2010, മേയ് 27, വ്യാഴാഴ്‌ച

നമ്മുടെ പള്ളികളുടെ ആയുസ്സ് കുറയുന്നതെന്തുകൊണ്ട്?

- കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം, പാലാ
കേരളത്തിലെ വൈദികരില്‍ പള്ളിപണിയും പാരീഷ്ഹാള്‍ പണിയും ഒരു ജ്വരമായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്. അതിലുള്ള അവരുടെ വ്യഗ്രത കണ്ടാല്‍, 'നിങ്ങള്‍ ലോകമെങ്ങും പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ പള്ളികളും പാരീഷ്ഹാളുകളും പണിയുവിന്‍' എന്നാണ് യേശു തന്റെ ശിഷ്യരോടു കല്പിച്ചതെന്നു തോന്നിപ്പോകും.
മനുഷ്യര്‍ക്ക് ആരാധനാലയങ്ങള്‍ വേണം. ഒരു ക്രൈസ്തവനെ സംബന്ധിച്ച്, യേശുവിന്റെ സ്‌നേഹവചസ്സുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കാനും, അവയെക്കുറിച്ച് ഏകാന്തതയില്‍ മനനം ചെയ്ത് ആത്മീയ വളര്‍ച്ച നേടാനും, സ്വന്തം ഹൃദയത്തില്‍ അധിവസിക്കുന്ന ആത്മാവായ ദൈവത്തെ അരൂപിയില്‍ ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുവാനും, വിശ്വാസികളുടെ സ്‌നേഹകൂട്ടായ്മ ആസ്വദിക്കുവാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമൊക്കെ അവന് ആരാധനാലയം അവശ്യം ആവശ്യമാണ്. അടക്കാനാവാത്ത ഈ ആവശ്യബോധത്തിന്റെ സാമൂഹികമായ ആവിഷ്‌ക്കാരമായാണ് ഓരോ പള്ളിയും ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
പള്ളികള്‍ നിര്‍മ്മിച്ചവര്‍ അവ തങ്ങളുടെ ഒരു താല്ക്കാലികാവശ്യം എന്ന നിലയിലല്ല പണിതിട്ടുള്ളത.് ആദ്ധ്യാത്മികവളര്‍ച്ചയുടെ എന്നത്തെയും പ്രസക്തി മനസ്സിലാക്കിക്കൊണ്ട് ഭാവിതലമുറകള്‍ക്കുവേണ്ടിക്കൂടിയാണ് ദേവാലയങ്ങളെല്ലാം നിര്‍മ്മിതമായിട്ടുള്ളത്. അതുകൊണ്ടുതന്നെ, ഏറ്റവും ശ്രദ്ധചെലുത്തിയും ബലവത്തായിട്ടുമാണ്, പൊതുവേ, അവയുടെയെല്ലാം നിര്‍മ്മിതി. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പഴക്കമുള്ള അനവധി ദേവാലയങ്ങള്‍, ഓരോ മതസംസ്‌കൃതിയെയും പ്രതിനിധീകരിച്ച്, ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്നത് അതുകൊണ്ടാണ്.
എന്നാല്‍, കേരളത്തിലെ ക്രൈസ്തവസമൂഹം മാത്രം തങ്ങളുടെ ചരിത്രത്തെയും പൂര്‍വ്വികരുടെ സ്മരണകളെയും നിന്ദിച്ചുകൊണ്ട് അവര്‍ രൂപകല്പനചെയ്തും വിയര്‍പ്പൊഴുക്കിയും നമുക്കായി നിര്‍മ്മിച്ചു നല്‍കിയ മനോഹരങ്ങളും ബലവത്തുമായ ദേവാലയങ്ങള്‍ ഒരുകൂട്ടം പുത്തനച്ചന്മാരുടെ നേതൃത്വത്തില്‍ ഇടിച്ചുനിരത്തി രസിക്കുകയാണ്! അങ്ങനെ കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളുടെ ആയുര്‍ദൈര്‍ഘ്യം നിതേ്യന കുറഞ്ഞുകൊണ്ടിരിക്കുന്നു. സാധാരണയായി ആയുര്‍ദൈര്‍ഘ്യം കുറയുന്നത് അകാലമരണങ്ങളുടെ തോതു കൂടുമ്പോഴാണ്. നമ്മുടെ പള്ളികളുടെ കാര്യത്തില്‍ സംഭവിക്കുന്നതാകട്ടെ, അകാലചരമങ്ങളല്ല; അകാലകൊലപാതകങ്ങള്‍ തന്നെയാണ്. അതിനു നേതൃത്വം നല്‍കുന്നതോ, ദേവാലയകേന്ദ്രീകൃതമായി ആദ്ധ്യാത്മികജീവിതം നയിക്കേണ്ട വൈദികരും!
