‍നിന്ന്)

1. 'സഭ ഫീല്‍ഡ് ഹോസ്പിറ്റല്‍ ആകണ'മെന്നാണ് പോപ്പ് ഫ്രാന്‍സീസ് പറഞ്ഞുകൊണ്ടിരിക്കുന്നത്, മിഷന്‍ ഹോസ്പിറ്റല്‍ ആകണമെന്നല്ല. മാര്‍പാപ്പയുടെ മനസ്സിലെ മാതൃക ഇന്നാട്ടിലെ മിഷന്‍ ഹോസ്പിറ്റലുകള്‍ പോലുമല്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്. അപ്പോള്‍പ്പിന്നെ ഇവിടെ സഭ നടത്തുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കാര്യം പറയേണ്ടതില്ലല്ലോ.

2. ഫീല്‍ഡ് ഹോസ്പിറ്റലിന്റെ പ്രത്യേകത അതു മുറിവേറ്റവരുടെ അടുത്തേക്ക് ചെല്ലുന്നു എന്നതാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ക്ക് പക്ഷേ, മുറിവേറ്റവര്‍ ഒട്ടുമേ പ്രധാനപ്പെട്ടതല്ല. ആയിരുന്നെങ്കില്‍ 'സ്ലീവാ മെഡിസിറ്റി' പണിയേണ്ടിയിരുന്നത് ചേര്‍പ്പുങ്കലല്ല, ഹൈറേഞ്ചിലോ ഇടുക്കിയില്‍ മറ്റെവിടെങ്കിലുമോ ആണ്. ചേര്‍പ്പുങ്കലില്‍നിന്ന് അങ്ങേയറ്റം അരമണിക്കൂര്‍കൊണ്ട് എത്താവുന്ന ഒന്നാന്തരം ആശുപത്രികള്‍ പലതാണ്. കോട്ടയത്തെ മെഡിക്കല്‍ കോളേജ്, കാരിത്താസ്, മാതാ, ഭാരത്, എസ്.എച്ച്.മെഡിക്കല്‍ സെന്റര്‍,  പാലായിലെ മരിയന്‍, കാര്‍മ്മല്‍, ഭരണങ്ങാനത്തെ മേരിഗിരി. അങ്ങനെ എട്ടെണ്ണം! അതിനിടയിലാണ് ഇപ്പോള്‍ ഈ മെഡിസിറ്റി ഉയര്‍ന്നിരിക്കുന്നത്. പാലാ രൂപതാനേതൃത്വം പറയുന്നതുപോലെ ജനസേവനമായിരുന്നു ലക്ഷ്യമെങ്കില്‍, മുക്കിനു മുക്കിന് ആശുപത്രികള്‍ ഉള്ളിടത്തായിരുന്നോ മെഡിസിറ്റി ഉയര്‍ത്തേണ്ടിയിരുന്നത്? തങ്ങള്‍ മറ്റ് ആശുപത്രിക്കാരെപ്പോലെയല്ല എന്നു കാണിക്കാന്‍ ഇപ്പോള്‍ അവിടെ എല്ലാറ്റിനും ചാര്‍ജു കുറവാണു കേട്ടോ! അംബാനി ജിയോ നെറ്റ് വര്‍ക് തുടങ്ങിയപ്പോഴും 'ജനസേവന'മായിരുന്നല്ലോ പ്രഖ്യാപിതലക്ഷ്യം. ജിയോയ്ക്കു വന്ന അതേ മാറ്റം മെഡിസിറ്റിക്കുണ്ടാകുന്ന കാലം അനതിവിദൂരത്തല്ല.

3. അപ്പോള്‍, കൃത്യമായ ബിസിനസ്സ് സംരംഭമാണ് സ്ലീവാ മെഡിസിറ്റി. ഈ കച്ചവടസ്ഥാപനത്തിന്റെ നടത്തിപ്പിനായി ഉപവാസം ചെയ്തു മിച്ചംകിട്ടുന്നതു സംഭാവനയായി നല്‍കണമെന്നാണ് ബിഷപ്പിന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശം. ദരിദ്രരെയും അഗതികളെയും സംരക്ഷിക്കണമെന്നാണ് ബൈബിള്‍ നിറയേ കാണുന്ന നിര്‍ദ്ദേശങ്ങള്‍. ലാഭം കൊയ്യുന്ന സ്ഥാപനങ്ങളെ സപ്പോര്‍ട്ടു ചെയ്യണമെന്ന് ഏതു വേദഭാഗമാണോ പറയുന്നത്? ഉപവാസത്തിന്റെ അടിസ്ഥാനമൂല്യത്തെയാണ് സര്‍ക്കുലര്‍ കാറ്റില്‍ പറത്തുന്നത്.

