2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

മെത്രാസന സമഗ്രാധിപത്യത്തിനെതിരെ

മെത്രാസന സമഗ്രാധിപത്യത്തിനെതിരെ
മലയാളികത്തോലിക്കര്‍ അമേരിക്കയിലും

കേരളത്തിലെ കത്തോലിക്കാ സഭാന്തരീക്ഷം പ്രക്ഷുബ്ധമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. തങ്ങള്‍ ദാനം ചെയ്തുണ്ടാക്കിയ പള്ളിസ്വത്തുക്കളും തങ്ങള്‍ വിയര്‍ത്തുണ്ടാക്കിയ പള്ളികളും സ്ഥാപനങ്ങളും മറ്റൊരു രാഷ്ട്രമായ വത്തിക്കാന്റെ മതനിയമങ്ങളനുസ്സരിച്ച് മാര്‍പ്പാപ്പാ നിയോഗിക്കുന്ന മെത്രാന്മാരല്ല; മറിച്ച്, ഇന്‍ഡ്യന്‍ഭരണഘടനപ്രകാരം ഇവിടുത്തെ വിശ്വാസിസമൂഹമാണ് ഭരിക്കേണ്ടതെന്ന വാദമുയര്‍ത്തി, കേരളത്തിലെ സ്വതന്ത്ര കത്തോലിക്കാസംഘടനകളും പ്രസ്ഥാനങ്ങളും വമ്പിച്ച ഒരു സമരത്തിനിറങ്ങിത്തിരിച്ചിരിക്കുകയാണിന്ന്്. ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായിരുന്ന നിയമപരിഷ്‌കരണ കമ്മീഷന്‍ രൂപംകൊടുത്ത് ഗവണ്മെന്റിനു സമര്‍പ്പിച്ച, 'ചര്‍ച്ച് ആക്ട്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, ‘The Kerala Christian Church Propeties and Institutions Act 2009’എന്ന നിയമം നടപ്പിലാക്കണം എന്നവര്‍ ആവശ്യപ്പെടുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള അനവധി സ്വതന്ത്ര കത്തോലിക്കാസംഘടനകളും പ്രസ്ഥാനങ്ങളും അണികളും അവയുടെ ഏകോപന വേദിയായ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി്'ലിന്റെ നേതൃത്വത്തില്‍ അരയും തലയും മുറുക്കി, ഒരു പുതിയ സ്വാതന്ത്ര്യസമരത്തിനെന്നപോലെ, രംഗത്തിറങ്ങിക്കഴിഞ്ഞു. മെത്രാന്മാര്‍ ഈ ജനകീയശക്തിയെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ എന്നത്തെക്കാളും വ്യാപൃതരാണിന്ന്. വി.ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്റെ കരടുനിയമത്തിലെ ഒരു വകുപ്പിനെതിരെപോലും എതിര്‍വാദമുന്നയിക്കുവാന്‍ കഴിയാത്ത അവര്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ മെനയാന്‍ ശ്രമിക്കുകയും, ക്രൈസ്തവ വോട്ടുകളുടെ ദല്ലാള്‍ ചമയുകയും, അതിനായി 'ഇടയലേഖനങ്ങ'ളെന്നപേരില്‍ പള്ളികളില്‍ രാഷ്ട്രീയപ്രചാരണലേഖനങ്ങള്‍ വായിക്കുകയും ചെയ്യുന്നു. ഇതെല്ലാം, മെത്രാന്മാരുടെ കൂടിവരുന്ന ഭൗതിക അധികാരപ്രവണതയ്‌ക്കെതിരെ ഉയരുന്ന ജനശക്തിക്കു തടയിടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്നു മനസ്സിലാക്കിക്കൊണ്ട്, ആരാധാനാലയങ്ങളെ രാഷ്ട്രീയ പ്രചരണവേദിയാക്കുന്നതിനെതിരെ ജനങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധിച്ചു തുടങ്ങിയിരിക്കുകയാണ്. അവസാനമായിക്കണ്ടത്, കെ.സി.ബി.സി. യോഗസ്ഥലമായ പാലാരിവട്ടം പി.ഒ.സി. സെന്ററില്‍ പ്ലാക്കാര്‍ഡുകളുമേന്തി, 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി’ലിന്റെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള വിശ്വാസികള്‍ പ്രകടനം നടത്തുന്നതും, പിന്നീട് ജൂലൈ 18-ന് എറണാകുളം നഗരമദ്ധ്യത്തില്‍ മെത്രാന്മാരുടെ സംയുക്ത ഇടയലേഖനം പരസ്യമായി കത്തിക്കുന്നതുമാണ്. ആഗസ്റ്റ് 22-ന് എറണാകുളത്തു 'ജോയിന്റ് ക്രിസ്ത്യകൗണ്‍സി’ലിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന 'അല്‍മായ അവകാശസംരക്ഷണ സംസ്ഥാന കണ്‍വെന്‍ഷന്‍’ സഭയുടെ വിദേശഭരണാധികാര സംവിധാനത്തിനെതിരെ കേരളക്രൈസ്തവരുടെ ശക്തമായ സ്വാതന്ത്ര്യസമരാഹ്വാനമാകുമെന്നാണ് അതിനുള്ള സന്നാഹങ്ങള്‍ സൂചിപ്പിക്കുന്നത്.