'ഫാഷന്‍ മാറുന്നതനുസരിച്ച് വേഷം മാറണ'മെന്നു ശഠിക്കുന്ന, അന്തസാരശൂന്യരായ പച്ചപ്പരിഷ്‌ക്കാരികളുടേതിനോടു തുലനം ചെയ്യാവുന്ന ഒരുതരം ബാലിശഭ്രമം താരതമേ്യന പുത്തന്‍തലമുറയില്‍പ്പെട്ട കുറെയേറെ അച്ചന്മാരെ ആവേശിച്ചിരിക്കുന്നു എന്നതാണ് നമ്മുടെ സഭയില്‍ സംഭവിച്ചിരിക്കുന്ന ഈ ദുരവസ്ഥയ്ക്കു കാരണം. 'മരാമത്തച്ചന്മാര്‍' എന്നു വിശേഷിപ്പിക്കാവുന്ന ഒരു പുത്തന്‍ജനുസ്സില്‍പ്പെട്ട ഈ കൊച്ചച്ചന്മാരുടെ എണ്ണം കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അത് അവരുടെ വ്യക്തിപരമായ കുറ്റംകൊണ്ടാകാനിടയില്ല. സെമിനാരി സിലബസില്‍ മരാമത്തും പുത്തന്‍മാനേജ്‌മെന്റ് തന്ത്രങ്ങളുമൊക്കെ പഠന-പരിശീലന വിഷയങ്ങളാക്കിയിട്ടുണ്ടാവണം. ഏതായാലും, പള്ളിപണിയും പാരീഷ്ഹാള്‍പണിയും ഇന്നത്തെ ഒട്ടുവളരെ അച്ചന്മാര്‍ക്കും ഒരു ഹരമാണ്. ഇതിനു പിന്നിലുള്ള പ്രചോദനം, ഒന്നുകില്‍, സാമ്പത്തിക നേട്ടമാകാം; അല്ലെങ്കില്‍ തങ്ങളുടെ യജമാനനായ മെത്രാനുമുമ്പില്‍ മിടുക്കു തെളിയിച്ച് പ്രശംസ പിടിച്ചുപറ്റാനോ അതുവഴി മെച്ചപ്പെട്ട സ്ഥാനങ്ങളിലേക്ക് പ്രൊമോഷന്‍ നേടാനോ ആകാം. അതുമല്ലെങ്കില്‍, ഇതാണു ദൈവസേവനം എന്ന മണ്ടന്‍ധാരണയില്‍ ദൈവപ്രീതി നേടുന്നതിനുമാകാം. എന്തായാലും, യഥാര്‍ത്ഥമായ ഒരു ആദ്ധ്യാത്മികപ്രചോദനവും അതിനുപിന്നിലില്ലതന്നെ.
ഈ മരാമത്തച്ചന്മാര്‍ വല്ലാത്തൊരു ശല്യവും വെല്ലുവിളിയുമാണ് കേരളക്രൈസ്തവസമൂഹത്തില്‍ ഉയര്‍ത്തിയിരിക്കുന്നത് എന്ന വസ്തുതയ്ക്കു നേരെ കണ്ണടയ്ക്കാന്‍ ഇനി ആവില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. ഈ അച്ചന്മാര്‍ പൊതുവേ പക്വതയോ ദീര്‍ഘവീക്ഷണമോ ആദ്ധ്യാത്മികാവബോധമോ ഒന്നുമില്ലാവരാണ് എന്നതാണ് കൂടുതല്‍ അപകടകരമായിരിക്കുന്നത്. അവയ്ക്കുപകരം സാമം, ദാനം, ഭേദം, ദണ്ഡം എന്നീ ചതുരുപായങ്ങളും ദൈവത്തിന്റെ പ്രതിനിധി എന്ന നിലയില്‍ വിദഗ്ധമായി പ്രയോഗിക്കാനുള്ള വിരുതും തന്ത്രജ്ഞതയുമാണ് അവര്‍ ആര്‍ജ്ജിച്ചിരിക്കുന്നത്. കൂടാതെ, പുരോഹിതര്‍ക്ക് സഭയിലും വിശ്വാസികളുടെമേലും സ്വേച്ഛാധികാരങ്ങള്‍ പതിച്ചുനല്‍കിയിരിക്കുന്ന, ബൈബിള്‍വിരുദ്ധമായ പല കാനോന്‍ നിയമവകുപ്പുകളും അവര്‍ക്ക് ആയുധമായുണ്ടുതാനും.
