2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ട് യേശുവിന്റെ ഉദ്‌ബോധനങ്ങളനുസരിച്ചുള്ളതാണ് - ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍

ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ട് യേശുവിന്റെ ഉദ്‌ബോധനങ്ങളനുസരിച്ചുള്ളതാണ്
- ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തുവച്ച് ആഗസ്റ്റ് 22 ഞായറാഴ്ച നടത്തപ്പെട്ട അല്‍മായ അവകാശ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ യേശുക്രിസ്തുവിനെ മനുഷ്യരാശിയുടെ മോചനത്തിനായി നിലകൊണ്ട ആത്മീയ വിപ്ലവകാരിയെന്ന നിലയില്‍ ആദരിക്കുന്നയാളാണ് താന്‍ എന്നു വ്യക്തമാക്കി. പള്ളിയുടെ സാമൂഹികസേവനതൃഷ്ണയോടു ബഹുമാനമുള്ളതിനാല്‍ തന്റെ വീട് തലശ്ശേരിയിലെ ബിഷപ്പിനു വിട്ടുകൊടുത്ത തനിക്ക് ക്രൈസ്തവവിരുദ്ധമായ യാതൊരു വികാരവും ഇല്ലെന്നും യേശുവിനോടുള്ള ഭക്തികൊണ്ട് നല്കുന്ന സംഭാവനകളിലൂടെ ഉണ്ടാകുന്ന സ്വത്തു ഭരിക്കാനുള്ള അവകാശം ബിഷപ്പിനല്ല ഇടവകക്കാര്‍ക്കായിരിക്കണം എന്നു പറയുന്നത് ധാര്‍മികജനാധിപത്യം മാത്രമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. താന്‍ ചെയര്‍മാനായ നിയമ പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശചെയ്ത ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ട് ആത്മാര്‍ഥതയുള്ള പല ക്രിസ്ത്യാനികളും ഉന്നയിച്ച വിഷയമെന്ന നിലയില്‍ ഉണ്ടായതാണെന്നും മതേതര, ജനാധിപത്യ താത്പര്യങ്ങളോടുകൂടിയതാണതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാജനാധിപത്യവാദിയായിരുന്ന യേശുവിന്റെ ഉദ്‌ബോധനങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ബിഷപ്പുമാര്‍ക്ക് ജനാധിപത്യവാദികളാകാതിരിക്കാന്‍ എങ്ങനെ സാധിക്കുമെന്നും പള്ളിവക സ്വത്തുക്കള്‍ തന്നിഷ്ടം പോലെ കൈകാര്യം ചെയ്യുന്നത് ധനാപഹരണമല്ലേ എന്നും അദ്ദേഹം ചോദിച്ചു.
മുല്ലപ്പെരിയാര്‍ ട്രൈബ്യൂണല്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിവന്നതിനാല്‍ നേരിട്ടുവരാന്‍ സാധിക്കാതെപോയ ജസ്റ്റീസ് കെടി തോമസ് പ്രസംഗം തയ്യാറാക്കി അയച്ചുതന്നിരുന്നത് തുടര്‍ന്ന് വായിച്ചവതരിപ്പിച്ചു. എല്ലാ സാമ്പത്തിക നിര്‍വഹണങ്ങളും നിയമത്തിന്‍ കീഴിലാക്കി ഭരണഘടനയുടെ പേരില്‍ ഭരിക്കപ്പെടുന്ന ഒരു മതവിഭാഗമാകുന്നതിനെ ക്രൈസ്തവര്‍ സ്വാഗതംചെയ്യേണ്ടതാണെന്നും ക്രൈസ്തവരുടെ പള്ളിസ്വത്തുക്കള്‍ ഭരിക്കുന്നതിന് സുതാര്യമായ ഒരു നിയമം ആവശ്യമാണെന്ന ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ശിപാര്‍ശ സ്വീകരിക്കാന്‍ ഗവണ്‍മെന്റുകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് പ്രശസ്ത സാഹിത്യകാരനായ സക്കറിയാ തദ്ദേശസ്വയംഭരണ, സഹകരണസ്ഥാപനങ്ങളില്‍ ജനാധിപത്യം നടപ്പിലാക്കിയപ്പോള്‍ രാഷ്ട്രീയക്കാര്‍ അധികാരം പിടിച്ചെടുത്തതു പോലെ സഭാസ്വത്തുക്കള്‍ ജനാധിപത്യവത്ക്കരിക്കുമ്പോള്‍ സംഭവിക്കരുതെന്നും അതിന് പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മുന്നറിയിപ്പുനല്കി.
തുടര്‍ന്ന് കേരളത്തിന്റെ സഭാപാരമ്പര്യത്തിനനുസൃതമായി ബോധവത്കരണപ്രവര്‍ത്തനങ്ങളിലൂടെ നാല്പതിലേറെ വര്‍ഷങ്ങളായി പോരാടുന്ന ശ്രീ ജോസഫ് പുലിക്കുന്നേലിന് കേരള ക്രൈസ്തവകേസരി പുരസ്‌കാരം പഞ്ചാബ് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ എം ജി ദേവസഹായം ഐ എ എസ് സമ്മാനിച്ചു. തുടര്‍ന്ന്, കേരളത്തിന്റെ സഭാപാരമ്പര്യത്തിനനുസൃതമായി ബോധവത്കരണപ്രവര്‍ത്തനങ്ങളിലൂടെ നാല്പതിലേറെ വര്‍ഷങ്ങളായി പോരാടുന്ന ശ്രീ ജോസഫ് പുലിക്കുന്നേലിന് 'കേരള ക്രൈസ്തവകേസരി' പുരസ്‌കാരം പഞ്ചാബ് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ എം. ജി. ദേവസഹായം ഐ. എ. എസ്. സമ്മാനിച്ചു. ശ്രീ ജോസഫ് പുലിക്കുന്നേല്‍ അവാര്‍ഡു നന്ദിപൂര്‍വം സ്വീകരിച്ചപ്പോള്‍ സദസ്സ് എഴുന്നേറ്റുനിന്ന് ദീര്‍ഘനേരം കരഘോഷം മുഴക്കി. അതിനുശേഷം ജെ സി സി അംഗസംഘടനകളുടെ പ്രതിനിധികള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. അമേരിക്കയിലെ ഓശാനവായനക്കാര്‍ക്കുവേണ്ടി ഓശാന റീഡേഴ്‌സ് ഫോറം ഓഫ് ഫ്‌ളോറിഡാ സമാഹരിച്ചയച്ച 25000 രൂപാ അവര്‍ക്കുവേണ്ടി ജെ.സി.സി ട്രഷറര്‍ ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ വേദിയിലെത്തി ശ്രീ പുലിക്കുന്നേലിനു നല്കി. ആ തുക അപ്പോള്‍ത്തന്നെ ശ്രീ പുലിക്കുന്നേല്‍ ജെ.സി.സി ചെയര്‍മാന്‍ ശ്രീ ലാലന്‍ തരകനെ സഭാനവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരാനായി ഏല്പിച്ചു. പുതിയ തലമുറ സഭാനവീകരണസംരംഭം ഏറ്റെടുത്തതിന് ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് ശ്രീ പുലിക്കുന്നേല്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ രാജ്യമെങ്ങും ബാധകമാകുംവിധം ചര്‍ച്ച് ആക്ട് നടപ്പിലായിക്കാണുക എന്നൊരാഗ്രഹംമാത്രമേ തനിക്കിനിയും ഉള്ളെന്നും അതു സാധിക്കും എന്നുതന്നെയാണ് തന്റെ പ്രത്യാശയെന്നും പ്രസ്താവിച്ചു. ചിങ്ങം ഒന്നുമുതല്‍ താന്‍ എഴുതിത്തുടങ്ങിയിട്ടുള്ള ആത്മകഥയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ ഓരോ കാലഘട്ടത്തിലും പിന്തുണച്ചിട്ടുള്ളവരെയെല്ലാം അനുസ്മരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം നടത്തിയ പ്രസംഗത്തില്‍ ശ്രീ ദേവസഹായം നിങ്ങള്‍ ഇവിടെയിരിക്കുന്നതുകൊണ്ടാണ് അവര്‍ (മെത്രാന്മാര്‍ ) അവിടെയിരിക്കുന്നതെന്നും അവര്‍ അവിടെയിരിക്കുന്നതുകൊണ്ടാണ് നിങ്ങള്‍ ഇവിടെയിരിക്കേണ്ടിവന്നിരിക്കുന്നതെന്നും സദസ്യരെ അനുസ്മരിപ്പിച്ചു. ഭാരതത്തിലെ ഭരണഘടനയ്ക്കു വിരുദ്ധമായ പല വകുപ്പുകളുമുള്ള കത്തോലിക്കാ കാനോന്‍ നിയമങ്ങള്‍ക്ക് കോടതികള്‍ സംരക്ഷണം നല്കുന്നതിനെ പ്രതിരോധിക്കേണ്ടതിന്റെയും ചര്‍ച്ച് ആക്ട് രാജ്യംമുഴുവന്‍ ബാധകമാകത്തക്കവിധം പാര്‍ലമെന്റിലും പാസ്സാക്കേണ്ടതിന്റെയും അനിവാര്യത വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.
കണ്‍വന്‍ഷനില്‍വച്ച് സഭാധികാരത്തിന്റെ അനീതികള്‍ക്കിരയാവുകയും അതിനെതിരെ വ്യക്തിപരമായും നിയമപരമായും പോരാടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കുറെപ്പേരെയും ആദരിക്കുകയുണ്ടായി. ഈശോസഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഫാ. ജെ ജെ പള്ളത്ത്, ഞാറയ്ക്കല്‍ ഇടവകവികാരിയുടെയും ഗുണ്ടകളുടെയും ആക്രമണത്തിനുവിധേയരായ സി എം സി സന്ന്യാസിനിമാരുടെ കുടുംബാംഗങ്ങള്‍ , ചരിത്രത്തെ ദളിത് ആഭിമുഖ്യത്തോടെ സമീപിച്ച് നൂറോളം പുസ്തകങ്ങള്‍ രചിച്ച ദളിത്ബന്ധു എന്‍ കെ ജോസ്, കുട്ടിക്കാലം മുതല്‍ സ്വപിതാവിന്റെ ശക്തമായ പിന്തുണയോടെ അവഗണനയ്‌ക്കെതിരെ സമരംനയിച്ച പാരമ്പര്യമുള്ള ഇന്ദുലേഖാ ഇപ്പന്‍ , സന്ന്യാസവൃത്തി സ്വീകരിച്ചിട്ടുള്ളവരുടെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ കാണാനിടയായപ്പോള്‍ സ്വന്തം ഭാര്യയോടൊപ്പം പരാതിപറയാന്‍ ചെന്ന് ഇരിങ്ങാലക്കുട മെത്രാന്റെ സാന്നിധ്യത്തില്‍ പുരോഹിതരില്‍നിന്ന് ശാരീരികമര്‍ദ്ദനമേല്‍ക്കാനും സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാനും ഇടയായ സണ്ണി എടാട്ടുകാരന്‍ , സഭാനവീകരണത്തോട് പരോക്ഷപിന്തുണ പ്രകടിപ്പിച്ചതിന്റെപേരില്‍ സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍നിന്നു പിരിച്ചുവിടപ്പെട്ട പ്രൊഫ. സെബാസ്റ്റ്യന്‍ ആന്റണി, പള്ളിച്ചലവിനായി ദാനം ചെയ്ത കുടുംബസ്വത്ത് വിറ്റ് ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ ശ്രമിച്ച ഇടവകവികാരിക്കെതിരെ കേസ് നല്കി വിജയിച്ച ജെസ്ലിന്‍ കിളിയറ, സണ്‍ഡേസ്‌കൂളിലെ രക്ഷാകര്‍തൃസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ പേരില്‍ മക്കളെ സണ്‍ഡേസ്‌കൂളില്‍നിന്ന് ഡിസ്മിസ് ചെയ്തതിനെതിരെ കോടതിയില്‍ കേസുകൊടുക്കുകയും അതിന്റെ പേരില്‍ കൂദാശവിലക്കപ്പെട്ടപ്പോള്‍ അതിനെതിരെയും കോടതിയില്‍ പോവുകയും രണ്ടുകേസിനും അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത പോള്‍സണ്‍ കൈപ്പമംഗലം, മാര്‍പ്പാപ്പായില്‍നിന്നു വിശുദ്ധകുര്‍ബാന സ്വീകരിക്കുകയും മരിക്കുന്നതിനു രണ്ടാഴ്ചമുമ്പുവരെ നിത്യവും പള്ളിയില്‍ പോവുകയും ചെയ്തിരുന്ന സഹോദരനെ പള്ളിസെമിത്തേരിയില്‍ അടക്കാന്‍ വിസമ്മതിച്ച സഭാധികാരികള്‍ക്കെതിരെ കേസ് നടത്തി ജയിച്ച് സഹോദരന്റെ മൃതദേഹം പള്ളിസെമിത്തേരിയില്‍ത്തന്നെ അടക്കുകയും നഷ്ടപരിഹാരം വാങ്ങുകയും ചെയ്ത വക്കച്ചന്‍ ചെലവന, ജോമോന്‍ പുത്തന്‍പുര എന്നിവരെ ആദരിച്ചതിലൂടെ സഭയിലെ മര്‍ദ്ദിതര്‍ക്കുവേണ്ടിയുള്ള സമരത്തില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അനുഭാവം വ്യക്തമാക്കപ്പെടുകകൂടിയായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍മൂലം സന്നിഹിതനാകാന്‍ കഴിയാതെപോയ മുന്‍മന്ത്രി പ്രൊഫ. എന്‍ .എ.ം ജോസഫ് തയ്യാറാക്കി അയച്ചുതന്ന പ്രസംഗത്തില്‍ പള്ളിഭരണം നിയമവിധേയമാക്കിയാല്‍ സമൂഹസമ്പത്ത് ഗവണ്‍മെന്റ് കയ്യേറുകയും സമുദായത്തിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യില്ലേ എന്ന ചോദ്യത്തിനുള്ള മറുപടി അടങ്ങിയിരുന്നു. ഇവിടുത്തെ ക്രൈസ്തവര്‍ വിദ്യാസമ്പന്നരാണ്. ആധ്യാത്മികതയുടെ മൂശയിലുരുത്തിരിഞ്ഞ കേരളക്രൈസ്തവരുടെ രണ്ടായിരം കൊല്ലത്തെ മതപാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് ഇടവകയുടെ സമ്പത്തിന്റെയും രൂപതയുടെ സമ്പത്തിന്റെയും ക്രൈസ്തവസ്ഥാപനങ്ങളുടെയും ഭരണത്തില്‍ ഗവണ്‍മെന്റിന് ഇടപെടാന്‍ അധികാരമില്ലാത്ത വിധത്തിലാണ് ജസ്റ്റീസ് കൃഷ്ണയ്യര്‍ കരടുനിയമം ആവിഷ്‌കരിച്ചിരിക്കുന്നത്. പൊതുസമ്പത്തിന്റെ ഭരണത്തില്‍ എന്തെങ്കിലും അഴിമതിയുണ്ടായാല്‍ അതു കോടതിയില്‍ ചൂണ്ടിക്കാട്ടാനും പരിഹാരം തേടാനും ഇടവകക്കാര്‍ക്ക് അവകാശമുണ്ട്. മറ്റെല്ലാ മതസമൂഹങ്ങളുടെയും പൊതുസമ്പത്തു ഭരിക്കാന്‍ നിയമമുള്ളപ്പോള്‍ ക്രൈസ്തവര്‍ക്കുമാത്രം അതില്ല എന്നത് രാഷ്ട്രനീതിക്കു നിരക്കുന്നതല്ല എന്നതിനാല്‍ ഇങ്ങനെയൊരു നിയമമുണ്ടാക്കാന്‍ ഗവണ്‍മെന്റ് അടിയന്തിരമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ സമ്മേളനം ഒരു രണ്ടാം കൂനന്‍കുരിശുസത്യമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന പ്രത്യാശയോടെ പ്രസംഗിച്ച ശ്രീ കെ സി വര്‍ഗീസ്, ചര്‍ച്ച് ആക്ട് നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത ജനകീയപ്രക്ഷോഭങ്ങളിലൂടെ ഭരണകൂടങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

സഭാധികാരികളുടെ സ്വേച്ഛാധിപത്യപ്രവണതകള്‍ക്കെതിരെ സഭയുടെ ജനാധിപത്യവത്കരണം ആവശ്യപ്പെട്ടുകൊണ്ട് തയ്യാറാക്കിയ അല്‍മായരുടെ അവകാശപ്രഖ്യാപനം ചടങ്ങില്‍ അധ്യക്ഷനായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ലാലന്‍ തരകന്‍ അവതരിപ്പിച്ചത് സദസ്യര്‍ ഒന്നടങ്കം കയ്യടിച്ച് അംഗീകരിച്ചു.
സദസ്സിനു സ്വാഗതം പറഞ്ഞ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ഫെലിക്‌സ് ജെ. പുല്ലൂടന്‍ ഇന്നു സഭയില്‍ നടമാടുന്ന പുരോഹിതസ്വേച്ഛാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഒരു സംസ്ഥാനതലവേദിയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എന്നു വ്യക്തമാക്കി. വിദേശ മതഭരണസംവിധാനത്തിനെതിരേയുള്ള രണ്ടാം സ്വാതന്ത്ര്യസമര പ്രഖ്യാപനത്തിനാണ് ഈ സമ്മേളനമെന്നും കേരള ക്രൈസ്തവചരിത്രത്തില്‍ ഇത് ഒരു നാഴികക്കല്ലായി മാറുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പ്രസ്താവിച്ചു.
സ്വത്തു മുഴുവന്‍ സഭാധികാരികളുടെ കൈവശമിരിക്കുന്നതിനാലാണ് വിശ്വാസികള്‍ പരസ്യമായി രംഗത്തുവരാത്തതെന്നും ഈ നിയമം പാസ്സാക്കാന്‍ കഴിഞ്ഞാല്‍ അതു പാസ്സാക്കുന്നവര്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഇരട്ടിയെങ്കിലും ക്രൈസ്തവവോട്ടു ലഭിക്കും എന്നതാണ് വസ്തുതയെന്നും ഇപ്പോഴത്തെ ഭരണകക്ഷികളുടെ വക്താക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പ്രസംഗിച്ച ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ ശ്രീ ജോസഫ് വെളിവില്‍ വ്യക്തമാക്കി.
പന്ത്രണ്ടോളം സംഘടനകളെ ഏകോപിപ്പിച്ച് രൂപീകരിച്ചിട്ടുള്ള ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ , അല്‍മായ അവകാശ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത് അഡ്വ. ഹോര്‍മീസ് തരകന്‍ കണ്‍വീനറും ആന്റോ കോക്കാട്ട് പ്രോഗ്രാം കണ്‍വീനറുമായി രൂപീകരിച്ച ഒരു കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു.
N B
1. Read the blogs: catholicreformation-kcrm.blogspot.com, catholiclayviews.org, pullichira.wordpress.com, syromalabarvoice.blogspot.com, marunadanmalayali.com.


