2010, ജൂൺ 5, ശനിയാഴ്‌ച

കേരള സഭാനവീകരണ പ്രസ്ഥാനം ആമുഖം

1990 ജനുവരി
മനുഷ്യനിന്ന്, ലോകവ്യാപകമായിത്തന്നെ, രൂക്ഷമായ ഒരു ആദ്ധ്യാത്മിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ മൂല്യമളക്കാനുള്ള മാനദണ്ഡങ്ങള്‍, സമ്പത്ത്, അധികാരം, ജഡികമായ സുഖസൗകര്യങ്ങള്‍ എന്നിവയായി മാറിയിരിക്കുന്നു. ഭൗതികമായ ഈ മാനദണ്ഡങ്ങള്‍ മനുഷ്യഹൃദയങ്ങളെ ഭരിക്കുന്നതുമൂലമാണ് മനുഷ്യതയില്‍നിന്നും സ്വകാര്യപരതയിലേയ്ക്ക് മനുഷ്യന്‍ നയിക്കപ്പെടുന്നത്. വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും, എല്ലാവിധത്തിലുമുള്ള മാത്സര്യങ്ങള്‍ക്കും ആസക്തികള്‍ക്കും ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കാരണമായിരിക്കുന്നത് വളര്‍ന്നുവരുന്ന ഈ സ്വകാര്യപരതയാണ്.
മനുഷ്യനില്‍ നൈസ്സര്‍ഗികമായുള്ള ആദ്ധ്യാത്മികാവബോധത്തെ നിരന്തരം ഉണര്‍ത്തിക്കൊണ്ട്, അവനെ സ്വകാര്യപരതയില്‍ നിന്നും പരാര്‍ത്ഥതയിലേയ്ക്ക് അഥവാ മനുഷ്യതയിലേയ്ക്കു നയിച്ച് ജീവിതത്തില്‍ അര്‍ത്ഥബോധം നല്‍കുക എന്ന മതപരമായ ധര്‍മ്മം നിറവേറ്റപ്പെടാത്തതാണ് ഈ അവസ്ഥയ്ക്ക് അടിസ്ഥാന കാരണമായിരിക്കുന്നത്. പുരോഹിതാധികാരാധിഷ്ഠിതവും ആചാരനിഷ്ഠവുമായ ഇന്നത്തെ മത രൂപങ്ങള്‍ വെറും ഭൗതികാധികാര സ്ഥാപനങ്ങളായി അധഃപതിച്ചതുകൊണ്ടാണ് ഈ ധര്‍മ്മാനുഷ്ഠാനത്തില്‍ അവ അപ്രാപ്തമായത്. നിലവിലുള്ള സംഘടിത മതരൂപങ്ങള്‍, സാമുദായികവും രാഷ്ട്രീയവുമായ സ്ഥാപിത താല്പര്യങ്ങളുടെ കേന്ദ്രങ്ങളായിരിക്കുന്നു എന്നതില്‍ നിന്നുതന്നെ, സനാതന മതമൂല്യങ്ങളെക്കാള്‍, ഭൗതികവും ജഡികവുമായ മൂല്യങ്ങള്‍ക്കാണ് അവ വിധേയപ്പെട്ടിരിക്കുന്നത് എന്നു വെളിവാക്കുന്നു. ഈ മതരൂപങ്ങളും അവയുടെ ഘടനകളും പ്രതിനിധാനം ചെയ്യുന്നതെന്തോ, അതാണ് ആദ്ധ്യാത്മികത എന്നു തെറ്റിദ്ധരിച്ച് മതത്തെയും ആദ്ധ്യാത്മികതയെയും അടിസ്ഥാനപരമായിത്തന്നെ നിരാകരിക്കുന്ന ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വ്യാപകമായ വളര്‍ച്ചകൂടി ആയപ്പോള്‍ ലോകം കേവല ഭൗതികതയിലേയ്ക്ക് കൂപ്പു കുത്തിത്തുടങ്ങി. അങ്ങിനെ, മനുഷ്യനെ മനുഷ്യനാക്കുന്ന, അവനെ സാംസ്‌ക്കാരികമായി ഉയര്‍ത്തുന്ന, അവന്റെ എല്ലാ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും ഉറവിടമായിരിക്കുന്ന, മനുഷ്യതയുടെ മൂലക്കല്ലായി അവനില്‍ കുടികൊള്ളുന്ന ആദ്ധ്യാത്മികാവബോധം മരവിക്കുവാനിടയായി. ഇന്നത്തെ സാമൂഹ്യവും സാംസ്‌കാരികവും, രാഷ്ട്രീയവുമായ എല്ലാവിധ ജീര്‍ണ്ണതകള്‍ക്കും മൂല്യച്യുതികള്‍ക്കും അടിസ്ഥാന കാരണമായിരിക്കുന്നത്, വര്‍ദ്ധിച്ചുവരുന്ന ഈ ആദ്ധ്യാത്മിക ശൂന്യതയാണ്.
ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്ക്, അവ എത്രതന്നെ ഉദാത്തമായിരുന്നാലും, ധാര്‍മ്മിക മൂല്യങ്ങളെയും അങ്ങിനെ മനുഷ്യമഹത്വത്തെയും അധികനാള്‍ ഉയര്‍ത്തിപ്പിടിക്കാനാവില്ലെന്നത്, സോഷ്യലിസ്റ്റു രാഷ്ട്രങ്ങളിലെ സമകാലിക സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.
ലക്ഷ്യം:
സാര്‍വ്വത്രികമായിത്തീര്‍ന്നിരിക്കുന്ന ഈ ആദ്ധ്യാത്മിക ശൂന്യതയെയും അതിനുകാരണമായിരിക്കുന്ന മതജീര്‍ണ്ണതയെയും പറ്റിയുള്ള അവബോധം ഉള്‍ക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭയില്‍ മതചൈതന്യത്തിന്റെതായ ഒരു ചെറു തിരികൊളുത്തേണ്ടത് ഇന്ന് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ ക്രൈസ്തവസഭകളില്‍ വെച്ച് ഏറ്റവും കേന്ദ്രീകൃതാധികാര ഘടനയുള്ള ഒന്നാണ് കത്തോലിക്കാസഭ. വാസ്തവത്തില്‍, സഭ എന്നുപറയുമ്പോള്‍ ഇന്നര്‍ത്ഥമാകുന്നത്, ശ്രേണീബദ്ധമായ ഈ പൗരോഹിത്യാധികാര ഘടന എന്നുതന്നെയാണ്. സഭയിലെ അനുഷ്ഠാനപരവും-ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും ഈ അധികാരഘടനയാണ്. അതിനെ അംഗീകരിക്കുകയും അനുസ്സരിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികളുടെ കടമയായി കരുതപ്പെടുന്നതും. സഭാപരമായ ഭ്രഷ്ടുകളെയും വിലക്കുകളെയും സാമുദായികമായി ഒറ്റപ്പെടുത്തലുകളെയും വിശ്വാസികള്‍ ഭയപ്പെടുന്നതിനാല്‍, ഈ ഭയത്തിലാണ് പൗരോഹിത്യം തങ്ങളുടെ ആധിപത്യം, വിശ്വാസികളുടെമേല്‍ കെട്ടിവെച്ചിരിക്കുന്നത്. വിശ്വാസികളുടെ ആത്മീയ ശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിച്ചവര്‍ ശുശ്രൂഷകന്‍ എന്ന നിലയില്‍ നിന്നും അധികാരിയായി മാറിയിരിക്കുകയാണിവിടെ. ഈ പുരോഹിതാധിപത്യമാകട്ടെ, ഉദാത്തവും അതിരുകളില്ലാത്തതുമായ ക്രൈസ്തവ സാഹോദര്യത്തെ, തങ്ങളുടെ സ്ഥാര്‍ത്ഥ-സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി വിഭാഗീയമായ ഒരു സാമുദായിക വികാരമായി സങ്കുചിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
സാഹോദര്യത്തിലേയ്ക്കും തുല്യതയിലേയ്ക്കും മനുഷ്യരെ നയിക്കേണ്ട ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍, അതിനു നേര്‍വിപരീത ദിശയില്‍ പ്രയോഗിക്കപ്പെടുന്നതിനെതിരെ, വിശ്വാസികള്‍ പ്രബുദ്ധരും കര്‍മ്മനിരതരും ആകേണ്ടിയിരിക്കുന്നു. കേരള കത്തോലിക്കാസഭയില്‍ ക്രിസ്തീയ മൂല്യങ്ങളും ധാര്‍മ്മികതയും പുനഃസ്ഥാപിക്കുന്നതിനും, സഭയെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും വിശ്വാസികളുടെ കൂട്ടായ്മയായി പരിവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ ആദ്യപടിയായി ഇതാവശ്യമാണ്.