ഈ വിരുതുകളും ആയുധങ്ങളുമായാണ് ഈ മരാമത്തച്ചന്മാര്‍ മുന്നോട്ടു പോകുന്നത്. ഒട്ടും പഴക്കമില്ലാത്തതാണെങ്കില്‍പ്പോലും സൗകര്യക്കുറവും വലുപ്പക്കുറവും ഒക്കെ ചൂണ്ടിക്കാട്ടി നിലവിലുള്ള പള്ളി പൊളിച്ച് പുതിയ പളളി പണിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ദൈവശാസ്ത്രം മേമ്പൊടി ചേര്‍ത്ത്, വൈദിക ചങ്ങാത്തത്തിലൂടെ സാമൂഹികാന്തസ് ഉയര്‍ത്താമെന്നു വ്യാമോഹിച്ചെത്തുന്ന പള്ളിഭക്തപ്രമുഖരോട്, സ്വകാര്യസംഭാഷണങ്ങളില്‍ പ്രഘോഷിച്ചു തുടങ്ങുന്നു. തുടര്‍ന്ന്, അങ്ങനെയൊരാവശ്യത്തെക്കുറിച്ച് ഒരു തോന്നല്‍പ്പോലും ഉണ്ടായിട്ടില്ലാത്ത ഇടവകജനങ്ങളിലേക്കും ഭക്തസംഘടനകളിലെ പ്രവര്‍ത്തകരിലേക്കും ഈ 'ബോധവല്‍ക്കരണം' സ്‌നേഹപൂര്‍വ്വം അടിച്ചേല്‍പ്പിച്ചു തുടങ്ങുകയായി. ആദ്ധ്യാത്മികപരിവേഷത്തോടും ആധികാരികതയോടുംകൂടിയ അച്ചന്റെ വാക്കുകളില്‍ സ്വാഭാവികമായും കുറെപ്പേര്‍ വീണുപോകുന്നു. ഇവരെ ഒപ്പം നിര്‍ത്തിയാണ് തുടര്‍ന്നുള്ള നീക്കങ്ങള്‍. മുറുമുറുപ്പുയര്‍ത്തുന്നവരെ കണ്ടെത്തുന്നതും ഇവരിലൂടെയാണ്. അങ്ങനെ കണ്ടെത്തുന്നവരെ പള്ളിമുറിയില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു വിളിച്ചുവരുത്തി ചതുരുപായങ്ങളും പ്രയോഗിച്ച് ഒന്നുകില്‍ വശത്താക്കുന്നു; അല്ലെങ്കില്‍ നിശ്ശബ്ദരാക്കുന്നു. ഇത്രയുമായാല്‍പ്പിന്നെ പള്ളിപണിയുടെ ആവശ്യകതയെപ്പറ്റിയുള്ള പള്ളിപ്രസംഗങ്ങളാണ്. അങ്ങനെ, പള്ളിപണി എന്ന വിഷയം ഇടവകക്കാരുടെ മുഖ്യചിന്താവിഷയമായി മാറുന്നു. ഇടവകക്കാര്‍ക്കുവേണ്ടി ഇത്രയേറെ ചിന്തിക്കുകയും പള്ളിപണിയുടെ നേതൃത്വമേറ്റെടുക്കാന്‍ സന്നദ്ധനാകുകയും ചെയ്യുന്ന അച്ചനോട് പള്ളിഭക്തരില്‍ അനുകൂലഭാവം വളരുന്നു; പ്രതികൂലമായി സംസാരിക്കാന്‍ ശ്രമിക്കുന്നവരെ സഭാദ്രോഹികള്‍ എന്ന നിലയില്‍ നോക്കിത്തുടങ്ങുന്നു. ഇത്രയുമായാല്‍പ്പിന്നെ പള്ളിപണി പ്രധാന അജണ്ടയാക്കി പള്ളിപ്പൊതുയോഗം നടത്തി, അംഗീകാരം നേടാം. നിര്‍ണ്ണായകമായ പള്ളിപൊതുയോഗം ഒരുവിധത്തിലും പാളിപ്പോകാതിരിക്കാനുള്ള തന്ത്രങ്ങളില്‍ അച്ചന്റെ മനസ്സ് വ്യാപരിക്കുകയായി.
ഈ അവസരത്തില്‍, കേരളസഭയെ സംബന്ധിച്ച് പള്ളിയോഗമെന്നാല്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് അല്പം ചിലതു പറയേണ്ടതുണ്ട്. കേരളസഭയുടെ പള്ളിയോഗപാരമ്പര്യത്തെക്കുറിച്ച് സഭാചരിത്രകാരന്മാരില്‍ ഏറ്റം പ്രമുഖനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്തിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു'' (ഭാരതസഭാചരിത്രം, പേജ്: 198-199). ഈ ചരിത്രവസ്തുത റവ.ഡോ. എ.എം. മുണ്ടാടന്‍ (സി.എം.ഐ), റവ. ഡോ. പ്ലാസിഡ് പൊടിപാറ (സി.എം.ഐ), റവ. ഡോ.ജോസ് കുറിയേടത്ത്, റവ.ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്നിങ്ങനെ വേറെയും ഒട്ടുവളരെ സഭാചരിത്രകാരന്മാര്‍ ആധികാരിക പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ ആയ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ സഭാസമ്പ്രദായത്തെക്കുറിച്ച്, ഇങ്ങനെ വിശദീകരിക്കുന്നു: ''സഭയുടെ ഭരണം നടത്തിയിരുന്നത് 'യോഗം' എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സംഘമായിരുന്നു. മൂന്നുതരം യോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം'' ('Law of Thomas, page:41-42, തര്‍ജ്ജമ സ്വന്തം).
ഇത്ര വിശിഷ്ടവും ബൈബിളധിഷ്ഠിതവും (അപ്പോ.പ്രവൃ.6:2-4) കാലംകൊണ്ട് പ്രയോഗക്ഷമത തെളിയിച്ചതുമായ നമ്മുടെ ഈ പൈതൃകസഭാപാരമ്പര്യത്തെ, പുരോഹിതരുടെ സമഗ്രാധിപത്യത്തിനുവേണ്ടി രൂപംകൊടുത്ത കാനോന്‍ നിയമത്തിലൂടെ ശ്വാസംമുട്ടിച്ചുകൊന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. അതിന്‍പ്രകാരം, 'ഇടവകവികാരിയെ ഉപദേശിക്കാനും സഹായിക്കാനും...അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ് പള്ളിയോഗം' (പള്ളിയോഗനടപടിക്രമങ്ങള്‍: ഭാഗം I ഖണ്ഡം 2). അതായത്, അതൊരു ഉപദേശകസമിതി മാത്രമാണ്; തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള അധികാരം അതിനില്ല. ഇത്തരം ഉപദേശകസമിതികള്‍ രാജഭരണസംവിധാനത്തിലാണ് ഉണ്ടായിരുന്നത് എന്നോര്‍ക്കുക.
അങ്ങനെ പള്ളിയോഗത്തിന്റെ പല്ലുകൊഴിച്ചുകളഞ്ഞിട്ടുപോലും, പള്ളിയോഗത്തില്‍ വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കും എന്ന ഭയപ്പാടോടെയാണ് വികാരിമാര്‍ അതിനെ നേരിടുന്നത് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ്, അവിടെയും തന്ത്രങ്ങള്‍ മെനയുന്നതില്‍ വികാരിമാര്‍ വളരെ ശ്രദ്ധിക്കുന്നത്.