4. ഇവിടുത്തെ വിശ്വാസികളോട് ഒരാലോചനയുംകൂടാതെ പടുത്തുയര്‍ത്തിയ ഈ കച്ചവടസ്ഥാപനത്തെ പിന്തുണയ്ക്കാന്‍ ഒരു ലജ്ജയുംകൂടാതെ ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ അര്‍ഹിക്കുന സ്ഥാനം ചവറ്റുകുട്ടയാണ്. ഒരു പള്ളി പണിതാല്‍ ഇടവകക്കാരുടെ പോക്കറ്റുമാത്രമാണ് കാലിയാകുന്നത്. ഈ മെഡിസിറ്റി പണിതതും ബിഷപ്പോ പുരോഹിതരോ ഒന്നും പട്ടിണി കിടന്നിട്ടല്ല. ഉപവാസമിരുന്ന് വിശ്വാസികള്‍ സംരക്ഷിക്കുന്ന ഈ ആശുപത്രിതന്നെ രോഗികളായി എത്തുന്ന വിശ്വാസികളുടെ പോക്കറ്റില്‍ കൈയിടുന്നത് പിന്നീടു  നിസ്സഹായതയോടെ അവര്‍ കാണേണ്ടിവരും.

5. മെഡിസിറ്റിക്കുവേണ്ടി സര്‍ക്കുലര്‍ എഴുതുകയും അതിനെക്കുറിച്ചു പ്രബോധനം നടത്തുകയും ചെയ്തവരുടെ പരിഗണനക്കായി ഇതാ ഒരു ദൈവവചനം: ''ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?'' (ഏശ. 58: 6-7). സര്‍ക്കുലറിനെ പിന്തുണയ്ക്കുന്ന ഒരു ദൈവവചനം കാണിക്കാമോ?

2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

നിരീശ്വരരെയും കപടഭക്തരെയും സൃഷ്ടിക്കുന്ന കത്തോലിക്കാസഭ

(സത്യജ്വാല മാസികയുടെ എഡിറ്റോറിയലുകള്‍ - ഏപ്രിൽ 2012)

ജോര്‍ജ് മൂലേച്ചാലില്‍ - 9497088904

ലോകത്തിലെ ഏറ്റവും വലിയ മതപ്രസ്ഥാനമാണ് കത്തോലിക്കാസഭ. ആയിരക്കണക്കിനു മതവിഭാഗങ്ങളുള്ള ഈ ലോകത്ത്, അതിലെ 1/6 പേരും കത്തോലിക്കരാണെന്നാണ് കണക്ക്. ഏറ്റവും വ്യവസ്ഥാപിതമായും ഏറ്റവും കെട്ടുറപ്പോടെയും നിലനിൽക്കുന്ന മതവും കത്തോലിക്കാസഭതന്നെ. കത്തോലിക്കാ വിശ്വാസം പഠിപ്പിക്കാനും അതിന്റെ പ്രചാരണം പരിശീലിപ്പിക്കാനും വ്യാപകവും ശക്തവുമായ സംവിധാനങ്ങൾ സഭയ്ക്കുണ്ട്. 'വിളവധികം വേലക്കാർ ചുരുക്കം' എന്ന് യേശു വിലപിച്ചെങ്കിൽ, കത്തോലിക്കാസഭയ്ക്ക് അങ്ങനെയൊരു പ്രതിസന്ധിയില്ല. കാരണം, ജീവിതംതന്നെ ഉഴിഞ്ഞുവച്ച്, വ്രതാനുഷ്ഠാനത്തോടെ ജീവിക്കുന്ന ലക്ഷക്കണക്കിനു വൈദികരുടെയും കന്യാസ്ത്രീകളുടെയും ഒരു സേനാവ്യൂഹംതന്നെ സഭയ്ക്കുണ്ട്. ചുരുക്കത്തിൽ ലോകജനതയെ മുഴുവനായി ത്തന്നെ യേശുവിന്റെ ആദ്ധ്യാത്മികതയിലേക്കു പരിവർത്തിപ്പിക്കാൻ പോരുന്നത്ര സന്നാഹത്തിലാണ് നൂറ്റാണ്ടുകളായി കത്തോലിക്കാസഭ. പുളിമാവ് അധികം വേണ്ടല്ലോ, മുഴുവൻ മാവും പുളിപ്പിക്കാൻ.
             