ബന്ധപ്പെടുക:soulandvision@gmail.com, keralacatholicfederation@gmail.com, hosanna@sifi.com


2. ഈ ഇ-മെയില്‍ താങ്കളുടെ contact ിലുള്ളവര്‍ക്കെല്ലാം, അവരുടെ contact ിലുള്ളവര്‍ക്കും forward ചെയ്യുക എന്നൊരു നിര്‍ദേശത്തോടെ forward ചെയ്യുക.


റിപ്പോര്‍ട്ട് തയ്യാറാക്കിയത് ജോസാന്റണി മൂലേച്ചാലില്‍ email: josantonym@gmail.com

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

മെത്രാസന സമഗ്രാധിപത്യത്തിനെതിരെ

മെത്രാസന സമഗ്രാധിപത്യത്തിനെതിരെ
മലയാളികത്തോലിക്കര്‍ അമേരിക്കയിലും

കേരളത്തിലെ കത്തോലിക്കാ സഭാന്തരീക്ഷം പ്രക്ഷുബ്ധമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. തങ്ങള്‍ ദാനം ചെയ്തുണ്ടാക്കിയ പള്ളിസ്വത്തുക്കളും തങ്ങള്‍ വിയര്‍ത്തുണ്ടാക്കിയ പള്ളികളും സ്ഥാപനങ്ങളും മറ്റൊരു രാഷ്ട്രമായ വത്തിക്കാന്റെ മതനിയമങ്ങളനുസ്സരിച്ച് മാര്‍പ്പാപ്പാ നിയോഗിക്കുന്ന മെത്രാന്മാരല്ല; മറിച്ച്, ഇന്‍ഡ്യന്‍ഭരണഘടനപ്രകാരം ഇവിടുത്തെ വിശ്വാസിസമൂഹമാണ് ഭരിക്കേണ്ടതെന്ന വാദമുയര്‍ത്തി, കേരളത്തിലെ സ്വതന്ത്ര കത്തോലിക്കാസംഘടനകളും പ്രസ്ഥാനങ്ങളും വമ്പിച്ച ഒരു സമരത്തിനിറങ്ങിത്തിരിച്ചിരിക്കുകയാണിന്ന്്. ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായിരുന്ന നിയമപരിഷ്‌കരണ കമ്മീഷന്‍ രൂപംകൊടുത്ത് ഗവണ്മെന്റിനു സമര്‍പ്പിച്ച, 'ചര്‍ച്ച് ആക്ട്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, ‘The Kerala Christian Church Propeties and Institutions Act 2009’എന്ന നിയമം നടപ്പിലാക്കണം എന്നവര്‍ ആവശ്യപ്പെടുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള അനവധി സ്വതന്ത്ര കത്തോലിക്കാസംഘടനകളും പ്രസ്ഥാനങ്ങളും അണികളും അവയുടെ ഏകോപന വേദിയായ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി്'ലിന്റെ നേതൃത്വത്തില്‍ അരയും തലയും മുറുക്കി, ഒരു പുതിയ സ്വാതന്ത്ര്യസമരത്തിനെന്നപോലെ, രംഗത്തിറങ്ങിക്കഴിഞ്ഞു. മെത്രാന്മാര്‍ ഈ ജനകീയശക്തിയെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ എന്നത്തെക്കാളും വ്യാപൃതരാണിന്ന്. വി.ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്റെ കരടുനിയമത്തിലെ ഒരു വകുപ്പിനെതിരെപോലും എതിര്‍വാദമുന്നയിക്കുവാന്‍ കഴിയാത്ത അവര്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ മെനയാന്‍ ശ്രമിക്കുകയും, ക്രൈസ്തവ വോട്ടുകളുടെ ദല്ലാള്‍ ചമയുകയും, അതിനായി 'ഇടയലേഖനങ്ങ'ളെന്നപേരില്‍ പള്ളികളില്‍ രാഷ്ട്രീയപ്രചാരണലേഖനങ്ങള്‍ വായിക്കുകയും ചെയ്യുന്നു. ഇതെല്ലാം, മെത്രാന്മാരുടെ കൂടിവരുന്ന ഭൗതിക അധികാരപ്രവണതയ്‌ക്കെതിരെ ഉയരുന്ന ജനശക്തിക്കു തടയിടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്നു മനസ്സിലാക്കിക്കൊണ്ട്, ആരാധാനാലയങ്ങളെ രാഷ്ട്രീയ പ്രചരണവേദിയാക്കുന്നതിനെതിരെ ജനങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധിച്ചു തുടങ്ങിയിരിക്കുകയാണ്. അവസാനമായിക്കണ്ടത്, കെ.സി.ബി.സി. യോഗസ്ഥലമായ പാലാരിവട്ടം പി.ഒ.സി. സെന്ററില്‍ പ്ലാക്കാര്‍ഡുകളുമേന്തി, 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി’ലിന്റെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള വിശ്വാസികള്‍ പ്രകടനം നടത്തുന്നതും, പിന്നീട് ജൂലൈ 18-ന് എറണാകുളം നഗരമദ്ധ്യത്തില്‍ മെത്രാന്മാരുടെ സംയുക്ത ഇടയലേഖനം പരസ്യമായി കത്തിക്കുന്നതുമാണ്. ആഗസ്റ്റ് 22-ന് എറണാകുളത്തു 'ജോയിന്റ് ക്രിസ്ത്യകൗണ്‍സി’ലിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന 'അല്‍മായ അവകാശസംരക്ഷണ സംസ്ഥാന കണ്‍വെന്‍ഷന്‍’ സഭയുടെ വിദേശഭരണാധികാര സംവിധാനത്തിനെതിരെ കേരളക്രൈസ്തവരുടെ ശക്തമായ സ്വാതന്ത്ര്യസമരാഹ്വാനമാകുമെന്നാണ് അതിനുള്ള സന്നാഹങ്ങള്‍ സൂചിപ്പിക്കുന്നത്.