കേരളാകത്തോലിക്കാസഭയ്ക്കുള്ളില്‍ ഉരുണ്ടുകൂടുന്ന ഈ സ്വാതന്ത്ര്യസമരാന്തരീക്ഷം ഇവിടെ മാത്രമായി ഒതുങ്ങുന്നില്ല എന്നാണ്, അമേരിക്കയിലെയും കാനഡായിലെയും സീറോ-മലബാര്‍ കത്തോലിക്കര്‍ക്കുവേണ്ടി രൂപംകൊടുത്തിട്ടുള്ള ചിക്കാഗോ രൂപതയില്‍ നടക്കുന്ന ചില സംഭവവികാസങ്ങള്‍ കാണിക്കുന്നത്. അവിടെയും മലയാളികത്തോലിക്കര്‍ മെത്രാന്റെ സര്‍വ്വാധിപത്യത്തിനെതിരെ കയ്യുയര്‍ത്തിത്തുടങ്ങിയിരിക്കുന്നു. സ്വന്തം പണംകൊണ്ടും അദ്ധ്വാനംകൊണ്ടും തങ്ങള്‍ വാങ്ങുകയും പണിതുയര്‍ത്തുകയും ചെയ്യുന്ന പള്ളികളും പള്ളിസ്വത്തുക്കളും മെത്രാന്റേതുമാത്രമായിത്തീരുന്ന അക്രൈസ്തവ സാഹചര്യത്തിനെതിരെയാണ്, അവിടെയും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് അമേരിക്കന്‍ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളും വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. പ്രമുഖ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ജയ്‌സണ്‍ വൈറ്റ്‌ലി കലാപം പൊട്ടിപ്പുറപ്പെട്ട കോപ്പെല്‍ ഇടവകക്കാരെ ഇന്റര്‍വ്യൂ ചെയ്തു നടത്തിയ ടി.വി. ദൃശ്യങ്ങളും റിപ്പോര്‍ട്ടും വളരെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍, അമേരിക്കയിലെ മലയാളികള്‍ നടത്തിവരുന്ന ക്ലേശകരവും സാഹസികവുമായ ഈ സമരം കേരളത്തില്‍ ഒരു ചെറിയ വാര്‍ത്തപോലും ആവുകയുണ്ടായില്ല.
അമേരിക്കയിലെ മലയാളികത്തോലിക്കര്‍ ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കന്നത് ചിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തങ്ങളുടെ പള്ളികളില്‍ കല്‍ദായവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തിനെതിരെയാണ്.
കല്‍ദായദേശത്തുനിന്ന് (ഇപ്പോഴത്തെ ഇറാക്ക്) 4-ാം നൂറ്റാണ്ടിലോ മറ്റോ ഇവിടെ കുടിയേറിയ ക്രൈസ്തവരുടെ സഭാപൈതൃകമാണ് കേരളസഭയുടെതെന്ന് വാദിച്ച് അവരുടെ ആരാധനക്രമങ്ങളും മറ്റും അടിച്ചേല്‍പ്പിക്കുന്ന ഒരു വൈദേശികസമീപനമാണ് സഭയില്‍ കല്‍ദായവാദം എന്നറിയപ്പെടുന്നത്. അതിന്റെ ഭാഗമായി, മാര്‍ പവ്വത്തില്‍ ‘മാര്‍ത്തോമ്മാക്കുരിശ്’ എന്നു പേരിട്ടവതരിപ്പിച്ച യേശുവില്ലാത്ത ഒരു പേര്‍ഷ്യന്‍ കുരിശ,് ക്രൂശിതരൂപത്തിന് പകരം, എല്ലാ പള്ളികളിലെയും അള്‍ത്താരയില്‍ പ്രതിഷ്ഠിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയും കല്‍ദായവാദത്തിന്റെ ഭാഗമാണ്. റോമിലെ പൗരസ്ത്യസംഘത്തിന്റെ ഒത്താശയോടുകൂടി, മാര്‍ പവ്വത്തിലിന്റെ നേതൃത്വത്തില്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് തുടങ്ങിയതാണ് ഈ വിഭാഗീയ പ്രസ്ഥാനം. ഈ നീക്കത്തിനെതിരെ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം മെത്രാന്മാരും വൈദികരും വിശ്വാസികളും ചെറുത്തുനിന്നെങ്കിലും പൗരസ്ത്യസംഘത്തിന് പ്രത്യേക താത്പര്യം ഉണ്ടായിരുന്നതിനാല്‍, പൂര്‍ണ്ണവിജയം കണ്ടില്ല. മെത്രാന്മാര്‍ തമ്മില്‍ നടന്ന ഈ ‘കുരിശുയുദ്ധം’ അവസാനിപ്പിക്കാന്‍ 1998-ല്‍ ചേര്‍ന്ന സിനഡിലെ ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ കല്‍ദായ ആരാധനക്രമവും മാര്‍ത്തോമ്മാക്കുരിശും ഭാഗികമായി അംഗീകരിക്കപ്പെട്ടു. എങ്കില്‍ത്തന്നെയും, ഈ കുരിശ് ഒരിടത്തും അടിച്ചേല്പിക്കാന്‍ പാടില്ലെന്നും അതിനുള്ള പരിശ്രമങ്ങള്‍ ഒളിഞ്ഞോ തെളിഞ്ഞോ (overtly or covertly) ആരും നടത്തരുതെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. അക്കാലത്ത് പുതിയ പള്ളികള്‍ വെഞ്ചരിക്കണമെങ്കില്‍ (മെത്രാന്‍ വന്നു നടത്തുന്ന ആശീര്‍വാദച്ചടങ്ങ്) ഈ കുരിശുതന്നെ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കണമെന്ന ചില മെത്രന്മാരുടെ നിര്‍ബ്ബന്ധബുദ്ധി ജനങ്ങള്‍ അംഗീകരിക്കാഞ്ഞതിന്റെ പേരില്‍ മാസങ്ങളോളം പൂട്ടിക്കിടന്ന പല പള്ളികളും കേരളത്തിലുണ്ട്.
ചിക്കാഗോ രൂപതാമെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്റെ കല്‍ദായവല്‍ക്കരണ നിലപാടും ‘മാത്തോമാ കുരിശി’ന്റെ പ്രതിഷ്ഠയും വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഇപ്പോള്‍ അമേരിക്കയില്‍ പ്രശ്‌നകാരണമായിരിക്കുന്നത്. വൈദികനായിരുന്നപ്പോള്‍, ടെക്‌സാസിലെ ഡാലസിലുള്ള ഗാര്‍ലണ്ട് പള്ളിയില്‍ 'മാര്‍ത്തോമ്മാ കുരിശ്’ വിജയകരമായി സ്ഥാപിച്ച് കേരളത്തിലെ കല്‍ദായ ഗ്രൂപ്പിന്റെ പ്രീതി നേടിയതിന്റെ പേരിലാണ്, തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട ചിക്കാഗോ രൂപതയുടെ പ്രഥമ മെത്രാനായി അദ്ദേഹം നിയമിതനായത് എന്നു പറയപ്പെടുന്നു. പള്ളികളുടെ ആശീര്‍വാദദിനത്തിന്റെ തലേന്നു രാത്രി ആരും അറിയാതെ, വികാരിമാരുടെ സഹകരണത്തോടെ, രഹസ്യമായാണത്രേ (covertly) 'മാര്‍ത്തോമ്മാക്കുരിശ്' അള്‍ത്താരകളില്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. പിറ്റേന്ന് ആഘോഷങ്ങളുടെ അന്തരീക്ഷത്തില്‍ അത് ശ്രദ്ധിക്കപ്പെടാതെ പോവുകയും നടന്നു കഴിഞ്ഞ ഒരു കാര്യമെന്ന നിലയില്‍ വിശ്വാസികള്‍ അതൊരു വലിയ പ്രശ്‌നമാക്കാതിരിക്കുകയുമായിരുന്നു.