പക്ഷേ, കത്തോലിക്കാസഭ പുലരുന്നിടങ്ങളിലെല്ലാം നിരീശ്വരത്വവും കമ്യൂണിസവുമാണ് പൊട്ടിമുളയ്ക്കുന്നതായും വളർന്നുപന്തലിക്കുന്നതായും കണ്ടുവരുന്നത്. വൃക്ഷത്തെ ഫലത്തിൽ നിന്നറിയാമെന്നാണല്ലോ യേശു പറഞ്ഞിരിക്കുന്നത്. കമ്യൂണിസം ഉരുവായതുതന്നെ, ക്രൈസ്ത വയൂറോപ്പിലാണ്. അതിന്റെ വിത്തുകൾക്ക് നല്ല മണ്ണായിത്തീർന്നതും ക്രൈസ്തവർ കൂടുതലുള്ള നാടുകളിലാണ്. ഇൻഡ്യയിൽ കേരളംതന്നെ അതിനുദാഹരണം. അതുപോലെ, ലോകത്തിലെ നിരീശ്വരചിന്തകരെയും യുക്തിവാദികളെയും നോക്കിയാൽ അവരിലേറെയും കത്തോലിക്കരോ  ക്രൈസ്തവരെങ്കിലുമോ ആണെന്നു കാണാം. ഇനി, ഈ രണ്ടു വിഭാഗത്തിലും പെടാത്തവരോ? അവരാണ് മാമോനെയും ദൈവത്തെയും ഒന്നിച്ചു സേവിക്കാൻ ശ്രമിക്കുന്ന കപടഭക്തർ-മുതലാളിത്തവാദികൾ.
             
ഇതിനർത്ഥം, സഭ ഫലം പുറപ്പെടുവിക്കുന്നില്ല എന്നുതന്നെയാണ്. എന്നല്ല, അതു വിപരീതഫലങ്ങളാണ്  പുറപ്പെടുവിക്കുന്നത് എന്നുമാണ.് ഇതെന്തുകൊണ്ട് എന്ന്, കത്തോലിക്കരെന്നും ക്രൈസ്തവരെന്നുമുള്ള നിലകളിൽ, ചിന്തിച്ചുനോക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്.
             
ഇവിടെ, എന്താണു ദൈവവിശ്വാസം, എന്താണു മതം എന്നൊക്കെ അൽപമൊന്നു ചിന്തിക്കേണ്ടതുണ്ട്. ആരോ, എന്നോ, എന്തിനൊക്കെയോവേണ്ടി രൂപംകൊടുത്ത വിശ്വാസപ്രമാണങ്ങളിലോ ദൈവശാസ്ത്രസിദ്ധാന്തങ്ങളിലോ വിശ്വസിച്ചാൽ, അല്ലെങ്കിൽ അതെല്ലാം ശരിയെന്ന് ഏറ്റുപറഞ്ഞാൽ,  അതു സ്വന്തം മതവിശ്വാസമാകുമോ, ദൈവവിശ്വാസമാകുമോ? തീർച്ചയായുമില്ല. അത് അന്യമതവിശ്വാസവും 'ദൈവശാസ്ത്രവിശ്വാസ'വുമേ ആകൂ. യേശു മുന്നോട്ടുവച്ച ദൈവദർശനം ശരിയാണെന്ന് ഒരുവൻ സമ്മതിച്ചാൽപോലും, അത് അയാളുടെ ദൈവവിശ്വാസമാകുന്നില്ല എന്നതാണു യാഥാർത്ഥ്യം. ഔഷധക്കുപ്പിയിൽ എഴുതിയിരിക്കുന്ന വിവരണങ്ങൾ ശരിയാണെന്ന് അറിഞ്ഞതുകൊണ്ടോ അംഗീകരിച്ചതുകൊണ്ടോ അതിന്റെ ഗുണം ലഭിക്കില്ല. ഒരുവനത് സ്വയമായിത്തന്നെ സേവിക്കണം. എങ്കിൽ മാത്രമേ ഗുണംകിട്ടൂ. സ്വയം കണ്ടെത്തി സ്വാംശീകരിക്കാത്തതൊന്നും സ്വന്തമാകില്ലതന്നെ. അതുപോലെ സ്വന്തം ദൈവാന്വേഷത്തിലൂടെമാത്രമേ, സ്വന്തം ദൈവവിശ്വാസത്തെയും കരുപ്പിടിപ്പിക്കാനാവൂ.
            