കേരളാകത്തോലിക്കാസഭയ്ക്കുള്ളില്‍ ഉരുണ്ടുകൂടുന്ന ഈ സ്വാതന്ത്ര്യസമരാന്തരീക്ഷം ഇവിടെ മാത്രമായി ഒതുങ്ങുന്നില്ല എന്നാണ്, അമേരിക്കയിലെയും കാനഡായിലെയും സീറോ-മലബാര്‍ കത്തോലിക്കര്‍ക്കുവേണ്ടി രൂപംകൊടുത്തിട്ടുള്ള ചിക്കാഗോ രൂപതയില്‍ നടക്കുന്ന ചില സംഭവവികാസങ്ങള്‍ കാണിക്കുന്നത്. അവിടെയും മലയാളികത്തോലിക്കര്‍ മെത്രാന്റെ സര്‍വ്വാധിപത്യത്തിനെതിരെ കയ്യുയര്‍ത്തിത്തുടങ്ങിയിരിക്കുന്നു. സ്വന്തം പണംകൊണ്ടും അദ്ധ്വാനംകൊണ്ടും തങ്ങള്‍ വാങ്ങുകയും പണിതുയര്‍ത്തുകയും ചെയ്യുന്ന പള്ളികളും പള്ളിസ്വത്തുക്കളും മെത്രാന്റേതുമാത്രമായിത്തീരുന്ന അക്രൈസ്തവ സാഹചര്യത്തിനെതിരെയാണ്, അവിടെയും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് അമേരിക്കന്‍ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളും വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. പ്രമുഖ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ജയ്‌സണ്‍ വൈറ്റ്‌ലി കലാപം പൊട്ടിപ്പുറപ്പെട്ട കോപ്പെല്‍ ഇടവകക്കാരെ ഇന്റര്‍വ്യൂ ചെയ്തു നടത്തിയ ടി.വി. ദൃശ്യങ്ങളും റിപ്പോര്‍ട്ടും വളരെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍, അമേരിക്കയിലെ മലയാളികള്‍ നടത്തിവരുന്ന ക്ലേശകരവും സാഹസികവുമായ ഈ സമരം കേരളത്തില്‍ ഒരു ചെറിയ വാര്‍ത്തപോലും ആവുകയുണ്ടായില്ല.
അമേരിക്കയിലെ മലയാളികത്തോലിക്കര്‍ ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കന്നത് ചിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തങ്ങളുടെ പള്ളികളില്‍ കല്‍ദായവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തിനെതിരെയാണ്.
കല്‍ദായദേശത്തുനിന്ന് (ഇപ്പോഴത്തെ ഇറാക്ക്) 4-ാം നൂറ്റാണ്ടിലോ മറ്റോ ഇവിടെ കുടിയേറിയ ക്രൈസ്തവരുടെ സഭാപൈതൃകമാണ് കേരളസഭയുടെതെന്ന് വാദിച്ച് അവരുടെ ആരാധനക്രമങ്ങളും മറ്റും അടിച്ചേല്‍പ്പിക്കുന്ന ഒരു വൈദേശികസമീപനമാണ് സഭയില്‍ കല്‍ദായവാദം എന്നറിയപ്പെടുന്നത്. അതിന്റെ ഭാഗമായി, മാര്‍ പവ്വത്തില്‍ ‘മാര്‍ത്തോമ്മാക്കുരിശ്’ എന്നു പേരിട്ടവതരിപ്പിച്ച യേശുവില്ലാത്ത ഒരു പേര്‍ഷ്യന്‍ കുരിശ,് ക്രൂശിതരൂപത്തിന് പകരം, എല്ലാ പള്ളികളിലെയും അള്‍ത്താരയില്‍ പ്രതിഷ്ഠിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയും കല്‍ദായവാദത്തിന്റെ ഭാഗമാണ്. റോമിലെ പൗരസ്ത്യസംഘത്തിന്റെ ഒത്താശയോടുകൂടി, മാര്‍ പവ്വത്തിലിന്റെ നേതൃത്വത്തില്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് തുടങ്ങിയതാണ് ഈ വിഭാഗീയ പ്രസ്ഥാനം. ഈ നീക്കത്തിനെതിരെ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം മെത്രാന്മാരും വൈദികരും വിശ്വാസികളും ചെറുത്തുനിന്നെങ്കിലും പൗരസ്ത്യസംഘത്തിന് പ്രത്യേക താത്പര്യം ഉണ്ടായിരുന്നതിനാല്‍, പൂര്‍ണ്ണവിജയം കണ്ടില്ല. മെത്രാന്മാര്‍ തമ്മില്‍ നടന്ന ഈ ‘കുരിശുയുദ്ധം’ അവസാനിപ്പിക്കാന്‍ 1998-ല്‍ ചേര്‍ന്ന സിനഡിലെ ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ കല്‍ദായ ആരാധനക്രമവും മാര്‍ത്തോമ്മാക്കുരിശും ഭാഗികമായി അംഗീകരിക്കപ്പെട്ടു. എങ്കില്‍ത്തന്നെയും, ഈ കുരിശ് ഒരിടത്തും അടിച്ചേല്പിക്കാന്‍ പാടില്ലെന്നും അതിനുള്ള പരിശ്രമങ്ങള്‍ ഒളിഞ്ഞോ തെളിഞ്ഞോ (overtly or covertly) ആരും നടത്തരുതെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. അക്കാലത്ത് പുതിയ പള്ളികള്‍ വെഞ്ചരിക്കണമെങ്കില്‍ (മെത്രാന്‍ വന്നു നടത്തുന്ന ആശീര്‍വാദച്ചടങ്ങ്) ഈ കുരിശുതന്നെ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കണമെന്ന ചില മെത്രന്മാരുടെ നിര്‍ബ്ബന്ധബുദ്ധി ജനങ്ങള്‍ അംഗീകരിക്കാഞ്ഞതിന്റെ പേരില്‍ മാസങ്ങളോളം പൂട്ടിക്കിടന്ന പല പള്ളികളും കേരളത്തിലുണ്ട്.
ചിക്കാഗോ രൂപതാമെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്റെ കല്‍ദായവല്‍ക്കരണ നിലപാടും ‘മാത്തോമാ കുരിശി’ന്റെ പ്രതിഷ്ഠയും വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഇപ്പോള്‍ അമേരിക്കയില്‍ പ്രശ്‌നകാരണമായിരിക്കുന്നത്. വൈദികനായിരുന്നപ്പോള്‍, ടെക്‌സാസിലെ ഡാലസിലുള്ള ഗാര്‍ലണ്ട് പള്ളിയില്‍ 'മാര്‍ത്തോമ്മാ കുരിശ്’ വിജയകരമായി സ്ഥാപിച്ച് കേരളത്തിലെ കല്‍ദായ ഗ്രൂപ്പിന്റെ പ്രീതി നേടിയതിന്റെ പേരിലാണ്, തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട ചിക്കാഗോ രൂപതയുടെ പ്രഥമ മെത്രാനായി അദ്ദേഹം നിയമിതനായത് എന്നു പറയപ്പെടുന്നു. പള്ളികളുടെ ആശീര്‍വാദദിനത്തിന്റെ തലേന്നു രാത്രി ആരും അറിയാതെ, വികാരിമാരുടെ സഹകരണത്തോടെ, രഹസ്യമായാണത്രേ (covertly) 'മാര്‍ത്തോമ്മാക്കുരിശ്' അള്‍ത്താരകളില്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. പിറ്റേന്ന് ആഘോഷങ്ങളുടെ അന്തരീക്ഷത്തില്‍ അത് ശ്രദ്ധിക്കപ്പെടാതെ പോവുകയും നടന്നു കഴിഞ്ഞ ഒരു കാര്യമെന്ന നിലയില്‍ വിശ്വാസികള്‍ അതൊരു വലിയ പ്രശ്‌നമാക്കാതിരിക്കുകയുമായിരുന്നു.
ചിക്കാഗോ കത്തീഡ്രല്‍ പള്ളിയിലും മറ്റു പല പള്ളികളിലും നടത്തിയ ഈ തന്ത്രം ഡാലസ് സിറ്റിക്കടുത്ത് കോപ്പെലിലെ പുതിയ പള്ളിയില്‍ പാളിപ്പോയി. 210-ഓളം മലയാളി കത്തോലിക്കാ കുടുംബങ്ങള്‍ ചേര്‍ന്ന് ഉദ്ദേശം 14 കോടി രൂപ (2.85 ദശലക്ഷം ഡോളര്‍) മുടക്കി വാങ്ങിയതാണ് മറ്റേതോ സഭക്കാരുടെ വകയായിരുന്ന പള്ളിയും ഒപ്പമുള്ള സ്ഥലവും. ‘സെന്റ് അല്‍ഫോന്‍സാ പള്ളി’ എന്നു പേരിട്ടിരിക്കുന്ന ഈ പള്ളിയുടെ അള്‍ത്താരയുംമറ്റും കത്തോലിക്കാ രീതിയില്‍ പുതുക്കിപ്പണി (re-modeling)യേണ്ടതുണ്ടായിരുന്നു. അത് കല്‍ദായ രീതിയില്‍, ‘മാര്‍ത്തോമ്മാക്കുരി’ശോടും വിരിയോടും (ജനങ്ങളെയും വൈദികനെയും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു തിരശ്ശീല) കൂടിയുള്ളതാകണമെന്നു നിഷ്‌കര്‍ഷിച്ച് ബിഷപ്പ് വികാരിക്കെഴുതിയ കത്ത് രഹസ്യമാക്കിവക്കാതെ 2009 നവംബര്‍ 29-ഞായറാഴ്ച വികാരി ഫാ. സജി ചക്കിട്ടമുറിയില്‍ പള്ളിയില്‍ കുര്‍ബാനമദ്ധ്യേ വായിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ക്രൂശിത രൂപത്തെ ഒഴിവാക്കിക്കൊണ്ടുള്ള മെത്രാന്റെ ഈ നിലപാടിനെതിരെ വിശ്വാസികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചുതുടങ്ങി. വിശ്വാസിസമൂഹത്തിന്റെ വികാരം എത്ര ശക്തമാണെന്ന് വികാരി ഫാ. സജിയും മെത്രാനെ അറിയിച്ചു. പക്ഷേ, അതെല്ലാം തന്റെ സര്‍വ്വാധികാരത്തോടുള്ള വെല്ലുവിളിയായി കാണുകയും തന്റെ നിര്‍ബ്ബന്ധബുദ്ധി തുടരുകയുമാണ് മാര്‍ അങ്ങാടിയത്ത് ചെയ്തത്. തങ്ങള്‍ വിയര്‍പ്പൊഴുക്കി വാങ്ങിയ പള്ളിയുടെ കാര്യത്തില്‍ മെത്രാന്റെ ഈ പിടിവാശി സമ്മതിച്ചുകൊടുക്കാന്‍ ജനങ്ങളും തയ്യാറായിരുന്നില്ല. 2010 ഫെബ്രുവരി 20-ന് പള്ളിക്കമ്മറ്റിയും 21-ന് പള്ളിപ്പൊതുയോഗവും ചേര്‍ന്ന് അള്‍ത്താരയില്‍ ക്രൂശിതരൂപംതന്നെ പ്രതിഷ്ഠിക്കാനും, മാര്‍ത്തോമ്മാ കുരിശും വിരിയും ഒഴിവാക്കി അള്‍ത്താര റീ-മോഡല്‍ചെയ്യാനും അവര്‍ ഐകകണ്‌ഠ്യേന തീരുമാനമെടുത്തു.
വിശ്വാസികളുടേമേല്‍ എല്ലാവിധ അധികാരങ്ങളും തങ്ങള്‍ക്കുണ്ടെന്നു ധരിച്ചുവശായിരിക്കുന്ന ഒരു കത്തോലിക്കാമെത്രാനും വിശ്വാസികളുടെ ഭാഗത്തുനിന്ന് ഇത്തരം ധീരമായൊരു നീക്കമുണ്ടാകുന്നതു സങ്കല്പിക്കാനാവില്ലല്ലോ. സ്വാഭാവികമായും, മാര്‍ അങ്ങാടിയത്തിനും തന്റെ വെറും ‘പ്രജ’കളുടെ ഈ ധിക്കാരം ഉള്‍ക്കൊള്ളാനായില്ല. അദ്ദേഹം വികാരിയച്ചനെയും രണ്ടു കൈക്കാരന്മാ (Trustees) രെയും രൂപതാ ആസ്ഥാനത്തേക്കു വിളിച്ചു വരുത്തി, അള്‍ത്താരയില്‍ യാതൊരു പണികളും (re-modeling) നടത്തിക്കൂടെന്നു കല്പിച്ചു. ഒപ്പം, മാര്‍ച്ച് 27-ന് താന്‍തന്നെ വന്ന് ലളിതമായൊരു ആശീര്‍വാദകര്‍മ്മം നടത്തിത്തരുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട്, മാര്‍ച്ച് 7-ന് കോപ്പെലെത്തി എല്ലാവരെയും അനുനയിപ്പിക്കാനുള്ള ഒരു ശ്രമവും അദ്ദേഹം നടത്തി. മാര്‍ത്തോമ്മാകുരിശിനോടും വിരിയോടുമൊപ്പം ക്രൂശിതരൂപംകൂടി അള്‍ത്താരയില്‍ വയ്ക്കാന്‍ സമ്മതിച്ചാല്‍ വിശ്വാസികള്‍ അംഗകരിക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, കോതമംഗലം എന്നിങ്ങനെ ഏതാനും രൂപതകളില്‍ മാത്രമാണ് ഈ കുരിശ് അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, അമേരിക്കയിലെ സീറോ-മലബാര്‍ കത്തോലിക്കര്‍ കേരളത്തിലെ എല്ലാ രൂപതകളില്‍നിന്നുമുള്ളവരാണ്. ക്രൂശിതരൂപത്തെയല്ലാതെ മറ്റൊരു കുരിശിനെയും അംഗീകരിക്കാനാവാത്തവരാണവര്‍. മാത്രമല്ല, ഈ കുരിശ് അടിച്ചേല്‍പ്പിക്കപ്പെട്ട രൂപതകളിലുള്ളവര്‍ക്കും വൈകാരികമായി അടുപ്പമുള്ളത് ഇന്നും ക്രൂശിതരൂപത്തിനോടാണ്. അതുകൊണ്ട്, ബിഷപ്പിന്റെ ഒത്തുതീര്‍പ്പുശ്രമം ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്നു തള്ളി. മെത്രാന്റെ അന്നത്തെ കുര്‍ബാന പോലും ഭൂരിപക്ഷംപേരും ബഹിഷ്‌ക്കരിക്കുകയായിരുന്നു. അതെക്കുറിച്ചെല്ലാമുള്ള കോപ്പെല്‍ ഇടവകക്കാരുടെ വികാര-വിചാരങ്ങള്‍ എത്ര ശക്തമെന്നറിയണമെങ്കില്‍, syromalabarvoice.blogspot.com എന്ന ബ്ലോഗ് തുറന്നു നോക്കിയാല്‍ മതിയാകും.
തുടര്‍ന്ന്, തങ്ങളുടെ ഇടവകയില്‍ മാര്‍ അങ്ങാടിയത്തിന്റെ കല്‍ദായവല്‍ക്കരണം സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് കൈക്കാരന്മാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ എഴുതി അറിയിച്ചു. കൂടാതെ, പരിഹാരമാവശ്യപ്പെട്ട് 253 ഇടവകക്കാര്‍ ഒപ്പിട കൂട്ടഹര്‍ജി മാര്‍പ്പാപ്പയ്ക്കും നുണ്‍ഷ്യോയ്ക്കും സീറോ-മലബാര്‍ സഭയിലെ എല്ലാ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും നല്‍കി. ആരും ഒരക്ഷരം ഉരിയാടാന്‍ ഇതുവരെ തയ്യാറായിട്ടില്ലത്രേ!