ചിക്കാഗോ കത്തീഡ്രല്‍ പള്ളിയിലും മറ്റു പല പള്ളികളിലും നടത്തിയ ഈ തന്ത്രം ഡാലസ് സിറ്റിക്കടുത്ത് കോപ്പെലിലെ പുതിയ പള്ളിയില്‍ പാളിപ്പോയി. 210-ഓളം മലയാളി കത്തോലിക്കാ കുടുംബങ്ങള്‍ ചേര്‍ന്ന് ഉദ്ദേശം 14 കോടി രൂപ (2.85 ദശലക്ഷം ഡോളര്‍) മുടക്കി വാങ്ങിയതാണ് മറ്റേതോ സഭക്കാരുടെ വകയായിരുന്ന പള്ളിയും ഒപ്പമുള്ള സ്ഥലവും. ‘സെന്റ് അല്‍ഫോന്‍സാ പള്ളി’ എന്നു പേരിട്ടിരിക്കുന്ന ഈ പള്ളിയുടെ അള്‍ത്താരയുംമറ്റും കത്തോലിക്കാ രീതിയില്‍ പുതുക്കിപ്പണി (re-modeling)യേണ്ടതുണ്ടായിരുന്നു. അത് കല്‍ദായ രീതിയില്‍, ‘മാര്‍ത്തോമ്മാക്കുരി’ശോടും വിരിയോടും (ജനങ്ങളെയും വൈദികനെയും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു തിരശ്ശീല) കൂടിയുള്ളതാകണമെന്നു നിഷ്‌കര്‍ഷിച്ച് ബിഷപ്പ് വികാരിക്കെഴുതിയ കത്ത് രഹസ്യമാക്കിവക്കാതെ 2009 നവംബര്‍ 29-ഞായറാഴ്ച വികാരി ഫാ. സജി ചക്കിട്ടമുറിയില്‍ പള്ളിയില്‍ കുര്‍ബാനമദ്ധ്യേ വായിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ക്രൂശിത രൂപത്തെ ഒഴിവാക്കിക്കൊണ്ടുള്ള മെത്രാന്റെ ഈ നിലപാടിനെതിരെ വിശ്വാസികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചുതുടങ്ങി. വിശ്വാസിസമൂഹത്തിന്റെ വികാരം എത്ര ശക്തമാണെന്ന് വികാരി ഫാ. സജിയും മെത്രാനെ അറിയിച്ചു. പക്ഷേ, അതെല്ലാം തന്റെ സര്‍വ്വാധികാരത്തോടുള്ള വെല്ലുവിളിയായി കാണുകയും തന്റെ നിര്‍ബ്ബന്ധബുദ്ധി തുടരുകയുമാണ് മാര്‍ അങ്ങാടിയത്ത് ചെയ്തത്. തങ്ങള്‍ വിയര്‍പ്പൊഴുക്കി വാങ്ങിയ പള്ളിയുടെ കാര്യത്തില്‍ മെത്രാന്റെ ഈ പിടിവാശി സമ്മതിച്ചുകൊടുക്കാന്‍ ജനങ്ങളും തയ്യാറായിരുന്നില്ല. 2010 ഫെബ്രുവരി 20-ന് പള്ളിക്കമ്മറ്റിയും 21-ന് പള്ളിപ്പൊതുയോഗവും ചേര്‍ന്ന് അള്‍ത്താരയില്‍ ക്രൂശിതരൂപംതന്നെ പ്രതിഷ്ഠിക്കാനും, മാര്‍ത്തോമ്മാ കുരിശും വിരിയും ഒഴിവാക്കി അള്‍ത്താര റീ-മോഡല്‍ചെയ്യാനും അവര്‍ ഐകകണ്‌ഠ്യേന തീരുമാനമെടുത്തു.
വിശ്വാസികളുടേമേല്‍ എല്ലാവിധ അധികാരങ്ങളും തങ്ങള്‍ക്കുണ്ടെന്നു ധരിച്ചുവശായിരിക്കുന്ന ഒരു കത്തോലിക്കാമെത്രാനും വിശ്വാസികളുടെ ഭാഗത്തുനിന്ന് ഇത്തരം ധീരമായൊരു നീക്കമുണ്ടാകുന്നതു സങ്കല്പിക്കാനാവില്ലല്ലോ. സ്വാഭാവികമായും, മാര്‍ അങ്ങാടിയത്തിനും തന്റെ വെറും ‘പ്രജ’കളുടെ ഈ ധിക്കാരം ഉള്‍ക്കൊള്ളാനായില്ല. അദ്ദേഹം വികാരിയച്ചനെയും രണ്ടു കൈക്കാരന്മാ (Trustees) രെയും രൂപതാ ആസ്ഥാനത്തേക്കു വിളിച്ചു വരുത്തി, അള്‍ത്താരയില്‍ യാതൊരു പണികളും (re-modeling) നടത്തിക്കൂടെന്നു കല്പിച്ചു. ഒപ്പം, മാര്‍ച്ച് 27-ന് താന്‍തന്നെ വന്ന് ലളിതമായൊരു ആശീര്‍വാദകര്‍മ്മം നടത്തിത്തരുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട്, മാര്‍ച്ച് 7-ന് കോപ്പെലെത്തി എല്ലാവരെയും അനുനയിപ്പിക്കാനുള്ള ഒരു ശ്രമവും അദ്ദേഹം