'നിന്റെ ഉള്ളറയിൽ കയറി വാതിലുകൾ അടച്ച് അവിടെ അദൃശ്യമായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാർത്ഥി'ക്കാൻ യേശു ഓരോരുത്തരോടും ആഹ്വാനം ചെയ്യുന്നത് അതുകൊണ്ടാണ്. അതിനു പ്രതിഫലമായി  ഉള്ളിൽ വളരുന്നതാണ് വിശ്വാസം. സർവ്വവ്യാപിയായിരിക്കുന്ന ദൈവത്തെ കണ്ടെത്താനും ആ പരമസത്തയിൽ വിശ്വസിക്കാനും ഓരോരുത്തരും അവരവരുടെ ഉള്ളിൽത്തന്നെ എഴുന്നള്ളിയിരിക്കുന്ന ദൈവാരൂപിയെ, ആത്മസ്വരൂപത്തെ, സ്വന്തം സത്തയെ, ആദ്യം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന്, തീവ്രമായ അന്വേഷണവ്യഗ്രതയോടെ സ്വന്തം ഹൃദയവാതിലുകൾ മുട്ടിത്തുറക്കേണ്ടതുണ്ട്, ഓരോ മനുഷ്യനും.
             
ഇതൊരു ഏകാന്തപ്രക്രിയയാണ്. അതിലേക്കു വെളിച്ചംവീശാനും ഉത്തേജിപ്പിക്കാനും മാത്രമേ മറ്റുള്ളവർക്കു കഴിയൂ. എക്കാലത്തേയും ആദ്ധ്യാത്മികാചാര്യന്മാർ അതാണു ചെയ്തിട്ടുള്ളത്. മതപ്രസ്ഥാനങ്ങൾക്കും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല. ആത്മീയതയിലേക്ക് പരിവർത്തിപ്പിക്കുന്ന പുളിമാവായും സത്യത്തിലേക്കു നയിക്കുന്ന വെളിച്ചമായും വർത്തിക്കുകമാത്രമാണ് അവ ചെയ്യേണ്ടത്. വലിയ മതപ്രസ്ഥാനങ്ങൾക്ക്, ഇതേകാര്യം കൂടുതൽ വിപുലമായി ചെയ്യാൻ കഴിഞ്ഞേക്കാമെന്നുമാത്രം.
             
കത്തോലിക്കാസഭ ഇതു ചെയ്യുന്നില്ലെന്നു മാത്രമല്ല, അങ്ങനെ തനതായൊരു ദൈവാന്വേഷണപ്രക്രിയ മനുഷ്യന് അനുവദിക്കുന്നുമില്ല. (മാർ ആലഞ്ചേരിയുടെ ജൂൺ 3-ലെ ഇടയലേഖനവും പിന്നീടുടനെ കെ.സി.ബി.സി.ചേർന്ന്, വിശ്വാസികളുടെ സ്വതന്ത്രചിന്തയെ നിരുത്സാഹപ്പെടുത്താനെടുത്ത തീരുമാനവും  ഉദാഹരണങ്ങൾ മാത്രം). പകരം, 'ഇതാണ്, സത്യവിശ്വാസം, ഇതാണ് സത്യവിശ്വാസം; ഇതംഗീകരിച്ചാൽ നിത്യരക്ഷ, അല്ലെങ്കിൽ നിത്യനരകം' എന്ന് അതിന്റെ അതിശക്തമായ മുഴുവൻ സംവിധാനങ്ങളിലൂടെ, ഭീഷണമായ സ്വരത്തിലും ആധികാരികത ഭാവിച്ചും ഒച്ചവയ്ക്കുകയാണ്, സഭ. അങ്ങനെ, മനുഷ്യന്റെ ജന്മാവകാശമായ മതസ്വാതന്ത്ര്യത്തെ ചങ്ങലക്കിടുകയാണ്; അവന്റെ അന്വേഷണബുദ്ധിയെ മുളയിലേ നുള്ളുകയാണ്; കർക്കശക്കാരനായ ഒരു ദൈവത്തെ അവതരിപ്പിച്ചും തീനരകം കാട്ടിയും സമുദായഭ്രഷ്ടു കൽപിച്ചും മനുഷ്യരിൽ ഭീതിയുണർത്തി, അവരുടെ എല്ലാവിധ സർഗ്ഗാത്മകതകൾക്കും കുളംതോണ്ടുകയാണ്; ദൈവികദാനമായി വ്യത്യസ്തതരത്തിലും തോതിലും മനുഷ്യനു ലഭിച്ചിട്ടുള്ള 'താലന്തു'കളെല്ലാം, സിദ്ധികളും വാസനകളും വൈഭവങ്ങളുമെല്ലാം, പൂഴിമണ്ണിൽ കുഴിച്ചുമൂടാൻ നിർബന്ധിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നത്, ദൈവത്തിന്റെയും മതത്തിന്റെയും പേരിലാണെന്നോർക്കണം.