മാര്‍ച്ച് 27-ന് പള്ളിയുടെ ആശീര്‍വ്വാദകര്‍മ്മത്തില്‍ കോപ്പെല്‍ ഇടവകക്കാര്‍ ഉത്സാഹപൂര്‍വ്വം തയ്യാറായി. അതുവരെ, കുര്‍ബാന ചൊല്ലിയിരുന്ന വാടകപ്പള്ളിയില്‍ ക്രൂശിതരൂപമായിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം മെത്രാന്റെ നിര്‍ദ്ദേശ പ്രകാരം പുതിയ പള്ളിയിലേക്കവര്‍ മാറ്റിയിരുന്നു. തോരണങ്ങളും മറ്റലങ്കാരങ്ങളും മുത്തുക്കുടകളുമെല്ലാം തയ്യാറാക്കി ജനം മെത്രാന്‍ വരുന്നതും കാത്തിരുന്നു. പക്ഷേ, മെത്രാന്‍ തന്റെ വാക്കു പാലിച്ചില്ല. അദ്ദേഹം വന്നില്ലെന്നു മാത്രമല്ല, രൂപതിയില്‍നിന്ന് ഒരു പ്രതിനിധിയെപ്പോലും അയയ്ക്കുകയോ വരാത്തതിന് എന്തെങ്കിലും വിശദീകരണം നല്‍കുകയോ ചെയ്യുകയുണ്ടായില്ല. വാര്‍ഷികധ്യാനം നയിക്കാന്‍ കേരളത്തില്‍ നിന്നെത്തിയ ഫാ. സേവ്യര്‍ ഖാനും വികാരിയും കൂടി പള്ളി ആശീര്‍വദിച്ചുകൊള്ളാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു, അദ്ദേഹം. അവര്‍ അതു നിര്‍വ്വഹിച്ചെങ്കിലും എല്ലാവരെയും നിരാശയിലാഴ്ത്തിയ ഒന്നായിരുന്നു, ബിഷപ്പിന്റെ അസാന്നിദ്ധ്യം.
ബിഷപ്പ് അതുകൊണ്ടും അടങ്ങിയില്ല. മൂന്നാം ദിവസം മാര്‍ച്ച് 30-ന് വികാരി ഫാ. സജി ചക്കിട്ടമുറിയിലിനെ വികാരിസ്ഥാനത്തുനിന്ന് പിരിച്ചുവിട്ടുകൊണ്ട് മെത്രാന്‍ സര്‍ക്കുലര്‍ അയച്ചു. പെസഹാ വ്യാഴാഴ്ച വാര്‍ഷികധ്യാനം കഴിഞ്ഞുടെനെ വിശ്വാസിസമൂഹം ആദ്യം അറിയുന്നത്, തങ്ങളുടെ വികാരിയെ മെത്രാന്‍ ക്രൂശിച്ച ഈ വാര്‍ത്തയാണ്. ധ്യാനം നല്‍കിയ ശാന്തിയും സമാധാനവും നഷ്ടപ്പെട്ട അവര്‍ അടുത്ത ദിവസംതന്നെ പള്ളിക്കമ്മറ്റിയുടെ അടിയന്തിരയോഗം ചേര്‍ന്ന് രൂപതാധികാരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഒന്നാമതായി, തങ്ങളോടൊപ്പം നിന്നതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് പിരിഞ്ഞുപോകുന്ന വികാരിയെ ആദരിക്കുവാന്‍ അവര്‍ തീരുമാനിച്ചു. പള്ളി പണിക്കായി അദ്ദേഹം നല്‍കിയിരുന്ന 7000 ഡോളറില്‍ 5000 ഡോളര്‍ തിരിച്ചുകൊടുക്കാനും ഒപ്പം 15,000 ഡോളര്‍ പാരിതോഷികമായി കൊടുക്കാനും തീരുമാനിച്ചു. മറ്റൊരു തീരുമാനം അള്‍ത്താരയ്ക്കു മാറ്റമൊന്നും വരുത്തരുതെന്ന മെത്രാന്റെ കല്പന വകവയ്ക്കാതെ അത്യാവശ്യമാറ്റങ്ങള്‍ വരുത്തി ക്രൂശിതരൂപം സ്ഥാപിക്കണം എന്നതായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍, മെത്രാന്‍സേവകനായ വേറൊരച്ചനെ വികാരിയാക്കി, പള്ളിയെ മെത്രാന്‍ കല്‍ദായീകരിക്കും എന്ന ഉള്‍ബോധ്യമായിരുന്നു, ആ തീരുമാനത്തിനു പിന്നില്‍ അച്ചന്റെ പാരിതോഷികത്തുക ഭാഗികമായി കൊടുക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളു. കാരണം അപ്പോഴേയ്ക്കും പള്ളിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും രൂപത മരവിപ്പിച്ചിരുന്നു. പക്ഷേ, ഈസ്റ്റര്‍ ഞായറാഴ്ച(ഏപ്രില്‍ 4)ത്തെ കുര്‍ബാന കഴിഞ്ഞുടന്‍തന്നെ ഇടവകക്കാര്‍ ഒന്നിച്ചുകൂടി അള്‍ത്താര കത്തോലിക്കാ മാതൃകയില്‍ മാറ്റിപ്പണിയാനാരംഭിക്കുകയും മൂന്നു ദിവസങ്ങള്‍കൊണ്ട് വളരെ മോടിയായി പണിതീര്‍ത്ത് ക്രൂശിതരൂപം സ്ഥാപിക്കുകയും ചെയ്തു. ഇതിനു പ്രതികാരമെന്നപോലെ വികാരിയുടെമേല്‍ സാമ്പത്തിക ക്രമക്കേടുകളും അനുസരണക്കേടും ഒക്കെ ആരോപിച്ചുകൊണ്ട്, എല്ലാ ചുമതലകളില്‍നിന്നും തല്‍ക്ഷണം പിരിച്ചുവിട്ടിരിക്കുന്നുവെന്നും ഉടന്‍തന്നെ പള്ളിവിട്ട് പോകണമെന്നും ബിഷപ്പ് ഏപ്രില്‍ 6-ന് കല്പിച്ചു. (ജനങ്ങള്‍ കയര്‍ത്തതിന്റെ പേരില്‍, നേരത്തെ നിര്‍ദ്ദേശിച്ചിരുന്നപ്രകാരം ഏപ്രില്‍ 15-നുതന്നെ പോയാല്‍ മതി എന്ന് ബിഷപ്പിനു പിന്നീട് സമ്മതിക്കേണ്ടിവന്നുവെന്നത് മറ്റൊരു കാര്യം.) ഏപ്രില്‍ 10-ന് കോപ്പെല്‍ ഇടവകക്കാരെല്ലാവരും ചേര്‍ന്ന് ഫാ. സജി ചക്കിട്ടമുറിയിലിന് ഗംഭീരമായ യാത്രയയപ്പു നല്‍കുകയും 15-ന് അദ്ദേഹം കേരളത്തിലേക്ക് പോരുകയും ചെയ്തു.
ജനങ്ങളുടെ പൊതുവികാരത്തിനൊപ്പം നിന്നു എന്നതിന്റെ പേരില്‍, മറ്റു കുറ്റങ്ങള്‍ ചാര്‍ത്തി നാടുകടത്തിയിട്ടും തന്റെ കല്‍ദായവത്കരണപദ്ധതി നടത്തിക്കൊടുക്കാന്‍ മടിച്ച ഫാ. സജിയോടുള്ള മെത്രാന്റെ പക അടങ്ങുകയുണ്ടായില്ല. ഏപ്രില്‍ 27-ന്, കോപ്പെല്‍ പള്ളിഇടവകക്കാര്‍ക്ക് മെത്രാന്‍ മാര്‍ അങ്ങാടിയത്ത് ഒരു കത്ത് അയച്ചുകൊടുത്തു. ദീര്‍ഘമായ ആ കത്തില്‍ ഫാ. സജിയുടെ എല്ലാ പ്രവൃത്തികളും രൂപതയ്‌ക്കെതിരെ മനഃപൂര്‍വ്വവും കരുതിക്കൂട്ടിയുള്ളതുമായിരുന്നു എന്ന് വാദിച്ച് സ്ഥാപിക്കുകയാണ്, അദ്ദേഹം. നാടുകടത്തി ശിക്ഷിച്ചതിനുശേഷം സ്വയം പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ, ഫാ. സജിക്കെതിരെ ഏകപക്ഷീയമായി കുറ്റം വിധിക്കുന്ന ഇത്തരമൊരു കത്ത് ഇടവകക്കാര്‍ക്കു വിതരണം ചെയ്ത മെത്രാന്റെ നടപടിക്കെതിരെ ജനങ്ങളുടെ പ്രതിഷേധമിരമ്പി. അതിനു മറുപടിയായി ഇടവക പ്രതിനിധികള്‍ മെത്രാനയച്ച തുറന്ന കത്ത് അവസാനിക്കുന്നതിങ്ങനെയാണ്: ''ആടിനെ പട്ടിയാക്കുന്നതും പട്ടിയെ പേപ്പട്ടിയാക്കുന്നതും പിന്നെ അതിനെ തല്ലിക്കൊല്ലുന്നതും ഇതുവരെ ഞങ്ങള്‍ നോക്കിക്കൊണ്ടുനിന്നു. ഇനി ക്ഷമിക്കില്ല. വിഡ്ഢിവേഷം കെട്ടിയ രാജാവിന്റെ കഥയില്‍ ഒരു കുട്ടി വിളിച്ചുപറഞ്ഞു: 'രാജാവ് നഗ്നനാണ്'. ഞങ്ങളുമിപ്പോള്‍ സത്യം വിളിച്ചു പറയുകയാണ്. ഇനിയും ഞങ്ങളെ പ്രകോപിപ്പിച്ചാല്‍ ലീഗല്‍ നടപടികളുമായി ഞങ്ങള്‍ മുന്നോട്ടുപോകും....''
അതേ, കേരളത്തിലെപ്പോലെതന്നെ അമേരിക്കയിലെ മലയാളികത്തോലിക്കരും യേശുവിന്റെധീരത ഏറ്റുവാങ്ങി സഭയുടെ പുരോഹിത സ്വേച്ഛാധികാരഘടനയ്‌ക്കെതിരെ ആഞ്ഞടിക്കാനൊരുങ്ങകയാണ്.
ഫാ. സജി ചക്കിട്ടമുറിയിലിനെതിരെ നഗ്നമായ മനുഷ്യാവകാശലംഘനവും ജനങ്ങള്‍ക്കെതിരെമതസ്വാതന്ത്ര്യാവകാശ ലംഘനവുമാണ് മാര്‍ അങ്ങാടിയത്ത് നടത്തിയിരിക്കുന്നത് എന്നാണ് കോപ്പെല്‍ ഇടവകക്കാര്‍ ആരോപിക്കുന്നത്. അതിനെതിരെ നിയമനടപടികളെടുക്കാനുള്ള ആലോചനയിലുമാണവര്‍.
കോപ്പെലിലെ മലയാളി കത്തോലിക്കര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ക്രൈസ്തവധീരത അമേരിക്കയിലെ മറ്റു മലയാളി പള്ളികളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുകയാണിന്ന്. ഫ്‌ളോറിഡായിലെ മിയാമിയിലും അരിസോണയിലെ ഫിനിക്‌സിലും ഇപ്പോഴത്തെ കോപ്പെല്‍ ഇടവകക്കാരുടെ ആദ്യ ഇടവകയായിരുന്ന ഗാര്‍ലണ്ടിലും മറ്റനവധി ഇടവകകളിലും കോപ്പെല്‍ ഇടവകക്കാര്‍ കല്‍ദായവല്‍ക്കരണത്തിനും മെത്രാനാധിപത്യത്തിനുമെതിരെ സ്വീകരിച്ച ധീരമായ നിലപാട് മാതൃകയാവുകയാണ്. പുതിയ പള്ളിവാങ്ങാന്‍ തീരുമാനിച്ചിരുന്ന ഫീനിക്‌സ് പ്രദേശത്തുള്ളവര്‍, മാര്‍ അങ്ങാടിയത്തിന്റെ കല്‍ദായവല്‍ക്കരണ ശാഠ്യം മൂലം അതിനിനി പണം മുടക്കേണ്ടതില്ല എന്നു തീരുമാനിച്ചുകഴിഞ്ഞു. മറ്റു പല പള്ളികളിലും തങ്ങളറിയാതെ ഒളിച്ചു സ്ഥാപിക്കപ്പെട്ട 'മാര്‍ത്തോമ്മാക്കുരിശ്' മാറ്റി ക്രൂശിതരൂപം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മലയാളി കത്തോലിക്കര്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്നു കേള്‍ക്കുന്നു. മെത്രാന്റെ ആസ്ഥാന പള്ളിയായ ചിക്കാഗോ കത്തീഡ്രലിലെ കല്‍ദായവത്കരണചിഹ്നങ്ങളായ 'മാര്‍ത്തോമ്മാക്കുരിശും' വിരിയും നീക്കംചെയ്യാന്‍ ജനം ഒന്നിക്കുകയും 30 ദിവസത്തിനുള്ളില്‍ അവ മാറ്റിയില്ലെങ്കില്‍ അവ നശിപ്പിച്ച് പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് രൂപതയ്ക്ക് രേഖാമൂലം മുന്നറിയിപ്പു നല്കുകയും ചെയ്തുകഴിഞ്ഞു.
ഫ്‌ളോറിഡായിലെയും അറ്റ്‌ലാന്റയിലെയും കാലിഫോര്‍ണിയയിലെയും ന്യൂയോര്‍ക്കിലെയും മലയാളി കത്തോലിക്കാ പള്ളികളില്‍ മാര്‍ അങ്ങാടിയത്ത് കല്‍ദായവത്കരണത്തിനായി ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ക്കെതിരെയുള്ള ജനകീയനീക്കങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് അവിടങ്ങളില്‍നിന്നുള്ള പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
''ഞങ്ങളുടെ പള്ളികള്‍ നിന്റെ തന്തമാര്‍ പണിയിച്ചതല്ല'' എന്ന് അന്നത്തെ മെത്രാനോട് നെഞ്ചുവിരിച്ചുനിന്നു പറഞ്ഞ പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ അഭിജാതവീര്യം ഉള്ളില്‍ പേറുന്നവരാണ് തങ്ങളെന്ന് അമേരിക്കയിലെ മലയാളി കത്തോലിക്കര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.
അതേ.... എവിടെയുമുള്ള പള്ളികളുടെയും പള്ളിവകസ്വത്തുക്കളുടെയും നിയമപരമായ ഉടമസ്ഥാവകാശം, ബൈബിളും മാര്‍ത്തോമ്മായുടെ നിയമവും നടപടികളും അനുസരിച്ച് വിശ്വാസികള്‍ക്കാണ് എന്ന സഭാപാരമ്പര്യത്തെപ്പറ്റി ലോകമെങ്ങുമുള്ള കത്തോലിക്കര്‍ക്ക് ഉത്തമബോധ്യം വന്നുകഴിഞ്ഞിരിക്കുന്നു.
ജോര്‍ജ്ജ് മൂലേച്ചാലില്‍
(സെക്രട്ടറി, കേരളകത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം)
വള്ളിച്ചിറ -686 592 പാലാ കോട്ടയംജില്ല
ഫോണ്‍: 9497088904

2010, ജൂലൈ 11, ഞായറാഴ്‌ച

KCBC യുടെ പ്രതിഷേധപ്രസ്താവന അപലപനീയം-KCRM

KCBC യുടെ പ്രതിഷേധപ്രസ്താവന അപലപനീയം KCRM
മുസ്ലീം തീവ്രവാദികള്‍ തൊടുപുഴ ന്യൂമാന്‍ കോളജധ്യാപകന്റെ കൈ വെട്ടിമാറ്റിയ സംഭവം അത്യന്തം അപലപനീയമാണെന്ന് യഥാര്‍ഥ മുസ്ലീമുകള്‍ ഉള്‍പ്പെടെ എല്ലാ മതസ്ഥരും സമ്മതിക്കുന്നുണ്ട്. എന്നാല്‍ സാമുദായികലഹളകളില്‍ എന്നും നഷ്ടം സഹിക്കേണ്ടിവരുന്നത് സാധാരണക്കാരാണ് എന്നു കാണാതെ ആക്രമണത്തിനിരയായത് ഒരു കത്തോലിക്കനാണെന്നു മാത്രം കണ്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പുറപ്പെടുവിച്ച പ്രതിഷേധ പ്രസ്താവന കേരളകത്തോലിക്കരില്‍ മത-സാമുദായിക വികാരങ്ങളുണര്‍ത്താനും ബദല്‍ തീവ്രവാദമായി ആളിക്കത്തി വര്‍ഗീയ ലഹളകളുണ്ടാക്കാനും ഇടയാക്കുന്നതാണ്. അപലപനീയവും വിവേകശൂന്യവുമായ ഈ ആധികാരിക പ്രതിഷേധം ഒരു കെണിയാണെന്നു സാധാരണക്കാര്‍ ഗ്രഹിക്കണമെന്നും മതനേതൃത്വങ്ങള്‍ ഇത്തരം വിവേകശൂന്യമായ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറണമെന്നും കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം എക്‌സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ഥിച്ചു.