നടത്തി. മാര്‍ത്തോമ്മാകുരിശിനോടും വിരിയോടുമൊപ്പം ക്രൂശിതരൂപംകൂടി അള്‍ത്താരയില്‍ വയ്ക്കാന്‍ സമ്മതിച്ചാല്‍ വിശ്വാസികള്‍ അംഗകരിക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, കോതമംഗലം എന്നിങ്ങനെ ഏതാനും രൂപതകളില്‍ മാത്രമാണ് ഈ കുരിശ് അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, അമേരിക്കയിലെ സീറോ-മലബാര്‍ കത്തോലിക്കര്‍ കേരളത്തിലെ എല്ലാ രൂപതകളില്‍നിന്നുമുള്ളവരാണ്. ക്രൂശിതരൂപത്തെയല്ലാതെ മറ്റൊരു കുരിശിനെയും അംഗീകരിക്കാനാവാത്തവരാണവര്‍. മാത്രമല്ല, ഈ കുരിശ് അടിച്ചേല്‍പ്പിക്കപ്പെട്ട രൂപതകളിലുള്ളവര്‍ക്കും വൈകാരികമായി അടുപ്പമുള്ളത് ഇന്നും ക്രൂശിതരൂപത്തിനോടാണ്. അതുകൊണ്ട്, ബിഷപ്പിന്റെ ഒത്തുതീര്‍പ്പുശ്രമം ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്നു തള്ളി. മെത്രാന്റെ അന്നത്തെ കുര്‍ബാന പോലും ഭൂരിപക്ഷംപേരും ബഹിഷ്‌ക്കരിക്കുകയായിരുന്നു. അതെക്കുറിച്ചെല്ലാമുള്ള കോപ്പെല്‍ ഇടവകക്കാരുടെ വികാര-വിചാരങ്ങള്‍ എത്ര ശക്തമെന്നറിയണമെങ്കില്‍, syromalabarvoice.blogspot.com എന്ന ബ്ലോഗ് തുറന്നു നോക്കിയാല്‍ മതിയാകും.
തുടര്‍ന്ന്, തങ്ങളുടെ ഇടവകയില്‍ മാര്‍ അങ്ങാടിയത്തിന്റെ കല്‍ദായവല്‍ക്കരണം സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് കൈക്കാരന്മാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ എഴുതി അറിയിച്ചു. കൂടാതെ, പരിഹാരമാവശ്യപ്പെട്ട് 253 ഇടവകക്കാര്‍ ഒപ്പിട കൂട്ടഹര്‍ജി മാര്‍പ്പാപ്പയ്ക്കും നുണ്‍ഷ്യോയ്ക്കും സീറോ-മലബാര്‍ സഭയിലെ എല്ലാ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും നല്‍കി. ആരും ഒരക്ഷരം ഉരിയാടാന്‍ ഇതുവരെ തയ്യാറായിട്ടില്ലത്രേ!
മാര്‍ച്ച് 27-ന് പള്ളിയുടെ ആശീര്‍വ്വാദകര്‍മ്മത്തില്‍ കോപ്പെല്‍ ഇടവകക്കാര്‍ ഉത്സാഹപൂര്‍വ്വം തയ്യാറായി. അതുവരെ, കുര്‍ബാന ചൊല്ലിയിരുന്ന വാടകപ്പള്ളിയില്‍ ക്രൂശിതരൂപമായിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം മെത്രാന്റെ നിര്‍ദ്ദേശ പ്രകാരം പുതിയ പള്ളിയിലേക്കവര്‍ മാറ്റിയിരുന്നു. തോരണങ്ങളും മറ്റലങ്കാരങ്ങളും മുത്തുക്കുടകളുമെല്ലാം തയ്യാറാക്കി ജനം മെത്രാന്‍ വരുന്നതും കാത്തിരുന്നു. പക്ഷേ, മെത്രാന്‍ തന്റെ വാക്കു പാലിച്ചില്ല. അദ്ദേഹം വന്നില്ലെന്നു മാത്രമല്ല, രൂപതിയില്‍നിന്ന് ഒരു പ്രതിനിധിയെപ്പോലും അയയ്ക്കുകയോ വരാത്തതിന് എന്തെങ്കിലും വിശദീകരണം നല്‍കുകയോ ചെയ്യുകയുണ്ടായില്ല. വാര്‍ഷികധ്യാനം നയിക്കാന്‍ കേരളത്തില്‍ നിന്നെത്തിയ ഫാ. സേവ്യര്‍ ഖാനും വികാരിയും കൂടി പള്ളി ആശീര്‍വദിച്ചുകൊള്ളാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു, അദ്ദേഹം. അവര്‍ അതു നിര്‍വ്വഹിച്ചെങ്കിലും എല്ലാവരെയും നിരാശയിലാഴ്ത്തിയ ഒന്നായിരുന്നു, ബിഷപ്പിന്റെ അസാന്നിദ്ധ്യം.