സഭാസംവിധാനം അവതരിപ്പിച്ച ഈ ദൈവത്തെയും മതത്തെയും അൽപമെങ്കിലും തലയുയർത്തിനിന്നു നിരാകരിച്ചവരാണ് നിരീശ്വരരായി അറിയപ്പെടുന്നത്. ഇതേ സംവിധാനത്തിനു കീഴിലുള്ള കപടഭക്തർ മാമോൻ സേവയ്ക്കായി അവതരിപ്പിച്ച മുതലാളിത്ത രാഷ്ട്രീയ-സാമ്പത്തിക ഘടനയെ എതിർത്ത് ഒരു ബദൽ ഘടന അവതരിപ്പിച്ചവർ കമ്യൂണിസ്റ്റുകളുമായി. വികലമായ ഒരു ദൈവസങ്കല്പത്തിനും അതു ജന്മംകൊടുത്ത വികലമായ ഒരു സാമൂഹികവ്യവസ്ഥയ്ക്കുമെതിരെ പ്രതികരിച്ചുണ്ടായ ഈ ബദൽ ചിന്താപദ്ധതികളിലും, സ്വാഭാവികമായും, അതിന്റേതായ ജനിതകവൈകല്യങ്ങളുണ്ടായി. കാരണം, അതൊന്നും സ്വന്തം ഉണ്മയെക്കുറിച്ചും ഈ വിശ്വപ്രകൃതിയുടെ ഉണ്മയെക്കുറിച്ചും അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മനുഷ്യൻ ഏകാന്തതയിൽ അന്വേഷിച്ചു  രൂപംകൊടുത്തവയല്ല. മറിച്ച്, സംഘടിതമായ ഒരു അസത്യപ്രദർശനത്തിനും അനീതിഘടനയ്ക്കുമെതിരെ സംഘടിതമായി പ്രതികരിക്കുക മാത്രമായിരുന്നു. സ്വാഭാവികമായും, ദാർശനികമായ ആഴമോ വിശുദ്ധിയോ തെളിമയോ അവയ്ക്കില്ലാതെപോയി.  

ലോകമിന്ന്, ഈ മൂന്നു ബഹിർമുഖപ്രസ്ഥാനങ്ങളുടെയും-കപടഭക്തരുടെയും കമ്യൂണിസ്റ്റ്, നിരീശ്വരപ്രസ്ഥാനങ്ങളുടെയും-സ്വാധീനത്തിലാണ്. തന്മൂലം, തായ്‌വേരറ്റ വൃക്ഷംപോലെ, മനുഷ്യജീവിതം ഉണങ്ങിവരണ്ട് ഊഷരമാവുകയാണ്. മസ്തിഷ്‌കനിയന്ത്രണമില്ലാത്ത പേശീചലനങ്ങളുടേതുപോലത്തെ വികലചേഷ്ടകൾ  സമൂഹഗാത്രത്തിൽ മതമൗലികവാദങ്ങളായും തീവ്രവാദങ്ങളായും  ഭീകരപ്രവർത്തനങ്ങളായും പ്രത്യക്ഷമാവുകയാണ്. അങ്ങനെ, മനുഷ്യജീവിതമിന്ന്, കൊല്ലും കൊലയും ചൂഷണവും കലാപങ്ങളും  നിലവിളികളും നിറഞ്ഞ ഭീതിദവും അതിദാരുണവുമായ ഒരന്തരീക്ഷത്തിലായിരിക്കുന്നു. ചുരുക്കത്തിൽ, യേശു അവതരിപ്പിച്ച ദൈവരാജ്യത്തിന്റെ മറുധ്രുവത്തിലാണ് ലോകത്തെ കത്തോലിക്കാസഭ എത്തിച്ചിരിക്കുന്നത്. മതത്തിന്റെ ആട്ടിൻതോലണിഞ്ഞ ഒരു പുരോഹിതരാഷ്ട്രീയപ്രസ്ഥാനമായിട്ടേ അതിനെ കാണാനാവൂ. മറ്റു മതങ്ങളെ രാഷ്ട്രീയവത്കരിച്ചതിനുള്ള മുഖ്യ ഉത്തരവാദിത്വവും സഭയ്ക്കാണ്.
             