കെ ജോര്‍ജ് ജോസഫ്, ചെയര്‍മാന്‍ ജോര്‍ജ് മൂലേച്ചാലില്‍, സെക്രട്ടറി
കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം
പി.ബി. നമ്പര്‍ 76, തറക്കുന്നേല്‍ ബില്‍ഡിംഗ്, പാലാ, കോട്ടയം-686 575

2010, ജൂൺ 23, ബുധനാഴ്‌ച

നിശ്ശബ്ദനായിരിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?


കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം,
പി.ബി. നം.79, തറക്കുന്നേല്‍ ബില്‍ഡിങ്ങ്‌സ്, പാലാ.
16/6/10

കത്തോലിക്കാസഭ ഇന്നൊരു ധാര്‍മിക പ്രതിസന്ധിയിലാണ്. പുരോഹിതരുടെ ധാര്‍മികാധപതനവും ധനാര്‍ത്തിയും അസാന്മാര്‍ഗികതയുമാണ്, ഇതിനു പ്രധാന കാരണം. പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുത്ത് അമേരിക്കയില്‍ മാത്രമല്ല ആസ്‌ത്രേലിയയിലും യൂറോപ്പിലും രൂപതകള്‍ പാപ്പരായിക്കൊണ്ടിരിക്കുകയാണ്. പോപ്പ് മാപ്പുവ്യാപാരിയാകുന്നു. ഈവക കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നു പൗരന്മാരെ വിലക്കിയതിനു പോപ്പിനെ വിചാരണ ചെയ്യാനൊരുങ്ങുകയാണ് അമേരിക്കന്‍ കോടതി. പള്ളികള്‍ വില്‍ക്കുന്നു; മൃൂസിയങ്ങളാക്കുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആസ്‌ത്രേലിയയില്‍ പോപ്പിനെ തടഞ്ഞുവെക്കുക പോലുമു ണ്ട്ായി. ന്യൂയോര്‍ക്കിലും വത്തിക്കാനിലും പുരോഹിതര്‍ പള്ളിക്കുള്ളില്‍ത്തന്നെ ബാലികമാരെ പീഡിപ്പിച്ചു.
കേരളത്തിലും സ്ഥിതി ഭിന്നമല്ല. മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വാര്‍ത്തകള്‍ തമസ്‌ക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്തിട്ടും പുരോഹിതരുടെയും സന്യാസിനിമാരുടെയും ലൈംഗിക അരാജകത്വത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുകയാണ്. സഭാവസ്ത്രം അഴിച്ചുവെച്ചും അഴിക്കാതെയും ഭൗതികതയിലേക്ക് രക്ഷപെടുന്നവരും ധാരാളം. ഭാരതീയ പാരമ്പര്യവും ബൈബിളും അനുസരിച്ച് പുരോഹിതരെയും സന്യാസിനികളെയും വിവാഹം കഴിക്കാനനുവദിക്കണം. പോപ്പിന്റെ മകന്‍ പോപ്പായ പാരമ്പര്യം മറയ്ക്കാന്‍ മാപ്പു മതിയാകുമോ?
മിഷന്‍ലീഗും സോളാഡിറ്റിയും ക്രിസ്റ്റീനും ഡി.സി.എല്ലും പോലുള്ള സംഘടനകളില്‍ നമ്മുടെ കുട്ടികളെ ഫാ. കാര്‍ത്തികപ്പള്ളിയെപ്പോലുള്ളവരുടെ കളിപ്പാട്ടങ്ങളാക്കുന്നത് മിക്കപ്പോഴും ദുശ്ശീലങ്ങള്‍ക്ക് കുട്ടികള്‍ അടിമപ്പെടാനും ഭാവിയില്‍ സമൂഹവിരുദ്ധരാകുന്നതിനും ഇടയാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. വിവാഹമെന്ന കൂദാശയ്ക്കു പ്രായം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ചറിവോ പ്രകൃതിചോദന കളോ ഉണരാത്ത ബാല്യത്തില്‍ പെണ്‍കുട്ടികളെ മഠത്തിനുള്ളില്‍ തടവിലാക്കുന്നു. പിന്നീട് നടക്കുന്ന 'അഴിഞ്ഞാട്ട'ങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ നിഷ്‌ക്കരുണം കൊലപ്പെടുത്താനും ഈ കശ്മലര്‍ മടിക്കുന്നില്ല. അഭയയുടെ ഭാഗ്യംപോലും ലഭിക്കാത്ത പാലായിലെ മേഴ്‌സിയും രാമപുരത്തെ ബിന്‍സിയും…പിന്നെ അറിയപ്പെടാത്ത എത്രയോ വിശുദ്ധകളും! സന്യാസിനികളുടെ കൊലയാളികളെ ശിക്ഷിക്കുക എന്നതിനേക്കാള്‍ രക്ഷിക്കുക എന്ന ക്രൂരവും പൈശാചികവുമായ നിലപാടുമൂലം പരിഹാസ്യരായത് മെത്രാന്മാര്‍ മാത്രമല്ല; ക്രൈസ്തവ സമൂഹമാകെയാണ്.
തട്ടുങ്കല്‍ മെത്രാന്റെ ദത്തുപുത്രിയില്‍ ദിവ്യരക്ഷകന്റെ ജനനം ആവേശപൂര്‍വം കാത്തിരുന്ന വിശ്വാസികളെയും ഇതിനിടയില്‍ നമുക്ക് കാണേണ്ടിവന്നു. അദ്ദേഹം ഇന്നു റോമില്‍ മെത്രാനായി വാഴുന്നു! ഇതിനെല്ലാംകൂടി പോപ്പ് ഒരുനാള്‍ പറയാനിരിക്കുന്ന മാപ്പ് പരിഹാരമാകുമോ?
പുരോഹിത-സന്യാസിനീവേഴ്ച കണ്ട സത്യക്രിസ്ത്യാനി (സണ്ണി എടാട്ടുകാരന്‍), പരാതിയുമായി സമീപിച്ചപ്പോള്‍ മെത്രാന്റെ നേതൃത്വത്തില്‍ പുരോഹിതര്‍ ആ കുടുംബത്തെ 'കൈ'കാര്യം ചെയ്ത കേസില്‍ ഇരിഞ്ഞാലക്കുട ബിഷപ്പ് ഇപ്പോള്‍ കോടതി കയറുകയാണ്. എന്തിനേറെ, ഞാറയ്ക്കലില്‍ സന്യാസിനികളെ മഠത്തില്‍ക്കയറി തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചവരില്‍ പള്ളിവികാരിയും കൂടാതെ, ക്വൊട്ടേഷന്‍ സംഘവുമുണ്ടായിരുന്നു. എറണാകുളം മെത്രാനും ഞാറയ്ക്കല്‍ വികാരിയുമുള്‍പ്പെടെ 9 പേര്‍ പ്രതികളായി ഈ കേസ് കോടതിയിലാണ്. സഹനത്തിന്റെയും എളിമയുടെയും ഉപദേശം നിര്‍ലോപം ചൊരിയുന്ന മെത്രാന്മാര്‍ക്കെന്തിനു ഗുണ്ടകള്‍? ഇടയന്മാര്‍ ആടുകളെ കൊന്നു തിന്നുകയോ? ( എസക്കിയേല്‍ 34:15)
ഇവര്‍ക്ക് വിശ്വാസികളെ ഉപദേശിക്കാനും നയിക്കാനും എന്ത് അര്‍ഹത? ഇവര്‍ വെറും പച്ചമനുഷ്യരാണ്. ആര്‍ഭാടത്തെക്കുറിച്ച് ആക്ഷേപം ചൊരിയുന്നവരുടെ വേഷഭൂഷാദികളും വാഹനങ്ങളും രാജാവിന്റേത്! സന്യാസിനികളെയും സാധുക്കളായ പുരോഹിതരെയും പീഡിപ്പിക്കുന്ന മെത്രാന്മാര്‍ക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്കു സംഘടന രൂപീകരിക്കേണ്ടിവന്നു. സ്വയം അവകാശപ്പെടുന്ന ദിവ്യത്വമൊന്നും ഇവര്‍ക്കില്ലെന്നു തിരിച്ചറിയാത്ത വിശ്വാസികള്‍ വിനീതവിധേയരായിരിക്കുന്നിടത്തോളം കാലം മെത്രാന്‍മാര്‍ ഇതു തുടരുകതന്നെ ചെയ്യും. എന്നാല്‍, മലയാറ്റൂര്‍, കൂടരഞ്ഞി, ഇടപ്പള്ളി, തലോര്‍, കൊടുമണ്‍...മെത്രാന്റെ രാജഭരണത്തിനെതിരെ ഇടവകജനങ്ങള്‍ സംഘടിതമായി മുന്നേറുന്നതിന്റെ വിജയഗാഥ മറ്റൊലി കൊള്ളുകയാണ്.
ചില പുരോഹിതര്‍ വെറും കുര്‍ബാനത്തൊഴിലാളികളായി തരംതാണിരിക്കുന്നു. മുഴുവന്‍ സമയം പണം സമ്പാദനവും സ്വത്തുണ്ടാക്കലും മാത്രം. പാവപ്പെട്ട കൂലിപ്പണിക്കാരില്‍നിന്നു പോലും ഭീമമായ തുക ഗുണ്ടാപ്പിരിവ് നടത്തി പള്ളികളും മണിമേടകളും കെട്ടിപ്പൊക്കുന്നു. ലക്ഷക്കണക്കിനു രൂപ മെത്രാന്‍ കൊടുക്കും; പലിശസഹിതം തിരിച്ചുകൊടുക്കണമെന്നു മാത്രം! ആയുധക്കമ്പനികളില്‍ പണം നിക്ഷേപിച്ച് വന്‍തുക പലിശവാങ്ങുന്ന പോപ്പിന്റെ പ്രതിനിധികള്‍ തന്നെ! തെരുവില്‍ അലയുന്നവര്‍ അവര്‍ക്ക് ശല്യമാണ്. (പിന്നെ, പടമെടുത്ത് പണമാക്കുമെന്നു മാത്രം; കാഞ്ഞിരപ്പള്ളിയില്‍ സുനാമി ഉണ്ടായതുപോലെ). 'മരാമത്ത് അച്ചന്മാര്‍' എന്നൊരു വിഭാഗം തന്നെയുണ്ട്. പള്ളി നന്നായില്ലെങ്കിലും 'പുള്ളി' നന്നാവുമെന്നതിനാല്‍ ദൈവശുശ്രൂഷയ്ക്കുപകരം മാമോന്‍സേവയാണ് ഇവര്‍ ആവേശപൂര്‍വം നടത്തുന്നത്. ഇവരെപ്പറ്റി യേശു പറഞ്ഞിരിക്കുന്നതു നോക്കൂ. ''അവര്‍ ദുര്‍വഹമായ ചുമടുകള്‍ കെട്ടുന്നു, അവ മനുഷ്യരുടെ ചുമലില്‍ വെയ്ക്കുന്നു. എന്നാല്‍ തങ്ങളുടെ ചെറുവിരല്‍ കൊണ്ടു പോലും സഹായിക്കാന്‍ അവര്‍ ഒരുക്കമല്ല.”(മത്താ.23: 4,5)
കുഞ്ഞച്ചനെയും അല്‍ഫോന്‍സാമ്മയെയും പോലെ, ജീവിച്ചിരുന്ന കാലത്ത് പരമാവധി പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്തവര്‍തന്നെ, മരണശേഷം വിശുദ്ധരാക്കി പണമുണ്ടാക്കാന്‍ ഉപയോഗിക്കുകവഴി വീണ്ടും അവരെ പീഡിപ്പിക്കുന്നു; വിശ്വാസികളെ വഞ്ചിക്കുന്നു. കഷ്ടം! ഇന്ത്യയിലെ ഏറ്റവും ധനികരാണ് കത്തോലിക്കാ മെത്രാന്മാര്‍. തങ്ങളുടെ ആസ്തി വെളിപ്പെടുത്താന്‍ ഞങ്ങള്‍ അവരെ വെല്ലുവിളിക്കുന്നു.
പുരോഹിതരുടെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യാന്‍ 'അല്‍മായര്‍ക്ക്' അവകാശമില്ലെന്നാണ് അവരുടെ നിലപാട്. അഥവാ ആരെങ്കിലും തയ്യാറായാല്‍ ഭീഷണികളാണ്; മാമോദീസ, വിവാഹം, മരിച്ചടക്ക് എന്നിവ മുടക്കുമത്രെ! സാധാരണ വിശ്വാസികള്‍ ഭയപ്പെട്ട് കീഴടങ്ങുകയും ചെയ്യും. ഭയപ്പെടാത്തവര്‍ വിജയിക്കുന്നു. എത്രയോ കോടതിവിധികള്‍ തെളിവായുണ്ട്! മെത്രാന്മാര്‍ കോടതികളില്‍ ബൈബിളിനെയും ഭരണഘടനയെയും തള്ളിപ്പറഞ്ഞ് സത്യവാങ്ങ്മൂലങ്ങള്‍ നല്‍കിയിരിക്കുന്നു. ആത്മപരിശോധന നടത്താനും തെറ്റുതിരുത്താനും തയ്യാറാകാതെ സൂകരങ്ങളെപ്പോലെ തെറ്റിന്റെ ചെളിക്കുണ്ടില്‍ക്കിടന്ന് വീണ്ടും വീണ്ടും അവര്‍ ഉരുളുന്നു. സ്റ്റാലിനെയും ഹിറ്റ്‌ലറെപ്പോലും വെല്ലുന്ന തരത്തില്‍ ജനലക്ഷങ്ങളെ കുരിശുയുദ്ധത്തില്‍ കൊന്നൊടുക്കിയതും ജൊവാന്‍ ഓഫ് ആര്‍ക്കിനെയും ബ്രൂണോയെയും ജീവനോടെ തീയിലെറിഞ്ഞതും ഗലീലിയോയെ പീഡിപ്പിച്ചതും ഉള്‍പ്പെടെ എന്തെന്തു ഭീകരതകള്‍! സഭയുടെ മാടമ്പിജന്മിത്തസ്വഭാവത്തില്‍ പൊറുതിമുട്ടിയ ജനം ഫ്രഞ്ചുറഷ്യന്‍ വിപ്‌ളവങ്ങളിലൂടെ ഇതിനു വിരാമമിട്ടു. അങ്ങനെ യൂറോപ്പില്‍ സഭ ഒരു വഴിക്കായി. കേരളത്തിലെ സഭയും ഈ വഴിക്കാകാന്‍ നാം അനുവദിക്കണോ?
സഭയില്‍ 99.9 ശതമാനം സാധാരണവിശ്വാസികളാണ്. സഭ അവരുടേതാണ്. വിശ്വാസികള്‍ക്ക് ആത്മീയശുശ്രൂഷ നല്‍കാനാണ് മെത്രാന്മാരെയും പുരോഹിതരേയും നിയമിക്കുന്നത്. അതിനുപകരം, ന്യൂനപക്ഷാവകാശമെന്ന തോക്കുചൂണ്ടി, വിദ്യാലയങ്ങളിലെ അധ്യാപകര്‍ മുതല്‍ തൂപ്പുകാരിവരെയുള്ള ജോലികള്‍ പുരോഹിതരും സന്യാസിനികളും വീതംവെച്ചെടുക്കുകയും പൊതുജനങ്ങളുടെ നികുതിപ്പണം ശമ്പളമായി മെത്രാന്റേതും അതുവഴി പോപ്പിന്റേതുമാക്കി മാറ്റുകയും ചെയ്യുന്നു. കഷ്ടപ്പെട്ട് പള്ളിയും പള്ളിക്കൂടവും ഉണ്ടാക്കിയ വിശ്വാസി ദരിദ്രവാസിയായി പുറത്ത്! കാരണം, പള്ളിയും പള്ളിക്കൂടവും പള്ളിസ്വത്തുമുഴുവനും പോപ്പിന്റേതാണത്രെ! മെത്രാന്മാര്‍ ഭരണക്കാരും!! അങ്ങനെ ന്യൂനപക്ഷാവകാശമെന്നത് മെത്രാന്മാര്‍ക്കു മാത്രമുള്ള അവകാശമാകുന്നു!!! മാത്രമോ, കേരളത്തിലെ 60% വരുന്ന വിദ്യാലയങ്ങളിലെ ഉദ്യോഗങ്ങള്‍ ഒരു സമുദായത്തിനു മാത്രമായി സംവരണം ചെയ്യപ്പെടുകയാണ്. വിദ്യാര്‍ഥിപ്രവേശനത്തില്‍ കൊള്ളഫീസും തലവരിയും! ഇവിടെ സാമൂഹികനീതിപോലും അട്ടിമറിക്കപ്പെടുന്നു. ഇതു മറ്റു സമുദായങ്ങളില്‍ വിദ്വേഷം ജനിപ്പിക്കുന്നു. ഡി. സി. എം. എസ്. ഉണ്ടാക്കാനും പള്ളിക്കുവേണ്ടി കൂലിയില്ലാപ്പണി ചെയ്യിക്കാനും ഉല്‍സാഹിക്കുന്ന പുരോഹിതര്‍ എന്തുകൊണ്ട് ആനുപാതികമായി സ്‌കൂളിലും ആശുപത്രികളിലും അവര്‍ക്ക് ജോലി കൊടുക്കുന്നില്ല? എന്നിട്ടു പോരേ പാര്‍ലമെന്റ് മാര്‍ച്ചും സര്‍ക്കാരിനെതിരെ പടപ്പുറപ്പാടും?
വിവിധ മതസ്ഥരായ കുട്ടികള്‍ പഠിക്കുന്ന ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ ക്രിസ്തീയ പ്രാര്‍ഥനമാത്രം ചൊല്ലുകയും ഓരോ പീരീഡിനും ശേഷം അതാവര്‍ത്തിക്കുകയും ചെയ്യുന്നു? മറ്റു സമുദായങ്ങളിലെ കുട്ടികളില്‍ അതുണ്ടാക്കുന്ന അപകര്‍ഷതാബോധവും മാനസികസംഘര്‍ഷവും, തന്മൂലം ഭാവിയില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളും എന്തുകൊണ്ട് ഇവര്‍ പരിഗണിക്കുന്നില്ല? സര്‍ക്കാര്‍ ചെലവില്‍ മതപ്രചരണം നടത്തുന്നു എന്ന ഗുരുതരമായ ഭരണഘടനാലംഘനം കൂടി ഇവിടെയുണ്ട്.
കത്തോലിക്കാസഭാമേധാവികള്‍ സമാന്തരസര്‍ക്കാര്‍തന്നെ കെട്ടിപ്പടുത്തിരിക്കുന്നു. സത്യം പറഞ്ഞവരെ ക്രൂശിക്കാനായി ഉണ്ടാക്കിയ സഭാവിചാരണ(inquisition)കോടതികളെ ഓര്‍മിപ്പിക്കുന്ന രൂപതാക്കോടതികള്‍, മുദ്രപ്പത്രം, കോര്‍ട്ടുഫീസ്...! ഇവിടെ നിയമനിര്‍മാതാവും നിയമവ്യഖ്യാതാവും വിധികര്‍ത്താവും നിര്‍വാഹകനും ഒരാള്‍തന്നെ - മെത്രാന്‍! എല്ലാറ്റിനുമുപരി, ഇതിനു പിന്‍ബലം ഒരു വിദേശരാജ്യമായ വത്തിക്കാനിലെ മതനിയമമായ കാനോന്‍ നിയമവും. അതാകട്ടെ, ബൈബിള്‍വിരുദ്ധവും അക്രൈസ്തവവും അധാര്‍മികവും, മനുഷ്യാവകാശധ്വംസനപരവുമാണ്. ഇന്ത്യന്‍ ഭരണഘടനയും ഭരണകൂടവും കോടതിയും വെറും നോക്കുകുത്തി!
ഈ ഏകാധിപത്യം ഇനിയും വെച്ചുപൊറുപ്പിക്കാന്‍ ആത്മാഭിമാനമുള്ള ഒരു ഇന്ത്യന്‍പൗരനും സാധ്യമല്ല. ജനാധിപത്യയുഗത്തില്‍, ഈ മതേതരരാജ്യത്ത് ഇത്തരം രാജകീയാധികാരം വിശ്വാസികള്‍ അംഗീകരിക്കുന്നില്ല. കാരണം, തെരഞ്ഞെടുപ്പിനെ നേരിടാതെ, ജനങ്ങളുടെ വോട്ടുനേടാതെ, പിന്‍വാതിലിലൂടെ അകത്തുകയറി, സ്വയം രാജാവായി പ്രഖ്യാപിച്ചവരാണ് മെത്രാന്മാര്‍. ഞങ്ങള്‍ ക്രിസ്തുവിലാണ് വിശ്വസിക്കുന്നത്. പുരോഹിതര്‍ക്ക് ആത്മീയാധികാരം മാത്രമേ ക്രിസ്തുവും അപ്പോസ്തലന്മാരും നല്‍കിയിട്ടുള്ളു. ഭൗതികാധികാരം വിശ്വാസികള്‍ക്കാണ് നല്‍കിയിരി ക്കുന്നത്. (അപ്പ. 6: 14), (1പത്രോ. 2 :2; 1013) അവര്‍ക്ക് രാജ്യം ഭരിക്കാന്‍ കഴിവുണ്ട്; സഭാസ്വത്തുണ്ടാക്കാനും കഴിവുണ്ട്; സഭാസ്വത്തു ഭരിക്കാന്‍ കഴിവില്ല എന്ന നിലപാട് കാനനനിയമമാണ്.; അതംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ പൊതുസമൂഹത്തിന്റെ രക്തം കുടിച്ച് മദിക്കുന്ന ഈ കൊതുകുകളും മൂട്ടകളും സമൂഹത്തിനു രോഗം പകര്‍ന്നു നല്‍കുന്നതിനെതിരെ പ്രതികരിച്ചേ പറ്റൂ. കാരണം, മതവും ദൈവവും രണ്ടാണ്; താലിബാനിസം ഇവിടെ വേണ്ട…
വിശേഷവസ്ത്രം ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു നഗ്നനായി നടന്ന രാജാവ് നഗ്നനാണെന്നു പറഞ്ഞത് കുട്ടിയാണെങ്കിലും അന്നു രാജാവ് അതംഗീകരിച്ചു. പക്ഷേ, പ്രബുദ്ധരായ വിശ്വാസികളും പുരോഹിതര്‍ തന്നെയും കാലങ്ങളായി വിളിച്ചു പറഞ്ഞിട്ടും രാജ കീയ സഭാധികാരം ഇന്നും നഗ്നരായി നടക്കുന്നു.
കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്ക് ധൈര്യംപകരാനും അവരെ കര്‍മോല്‍സുകരാക്കാനും മെത്രാന്മാരുടെ പീഡനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമോപദേശം നല്‍കാനും രൂപംനല്‍കിയ സംഘടനയാണ് കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം (KCRM). കേരളത്തിലെ സമാനചിന്താഗതിയുള്ള 12 ക്രിസ്തീയസംഘടനകളുടെ ഐക്യവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലില്‍ (JCC), KCRM അംഗമാണ്. നമ്മുടെ ശ്രമഫലമായി, വിശ്വാസികളുടെ തെരഞ്ഞെടുക്കപ്പെട്ട സമിതി പള്ളിസ്വത്ത് ഭരിക്കണമെന്നുള്ള നിര്‍ദ്ദേശം (ചര്‍ച്ച് ആക്റ്റ്) ജ. വി.ആര്‍. കൃഷ്ണയ്യര്‍സമിതി കേരള സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ്. മെത്രാന്മാരുടെ കള്ളപ്പണത്തിന്റെ കണക്കറിയാന്‍, ഈ നിര്‍ദ്ദേശം നിയമമാക്കണമെന്നവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിലാണ് JCC.. ജില്ലയില്‍, ഇതിന്റെ ഭാഗമായി പാലാ, രാമപുരം, ഈരാറ്റുപേട്ട, കോട്ടയം എന്നിവിടങ്ങളില്‍ പ്രചരണങ്ങളും പൊതുയോഗങ്ങളും നടത്തിക്കഴിഞ്ഞു. ബൈബിളിലും ക്രിസ്തു വിലും വിശ്വസിക്കുന്ന എല്ലാ കത്തോലിക്കരും KCRMല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ധര്‍മസമരത്തില്‍ സഹായസഹകരണങ്ങള്‍ നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു. നശിപ്പിക്കാനല്ല, പുനരുദ്ധരിക്കാന്‍; നഷ്ടപ്പെട്ടത് നേടിയെടുക്കാന്‍.
കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനത്തിനു വേണ്ടി,
ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് കെ., സെക്രട്ടറി ജോര്‍ജ് മൂലേച്ചാലില്‍
വിളിക്കുമല്ലോ 9037078700/9747304646/9400283663 / 9497088904