ബിഷപ്പ് അതുകൊണ്ടും അടങ്ങിയില്ല. മൂന്നാം ദിവസം മാര്‍ച്ച് 30-ന് വികാരി ഫാ. സജി ചക്കിട്ടമുറിയിലിനെ വികാരിസ്ഥാനത്തുനിന്ന് പിരിച്ചുവിട്ടുകൊണ്ട് മെത്രാന്‍ സര്‍ക്കുലര്‍ അയച്ചു. പെസഹാ വ്യാഴാഴ്ച വാര്‍ഷികധ്യാനം കഴിഞ്ഞുടെനെ വിശ്വാസിസമൂഹം ആദ്യം അറിയുന്നത്, തങ്ങളുടെ വികാരിയെ മെത്രാന്‍ ക്രൂശിച്ച ഈ വാര്‍ത്തയാണ്. ധ്യാനം നല്‍കിയ ശാന്തിയും സമാധാനവും നഷ്ടപ്പെട്ട അവര്‍ അടുത്ത ദിവസംതന്നെ പള്ളിക്കമ്മറ്റിയുടെ അടിയന്തിരയോഗം ചേര്‍ന്ന് രൂപതാധികാരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഒന്നാമതായി, തങ്ങളോടൊപ്പം നിന്നതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് പിരിഞ്ഞുപോകുന്ന വികാരിയെ ആദരിക്കുവാന്‍ അവര്‍ തീരുമാനിച്ചു. പള്ളി പണിക്കായി അദ്ദേഹം നല്‍കിയിരുന്ന 7000 ഡോളറില്‍ 5000 ഡോളര്‍ തിരിച്ചുകൊടുക്കാനും ഒപ്പം 15,000 ഡോളര്‍ പാരിതോഷികമായി കൊടുക്കാനും തീരുമാനിച്ചു. മറ്റൊരു തീരുമാനം അള്‍ത്താരയ്ക്കു മാറ്റമൊന്നും വരുത്തരുതെന്ന മെത്രാന്റെ കല്പന വകവയ്ക്കാതെ അത്യാവശ്യമാറ്റങ്ങള്‍ വരുത്തി ക്രൂശിതരൂപം സ്ഥാപിക്കണം എന്നതായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍, മെത്രാന്‍സേവകനായ വേറൊരച്ചനെ വികാരിയാക്കി, പള്ളിയെ മെത്രാന്‍ കല്‍ദായീകരിക്കും എന്ന ഉള്‍ബോധ്യമായിരുന്നു, ആ തീരുമാനത്തിനു പിന്നില്‍ അച്ചന്റെ പാരിതോഷികത്തുക ഭാഗികമായി കൊടുക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളു. കാരണം അപ്പോഴേയ്ക്കും പള്ളിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും രൂപത മരവിപ്പിച്ചിരുന്നു. പക്ഷേ, ഈസ്റ്റര്‍ ഞായറാഴ്ച(ഏപ്രില്‍ 4)ത്തെ കുര്‍ബാന കഴിഞ്ഞുടന്‍തന്നെ ഇടവകക്കാര്‍ ഒന്നിച്ചുകൂടി അള്‍ത്താര കത്തോലിക്കാ മാതൃകയില്‍ മാറ്റിപ്പണിയാനാരംഭിക്കുകയും മൂന്നു ദിവസങ്ങള്‍കൊണ്ട് വളരെ മോടിയായി പണിതീര്‍ത്ത് ക്രൂശിതരൂപം സ്ഥാപിക്കുകയും ചെയ്തു. ഇതിനു പ്രതികാരമെന്നപോലെ വികാരിയുടെമേല്‍ സാമ്പത്തിക ക്രമക്കേടുകളും അനുസരണക്കേടും ഒക്കെ ആരോപിച്ചുകൊണ്ട്, എല്ലാ ചുമതലകളില്‍നിന്നും തല്‍ക്ഷണം പിരിച്ചുവിട്ടിരിക്കുന്നുവെന്നും ഉടന്‍തന്നെ പള്ളിവിട്ട് പോകണമെന്നും ബിഷപ്പ് ഏപ്രില്‍ 6-ന് കല്പിച്ചു. (ജനങ്ങള്‍ കയര്‍ത്തതിന്റെ പേരില്‍, നേരത്തെ നിര്‍ദ്ദേശിച്ചിരുന്നപ്രകാരം ഏപ്രില്‍ 15-നുതന്നെ പോയാല്‍ മതി എന്ന് ബിഷപ്പിനു പിന്നീട് സമ്മതിക്കേണ്ടിവന്നുവെന്നത് മറ്റൊരു കാര്യം.) ഏപ്രില്‍ 10-ന് കോപ്പെല്‍ ഇടവകക്കാരെല്ലാവരും ചേര്‍ന്ന് ഫാ. സജി ചക്കിട്ടമുറിയിലിന് ഗംഭീരമായ യാത്രയയപ്പു നല്‍കുകയും 15-ന് അദ്ദേഹം കേരളത്തിലേക്ക് പോരുകയും ചെയ്തു.