പള്ളിപണി തീരുമാനിക്കാന്‍കൂടുന്ന പൊതുയോഗത്തില്‍ കൂടുതല്‍പേര്‍ എതിര്‍ശബ്ദമുയര്‍ത്താനിടയുണ്ടെന്നു സംശയം തോന്നിയാല്‍, യോഗം കുര്‍ബാനയോടനുബന്ധിച്ച് പള്ളിക്കുള്ളില്‍ത്തന്നെ നടത്താന്‍ തീരുമാനിക്കുന്നത് അച്ചന്റെ ഈ തന്ത്രജ്ഞതയുടെ ഭാഗമാണ്. പള്ളിപ്രസംഗങ്ങള്‍ എത്ര ബാലിശവും വിരസവുമായിരുന്നാലും അള്‍ത്താരയ്ക്കു മുമ്പില്‍നിന്നു പറയുന്നു എന്ന ഒരേയൊരു കാരണത്താല്‍ അതിനെതിരെ ആരും ഒന്നും പറയാറില്ല എന്നത് ഒരു വസ്തുതയാണല്ലോ. അല്ലെങ്കിലും, കുര്‍ബ്ബാനയില്‍ പങ്കുകൊണ്ട സകലരെയുംവച്ചുള്ള 'പൊതുയോഗ' ത്തില്‍ സ്വന്തം ഭാര്യയുടെയും കുട്ടികളുടെയും മുമ്പില്‍, പുരോഹിതരോഷത്തിനിരയായി അപമാനിതനായേക്കുമോ എന്ന ഭയം എല്ലാവരെയും ബാധിച്ചിരിക്കും. അങ്ങനെ, ദൈവഭയമുയര്‍ത്തിയും മനഃശാസ്ത്രപരമായും നിരായുധരാക്കി വിശ്വാസിസമൂഹത്തിന്റെ വായ തുന്നിക്കെട്ടിയതിനുശേഷമുള്ള 'യോഗം' എങ്ങനെ പള്ളിപ്പൊതുയോഗമാകും എന്നു നാം ആലോചിക്കണം. യോഗാദ്ധ്യക്ഷന്‍ മാത്രമായ വികാരിയച്ചന്‍മാത്രം അഭിപ്രായപ്രകടനം നടത്തുന്ന യോഗത്തെ പളളിയോഗമെന്നു വിളിക്കാന്‍ കഴിയുന്നതെങ്ങനെ? ഇടവകയുടെ ആധികാരിക അംഗങ്ങള്‍ ചേര്‍ന്ന് സുതാര്യവും സ്വതന്ത്രവുമായ ചര്‍ച്ചകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും എത്തിച്ചേരുന്ന തീരുമാനങ്ങളെ മാത്രമേ യോഗതീരുമാനങ്ങളായി സുബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവൂ. യോഗാദ്ധ്യക്ഷനായ വികാരിക്ക്, ചര്‍ച്ചകള്‍ സുഗമമായി നടത്തുന്നതിന് ധാര്‍മ്മികമേല്‍നോട്ടം വഹിക്കാനുള്ള കടമയാണുള്ളത്. അതിനപ്പുറം സ്വയം വിഷയാവതരണം നടത്തുകയും അനുകൂലമോ പ്രതികൂലമോ ആയി കൈപൊക്കാന്‍ മാത്രം അനുവാദം നല്‍കുകയും ചെയ്യുന്നരീതി, കേരളസഭാപാരമ്പര്യത്തെയും ഇടവകാംഗങ്ങളെയും അവഹേളിക്കുന്നതാണ്.
പള്ളിപണി നടപ്പാക്കാന്‍വേണ്ടി ഇന്നത്തെ വൈദികര്‍ നടത്തുന്ന ഈ അഭ്യാസങ്ങളും കുനുഷ്ടുതന്ത്രങ്ങളും കണ്ടാല്‍, കേരളത്തിലെ ആയിരക്കണക്കിനു പള്ളികളും പളളിക്കൂടങ്ങളും പണിതത് ഇവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു എന്നു തോന്നിപ്പോകും. കേരളത്തിലെ ഓരോ പള്ളിയും ഉണ്ടായത് വിശ്വാസിസമൂഹത്തിന്റെ കൂട്ടായ ആവശ്യബോധത്തില്‍നിന്നായിരുന്നു; അല്ലാതെ, അച്ചന്മാരുടെയോ മെത്രാന്മാരുടെയോ ആവശ്യബോധത്തില്‍നിന്നായിരുന്നില്ല. വിശ്വാസികള്‍ കൂടിയാലോചിച്ചു പള്ളിപണിയാന്‍ തീരുമാനമെടുക്കുകയും അതിനാവശ്യമായ സ്ഥലവും പണവും വിഭവങ്ങളും അദ്ധ്വാനവും സ്വമേധയാ നല്‍കുകയുമായിരുന്നു. കേരളത്തിലല്ലാതെ ലോകത്തു മറ്റൊരിടത്തും വിശ്വാസികള്‍ മുന്‍കൈയെടുത്ത് തങ്ങളുടെ ഉടമസ്ഥതയില്‍ ഇത്രയേറെ പള്ളികള്‍ സ്ഥാപിച്ചിട്ടില്ല എന്നത് കേരളക്രൈസ്തവരെ സംബന്ധിച്ച് അഭിമാനാര്‍ഹമായ ഒരു വസ്തുതയാണ്. 'ക്രൈസ്തവം' എന്നു വിശേഷിപ്പിക്കപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ പള്ളികളെല്ലാംതന്നെ, രാജ്യത്തിന്റെ ഖജനാവില്‍നിന്നു പണംമുടക്കി അവിടങ്ങളിലെ രാജാക്കന്മാര്‍ പ്രജകള്‍ക്ക് ദാനമായി പണിയിച്ചുകൊടുത്തവയാണ്. അവിടത്തെ പള്ളികളുടെ ഭരണകാര്യങ്ങളില്‍ വിശ്വാസിസമൂഹത്തിന് അവകാശങ്ങളൊന്നും ഇല്ലാതെപോയതിന്റെ കാരണവും അതായിരുന്നു. പാശ്ചാത്യസഭാസമ്പ്രദായത്തിന്റെ ഇതേ ഘടനാമാതൃകയിലേക്ക് കേരളസഭയുടെ പള്ളിയോഗപാരമ്പര്യവും കാനോന്‍ നിയമത്തിലൂടെ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. അങ്ങനെയാണ്, തീരുമാനങ്ങളെടുത്തു നടപ്പാക്കാന്‍ അധികാരമുണ്ടായിരുന്ന നമ്മുടെ പള്ളിയോഗങ്ങള്‍ കേവലം ഉപദേശകസമിതികളായിത്തീര്‍ന്നത്, പുരോഹിതര്‍ അധികാരികളും വിശ്വാസികള്‍ അടിമകളുമായത്.