വായിക്കുക – 1) ബൈബിള്‍, 2) തിരുസ്സഭാചരിത്രം ഫാ. സേവ്യര്‍ കൂടപ്പുഴ, 3) ഓശാന, 4)നസ്രാണിദീപം,5) കുപ്രസിദ്ധരായ മാര്‍പ്പാപ്പമാര്‍ - പ്രൊഫ. കെ. എം എബ്രാഹം, 6) അഭയ കേസ് ഡയറി - ജോമോന്‍ പുത്തന്‍പുരക്കല്‍, 7) Canon Laws 8) The Dark Side of Christian History- Helen Ellerbe, 9) Holy Blood, Holy Grail-Michael Baigent, Richard and Henry Lincoln, 10) Bible Extract- A Rally of Contradictions -Thomas Muttappally
11)…

2010, ജൂൺ 5, ശനിയാഴ്‌ച

കേരള സഭാനവീകരണ പ്രസ്ഥാനം ആമുഖം

1990 ജനുവരി
മനുഷ്യനിന്ന്, ലോകവ്യാപകമായിത്തന്നെ, രൂക്ഷമായ ഒരു ആദ്ധ്യാത്മിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ മൂല്യമളക്കാനുള്ള മാനദണ്ഡങ്ങള്‍, സമ്പത്ത്, അധികാരം, ജഡികമായ സുഖസൗകര്യങ്ങള്‍ എന്നിവയായി മാറിയിരിക്കുന്നു. ഭൗതികമായ ഈ മാനദണ്ഡങ്ങള്‍ മനുഷ്യഹൃദയങ്ങളെ ഭരിക്കുന്നതുമൂലമാണ് മനുഷ്യതയില്‍നിന്നും സ്വകാര്യപരതയിലേയ്ക്ക് മനുഷ്യന്‍ നയിക്കപ്പെടുന്നത്. വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും, എല്ലാവിധത്തിലുമുള്ള മാത്സര്യങ്ങള്‍ക്കും ആസക്തികള്‍ക്കും ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കാരണമായിരിക്കുന്നത് വളര്‍ന്നുവരുന്ന ഈ സ്വകാര്യപരതയാണ്.
മനുഷ്യനില്‍ നൈസ്സര്‍ഗികമായുള്ള ആദ്ധ്യാത്മികാവബോധത്തെ നിരന്തരം ഉണര്‍ത്തിക്കൊണ്ട്, അവനെ സ്വകാര്യപരതയില്‍ നിന്നും പരാര്‍ത്ഥതയിലേയ്ക്ക് അഥവാ മനുഷ്യതയിലേയ്ക്കു നയിച്ച് ജീവിതത്തില്‍ അര്‍ത്ഥബോധം നല്‍കുക എന്ന മതപരമായ ധര്‍മ്മം നിറവേറ്റപ്പെടാത്തതാണ് ഈ അവസ്ഥയ്ക്ക് അടിസ്ഥാന കാരണമായിരിക്കുന്നത്. പുരോഹിതാധികാരാധിഷ്ഠിതവും ആചാരനിഷ്ഠവുമായ ഇന്നത്തെ മത രൂപങ്ങള്‍ വെറും ഭൗതികാധികാര സ്ഥാപനങ്ങളായി അധഃപതിച്ചതുകൊണ്ടാണ് ഈ ധര്‍മ്മാനുഷ്ഠാനത്തില്‍ അവ അപ്രാപ്തമായത്. നിലവിലുള്ള സംഘടിത മതരൂപങ്ങള്‍, സാമുദായികവും രാഷ്ട്രീയവുമായ സ്ഥാപിത താല്പര്യങ്ങളുടെ കേന്ദ്രങ്ങളായിരിക്കുന്നു എന്നതില്‍ നിന്നുതന്നെ, സനാതന മതമൂല്യങ്ങളെക്കാള്‍, ഭൗതികവും ജഡികവുമായ മൂല്യങ്ങള്‍ക്കാണ് അവ വിധേയപ്പെട്ടിരിക്കുന്നത് എന്നു വെളിവാക്കുന്നു. ഈ മതരൂപങ്ങളും അവയുടെ ഘടനകളും പ്രതിനിധാനം ചെയ്യുന്നതെന്തോ, അതാണ് ആദ്ധ്യാത്മികത എന്നു തെറ്റിദ്ധരിച്ച് മതത്തെയും ആദ്ധ്യാത്മികതയെയും അടിസ്ഥാനപരമായിത്തന്നെ നിരാകരിക്കുന്ന ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വ്യാപകമായ വളര്‍ച്ചകൂടി ആയപ്പോള്‍ ലോകം കേവല ഭൗതികതയിലേയ്ക്ക് കൂപ്പു കുത്തിത്തുടങ്ങി. അങ്ങിനെ, മനുഷ്യനെ മനുഷ്യനാക്കുന്ന, അവനെ സാംസ്‌ക്കാരികമായി ഉയര്‍ത്തുന്ന, അവന്റെ എല്ലാ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും ഉറവിടമായിരിക്കുന്ന, മനുഷ്യതയുടെ മൂലക്കല്ലായി അവനില്‍ കുടികൊള്ളുന്ന ആദ്ധ്യാത്മികാവബോധം മരവിക്കുവാനിടയായി. ഇന്നത്തെ സാമൂഹ്യവും സാംസ്‌കാരികവും, രാഷ്ട്രീയവുമായ എല്ലാവിധ ജീര്‍ണ്ണതകള്‍ക്കും മൂല്യച്യുതികള്‍ക്കും അടിസ്ഥാന കാരണമായിരിക്കുന്നത്, വര്‍ദ്ധിച്ചുവരുന്ന ഈ ആദ്ധ്യാത്മിക ശൂന്യതയാണ്.
ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്ക്, അവ എത്രതന്നെ ഉദാത്തമായിരുന്നാലും, ധാര്‍മ്മിക മൂല്യങ്ങളെയും അങ്ങിനെ മനുഷ്യമഹത്വത്തെയും അധികനാള്‍ ഉയര്‍ത്തിപ്പിടിക്കാനാവില്ലെന്നത്, സോഷ്യലിസ്റ്റു രാഷ്ട്രങ്ങളിലെ സമകാലിക സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.
ലക്ഷ്യം:
സാര്‍വ്വത്രികമായിത്തീര്‍ന്നിരിക്കുന്ന ഈ ആദ്ധ്യാത്മിക ശൂന്യതയെയും അതിനുകാരണമായിരിക്കുന്ന മതജീര്‍ണ്ണതയെയും പറ്റിയുള്ള അവബോധം ഉള്‍ക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭയില്‍ മതചൈതന്യത്തിന്റെതായ ഒരു ചെറു തിരികൊളുത്തേണ്ടത് ഇന്ന് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ ക്രൈസ്തവസഭകളില്‍ വെച്ച് ഏറ്റവും കേന്ദ്രീകൃതാധികാര ഘടനയുള്ള ഒന്നാണ് കത്തോലിക്കാസഭ. വാസ്തവത്തില്‍, സഭ എന്നുപറയുമ്പോള്‍ ഇന്നര്‍ത്ഥമാകുന്നത്, ശ്രേണീബദ്ധമായ ഈ പൗരോഹിത്യാധികാര ഘടന എന്നുതന്നെയാണ്. സഭയിലെ അനുഷ്ഠാനപരവും-ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും ഈ അധികാരഘടനയാണ്. അതിനെ അംഗീകരിക്കുകയും അനുസ്സരിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികളുടെ കടമയായി കരുതപ്പെടുന്നതും. സഭാപരമായ ഭ്രഷ്ടുകളെയും വിലക്കുകളെയും സാമുദായികമായി ഒറ്റപ്പെടുത്തലുകളെയും വിശ്വാസികള്‍ ഭയപ്പെടുന്നതിനാല്‍, ഈ ഭയത്തിലാണ് പൗരോഹിത്യം തങ്ങളുടെ ആധിപത്യം, വിശ്വാസികളുടെമേല്‍ കെട്ടിവെച്ചിരിക്കുന്നത്. വിശ്വാസികളുടെ ആത്മീയ ശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിച്ചവര്‍ ശുശ്രൂഷകന്‍ എന്ന നിലയില്‍ നിന്നും അധികാരിയായി മാറിയിരിക്കുകയാണിവിടെ. ഈ പുരോഹിതാധിപത്യമാകട്ടെ, ഉദാത്തവും അതിരുകളില്ലാത്തതുമായ ക്രൈസ്തവ സാഹോദര്യത്തെ, തങ്ങളുടെ സ്ഥാര്‍ത്ഥ-സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി വിഭാഗീയമായ ഒരു സാമുദായിക വികാരമായി സങ്കുചിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
സാഹോദര്യത്തിലേയ്ക്കും തുല്യതയിലേയ്ക്കും മനുഷ്യരെ നയിക്കേണ്ട ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍, അതിനു നേര്‍വിപരീത ദിശയില്‍ പ്രയോഗിക്കപ്പെടുന്നതിനെതിരെ, വിശ്വാസികള്‍ പ്രബുദ്ധരും കര്‍മ്മനിരതരും ആകേണ്ടിയിരിക്കുന്നു. കേരള കത്തോലിക്കാസഭയില്‍ ക്രിസ്തീയ മൂല്യങ്ങളും ധാര്‍മ്മികതയും പുനഃസ്ഥാപിക്കുന്നതിനും, സഭയെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും വിശ്വാസികളുടെ കൂട്ടായ്മയായി പരിവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ ആദ്യപടിയായി ഇതാവശ്യമാണ്.
ആദ്ധ്യാത്മിക ചൈതന്യത്താല്‍ പ്രേരിതരായി സ്വയം നവീകരണത്തിനു വിധേയരാകുന്ന വിശ്വാസികള്‍ തന്നെ സഭാനവീകരണത്തിന്റെ ചാലകശക്തികളായിത്തീരണം. അങ്ങനെ സഭയില്‍ വളര്‍ന്നു വരുന്ന ആദ്ധ്യാത്മിക-ധാര്‍മ്മിക ശക്തിക്കുമുമ്പില്‍ സഭയിലെ പൗരോഹിത്യാധിപത്യവും അതിന്റെ സാമ്പത്തിക ശക്തിയും മുട്ടുമടക്കുകയും, ഇത് കത്തോലിക്കാ സമൂഹത്തില്‍ ഒരു പുതിയ ആദ്ധ്യാത്മിക നവോന്മേഷം പകരുകയും ചെയ്യുന്നു. ക്രമേണ, സഭ, സ്‌നേഹത്തിന്റെ പ്രവര്‍ത്തനനിരതമായ ഒരു വേദിയായി പരിവര്‍ത്തനപ്പെടും. അങ്ങനെ, സാന്വത്തികവും അധികാരപരവുമായ മാത്സര്യങ്ങളില്‍ നിന്നും സ്വയം വിടുതല്‍ നേടുന്ന കത്തോലിക്കാ സമുദായം, ക്രമേണ ചുറ്റുമുള്ള സമുദായങ്ങളിലേയ്ക്കും പൊതുസമൂഹത്തിലേയ്ക്കും ആദ്ധ്യാത്മിക ചൈതന്യത്തിന്റെയും ധാര്‍മ്മികമൂല്യങ്ങളുടെയും സാഹോദര്യത്തിന്റെയും അലകള്‍ പടര്‍ത്തുകയും ചെയ്യും.
പ്രസക്തി:
കേരള കത്തോലിക്കാ സഭയില്‍, രൂപതയുടെ കേന്ദ്രീകൃതാധികാരത്തിനു കീഴില്‍ ഇടവകകളും ഇടവക വിശ്വാസികളും സഭയില്‍നിന്നും സഭാകാര്യങ്ങളില്‍ നിന്നും തീര്‍ത്തും അത്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നു നിലനില്‍ക്കുന്നത്. ഇടവക വൈദികര്‍ക്ക്, ബിഷപ്പിന്റെ ആജ്ഞാനുവര്‍ത്തികള്‍ എന്ന നിലയില്‍ മാത്രമാണ് ഇന്നു നിലനില്‍പ്പുള്ളത്. ഇടവക വക സ്ഥാപനങ്ങളെല്ലാം പടിപടിയായി രൂപതയുടെ ഉടമസ്ഥതയിലും കേന്ദ്രീകൃത നിയന്ത്രണത്തിലുമായിത്തീര്‍ന്നിരിക്കുന്നു.
വിശ്വാസികള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വത്തിലോ മുന്‍കൈയിലോ, സഭയില്‍, എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ ഇന്ന് അവസരമില്ല. എന്നു മാത്രമല്ല, രൂപതാധികാരത്തിനു വിയോജിപ്പു വരുന്ന രീതിയില്‍ സഭാകാര്യങ്ങളില്‍ ഇടപെടുന്ന പക്ഷം, ''സഭാദ്രോഹികള്‍'' എന്ന നിലയില്‍, അവരെ സാമുദായികമായി ഒറ്റപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവിലുണ്ട്. ഇത് സമുദായത്തിലെ കഴിവും ചിന്താശക്തിയും നേതൃത്വഗുണവുമുള്ളവരെ നിഷ്‌ക്രിയത്വത്തിലേയ്ക്കും മതദ്വേഷത്തിലേയ്ക്കും നയിക്കാന്‍ ഇടയാക്കുന്നു. ഇതുതന്നെയാണ്, വളരെയേറെ പ്രഗത്ഭമതികള്‍, തങ്ങളുടെ പ്രഥമ കര്‍മ്മരംഗമായിരിക്കേണ്ട സ്വന്തം സമുദായത്തെ പൂര്‍ണ്ണമായും വിട്ട് ഇതര പ്രവര്‍ത്തന മേഖലകളിലേയ്ക്കു കടക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുള്ളതും. ഈ മസ്തിഷ്‌ക മന്ദീകരണവും ചോര്‍ച്ചയും കേരള കത്തോലിക്കാസമുദായത്തെ നേതൃത്വ ശൂന്യതയിലേയ്ക്കും നിര്‍വീര്യതയിലേയ്ക്കും നയിച്ചുകൊണ്ടിരിക്കുന്നു. നേതൃത്വവും ഊര്‍ജ്ജസ്വലതയും നഷ്ടപ്പെട്ട സമുദായത്തെ, സഭാഘടനയുടെ വ്യാജ ആദ്ധ്യാത്മിക പരിവേഷത്തിന്റെ മായികവലയത്തിലും ആചാരാനുഷ്ഠാനങ്ങളിലും കുടുക്കി തങ്ങളുടെ ഇച്ഛയ്‌ക്കൊത്തു കൊണ്ടുനടക്കുവാന്‍ സഭാധികാരത്തിനു കൂടുതലായി കഴിയുകയും ചെയ്യുന്നു. അമാന്തിക്കുന്തോറും കരകയറുവാനുള്ള ബുദ്ധിമുട്ട് വര്‍ദ്ധിച്ചുവരുന്ന ഒരു ദൂഷിത വലയത്തിലേയ്ക്കാണ് സമുദായം ആഴ്ന്നു കൊണ്ടിരിക്കുന്നത്.
രൂക്ഷമായി വരുന്ന ഈ അവസ്ഥയെപ്പറ്റിയും, അതിന്‍ ഫലമായി തങ്ങളില്‍നിന്നും അന്യാധീനപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ക്രൈസ്തവമായ അവകാശങ്ങളെപ്പറ്റിയും ഉത്തരവാദിത്വങ്ങളെപ്പറ്റിയും വിശ്വാസികളിന്ന് സാമാന്യമായ ഒരവബോധം ഉളവാക്കിയിട്ടുണ്ട്. തങ്ങളുടെമേല്‍ ഇത്രയേറെ ആധിപത്യം പുലര്‍ത്തുന്ന സഭാഘടനയിലെ ഒരു ഘടകവും തങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവരോ, ഏതെങ്കിലും വിധത്തില്‍ തങ്ങളെ പ്രതിനിധീകരിക്കുന്നവരോ അല്ലെന്നും, അതിനാല്‍ അവരെ അംഗീകരിക്കാനോ അനുസ്സരിക്കാനോ സാമാന്യമായ ജനാധിപത്യമൂല്യങ്ങള്‍ വെച്ചുതന്നെയോ ധാര്‍മ്മികമായോ തങ്ങള്‍ക്ക് യാതൊരു ബാധ്യതയും ഇല്ലെന്നുമുള്ള ഒരവബോധം വിശ്വാസികളില്‍ വോരോടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ മറ്റെല്ലാ ക്രൈസ്തവസഭകളിലും ഏതെങ്കിലും വിധത്തിലുള്ള ജനാധിപത്യ പ്രക്രിയകള്‍ നിലവിലുണ്ടെന്നും, സഭാകാര്യങ്ങളില്‍ അത്മായര്‍ക്ക് പരിഗണനയും പ്രാതിനിധ്യവും കുറെയെങ്കിലും ലഭ്യമാകുന്നുണ്ടെന്നും അവര്‍ കാണുന്നുണ്ട്. കേരളത്തിന്റെ പുരാതനമായ ക്രൈസ്തവ സഭാപാരമ്പര്യമനുസ്സരിച്ച് എല്ലാ അധികാരവും വിശ്വാസികളുടെ കൂട്ടായ്മയിലായിരുന്നു നിക്ഷിപ്തമായിരുന്നത് എന്ന ചരിത്രാവബോധവും വിശ്വാസികളുടെയിടയില്‍ വര്‍ദ്ധിച്ചു വരുന്നു. സ്വന്തം സബാപാരമ്പര്യത്തിന്റെയും അപ്പസ്‌തോലന്മാര്‍ സ്ഥാപിച്ച ആദിമ ക്രൈസ്തവ സഭാപാരമ്പര്യത്തിന്റെയും വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഇന്നത്തെ സഭാഘടന തികച്ചും അക്രൈസ്തവമാണെന്ന വിലയിരുത്തലുകളും പഠനങ്ങളും വിമര്‍ശനങ്ങളും മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം വ്യാപകമായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. സമ്പത്തും അധികാരവും കേന്ദ്രീകരിക്കുകയും ആധിപത്യപരമായി പ്രയോഗിക്കുകയും ചെയ്യുന്ന ഇന്നത്തെ സഭാഭരണരീതികളും, അവയുടെ വിനിയോഗം സംബന്ധിച്ചുള്ള ക്രിസ്തുവിന്റെ പഠിപ്പിക്കലുകളും തമ്മില്‍ ഒരിക്കലും ഒത്തുപോകുന്നവയല്ല എന്നു സ്ഥാപിക്കുന്ന, സ്വതന്ത്രമായ ധാരാളം ദൈവശാസ്ത്രവിചിന്തനങ്ങളും വിശ്വാസികളെ കൂടുതല്‍ കൂടുതലായി സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു.
സമീപകാലത്തായി ബൈബിളിനു ലഭിച്ച വമ്പിച്ച പ്രചാരവും, സഭാതലങ്ങളില്‍ത്തന്നെ കൂടുതലായി നടന്നു വരുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളും, സ്വതന്ത്രമായ പല ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന ആത്മാര്‍ത്ഥമായ സഭാവിമര്‍ശനങ്ങളുമൊക്കെ, അവബോധതലത്തിലുള്ള ഒരു ഉഴുതുമറിക്കലിന് കാരണമായിട്ടുണ്ട്. ഏതായാലും, ക്രിസ്തീയാരൂപിയില്‍ തുല്യതയും സാഹോദര്യവും പുലരേണ്ട സഭയില്‍ ഇന്നു പലരുന്നത് ആധിപത്യവും അടിമത്വവുമാണെന്ന അറിവ് വിശ്വാസികളിലിന്ന് വ്യാപകമാണ്. ഭൗതികബന്ധത്തിലും ഭൗതികാധികാരത്തിലും ഹൃദയം പൂഴ്ത്തിയിരിക്കുന്ന സഭാഘടന വിശ്വാസികളില്‍ ആദ്ധ്യാത്മിക ജീര്‍ണ്ണത മാത്രമാണിന്ന് വളര്‍ത്തുന്നതെന്നും, ഈ പ്രതിസന്ധിയെ മറികടക്കണമെങ്കില്‍, അക്രൈസ്തവമായ ഇന്നത്തെ സഭാഘടനയെ ക്രിസ്തീയമായി ഉടച്ചുവാര്‍ക്കേണ്ടത് അനിവാര്യമാണ് എന്നും ബോധ്യമുള്ളവര്‍ ഈ സമുദായത്തിലിന്നു വര്‍ദ്ധിച്ചു വരുകയാണ്.
വര്‍ദ്ധിച്ചു വരുന്ന ഈ ക്രിസ്തീയാവബോധം ഒരു വശത്തും, വര്‍ദ്ധിച്ച ശക്തിയില്‍ വിശ്വാസികളുടെ മേല്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സഭാധികാരം മറുവശത്തുമായി, അങ്ങേയറ്റം ആത്മസംഘര്‍ഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍, ഈ സമുദായം സഭയില്‍ ക്രൈസ്തവ നീതി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി സമീപകാലത്ത് ധാരാളം ഉപവാസ-പ്രാര്‍ത്ഥനായജ്ഞങ്ങളും സഹനസമരങ്ങളും നടന്നു എന്നത് വര്‍ദ്ധിച്ചുവരുന്ന ക്രിസ്തീയാവബോധത്തിന്റെ പ്രകാശനങ്ങളായി എടുത്തു പറയാവുന്നവയാണ്.
1986-ല്‍ വടവാതൂര്‍ സെമിനാരിയില്‍ സി.ബി.സി.ഐ. ചേര്‍ന്ന അവസരത്തില്‍ ഇന്‍ഡ്യയിലെ മുഴുവന്‍ മെത്രാന്മാരുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനും, സഭാകാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന നിവേദനം സമര്‍പ്പിക്കുന്നതിനുമായി, 'വിമോചന വേദി'യുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെ ധാരാളം വിശ്വാസികള്‍ അവിടെയെത്തി ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ഠിച്ചത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമാണ്. 'ക്രൈസ്തവ ഐക്യവേദി'യുടെ നേതൃത്വത്തില്‍ പാലാ ബിഷപ്പ് ഹൗസിനു മുമ്പില്‍ നടത്തിയ ഉപവാസ-പ്രാര്‍ത്ഥനയജ്ഞമാണ് വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു സംഭവം. പട്ടികജാതി ക്രൈസ്തവര്‍ക്കെതിരെ സഭയില്‍ തുടരുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്. ഈ രണ്ടിടങ്ങളിലും സഭാധികാരം വിശ്വാസികളെ നേരിട്ടത് പോലീസിനെക്കൊണ്ടായിരുന്നു എന്നത് സഭയിപ്പോള്‍ എത്രമാത്രം അധികാര പ്രമത്തവും അക്രൈസ്തവവുമായിത്തീര്‍ന്നിരിക്കുന്നു എന്ന് സ്വയം വെളിപ്പെടുത്തുന്നു.
ഇത്തരം ക്രിസ്തീയ പ്രതികരണങ്ങള്‍ സഭയില്‍ വ്യാപകമായി വന്നതിന്റെ പശ്ചാത്തലത്തിലാണ്, അവയെ മുഴുവന്‍ നിരീശ്വര-കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെന്നു മുദ്രകുത്തിക്കൊണ്ടും, അത്തരം പ്രസ്ഥാനങ്ങളെയും അവയില്‍ പ്രവര്‍ത്തിക്കുന്നവരെയും സഭയില്‍നിന്നും അകറ്റി നിര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടും കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ മെത്രാന്മാരുടെയുമായ ഒരു സംയുക്ത സര്‍ക്കുലര്‍ ഇറങ്ങിയത്. ഈ സര്‍ക്കുലറിനെതിരെ വിശ്വാസികളുടെയും അവരുടെ സ്വതന്ത്ര പ്രസ്ഥാനങ്ങളുടെയുമായ ധാരാളം വിമര്‍ശന ലഘുലേഖകള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഈ സര്‍ക്കുലര്‍ ഇറങ്ങിയതിനുശേഷം, സഭാധികാരത്തോടു പൂര്‍ണ്ണമായും വഴങ്ങാതിരിക്കുന്നവരെ കമ്യൂണിസ്റ്റെന്നും നിരീശ്വരനെന്നുമൊക്കെ മുദ്രകുത്തിക്കൊണ്ട്, വിവാഹക്കുറി നല്‍കാതിരിക്കുക, അവരുടെ കുട്ടികള്‍ക്ക് പള്ളിയില്‍ മാമ്മോദീസാ നല്‍കാതിരിക്കുക, സിമിത്തേരിയില്‍ ശവസംസ്‌കാരം അനുവദിക്കാതിരിക്കുക എന്നിങ്ങനെയുള്ള ഏകപക്ഷീയവും സ്വേഛാപരവുമായ പ്രതികാര നടപടികള്‍ വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. അടിവാരം ഇടവക വികാരിയായിരുന്ന ഒരു വൈദികനെ കമ്യൂണിസ്റ്റെന്ന് ആരോപിച്ചുകൊണ്ട് അജപാലന ശുശ്രൂഷയില്‍നിന്നും വിലക്കിയത് അത്തരത്തിലുള്ളവയില്‍ ഏറ്റവും കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. ഈ നടപടിക്കെതിരെ ഇടവകജനങ്ങളും പാലാ രൂപതയിലെ വിശ്വാസികളും നടത്തിയ ശക്തമായ പ്രതിഷേധ പ്രതികരണങ്ങള്‍ രൂപതയേയും കേരള കത്തോലിക്കാ സഭയേത്തന്നെയും ഇളക്കിമറിക്കാന്‍ ഇടയാക്കിയ ഒന്നാണ്. വിശ്വാസികളുടെ ധാര്‍മ്മികരോഷം പല രൂപങ്ങളില്‍ വ്യാപകമായി ആവിഷ്‌ക്കരിക്കപ്പെടുകയും, അവസാനം, പൗരസ്ത്യതിരുസംഘം അദ്ധ്യക്ഷന്‍ മെത്രാന്റെ ശിക്ഷാനടപടി റദ്ദു ചെയ്യുവാന്‍ നിര്‍ബ്ബന്ധിതനാക്കുകയും ചെയ്തു.
കത്തോലിക്കാ വിശ്വാസികളുടെ വര്‍ദ്ധിച്ചു വരുന്ന ഈ ക്രിസ്തീയ പ്രതികരണങ്ങളോടും ചെറുത്തു നില്പ്പുകളോടും, മറ്റു ക്രൈസ്തവ സഭകളിലെ വിശ്വാസികളും വിശ്വാസിസംഘങ്ങളും ആശയതലത്തിലും പ്രവര്‍ത്തനതലത്തിലും വളരെയേറെ അനുഭാവവും ഐക്യദാര്‍ഢ്യവും സഹകരണവും പുലര്‍ത്തുന്നുണ്ടെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. വിശ്വാസികളുടെ തലത്തില്‍ സ്വാഭാവികമായി വളര്‍ന്നു വരുന്ന ഈ സഭാ ഐക്യ-Ecumenical-പ്രക്രിയയെ വളരെ വിലപ്പെട്ട ഒന്നായിട്ടാണ് ഓരോ വിശ്വാസി സംഘങ്ങളും വിലയിരുത്തുന്നത്.
വിശ്വാസികളില്‍ ക്രിസ്തീയാവബോധവും പ്രതികരണശേഷിയും വര്‍ദ്ധിച്ചുവരുന്നു എന്നതിന് ഇവയൊക്കെ മതിയായ തെളിവുകളാണെങ്കിലും, സഭാഘടനയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തിയുടെയും ആദ്ധ്യാത്മിക പരിവേഷത്തിന്റെയും മുമ്പില്‍ സ്ഥിരമായി ഉയര്‍ന്നു നില്‍ക്കാന്‍ മാത്രം ആദ്ധ്യാത്മിക ഉണര്‍വോ ധാര്‍മ്മികശക്തിയോ അവര്‍ നേടിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ്, ഒറ്റപ്പെട്ടതും താല്ക്കാലികവുമായ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും മാത്രം അവിടവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ വിശ്വാസികളില്‍ ആത്മവിശ്വാസമുണര്‍ത്താനോ, സഭയില്‍ വരേണ്ട മാറ്റം സംബന്ധിച്ച് സ്ഥിരമായ ഒരു ശുഭാപ്തിവിശ്വാസം നിലനിര്‍ത്താനോ ഇവ പര്യാപ്തമായിട്ടില്ല. ഈ സാഹചര്യത്തില്‍, ക്രിസ്തീയമായ അടിയുറപ്പും സ്ഥൈര്യവുമുള്ള ഒരു വിശ്വാസ പ്രസ്ഥാനത്തിന് കേരള കത്തോലിക്കാ സഭയില്‍ വളരെയേറെ പ്രസക്തിയും സാധ്യതയുമുണ്ട്.
ഈ സമുദായത്തിലെ നേതൃസ്ഥാനീയരും ബുദ്ധിജീവികളുമായ പ്രമുഖ വ്യക്തികളുടെ ഒരു വലിയ നിരതന്നെ, ഇന്നത്തെ അക്രൈസ്തവമായ സഭാഘടനയ്‌ക്കെതിരെ അണിനിരന്നിട്ടുണ്ടെന്നത്, ഇങ്ങനെയൊരു പ്രസ്ഥാനത്തെ സംബന്ധിച്ച് ഒരു അനുയോജ്യഘടകമാണ്. ഇതര ക്രൈസ്തവസഭകളിലെ വിശ്വാസികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും ഈ പ്രസ്ഥാനത്തിനുണ്ടാകുമെന്നതിന് സംശയത്തിനവകാശമില്ല.
*************************

2009-2010 ലെ വരവു-ചെലവുകണക്കുകള്‍

കേരള കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനം

കേരള കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനം സഭയുടെ വരവു-ചെലവുകളിലെ സുതാര്യതയ്ക്കുവേണ്ടി ശക്തമായി വാദിക്കുന്ന ഒന്നാണ്. അതിനാല്‍ത്തന്നെ പ്രസ്ഥാനത്തിന്റെ 2009-2010 ലെ വരവു-ചെലവുകണക്കുകള്‍ ലോകമെങ്ങുമുള്ള ഏതു മലയാളിക്കും വായിച്ചു മനസ്സിലാക്കാനാവുംവിധം പ്രസിദ്ധീകരിക്കുന്നു:

2009 മാര്‍ച്ച് 31ലെ നീക്കിബാക്കി 2191
വരവ്

35 ശ്രീ മാത്യു ടി.അധികാരം 100
36 പ്രൊഫ.ജോസഫ് വര്‍ഗ്ഗീസ് മൈലേട്ട് 600
37 (ശീമതി അന്നമ്മ മാത്യു വെള്ളാന്തടത്തില്‍ 250
38 ശ്രീ ടി.സി. എബ്രാഹം തടിക്കല്‍ 20
39 ശ്രീ ബിനോയ് ഇലഞ്ഞിക്കല്‍ 50
40 ശ്രീ പ്രസാദ് തോമസ് മണ്ഡപത്തികുന്നേല്‍ 30
41 ശ്രീ പി.ടി. തോമസ് പെരുമ്പള്ളില്‍ 50
42 ശ്രീ ക്‌നാനായ കത്തോലിക്കാനവീകരണസമിതി 100
43 ശ്രീ പി.ജെ. ജോസഫ്, പുല്ലാങ്കുളം 50
44 ശ്രീ ജോണ്‍ തോമസ് മങ്ങാട്ടുതാഴെ 50
45 ശ്രീ വി.എം.ചെറിയാന്‍ കല്ലൂപ്പറപ്പള്ളില്‍ 50
46 ശ്രീ ജോണി പ്ലാത്തോട്ടം 50