ജനങ്ങളുടെ പൊതുവികാരത്തിനൊപ്പം നിന്നു എന്നതിന്റെ പേരില്‍, മറ്റു കുറ്റങ്ങള്‍ ചാര്‍ത്തി നാടുകടത്തിയിട്ടും തന്റെ കല്‍ദായവത്കരണപദ്ധതി നടത്തിക്കൊടുക്കാന്‍ മടിച്ച ഫാ. സജിയോടുള്ള മെത്രാന്റെ പക അടങ്ങുകയുണ്ടായില്ല. ഏപ്രില്‍ 27-ന്, കോപ്പെല്‍ പള്ളിഇടവകക്കാര്‍ക്ക് മെത്രാന്‍ മാര്‍ അങ്ങാടിയത്ത് ഒരു കത്ത് അയച്ചുകൊടുത്തു. ദീര്‍ഘമായ ആ കത്തില്‍ ഫാ. സജിയുടെ എല്ലാ പ്രവൃത്തികളും രൂപതയ്‌ക്കെതിരെ മനഃപൂര്‍വ്വവും കരുതിക്കൂട്ടിയുള്ളതുമായിരുന്നു എന്ന് വാദിച്ച് സ്ഥാപിക്കുകയാണ്, അദ്ദേഹം. നാടുകടത്തി ശിക്ഷിച്ചതിനുശേഷം സ്വയം പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ, ഫാ. സജിക്കെതിരെ ഏകപക്ഷീയമായി കുറ്റം വിധിക്കുന്ന ഇത്തരമൊരു കത്ത് ഇടവകക്കാര്‍ക്കു വിതരണം ചെയ്ത മെത്രാന്റെ നടപടിക്കെതിരെ ജനങ്ങളുടെ പ്രതിഷേധമിരമ്പി. അതിനു മറുപടിയായി ഇടവക പ്രതിനിധികള്‍ മെത്രാനയച്ച തുറന്ന കത്ത് അവസാനിക്കുന്നതിങ്ങനെയാണ്: ''ആടിനെ പട്ടിയാക്കുന്നതും പട്ടിയെ പേപ്പട്ടിയാക്കുന്നതും പിന്നെ അതിനെ തല്ലിക്കൊല്ലുന്നതും ഇതുവരെ ഞങ്ങള്‍ നോക്കിക്കൊണ്ടുനിന്നു. ഇനി ക്ഷമിക്കില്ല. വിഡ്ഢിവേഷം കെട്ടിയ രാജാവിന്റെ കഥയില്‍ ഒരു കുട്ടി വിളിച്ചുപറഞ്ഞു: 'രാജാവ് നഗ്നനാണ്'. ഞങ്ങളുമിപ്പോള്‍ സത്യം വിളിച്ചു പറയുകയാണ്. ഇനിയും ഞങ്ങളെ പ്രകോപിപ്പിച്ചാല്‍ ലീഗല്‍ നടപടികളുമായി ഞങ്ങള്‍ മുന്നോട്ടുപോകും....''
അതേ, കേരളത്തിലെപ്പോലെതന്നെ അമേരിക്കയിലെ മലയാളികത്തോലിക്കരും യേശുവിന്റെധീരത ഏറ്റുവാങ്ങി സഭയുടെ പുരോഹിത സ്വേച്ഛാധികാരഘടനയ്‌ക്കെതിരെ ആഞ്ഞടിക്കാനൊരുങ്ങകയാണ്.
ഫാ. സജി ചക്കിട്ടമുറിയിലിനെതിരെ നഗ്നമായ മനുഷ്യാവകാശലംഘനവും ജനങ്ങള്‍ക്കെതിരെമതസ്വാതന്ത്ര്യാവകാശ ലംഘനവുമാണ് മാര്‍ അങ്ങാടിയത്ത് നടത്തിയിരിക്കുന്നത് എന്നാണ് കോപ്പെല്‍ ഇടവകക്കാര്‍ ആരോപിക്കുന്നത്. അതിനെതിരെ നിയമനടപടികളെടുക്കാനുള്ള ആലോചനയിലുമാണവര്‍.