ആദ്ധ്യാത്മിക ചൈതന്യത്താല്‍ പ്രേരിതരായി സ്വയം നവീകരണത്തിനു വിധേയരാകുന്ന വിശ്വാസികള്‍ തന്നെ സഭാനവീകരണത്തിന്റെ ചാലകശക്തികളായിത്തീരണം. അങ്ങനെ സഭയില്‍ വളര്‍ന്നു വരുന്ന ആദ്ധ്യാത്മിക-ധാര്‍മ്മിക ശക്തിക്കുമുമ്പില്‍ സഭയിലെ പൗരോഹിത്യാധിപത്യവും അതിന്റെ സാമ്പത്തിക ശക്തിയും മുട്ടുമടക്കുകയും, ഇത് കത്തോലിക്കാ സമൂഹത്തില്‍ ഒരു പുതിയ ആദ്ധ്യാത്മിക നവോന്മേഷം പകരുകയും ചെയ്യുന്നു. ക്രമേണ, സഭ, സ്‌നേഹത്തിന്റെ പ്രവര്‍ത്തനനിരതമായ ഒരു വേദിയായി പരിവര്‍ത്തനപ്പെടും. അങ്ങനെ, സാന്വത്തികവും അധികാരപരവുമായ മാത്സര്യങ്ങളില്‍ നിന്നും സ്വയം വിടുതല്‍ നേടുന്ന കത്തോലിക്കാ സമുദായം, ക്രമേണ ചുറ്റുമുള്ള സമുദായങ്ങളിലേയ്ക്കും പൊതുസമൂഹത്തിലേയ്ക്കും ആദ്ധ്യാത്മിക ചൈതന്യത്തിന്റെയും ധാര്‍മ്മികമൂല്യങ്ങളുടെയും സാഹോദര്യത്തിന്റെയും അലകള്‍ പടര്‍ത്തുകയും ചെയ്യും.
പ്രസക്തി:
കേരള കത്തോലിക്കാ സഭയില്‍, രൂപതയുടെ കേന്ദ്രീകൃതാധികാരത്തിനു കീഴില്‍ ഇടവകകളും ഇടവക വിശ്വാസികളും സഭയില്‍നിന്നും സഭാകാര്യങ്ങളില്‍ നിന്നും തീര്‍ത്തും അത്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നു നിലനില്‍ക്കുന്നത്. ഇടവക വൈദികര്‍ക്ക്, ബിഷപ്പിന്റെ ആജ്ഞാനുവര്‍ത്തികള്‍ എന്ന നിലയില്‍ മാത്രമാണ് ഇന്നു നിലനില്‍പ്പുള്ളത്. ഇടവക വക സ്ഥാപനങ്ങളെല്ലാം പടിപടിയായി രൂപതയുടെ ഉടമസ്ഥതയിലും കേന്ദ്രീകൃത നിയന്ത്രണത്തിലുമായിത്തീര്‍ന്നിരിക്കുന്നു.