അതുകൊണ്ട് കത്തോലിക്കാസഭയിൽത്തന്നെ, തിരിച്ചുള്ള ഒരു പ്രക്രിയയ്ക്കു തുടക്കംകുറിക്കേണ്ടിയിരിക്കുന്നു. സ്വന്തം കണ്ണിലെ തടി എടുത്തുമാറ്റേണ്ടിയിരിക്കുന്നു. കത്തോലിക്കരിൽ സത്യാന്വേഷണത്തിലും സ്വതന്ത്രചിന്തയിലും ആഭിമുഖ്യം വളർത്തിക്കൊണ്ടേ ആത്മവിമർശനത്തിന്റേതായ ഇത്തരമൊരു തുടക്കത്തിനു സാധിക്കൂ. യേശുവിന്റെ ദൈവദർശനത്തെയും ദൈവരാജ്യസങ്കൽപത്തെയും, ദൈവദാനമായി ലഭിച്ച സ്വന്തം ബുദ്ധിയിലും ഹൃദയത്തിലും ഉൾക്കൊ ണ്ടും സ്വാംശീകരിച്ചുമാത്രം സ്വന്തം വിശ്വാസം രൂപപ്പെടുത്തുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഓരോ കത്തോലിക്കനും ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അതിന്, യേശുവിന്റെ  ദൈവരാജ്യത്തിൽ സ്വയം പ്രവേശിക്കാതെയും മറ്റുള്ളവരെ പ്രവേശിക്കാനനുവദിക്കാതെയും, ദൈവശാസ്ത്രക്കുഴികളും കിടങ്ങുകളും തീർത്ത് അതിൽ വീണുകിടക്കുന്ന പൗരോഹിത്യത്തെയും അവരുടെ ശാസനകളെയും അവഗണിക്കാനുള്ള ചങ്കൂറ്റം നാം കാണിക്കേണ്ടതുണ്ട്. അന്ധതയുടെ കുഴികളിൽക്കിടക്കുന്ന അവർക്ക് വെളിച്ചം പകരാനും നാം ബാധ്യസ്ഥരാണ്.

തീർച്ചയായും, യേശു വിഭാവനം ചെയ്ത പരസ്പരാനന്ദകരമായ നല്ലൊരു ലോകം സാധ്യമാണ്. അതു നമ്മുടെ ഇടയിൽത്തന്നെയുണ്ട്. കണ്ടെത്തി ആവിഷ്‌കരിക്കണമെന്നുമാത്രം.                                                                                        - എഡിറ്റർ

2020, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

സത്യജ്വാലാനാളങ്ങള്‍ I മാർച്ച് 2012

(സത്യജ്വാല മാസികയുടെ എഡിറ്റോറിയലുകള്‍)

ജോര്‍ജ് മൂലേച്ചാലില്‍ - 9497088904


'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (KCRM), 'സത്യജ്വാല' എന്ന പേരില്‍ ഒരു മാസിക ആരംഭിക്കുകയാണ്. സഭാകാര്യങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യാന്‍ ഒരു വേദി ഒരുക്കുകയാണ് ലക്ഷ്യം.