കോപ്പെലിലെ മലയാളി കത്തോലിക്കര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ക്രൈസ്തവധീരത അമേരിക്കയിലെ മറ്റു മലയാളി പള്ളികളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുകയാണിന്ന്. ഫ്‌ളോറിഡായിലെ മിയാമിയിലും അരിസോണയിലെ ഫിനിക്‌സിലും ഇപ്പോഴത്തെ കോപ്പെല്‍ ഇടവകക്കാരുടെ ആദ്യ ഇടവകയായിരുന്ന ഗാര്‍ലണ്ടിലും മറ്റനവധി ഇടവകകളിലും കോപ്പെല്‍ ഇടവകക്കാര്‍ കല്‍ദായവല്‍ക്കരണത്തിനും മെത്രാനാധിപത്യത്തിനുമെതിരെ സ്വീകരിച്ച ധീരമായ നിലപാട് മാതൃകയാവുകയാണ്. പുതിയ പള്ളിവാങ്ങാന്‍ തീരുമാനിച്ചിരുന്ന ഫീനിക്‌സ് പ്രദേശത്തുള്ളവര്‍, മാര്‍ അങ്ങാടിയത്തിന്റെ കല്‍ദായവല്‍ക്കരണ ശാഠ്യം മൂലം അതിനിനി പണം മുടക്കേണ്ടതില്ല എന്നു തീരുമാനിച്ചുകഴിഞ്ഞു. മറ്റു പല പള്ളികളിലും തങ്ങളറിയാതെ ഒളിച്ചു സ്ഥാപിക്കപ്പെട്ട 'മാര്‍ത്തോമ്മാക്കുരിശ്' മാറ്റി ക്രൂശിതരൂപം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മലയാളി കത്തോലിക്കര്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്നു കേള്‍ക്കുന്നു. മെത്രാന്റെ ആസ്ഥാന പള്ളിയായ ചിക്കാഗോ കത്തീഡ്രലിലെ കല്‍ദായവത്കരണചിഹ്നങ്ങളായ 'മാര്‍ത്തോമ്മാക്കുരിശും' വിരിയും നീക്കംചെയ്യാന്‍ ജനം ഒന്നിക്കുകയും 30 ദിവസത്തിനുള്ളില്‍ അവ മാറ്റിയില്ലെങ്കില്‍ അവ നശിപ്പിച്ച് പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് രൂപതയ്ക്ക് രേഖാമൂലം മുന്നറിയിപ്പു നല്കുകയും ചെയ്തുകഴിഞ്ഞു.
ഫ്‌ളോറിഡായിലെയും അറ്റ്‌ലാന്റയിലെയും കാലിഫോര്‍ണിയയിലെയും ന്യൂയോര്‍ക്കിലെയും മലയാളി കത്തോലിക്കാ പള്ളികളില്‍ മാര്‍ അങ്ങാടിയത്ത് കല്‍ദായവത്കരണത്തിനായി ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ക്കെതിരെയുള്ള ജനകീയനീക്കങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് അവിടങ്ങളില്‍നിന്നുള്ള പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
''ഞങ്ങളുടെ പള്ളികള്‍ നിന്റെ തന്തമാര്‍ പണിയിച്ചതല്ല'' എന്ന് അന്നത്തെ മെത്രാനോട് നെഞ്ചുവിരിച്ചുനിന്നു പറഞ്ഞ പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ അഭിജാതവീര്യം ഉള്ളില്‍ പേറുന്നവരാണ് തങ്ങളെന്ന് അമേരിക്കയിലെ മലയാളി കത്തോലിക്കര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.
അതേ.... എവിടെയുമുള്ള പള്ളികളുടെയും പള്ളിവകസ്വത്തുക്കളുടെയും നിയമപരമായ ഉടമസ്ഥാവകാശം, ബൈബിളും മാര്‍ത്തോമ്മായുടെ നിയമവും നടപടികളും അനുസരിച്ച് വിശ്വാസികള്‍ക്കാണ് എന്ന സഭാപാരമ്പര്യത്തെപ്പറ്റി ലോകമെങ്ങുമുള്ള കത്തോലിക്കര്‍ക്ക് ഉത്തമബോധ്യം വന്നുകഴിഞ്ഞിരിക്കുന്നു.
ജോര്‍ജ്ജ് മൂലേച്ചാലില്‍
(സെക്രട്ടറി, കേരളകത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം)
വള്ളിച്ചിറ -686 592 പാലാ കോട്ടയംജില്ല
ഫോണ്‍: 9497088904