വിശ്വാസികള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വത്തിലോ മുന്‍കൈയിലോ, സഭയില്‍, എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ ഇന്ന് അവസരമില്ല. എന്നു മാത്രമല്ല, രൂപതാധികാരത്തിനു വിയോജിപ്പു വരുന്ന രീതിയില്‍ സഭാകാര്യങ്ങളില്‍ ഇടപെടുന്ന പക്ഷം, ''സഭാദ്രോഹികള്‍'' എന്ന നിലയില്‍, അവരെ സാമുദായികമായി ഒറ്റപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവിലുണ്ട്. ഇത് സമുദായത്തിലെ കഴിവും ചിന്താശക്തിയും നേതൃത്വഗുണവുമുള്ളവരെ നിഷ്‌ക്രിയത്വത്തിലേയ്ക്കും മതദ്വേഷത്തിലേയ്ക്കും നയിക്കാന്‍ ഇടയാക്കുന്നു. ഇതുതന്നെയാണ്, വളരെയേറെ പ്രഗത്ഭമതികള്‍, തങ്ങളുടെ പ്രഥമ കര്‍മ്മരംഗമായിരിക്കേണ്ട സ്വന്തം സമുദായത്തെ പൂര്‍ണ്ണമായും വിട്ട് ഇതര പ്രവര്‍ത്തന മേഖലകളിലേയ്ക്കു കടക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുള്ളതും. ഈ മസ്തിഷ്‌ക മന്ദീകരണവും ചോര്‍ച്ചയും കേരള കത്തോലിക്കാസമുദായത്തെ നേതൃത്വ ശൂന്യതയിലേയ്ക്കും നിര്‍വീര്യതയിലേയ്ക്കും നയിച്ചുകൊണ്ടിരിക്കുന്നു. നേതൃത്വവും ഊര്‍ജ്ജസ്വലതയും നഷ്ടപ്പെട്ട സമുദായത്തെ, സഭാഘടനയുടെ വ്യാജ ആദ്ധ്യാത്മിക പരിവേഷത്തിന്റെ മായികവലയത്തിലും ആചാരാനുഷ്ഠാനങ്ങളിലും കുടുക്കി തങ്ങളുടെ ഇച്ഛയ്‌ക്കൊത്തു കൊണ്ടുനടക്കുവാന്‍ സഭാധികാരത്തിനു കൂടുതലായി കഴിയുകയും ചെയ്യുന്നു. അമാന്തിക്കുന്തോറും കരകയറുവാനുള്ള ബുദ്ധിമുട്ട് വര്‍ദ്ധിച്ചുവരുന്ന ഒരു ദൂഷിത വലയത്തിലേയ്ക്കാണ് സമുദായം ആഴ്ന്നു കൊണ്ടിരിക്കുന്നത്.
രൂക്ഷമായി വരുന്ന ഈ അവസ്ഥയെപ്പറ്റിയും, അതിന്‍ ഫലമായി തങ്ങളില്‍നിന്നും അന്യാധീനപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ക്രൈസ്തവമായ അവകാശങ്ങളെപ്പറ്റിയും ഉത്തരവാദിത്വങ്ങളെപ്പറ്റിയും വിശ്വാസികളിന്ന് സാമാന്യമായ ഒരവബോധം ഉളവാക്കിയിട്ടുണ്ട്. തങ്ങളുടെമേല്‍ ഇത്രയേറെ ആധിപത്യം പുലര്‍ത്തുന്ന സഭാഘടനയിലെ ഒരു ഘടകവും തങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവരോ, ഏതെങ്കിലും വിധത്തില്‍ തങ്ങളെ പ്രതിനിധീകരിക്കുന്നവരോ അല്ലെന്നും, അതിനാല്‍ അവരെ അംഗീകരിക്കാനോ അനുസ്സരിക്കാനോ സാമാന്യമായ ജനാധിപത്യമൂല്യങ്ങള്‍ വെച്ചുതന്നെയോ ധാര്‍മ്മികമായോ തങ്ങള്‍ക്ക് യാതൊരു ബാധ്യതയും ഇല്ലെന്നുമുള്ള ഒരവബോധം വിശ്വാസികളില്‍ വോരോടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ മറ്റെല്ലാ ക്രൈസ്തവസഭകളിലും ഏതെങ്കിലും വിധത്തിലുള്ള ജനാധിപത്യ പ്രക്രിയകള്‍ നിലവിലുണ്ടെന്നും, സഭാകാര്യങ്ങളില്‍ അത്മായര്‍ക്ക് പരിഗണനയും പ്രാതിനിധ്യവും കുറെയെങ്കിലും ലഭ്യമാകുന്നുണ്ടെന്നും അവര്‍ കാണുന്നുണ്ട്. കേരളത്തിന്റെ പുരാതനമായ ക്രൈസ്തവ സഭാപാരമ്പര്യമനുസ്സരിച്ച് എല്ലാ അധികാരവും വിശ്വാസികളുടെ കൂട്ടായ്മയിലായിരുന്നു നിക്ഷിപ്തമായിരുന്നത് എന്ന ചരിത്രാവബോധവും വിശ്വാസികളുടെയിടയില്‍ വര്‍ദ്ധിച്ചു വരുന്നു. സ്വന്തം സബാപാരമ്പര്യത്തിന്റെയും അപ്പസ്‌തോലന്മാര്‍ സ്ഥാപിച്ച ആദിമ ക്രൈസ്തവ സഭാപാരമ്പര്യത്തിന്റെയും വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഇന്നത്തെ സഭാഘടന തികച്ചും അക്രൈസ്തവമാണെന്ന വിലയിരുത്തലുകളും പഠനങ്ങളും വിമര്‍ശനങ്ങളും മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം വ്യാപകമായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. സമ്പത്തും അധികാരവും കേന്ദ്രീകരിക്കുകയും ആധിപത്യപരമായി പ്രയോഗിക്കുകയും ചെയ്യുന്ന ഇന്നത്തെ സഭാഭരണരീതികളും, അവയുടെ വിനിയോഗം സംബന്ധിച്ചുള്ള ക്രിസ്തുവിന്റെ പഠിപ്പിക്കലുകളും തമ്മില്‍ ഒരിക്കലും ഒത്തുപോകുന്നവയല്ല എന്നു സ്ഥാപിക്കുന്ന, സ്വതന്ത്രമായ ധാരാളം ദൈവശാസ്ത്രവിചിന്തനങ്ങളും വിശ്വാസികളെ കൂടുതല്‍ കൂടുതലായി സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു.
സമീപകാലത്തായി ബൈബിളിനു ലഭിച്ച വമ്പിച്ച പ്രചാരവും, സഭാതലങ്ങളില്‍ത്തന്നെ കൂടുതലായി നടന്നു വരുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളും, സ്വതന്ത്രമായ പല ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന ആത്മാര്‍ത്ഥമായ സഭാവിമര്‍ശനങ്ങളുമൊക്കെ, അവബോധതലത്തിലുള്ള ഒരു ഉഴുതുമറിക്കലിന് കാരണമായിട്ടുണ്ട്. ഏതായാലും, ക്രിസ്തീയാരൂപിയില്‍ തുല്യതയും സാഹോദര്യവും പുലരേണ്ട സഭയില്‍ ഇന്നു പലരുന്നത് ആധിപത്യവും അടിമത്വവുമാണെന്ന അറിവ് വിശ്വാസികളിലിന്ന് വ്യാപകമാണ്. ഭൗതികബന്ധത്തിലും ഭൗതികാധികാരത്തിലും ഹൃദയം പൂഴ്ത്തിയിരിക്കുന്ന സഭാഘടന വിശ്വാസികളില്‍ ആദ്ധ്യാത്മിക ജീര്‍ണ്ണത മാത്രമാണിന്ന് വളര്‍ത്തുന്നതെന്നും, ഈ പ്രതിസന്ധിയെ മറികടക്കണമെങ്കില്‍, അക്രൈസ്തവമായ ഇന്നത്തെ സഭാഘടനയെ ക്രിസ്തീയമായി ഉടച്ചുവാര്‍ക്കേണ്ടത് അനിവാര്യമാണ് എന്നും ബോധ്യമുള്ളവര്‍ ഈ സമുദായത്തിലിന്നു വര്‍ദ്ധിച്ചു വരുകയാണ്.