ഈയിടെ (2011 നവംമ്പര്‍ 6 മുതല്‍), ഞങ്ങള്‍ 'അല്മായശബ്ദം' എന്ന പേരില്‍ ഒരു ഗ്രൂപ്പ് ബ്‌ളോഗ് (www.almayasabdam.blogspot.com)  തുടങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള അനവധി മലയാളി കത്തോലിക്കര്‍ അതിന്റെ വായനക്കാരാണിന്ന്. ഈ കുറഞ്ഞ കാലംകൊണ്ടുതന്നെ ഈ ബ്‌ളോഗില്‍ 35000 -ത്തോളം അനുവാചക സന്ദര്‍ശനങ്ങള്‍ (Hits) ഉണ്ടായിക്കഴിഞ്ഞു! മുപ്പതിലേറെ ഔദ്യോഗിക രചയിതാക്കള്‍ (contributors) ഉള്ള ഈ ബ്‌ളോഗ് 750 - ലധികംപേര്‍ ദിവസേന വായിക്കുന്നുണ്ട്. ഈ എണ്ണം ഓരോ ദിവസവും കൂടി വരുകയുമാണ്.

ബ്ലോഗുകളുടെ ചരിത്രത്തില്‍ 'അല്മായ ശബ്ദ'ത്തിനു ലഭിച്ച അഭൂതപൂര്‍വ്വമായ ഈ പ്രചാരണത്തിനു കാരണം, സഭാകാര്യങ്ങള്‍ സ്വതന്ത്രമായും തുറന്നും ചര്‍ച്ച ചെയ്യാന്‍ മലയാളി കത്തോലിക്കരില്‍ വളരെപ്പേര്‍ ആഗ്രഹിക്കുന്നു എന്നതാണെന്ന് ഞങ്ങള്‍ കരുതുന്നു. ചര്‍ച്ചയോ സംവാദമോ ആത്മവിമര്‍ശനമോ സുതാര്യതയോ ഇല്ലാത്ത സഭയുടെ അടഞ്ഞ വ്യവസ്ഥ വിശ്വാസിസമൂഹത്തിന് അസഹ്യമായിക്കഴിഞ്ഞു. അതുകൊണ്ടാകാം, സഭയില്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചുവരുന്ന ഗഇഞങ - ന്റെ ഈ തുറന്ന ചര്‍ച്ചാവേദിക്ക് ഇത്രയും പ്രോത്സാഹനം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും, ഈ ബ്‌ളോഗ് അനുഭവം ഞങ്ങള്‍ക്ക് വളരെയേറെ ആത്മവിശ്വാസം പകര്‍ന്നു നല്കിയിരിക്കുകയാണ്. ഒരു അച്ചടി മാധ്യമത്തെപ്പറ്റി ചിന്തിക്കാന്‍ ഞങ്ങള്‍ക്കു ധൈര്യം തന്നതും മറ്റൊന്നല്ല. ഒരു ആഴ്ചപ്പതിപ്പ് ഇറക്കാന്‍ പോരുന്നത്ര ഈടുറ്റ ധാരാളം രചനകളാണ് അല്മായശബ്ദം ബ്ലോഗില്‍ അനുദിനം നിറഞ്ഞുകൊണ്ടിരിക്കുന്നത്! അതില്‍ നിന്നു തിരഞ്ഞെടുത്ത രചനകളുടെ ഒരു പതിപ്പ് മാസംതോറും ഇറക്കാമെന്ന് വിചാരിക്കുന്നു.

- മനുഷ്യരില്‍ ആത്മീയാവബോധമുണര്‍ത്തി അവരുടെയുള്ളില്‍ മാനുഷിക മൂല്യങ്ങളുടെ കെടാവിളക്ക് തെളിക്കുക എന്നതാണ് മതങ്ങളുടെ ധര്‍മ്മം എന്നു ഞങ്ങള്‍ കരുതുന്നു. മതങ്ങളുടെ ഈ ധര്‍മ്മനിര്‍വ്വഹണം വേണ്ടവണ്ണം നടന്നാല്‍ മാത്രമേ, അവനവനെപ്പോലെ മറ്റുള്ളവരെയും കാണാനുള്ള കണ്ണ് മനുഷ്യനുണ്ടാവൂ. എങ്കില്‍ മാത്രമേ, 'അവനവന്‍   കടമ്പ' കടന്ന് മറ്റുള്ളവരിലേക്ക് ഹൃദയപൂര്‍വ്വം കടന്നുചെല്ലാനുള്ള പോസിറ്റീവ് മനോഭാവമുണ്ടാകൂ. സ്വകാര്യമാത്രപരതയെന്ന ഇടുങ്ങിയ ഭൗതിക മനോഭാവത്തില്‍നിന്നും പരാര്‍ഥതാഭാവമെന്ന വിശാലതയിലേക്ക്, ആധ്യാത്മികതയിലേക്ക്, പടര്‍ന്നുല്ലസിക്കാന്‍ അപ്പോഴേ മനുഷ്യന് പ്രാപ്തിയുണ്ടാകൂ. മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക-രാഷ്ട്രീയ ജീവിതവ്യവസ്ഥ രൂപപ്പെട്ടുവരണമെങ്കിലും, മതങ്ങള്‍ ഈ ധര്‍മ്മാനുഷ്ഠാനം നിര്‍വ്വഹിക്കേണ്ടതുണ്ട്. മാനുഷികമൂല്യങ്ങളുടെ അടിത്തറയില്‍ മാത്രമേ മാനുഷികമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്താനും നിലനിര്‍ത്താനും കഴിയൂ.