47 ശ്രീ സക്കറിയാസ് ടി.സി. തുടിപ്പാറ 100
48 ശ്രീ ജോര്‍ജ്ജ് കുര്യന്‍, തടവനാല്‍ 100
49 ശ്രീ സണ്ണി അഗസ്റ്റിന്‍, പുളിക്കല്‍ 50
50 ശ്രീ പി.എസ്. ജോസഫ്, പനച്ചിക്കവയലില്‍ 100
51 ശ്രീ ലൂക്ക് ജോര്‍ജ്ജ് പുത്തന്‍കുളം 100

52 ശ്രീ തോമസ് തടിക്കല്‍ 100
53 ശ്രീ ജോസാന്റണി മൂലേച്ചാലില്‍ 50
54 ശ്രീ ബേബി ചിറയ്ക്കല്‍ 50
55 ശ്രീ കെ.ജോര്‍ജ്ജ് ജോസഫ്, കട്ടേക്കര 50
56 ശ്രീ എ.കെ. മാത്യു ആഴാത്ത് 50
57 ശ്രീ മാത്യു എം തറക്കുന്നേല്‍ 100
58 ശ്രീ ജോര്‍ജ്ജ് മൂലേച്ചാലില്‍ 50
59 പുസ്തകം വിറ്റുവരവ് 40
60 ജോസഫ് സക്കറിയാസ് മുണ്ടയ്ക്കല്‍ 100
61 റ്റി.പി. രാമചന്ദ്രന്‍ 50
62 ജോസ് ആടുപാറയില്‍ 20

ഞ63 സെബാസ്റ്റ്യന്‍ കൊട്ടാരം 25
64 ടി.പി. ഗീവര്‍ഗ്ഗീസ്, തടിയന്‍, കൂത്താട്ടുകുളം 50
65 സേവ്യര്‍ കൊല്ലംപറമ്പില്‍, ചേന്നാട് 100
66 വി.ജെ. ചാക്കോ വേഴമ്പശ്ശേരില്‍, മേവിട 50
67 ഡോ. ജോസ് സി. പാലത്തുങ്കല്‍, എറണാകുളം 500
68 പി.വി. വര്‍ഗ്ഗീസ് പൊടിമറ്റം, മാറിടം, കടപ്ലാമറ്റം 50
69 ജോണി 50
70 ജോവി ജോസഫ് വെട്ടുകാട്ടില്‍, പ്ലാശനാല്‍ 20
71 പുസ്തകം വിറ്റുവരവ് 40
72 (201) ജോസാന്റണി മൂലേച്ചാലില്‍, പ്ലാശനാല്‍ 50
73 (202) മാമ്മച്ചന്‍ കവിയില്‍, നീലൂര്‍ 100
74 (203) ജോവി വെട്ടുകാട്ടില്‍ 30
75 (204) തോമസ് തെക്കേവയലില്‍ 50
76 (205) സ്റ്റീഫന്‍ മാത്യു വെള്ളാത്തടം 50
77 (206) ജോസുകുട്ടി ഇളയാനിത്തോട്ടത്തില്‍ 100
78 (207) തോമസ് ജോസഫ് നെടുങ്കുന്നേല്‍ 100
79 (208) എം.എം. ദേവസ്യാ മടത്തുംപടിയന്‍ 50
80 (209) സെബാസ്റ്റ്യന്‍ കൊട്ടാരം 50
81 (210) ഒ.ഡി. കുര്യാക്കോസ് ഒഴാക്കല്‍ 100
82 (211) അന്നമ്മ വി.കെ., വടക്കേടത്ത് 50
83 (212) പി.എസ്. ജോസഫ് പനച്ചിക്കവയലില്‍ 100
84 (213) കെ.യു. ദേവസ്യാ കല്ലറയ്ക്കല്‍ 50
85 (214) ജോസ് തെങ്ങുംപള്ളില്‍ 100
86 (215) സാബു കുളങ്ങര 50
87 (216) സണ്ണി അഗസ്റ്റിന്‍, പുളിക്കല്‍ 100
88 (217) ലൂക്കോസ് മാത്യു, കുറിച്ചിത്താനം 50
89 (218)ജെയിംസ് സെബാസ്റ്റ്യന്‍ ചൊവ്വാറ്റുകുന്നേല്‍ 100
90 (72) പി.എം. ജോസഫ് പൂവ്വത്തുങ്കല്‍ 200
91 (73) പി.റ്റി. തോമസ് പുല്ലാട്ട്, പാലാ 1000
92 (74) ഭാരതീയക്രൈസ്തവ പഠനകേന്ദ്രം 1000
93 (75) അഡ്വ. വി.ഡി. ജോസഫ്, വലിയപറമ്പില്‍ 250
94 (76) കിഴക്കയില്‍ ട്രേഡേഴ്‌സ്, പാലാ 100
95 (77) ജോയി ജോസഫ് തോട്ടുങ്കല്‍ 1000
96 (78) മാണി സി. കാപ്പന്‍ 1500
97 (79) കേരള ഓയില്‍ മില്‍, പാലാ 25

98 (80) പാലാ ഫാന്‍സി സ്റ്റോഴ്‌സ് 50

99 (81) ജാസ്മിന്‍ ടെക്‌സ്‌ടൈല്‍സ് പാലാ 100
100 (82) വാളമ്പറമ്പില്‍ ട്രേഡേഴ്‌സ്, പാലാ 100
101 (83) ചാക്കോ സി. പൊരിയത്ത് 100
102 (84) മൂഴയില്‍ ജൂവലേഴ്‌സ്, പാലാ 150
103 (85) തകിടിയേല്‍ സ്റ്റുഡിയോ പാലാ 50
104 (86) വടയാറ്റ് ജൂവലറി, പാലാ 200
105 (87) ചെറുവള്ളില്‍ ട്രേഡേഴ്‌സ്, പാലാ 100
106 (88) സാം കോളുതറ, വള്ളിച്ചിറ പി.ഒ. 100
107 (89) സിബി ചിറ്റേട്ട് 100
108 (90) കെ.ജെ.തോമസ് ഗുഡ്‌ന്യൂസ്, പാലാ 50
109 (91) എ.റ്റി.ജോസഫ് ആലപ്പാട്ടുകുന്നേല്‍, പാലാ 100
110 (92) അഡ്വ.ഡൊമിനിക് മുണ്ടമറ്റം 200
111 (93) ബക്കറ്റ് പിരിവ്,പാലാ, യോഗം 340
112 (94) പുസ്തകംവിറ്റുവരവ്, പാലാ യോഗം 95
113 (95) മനു ടയേഴ്‌സ്, പാലാ 200
114 (96) ജേക്കബ് ജോസഫ്, ഗ്ലോബല്‍ എഡ്യൂ.ലിങ്ക് 500
115 (101) കെ.ജെ. തോമസ് നെല്ലുകോട്ടില്‍, രാമപുരം 50
116 (102) വി.സി. ദേവസ്യാ, വള്ളുവന്‍കോട്ടില് രാമപുരം 100
117 (103) ജോസഫ് ഊടുപുഴ, രാമപുരം 100
118 (104) ബേബി, പുലവിരുത്തില്‍, രാമപുരം 100
119 (105)ശുഭലന്‍, രാമപുരം 100
120 (106) പി.റ്റി. അഗസ്റ്റിന്‍, പൈമ്പിള്ളില്‍ 50
121 (107) ഒ.എസ്. മാത്യു, ഓലിയക്കാട്ടില്‍ 50
122 (108) കെ. ജോര്‍ജ്ജ് ജോസഫ് കട്ടേക്കര 200
123 (109) കെ. ജോര്‍ജ്ജ് ജോസഫ് കട്ടേക്കര 80
124 (110) ഒരു അഭ്യുദയകാംക്ഷി 300
125 (111) ഒരു അഭ്യുദയകാംക്ഷി 100
126 (112) ജോര്‍ജ്ജ് മൂലേച്ചാലില്‍ 500
127 (113) കുട്ടിച്ചന്‍ പേരേക്കാട്ട് 100
128 (219) രാമകൃഷ്ണന്‍ കാത്രക്കല്‍, രാമപുരം 50
129 (220) വിന്‍സെന്റ് എടക്കര, രാമപുരം 100
130 (221) ജോയി ജോസഫ് എടക്കര, രാമപുരം 100
131 (222) ആന്റണി ജോസഫ് ഏറത്ത് 100
132 (223) ജോസഫ് സക്കറിയാസ് മുണ്ടയ്ക്കല്‍ 500
133 (224) ഇ.എം. ജോണ്‍ ഇലവുങ്കല്‍, ചക്കാമ്പുഴ 200
134 (225) സണ്ണി മാത്യു കുഴുമ്പില്‍, രാമപുരം 50
135 (226) ബാബു ജോസഫ് പല്ലാട്ട്
bros. രാമപുരം 100
136 (227) യു.എ.ജോസഫ് ഊടുപുഴയില്‍, രാമപുരം 200
137 (228) ജോബിച്ചന്‍ പി. ഇന്‍ജീനിയ, ഈരാറ്റുപേട്ട 100
138 (229) മാത്യു ജോസഫ് ചാമക്കാലായില്‍ 100
139 (230) പയസ് അധികാരം, ഈരാറ്റുപേട്ട 50
140 (231) സൈമണ്‍ ബേബി അമ്പഴശ്ശേരി 50
141 (232) റ്റി.സി. തോമസ് തടിക്കല്‍ 100
142 (233) ഷാജിമോന്‍ പി.വി. പന്തലാനിക്കല്‍ 100
143 (234) വില്‍സണ്‍ തോമസ്,
KSFE ഈരാറ്റുപേട്ട 100
144 (235) ബേബി അധികാരം 100
145 (236) ലാലച്ചന്‍ പുന്നത്താനത്ത്, തലനാട് 200
145 (236) ലാലച്ചന്‍ പുന്നത്താനത്ത്, തലനാട് 200
146 (237) റോയി തോമസ്,
GHS ഈരാറ്റുപേട്ട 50
147 (238) പ്രസാദ് തോമസ് മണ്ഡപത്തിക്കുന്നേല്‍ 100
ആകെ വരവ് 18,756

ചെലവ്
1 25-5-2009 സെമിനാര്‍: കുമരകം -കോട്ടയം രൂപതയും ജാതീയതയും

അച്ചടി, പോസ്റ്റ് etc 923. 50

യാത്ര, ഭക്ഷണം വാടക, മൈക്ക് etc 627

മറ്റിനം 21

ആകെ 1571. 50
2 1-8-2009 സെമിനാര്‍: അരുവിത്തുറ-ചര്‍ച്ച് ആക്ട്

അച്ചടി, പോസ്റ്റ് etc 1766. 00

യാത്ര, ഭക്ഷണം വാടക, മൈക്ക് etc 735

മറ്റിനം 350

ആകെ 2851. 00
3 17-10-2009 സെമിനാര്‍: രാമപുരം-ചര്‍ച്ച് ആക്ട്

അച്ചടി, പോസ്റ്റ് etc 1456. 00

യാത്ര, ഭക്ഷണം വാടക, മൈക്ക് etc 520

ആകെ 1976. 00
4 20-12-2009 ചര്‍ച്ചായോഗം: പാലാ-നയപ്രഖ്യാപനരേഖ

അച്ചടി, പോസ്റ്റ് etc 504

യാത്ര, ഭക്ഷണം വാടക, മൈക്ക് etc 360

മറ്റിനം 150

ആകെ 1014. 00
5 16-1-2010- പബ്ലിക് മീറ്റിംഗ്: പാലാ-ചര്‍ച്ച് ആക്ട്
6 23-1-2010-പബ്ലിക് മീറ്റിംഗ്: രാമപുരം -ചര്‍ച്ച് ആക്ട്
7 6-2-2010-പബ്ലിക് മീറ്റിംഗ്: ഈരാറ്റുപേട്ട - ചര്‍ച്ച് ആക്ട്

അച്ചടി, പോസ്റ്റ് etc 710. 00

യാത്ര, ഭക്ഷണം വാടക, മൈക്ക് etc 1000

മറ്റിനം 210

ആകെ 1920. 00
ആകെ ചെലവ് 8979. 50 + 3442 + 5559 = 17980. 50
നീക്കിബാക്കി = ആകെ വരവ് - ആകെ ചെലവ്

= Rs. 18,756 - Rs.17,980.50 = 775.50 രൂപാ

2010, മേയ് 27, വ്യാഴാഴ്‌ച

നമ്മുടെ പള്ളികളുടെ ആയുസ്സ് കുറയുന്നതെന്തുകൊണ്ട്?

- കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം, പാലാ
കേരളത്തിലെ വൈദികരില്‍ പള്ളിപണിയും പാരീഷ്ഹാള്‍ പണിയും ഒരു ജ്വരമായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്. അതിലുള്ള അവരുടെ വ്യഗ്രത കണ്ടാല്‍, 'നിങ്ങള്‍ ലോകമെങ്ങും പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ പള്ളികളും പാരീഷ്ഹാളുകളും പണിയുവിന്‍' എന്നാണ് യേശു തന്റെ ശിഷ്യരോടു കല്പിച്ചതെന്നു തോന്നിപ്പോകും.
മനുഷ്യര്‍ക്ക് ആരാധനാലയങ്ങള്‍ വേണം. ഒരു ക്രൈസ്തവനെ സംബന്ധിച്ച്, യേശുവിന്റെ സ്‌നേഹവചസ്സുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കാനും, അവയെക്കുറിച്ച് ഏകാന്തതയില്‍ മനനം ചെയ്ത് ആത്മീയ വളര്‍ച്ച നേടാനും, സ്വന്തം ഹൃദയത്തില്‍ അധിവസിക്കുന്ന ആത്മാവായ ദൈവത്തെ അരൂപിയില്‍ ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുവാനും, വിശ്വാസികളുടെ സ്‌നേഹകൂട്ടായ്മ ആസ്വദിക്കുവാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമൊക്കെ അവന് ആരാധനാലയം അവശ്യം ആവശ്യമാണ്. അടക്കാനാവാത്ത ഈ ആവശ്യബോധത്തിന്റെ സാമൂഹികമായ ആവിഷ്‌ക്കാരമായാണ് ഓരോ പള്ളിയും ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
പള്ളികള്‍ നിര്‍മ്മിച്ചവര്‍ അവ തങ്ങളുടെ ഒരു താല്ക്കാലികാവശ്യം എന്ന നിലയിലല്ല പണിതിട്ടുള്ളത.് ആദ്ധ്യാത്മികവളര്‍ച്ചയുടെ എന്നത്തെയും പ്രസക്തി മനസ്സിലാക്കിക്കൊണ്ട് ഭാവിതലമുറകള്‍ക്കുവേണ്ടിക്കൂടിയാണ് ദേവാലയങ്ങളെല്ലാം നിര്‍മ്മിതമായിട്ടുള്ളത്. അതുകൊണ്ടുതന്നെ, ഏറ്റവും ശ്രദ്ധചെലുത്തിയും ബലവത്തായിട്ടുമാണ്, പൊതുവേ, അവയുടെയെല്ലാം നിര്‍മ്മിതി. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പഴക്കമുള്ള അനവധി ദേവാലയങ്ങള്‍, ഓരോ മതസംസ്‌കൃതിയെയും പ്രതിനിധീകരിച്ച്, ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്നത് അതുകൊണ്ടാണ്.
എന്നാല്‍, കേരളത്തിലെ ക്രൈസ്തവസമൂഹം മാത്രം തങ്ങളുടെ ചരിത്രത്തെയും പൂര്‍വ്വികരുടെ സ്മരണകളെയും നിന്ദിച്ചുകൊണ്ട് അവര്‍ രൂപകല്പനചെയ്തും വിയര്‍പ്പൊഴുക്കിയും നമുക്കായി നിര്‍മ്മിച്ചു നല്‍കിയ മനോഹരങ്ങളും ബലവത്തുമായ ദേവാലയങ്ങള്‍ ഒരുകൂട്ടം പുത്തനച്ചന്മാരുടെ നേതൃത്വത്തില്‍ ഇടിച്ചുനിരത്തി രസിക്കുകയാണ്! അങ്ങനെ കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളുടെ ആയുര്‍ദൈര്‍ഘ്യം നിതേ്യന കുറഞ്ഞുകൊണ്ടിരിക്കുന്നു. സാധാരണയായി ആയുര്‍ദൈര്‍ഘ്യം കുറയുന്നത് അകാലമരണങ്ങളുടെ തോതു കൂടുമ്പോഴാണ്. നമ്മുടെ പള്ളികളുടെ കാര്യത്തില്‍ സംഭവിക്കുന്നതാകട്ടെ, അകാലചരമങ്ങളല്ല; അകാലകൊലപാതകങ്ങള്‍ തന്നെയാണ്. അതിനു നേതൃത്വം നല്‍കുന്നതോ, ദേവാലയകേന്ദ്രീകൃതമായി ആദ്ധ്യാത്മികജീവിതം നയിക്കേണ്ട വൈദികരും!
'ഫാഷന്‍ മാറുന്നതനുസരിച്ച് വേഷം മാറണ'മെന്നു ശഠിക്കുന്ന, അന്തസാരശൂന്യരായ പച്ചപ്പരിഷ്‌ക്കാരികളുടേതിനോടു തുലനം ചെയ്യാവുന്ന ഒരുതരം ബാലിശഭ്രമം താരതമേ്യന പുത്തന്‍തലമുറയില്‍പ്പെട്ട കുറെയേറെ അച്ചന്മാരെ ആവേശിച്ചിരിക്കുന്നു എന്നതാണ് നമ്മുടെ സഭയില്‍ സംഭവിച്ചിരിക്കുന്ന ഈ ദുരവസ്ഥയ്ക്കു കാരണം. 'മരാമത്തച്ചന്മാര്‍' എന്നു വിശേഷിപ്പിക്കാവുന്ന ഒരു പുത്തന്‍ജനുസ്സില്‍പ്പെട്ട ഈ കൊച്ചച്ചന്മാരുടെ എണ്ണം കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അത് അവരുടെ വ്യക്തിപരമായ കുറ്റംകൊണ്ടാകാനിടയില്ല. സെമിനാരി സിലബസില്‍ മരാമത്തും പുത്തന്‍മാനേജ്‌മെന്റ് തന്ത്രങ്ങളുമൊക്കെ പഠന-പരിശീലന വിഷയങ്ങളാക്കിയിട്ടുണ്ടാവണം. ഏതായാലും, പള്ളിപണിയും പാരീഷ്ഹാള്‍പണിയും ഇന്നത്തെ ഒട്ടുവളരെ അച്ചന്മാര്‍ക്കും ഒരു ഹരമാണ്. ഇതിനു പിന്നിലുള്ള പ്രചോദനം, ഒന്നുകില്‍, സാമ്പത്തിക നേട്ടമാകാം; അല്ലെങ്കില്‍ തങ്ങളുടെ യജമാനനായ മെത്രാനുമുമ്പില്‍ മിടുക്കു തെളിയിച്ച് പ്രശംസ പിടിച്ചുപറ്റാനോ അതുവഴി മെച്ചപ്പെട്ട സ്ഥാനങ്ങളിലേക്ക് പ്രൊമോഷന്‍ നേടാനോ ആകാം. അതുമല്ലെങ്കില്‍, ഇതാണു ദൈവസേവനം എന്ന മണ്ടന്‍ധാരണയില്‍ ദൈവപ്രീതി നേടുന്നതിനുമാകാം. എന്തായാലും, യഥാര്‍ത്ഥമായ ഒരു ആദ്ധ്യാത്മികപ്രചോദനവും അതിനുപിന്നിലില്ലതന്നെ.
ഈ മരാമത്തച്ചന്മാര്‍ വല്ലാത്തൊരു ശല്യവും വെല്ലുവിളിയുമാണ് കേരളക്രൈസ്തവസമൂഹത്തില്‍ ഉയര്‍ത്തിയിരിക്കുന്നത് എന്ന വസ്തുതയ്ക്കു നേരെ കണ്ണടയ്ക്കാന്‍ ഇനി ആവില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. ഈ അച്ചന്മാര്‍ പൊതുവേ പക്വതയോ ദീര്‍ഘവീക്ഷണമോ ആദ്ധ്യാത്മികാവബോധമോ ഒന്നുമില്ലാവരാണ് എന്നതാണ് കൂടുതല്‍ അപകടകരമായിരിക്കുന്നത്. അവയ്ക്കുപകരം സാമം, ദാനം, ഭേദം, ദണ്ഡം എന്നീ ചതുരുപായങ്ങളും ദൈവത്തിന്റെ പ്രതിനിധി എന്ന നിലയില്‍ വിദഗ്ധമായി പ്രയോഗിക്കാനുള്ള വിരുതും തന്ത്രജ്ഞതയുമാണ് അവര്‍ ആര്‍ജ്ജിച്ചിരിക്കുന്നത്. കൂടാതെ, പുരോഹിതര്‍ക്ക് സഭയിലും വിശ്വാസികളുടെമേലും സ്വേച്ഛാധികാരങ്ങള്‍ പതിച്ചുനല്‍കിയിരിക്കുന്ന, ബൈബിള്‍വിരുദ്ധമായ പല കാനോന്‍ നിയമവകുപ്പുകളും അവര്‍ക്ക് ആയുധമായുണ്ടുതാനും.
ഈ വിരുതുകളും ആയുധങ്ങളുമായാണ് ഈ മരാമത്തച്ചന്മാര്‍ മുന്നോട്ടു പോകുന്നത്. ഒട്ടും പഴക്കമില്ലാത്തതാണെങ്കില്‍പ്പോലും സൗകര്യക്കുറവും വലുപ്പക്കുറവും ഒക്കെ ചൂണ്ടിക്കാട്ടി നിലവിലുള്ള പള്ളി പൊളിച്ച് പുതിയ പളളി പണിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ദൈവശാസ്ത്രം മേമ്പൊടി ചേര്‍ത്ത്, വൈദിക ചങ്ങാത്തത്തിലൂടെ സാമൂഹികാന്തസ് ഉയര്‍ത്താമെന്നു വ്യാമോഹിച്ചെത്തുന്ന പള്ളിഭക്തപ്രമുഖരോട്, സ്വകാര്യസംഭാഷണങ്ങളില്‍ പ്രഘോഷിച്ചു തുടങ്ങുന്നു. തുടര്‍ന്ന്, അങ്ങനെയൊരാവശ്യത്തെക്കുറിച്ച് ഒരു തോന്നല്‍പ്പോലും ഉണ്ടായിട്ടില്ലാത്ത ഇടവകജനങ്ങളിലേക്കും ഭക്തസംഘടനകളിലെ പ്രവര്‍ത്തകരിലേക്കും ഈ 'ബോധവല്‍ക്കരണം' സ്‌നേഹപൂര്‍വ്വം അടിച്ചേല്‍പ്പിച്ചു തുടങ്ങുകയായി. ആദ്ധ്യാത്മികപരിവേഷത്തോടും ആധികാരികതയോടുംകൂടിയ അച്ചന്റെ വാക്കുകളില്‍ സ്വാഭാവികമായും കുറെപ്പേര്‍ വീണുപോകുന്നു. ഇവരെ ഒപ്പം നിര്‍ത്തിയാണ് തുടര്‍ന്നുള്ള നീക്കങ്ങള്‍. മുറുമുറുപ്പുയര്‍ത്തുന്നവരെ കണ്ടെത്തുന്നതും ഇവരിലൂടെയാണ്. അങ്ങനെ കണ്ടെത്തുന്നവരെ പള്ളിമുറിയില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു വിളിച്ചുവരുത്തി ചതുരുപായങ്ങളും പ്രയോഗിച്ച് ഒന്നുകില്‍ വശത്താക്കുന്നു; അല്ലെങ്കില്‍ നിശ്ശബ്ദരാക്കുന്നു. ഇത്രയുമായാല്‍പ്പിന്നെ പള്ളിപണിയുടെ ആവശ്യകതയെപ്പറ്റിയുള്ള പള്ളിപ്രസംഗങ്ങളാണ്. അങ്ങനെ, പള്ളിപണി എന്ന വിഷയം ഇടവകക്കാരുടെ മുഖ്യചിന്താവിഷയമായി മാറുന്നു. ഇടവകക്കാര്‍ക്കുവേണ്ടി ഇത്രയേറെ ചിന്തിക്കുകയും പള്ളിപണിയുടെ നേതൃത്വമേറ്റെടുക്കാന്‍ സന്നദ്ധനാകുകയും ചെയ്യുന്ന അച്ചനോട് പള്ളിഭക്തരില്‍ അനുകൂലഭാവം വളരുന്നു; പ്രതികൂലമായി സംസാരിക്കാന്‍ ശ്രമിക്കുന്നവരെ സഭാദ്രോഹികള്‍ എന്ന നിലയില്‍ നോക്കിത്തുടങ്ങുന്നു. ഇത്രയുമായാല്‍പ്പിന്നെ പള്ളിപണി പ്രധാന അജണ്ടയാക്കി പള്ളിപ്പൊതുയോഗം നടത്തി, അംഗീകാരം നേടാം. നിര്‍ണ്ണായകമായ പള്ളിപൊതുയോഗം ഒരുവിധത്തിലും പാളിപ്പോകാതിരിക്കാനുള്ള തന്ത്രങ്ങളില്‍ അച്ചന്റെ മനസ്സ് വ്യാപരിക്കുകയായി.
ഈ അവസരത്തില്‍, കേരളസഭയെ സംബന്ധിച്ച് പള്ളിയോഗമെന്നാല്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് അല്പം ചിലതു പറയേണ്ടതുണ്ട്. കേരളസഭയുടെ പള്ളിയോഗപാരമ്പര്യത്തെക്കുറിച്ച് സഭാചരിത്രകാരന്മാരില്‍ ഏറ്റം പ്രമുഖനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്തിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു'' (ഭാരതസഭാചരിത്രം, പേജ്: 198-199). ഈ ചരിത്രവസ്തുത റവ.ഡോ. എ.എം. മുണ്ടാടന്‍ (സി.എം.ഐ), റവ. ഡോ. പ്ലാസിഡ് പൊടിപാറ (സി.എം.ഐ), റവ. ഡോ.ജോസ് കുറിയേടത്ത്, റവ.ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്നിങ്ങനെ വേറെയും ഒട്ടുവളരെ സഭാചരിത്രകാരന്മാര്‍ ആധികാരിക പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ ആയ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ സഭാസമ്പ്രദായത്തെക്കുറിച്ച്, ഇങ്ങനെ വിശദീകരിക്കുന്നു: ''സഭയുടെ ഭരണം നടത്തിയിരുന്നത് 'യോഗം' എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സംഘമായിരുന്നു. മൂന്നുതരം യോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം'' ('Law of Thomas, page:41-42, തര്‍ജ്ജമ സ്വന്തം).
ഇത്ര വിശിഷ്ടവും ബൈബിളധിഷ്ഠിതവും (അപ്പോ.പ്രവൃ.6:2-4) കാലംകൊണ്ട് പ്രയോഗക്ഷമത തെളിയിച്ചതുമായ നമ്മുടെ ഈ പൈതൃകസഭാപാരമ്പര്യത്തെ, പുരോഹിതരുടെ സമഗ്രാധിപത്യത്തിനുവേണ്ടി രൂപംകൊടുത്ത കാനോന്‍ നിയമത്തിലൂടെ ശ്വാസംമുട്ടിച്ചുകൊന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. അതിന്‍പ്രകാരം, 'ഇടവകവികാരിയെ ഉപദേശിക്കാനും സഹായിക്കാനും...അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ് പള്ളിയോഗം' (പള്ളിയോഗനടപടിക്രമങ്ങള്‍: ഭാഗം I ഖണ്ഡം 2). അതായത്, അതൊരു ഉപദേശകസമിതി മാത്രമാണ്; തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള അധികാരം അതിനില്ല. ഇത്തരം ഉപദേശകസമിതികള്‍ രാജഭരണസംവിധാനത്തിലാണ് ഉണ്ടായിരുന്നത് എന്നോര്‍ക്കുക.
അങ്ങനെ പള്ളിയോഗത്തിന്റെ പല്ലുകൊഴിച്ചുകളഞ്ഞിട്ടുപോലും, പള്ളിയോഗത്തില്‍ വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കും എന്ന ഭയപ്പാടോടെയാണ് വികാരിമാര്‍ അതിനെ നേരിടുന്നത് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ്, അവിടെയും തന്ത്രങ്ങള്‍ മെനയുന്നതില്‍ വികാരിമാര്‍ വളരെ ശ്രദ്ധിക്കുന്നത്.
പള്ളിപണി തീരുമാനിക്കാന്‍കൂടുന്ന പൊതുയോഗത്തില്‍ കൂടുതല്‍പേര്‍ എതിര്‍ശബ്ദമുയര്‍ത്താനിടയുണ്ടെന്നു സംശയം തോന്നിയാല്‍, യോഗം കുര്‍ബാനയോടനുബന്ധിച്ച് പള്ളിക്കുള്ളില്‍ത്തന്നെ നടത്താന്‍ തീരുമാനിക്കുന്നത് അച്ചന്റെ ഈ തന്ത്രജ്ഞതയുടെ ഭാഗമാണ്. പള്ളിപ്രസംഗങ്ങള്‍ എത്ര ബാലിശവും വിരസവുമായിരുന്നാലും അള്‍ത്താരയ്ക്കു മുമ്പില്‍നിന്നു പറയുന്നു എന്ന ഒരേയൊരു കാരണത്താല്‍ അതിനെതിരെ ആരും ഒന്നും പറയാറില്ല എന്നത് ഒരു വസ്തുതയാണല്ലോ. അല്ലെങ്കിലും, കുര്‍ബ്ബാനയില്‍ പങ്കുകൊണ്ട സകലരെയുംവച്ചുള്ള 'പൊതുയോഗ' ത്തില്‍ സ്വന്തം ഭാര്യയുടെയും കുട്ടികളുടെയും മുമ്പില്‍, പുരോഹിതരോഷത്തിനിരയായി അപമാനിതനായേക്കുമോ എന്ന ഭയം എല്ലാവരെയും ബാധിച്ചിരിക്കും. അങ്ങനെ, ദൈവഭയമുയര്‍ത്തിയും മനഃശാസ്ത്രപരമായും നിരായുധരാക്കി വിശ്വാസിസമൂഹത്തിന്റെ വായ തുന്നിക്കെട്ടിയതിനുശേഷമുള്ള 'യോഗം' എങ്ങനെ പള്ളിപ്പൊതുയോഗമാകും എന്നു നാം ആലോചിക്കണം. യോഗാദ്ധ്യക്ഷന്‍ മാത്രമായ വികാരിയച്ചന്‍മാത്രം അഭിപ്രായപ്രകടനം നടത്തുന്ന യോഗത്തെ പളളിയോഗമെന്നു വിളിക്കാന്‍ കഴിയുന്നതെങ്ങനെ? ഇടവകയുടെ ആധികാരിക അംഗങ്ങള്‍ ചേര്‍ന്ന് സുതാര്യവും സ്വതന്ത്രവുമായ ചര്‍ച്ചകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും എത്തിച്ചേരുന്ന തീരുമാനങ്ങളെ മാത്രമേ യോഗതീരുമാനങ്ങളായി സുബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവൂ. യോഗാദ്ധ്യക്ഷനായ വികാരിക്ക്, ചര്‍ച്ചകള്‍ സുഗമമായി നടത്തുന്നതിന് ധാര്‍മ്മികമേല്‍നോട്ടം വഹിക്കാനുള്ള കടമയാണുള്ളത്. അതിനപ്പുറം സ്വയം വിഷയാവതരണം നടത്തുകയും അനുകൂലമോ പ്രതികൂലമോ ആയി കൈപൊക്കാന്‍ മാത്രം അനുവാദം നല്‍കുകയും ചെയ്യുന്നരീതി, കേരളസഭാപാരമ്പര്യത്തെയും ഇടവകാംഗങ്ങളെയും അവഹേളിക്കുന്നതാണ്.
പള്ളിപണി നടപ്പാക്കാന്‍വേണ്ടി ഇന്നത്തെ വൈദികര്‍ നടത്തുന്ന ഈ അഭ്യാസങ്ങളും കുനുഷ്ടുതന്ത്രങ്ങളും കണ്ടാല്‍, കേരളത്തിലെ ആയിരക്കണക്കിനു പള്ളികളും പളളിക്കൂടങ്ങളും പണിതത് ഇവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു എന്നു തോന്നിപ്പോകും. കേരളത്തിലെ ഓരോ പള്ളിയും ഉണ്ടായത് വിശ്വാസിസമൂഹത്തിന്റെ കൂട്ടായ ആവശ്യബോധത്തില്‍നിന്നായിരുന്നു; അല്ലാതെ, അച്ചന്മാരുടെയോ മെത്രാന്മാരുടെയോ ആവശ്യബോധത്തില്‍നിന്നായിരുന്നില്ല. വിശ്വാസികള്‍ കൂടിയാലോചിച്ചു പള്ളിപണിയാന്‍ തീരുമാനമെടുക്കുകയും അതിനാവശ്യമായ സ്ഥലവും പണവും വിഭവങ്ങളും അദ്ധ്വാനവും സ്വമേധയാ നല്‍കുകയുമായിരുന്നു. കേരളത്തിലല്ലാതെ ലോകത്തു മറ്റൊരിടത്തും വിശ്വാസികള്‍ മുന്‍കൈയെടുത്ത് തങ്ങളുടെ ഉടമസ്ഥതയില്‍ ഇത്രയേറെ പള്ളികള്‍ സ്ഥാപിച്ചിട്ടില്ല എന്നത് കേരളക്രൈസ്തവരെ സംബന്ധിച്ച് അഭിമാനാര്‍ഹമായ ഒരു വസ്തുതയാണ്. 'ക്രൈസ്തവം' എന്നു വിശേഷിപ്പിക്കപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ പള്ളികളെല്ലാംതന്നെ, രാജ്യത്തിന്റെ ഖജനാവില്‍നിന്നു പണംമുടക്കി അവിടങ്ങളിലെ രാജാക്കന്മാര്‍ പ്രജകള്‍ക്ക് ദാനമായി പണിയിച്ചുകൊടുത്തവയാണ്. അവിടത്തെ പള്ളികളുടെ ഭരണകാര്യങ്ങളില്‍ വിശ്വാസിസമൂഹത്തിന് അവകാശങ്ങളൊന്നും ഇല്ലാതെപോയതിന്റെ കാരണവും അതായിരുന്നു. പാശ്ചാത്യസഭാസമ്പ്രദായത്തിന്റെ ഇതേ ഘടനാമാതൃകയിലേക്ക് കേരളസഭയുടെ പള്ളിയോഗപാരമ്പര്യവും കാനോന്‍ നിയമത്തിലൂടെ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. അങ്ങനെയാണ്, തീരുമാനങ്ങളെടുത്തു നടപ്പാക്കാന്‍ അധികാരമുണ്ടായിരുന്ന നമ്മുടെ പള്ളിയോഗങ്ങള്‍ കേവലം ഉപദേശകസമിതികളായിത്തീര്‍ന്നത്, പുരോഹിതര്‍ അധികാരികളും വിശ്വാസികള്‍ അടിമകളുമായത്.
എങ്കില്‍പ്പോലും, പള്ളിപണിപോലെ വന്‍സാമ്പത്തികഭാരം ഉള്‍പ്പെടുന്ന ഒരു വിഷയത്തില്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശം പൊതുയോഗത്തില്‍ നിഷേധിക്കപ്പെട്ടാല്‍ അതു പൊതുയോഗമായിരുന്നില്ലെന്നു പറയാനുള്ള അവകാശമെങ്കിലും ഇടവകയിലെ പൊതുയോഗാംഗങ്ങള്‍ക്കുണ്ട്. വായ് മൂടിക്കെട്ടി അടിച്ചേല്‍പ്പിക്കുന്ന പള്ളിപണിയുടെ സാമ്പത്തികബാധ്യത ഏറ്റെടുക്കില്ല എന്നു പ്രഖ്യാപിക്കാനുള്ള അവകാശവും അവര്‍ക്കുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ അതിനുള്ള ചങ്കൂറ്റമെങ്കിലും വിശ്വാസിസമൂഹം പ്രകടിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമായിരിക്കുന്നു. വിശ്വാസികള്‍ കഴിവുകെട്ടവരും അറിവില്ലാത്തവരുമായതിനാല്‍ സഭാകാര്യങ്ങളില്‍ തീരുമാനമെടുക്കുവാനും സ്വത്തു ഭരിക്കുവാനും പ്രാപ്തിയില്ലെന്ന പുരോഹിത-മെത്രാന്‍ നിലപാട് നാം അംഗീകരിക്കണമോ? അങ്ങനെയെങ്കില്‍ പിരിവു കൊടുക്കാനും പ്രകടനങ്ങള്‍ നടത്താനും ഈ കഴിവുകെട്ടവരെ ഇവര്‍ സമീപിക്കുന്നതെന്തിന്? വിശ്വാസിസമൂഹം എന്ന അടിത്തറയിലാണ് പുരോഹിതനും മെത്രാനുമൊക്കെ ഉയര്‍ന്നുനില്ക്കുന്നത് എന്ന സത്യം ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
'രാജകീയപുരോഹിതഗണം' എന്നു പത്രോസ് ശ്ലീഹാ വിശേഷിപ്പിച്ചിട്ടുള്ള വിശ്വാസിസമൂഹത്തെ ഇകഴ്ത്തിക്കണ്ടുകൊണ്ടുള്ള പുരോഹിതനീക്കങ്ങള്‍ സഭാവിരുദ്ധമാണെന്ന തിരിച്ചറിവ് വിശ്വാസികള്‍ക്ക് ഉണ്ടായേപറ്റൂ.

കെ.ജോര്‍ജ്ജ് ജോസഫ്, കട്ടേക്കര (9747304646) - ചെയര്‍മാന്‍
ജോര്‍ജ് മൂലേച്ചാലില്‍ (9497088904) - സെക്രട്ടറി
കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം

''സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍
ഉറച്ചുനില്‍ക്കുക. അടിമത്തത്തിന്റെ നുകത്തിനു കീഴില്‍ വീണ്ടും നിങ്ങള്‍ അമരരുത്'' (ഗലാ.5:1).