എങ്കില്‍പ്പോലും, പള്ളിപണിപോലെ വന്‍സാമ്പത്തികഭാരം ഉള്‍പ്പെടുന്ന ഒരു വിഷയത്തില്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശം പൊതുയോഗത്തില്‍ നിഷേധിക്കപ്പെട്ടാല്‍ അതു പൊതുയോഗമായിരുന്നില്ലെന്നു പറയാനുള്ള അവകാശമെങ്കിലും ഇടവകയിലെ പൊതുയോഗാംഗങ്ങള്‍ക്കുണ്ട്. വായ് മൂടിക്കെട്ടി അടിച്ചേല്‍പ്പിക്കുന്ന പള്ളിപണിയുടെ സാമ്പത്തികബാധ്യത ഏറ്റെടുക്കില്ല എന്നു പ്രഖ്യാപിക്കാനുള്ള അവകാശവും അവര്‍ക്കുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ അതിനുള്ള ചങ്കൂറ്റമെങ്കിലും വിശ്വാസിസമൂഹം പ്രകടിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമായിരിക്കുന്നു. വിശ്വാസികള്‍ കഴിവുകെട്ടവരും അറിവില്ലാത്തവരുമായതിനാല്‍ സഭാകാര്യങ്ങളില്‍ തീരുമാനമെടുക്കുവാനും സ്വത്തു ഭരിക്കുവാനും പ്രാപ്തിയില്ലെന്ന പുരോഹിത-മെത്രാന്‍ നിലപാട് നാം അംഗീകരിക്കണമോ? അങ്ങനെയെങ്കില്‍ പിരിവു കൊടുക്കാനും പ്രകടനങ്ങള്‍ നടത്താനും ഈ കഴിവുകെട്ടവരെ ഇവര്‍ സമീപിക്കുന്നതെന്തിന്? വിശ്വാസിസമൂഹം എന്ന അടിത്തറയിലാണ് പുരോഹിതനും മെത്രാനുമൊക്കെ ഉയര്‍ന്നുനില്ക്കുന്നത് എന്ന സത്യം ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
'രാജകീയപുരോഹിതഗണം' എന്നു പത്രോസ് ശ്ലീഹാ വിശേഷിപ്പിച്ചിട്ടുള്ള വിശ്വാസിസമൂഹത്തെ ഇകഴ്ത്തിക്കണ്ടുകൊണ്ടുള്ള പുരോഹിതനീക്കങ്ങള്‍ സഭാവിരുദ്ധമാണെന്ന തിരിച്ചറിവ് വിശ്വാസികള്‍ക്ക് ഉണ്ടായേപറ്റൂ.

കെ.ജോര്‍ജ്ജ് ജോസഫ്, കട്ടേക്കര (9747304646) - ചെയര്‍മാന്‍
ജോര്‍ജ് മൂലേച്ചാലില്‍ (9497088904) - സെക്രട്ടറി
കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം

''സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍
ഉറച്ചുനില്‍ക്കുക. അടിമത്തത്തിന്റെ നുകത്തിനു കീഴില്‍ വീണ്ടും നിങ്ങള്‍ അമരരുത്'' (ഗലാ.5:1).