ഇന്നിപ്പോള്‍, മാനുഷിക മൂല്യങ്ങളെയെല്ലാം ചതച്ചരച്ചുകൊണ്ട് കച്ചവടമൂല്യങ്ങളുടെ ബുള്‍ഡോസറുകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുകയറുകയാണ്. അതിന് അടിസ്ഥാനകാരണം, മതങ്ങള്‍ അവയുടെ ധര്‍മ്മനിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടതാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ആര്‍ക്കും കാണാനാകും. വിവിധ വീ്ക്ഷണകോണുകളിലൂടെയാണെങ്കിലും എല്ലാറ്റിനെയും ഏകാത്മകമായി ദര്‍ശിക്കുന്നവയാണ് എല്ലാ മതങ്ങളും. എന്നാല്‍ അവയെല്ലാംതന്നെ ഇന്ന് വിഭാഗീയവും പരസ്പരം മത്സരിക്കുന്നതുമായി മാറിക്കഴിഞ്ഞു. ഈ ദുരവസ്ഥയില്‍ മനുഷ്യനില്‍ ആദ്ധ്യാത്മികാവബോധമുണര്‍ത്താന്‍, മാനുഷികമുല്യങ്ങള്‍ നിറയ്ക്കാന്‍, അവയ്‌ക്കെങ്ങനെ കഴിയും? മതങ്ങളും മനുഷ്യരില്‍ മാത്സര്യത്തിന്റേതായ കച്ചവടമൂല്യങ്ങളാണ് വിതയ്ക്കുന്നതെങ്കില്‍പ്പിന്നെ, മറ്റെന്താണ് മനുഷ്യന് കൊയ്യാന്‍ കിട്ടുക? വ്യക്തികളും മതവിഭാഗങ്ങളും രാഷ്ട്രങ്ങളും പരസ്പരം ഗോഗ്വാവിളിക്കുന്ന ചന്തസംസ്‌കാരം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും; അതിന്റെ അടിസ്ഥാനത്തില്‍, ഒരു നവകൊളോണിയല്‍ ആഗോള ചന്തവ്യവസ്ഥിതിയും.
ഈ സാഹചര്യത്തില്‍നിന്ന് മോചനം പ്രാപിക്കാന്‍ മനുഷ്യര്‍ക്കു കഴിയണമെങ്കില്‍, അവരവര്‍ അംഗങ്ങളായിരിക്കുന്ന മതങ്ങളെ അവയുടെ പ്രാക്തനവിശുദ്ധിയിലേക്ക് വിമര്‍ശനാത്മകമായും സൃഷ്ടിപരമായും അവരവര്‍തന്നെ നയിക്കേണ്ടതുണ്ട്. റോമന്‍ സാമ്രാജ്യത്വമൂശയില്‍ വാര്‍ക്കപ്പെട്ട കത്തോലിക്കാസഭ ആദിമസഭയുടെ ആദ്ധാത്മിക വിശുദ്ധിയിലേക്കും അധികാരവിമുക്തമായ സാഹോദര്യഭാവത്തിലേക്കും നയിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ഒരു കൈത്തിരി വെട്ടമായി 'സത്യജ്വാല' മാസികയെ കാണണമെന്നും എല്ലാ വിധത്തിലും പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു.         
              
                എഡിറ്റര്‍