വര്‍ദ്ധിച്ചു വരുന്ന ഈ ക്രിസ്തീയാവബോധം ഒരു വശത്തും, വര്‍ദ്ധിച്ച ശക്തിയില്‍ വിശ്വാസികളുടെ മേല്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സഭാധികാരം മറുവശത്തുമായി, അങ്ങേയറ്റം ആത്മസംഘര്‍ഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍, ഈ സമുദായം സഭയില്‍ ക്രൈസ്തവ നീതി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി സമീപകാലത്ത് ധാരാളം ഉപവാസ-പ്രാര്‍ത്ഥനായജ്ഞങ്ങളും സഹനസമരങ്ങളും നടന്നു എന്നത് വര്‍ദ്ധിച്ചുവരുന്ന ക്രിസ്തീയാവബോധത്തിന്റെ പ്രകാശനങ്ങളായി എടുത്തു പറയാവുന്നവയാണ്.
1986-ല്‍ വടവാതൂര്‍ സെമിനാരിയില്‍ സി.ബി.സി.ഐ. ചേര്‍ന്ന അവസരത്തില്‍ ഇന്‍ഡ്യയിലെ മുഴുവന്‍ മെത്രാന്മാരുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനും, സഭാകാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന നിവേദനം സമര്‍പ്പിക്കുന്നതിനുമായി, 'വിമോചന വേദി'യുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെ ധാരാളം വിശ്വാസികള്‍ അവിടെയെത്തി ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ഠിച്ചത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമാണ്. 'ക്രൈസ്തവ ഐക്യവേദി'യുടെ നേതൃത്വത്തില്‍ പാലാ ബിഷപ്പ് ഹൗസിനു മുമ്പില്‍ നടത്തിയ ഉപവാസ-പ്രാര്‍ത്ഥനയജ്ഞമാണ് വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു സംഭവം. പട്ടികജാതി ക്രൈസ്തവര്‍ക്കെതിരെ സഭയില്‍ തുടരുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്. ഈ രണ്ടിടങ്ങളിലും സഭാധികാരം വിശ്വാസികളെ നേരിട്ടത് പോലീസിനെക്കൊണ്ടായിരുന്നു എന്നത് സഭയിപ്പോള്‍ എത്രമാത്രം അധികാര പ്രമത്തവും അക്രൈസ്തവവുമായിത്തീര്‍ന്നിരിക്കുന്നു എന്ന് സ്വയം വെളിപ്പെടുത്തുന്നു.
ഇത്തരം ക്രിസ്തീയ പ്രതികരണങ്ങള്‍ സഭയില്‍ വ്യാപകമായി വന്നതിന്റെ പശ്ചാത്തലത്തിലാണ്, അവയെ മുഴുവന്‍ നിരീശ്വര-കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെന്നു മുദ്രകുത്തിക്കൊണ്ടും, അത്തരം പ്രസ്ഥാനങ്ങളെയും അവയില്‍ പ്രവര്‍ത്തിക്കുന്നവരെയും സഭയില്‍നിന്നും അകറ്റി നിര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടും കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ മെത്രാന്മാരുടെയുമായ ഒരു സംയുക്ത സര്‍ക്കുലര്‍ ഇറങ്ങിയത്. ഈ സര്‍ക്കുലറിനെതിരെ വിശ്വാസികളുടെയും അവരുടെ സ്വതന്ത്ര പ്രസ്ഥാനങ്ങളുടെയുമായ ധാരാളം വിമര്‍ശന ലഘുലേഖകള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഈ സര്‍ക്കുലര്‍ ഇറങ്ങിയതിനുശേഷം, സഭാധികാരത്തോടു പൂര്‍ണ്ണമായും വഴങ്ങാതിരിക്കുന്നവരെ കമ്യൂണിസ്റ്റെന്നും നിരീശ്വരനെന്നുമൊക്കെ മുദ്രകുത്തിക്കൊണ്ട്, വിവാഹക്കുറി നല്‍കാതിരിക്കുക, അവരുടെ കുട്ടികള്‍ക്ക് പള്ളിയില്‍ മാമ്മോദീസാ നല്‍കാതിരിക്കുക, സിമിത്തേരിയില്‍ ശവസംസ്‌കാരം അനുവദിക്കാതിരിക്കുക എന്നിങ്ങനെയുള്ള ഏകപക്ഷീയവും സ്വേഛാപരവുമായ പ്രതികാര നടപടികള്‍ വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. അടിവാരം ഇടവക വികാരിയായിരുന്ന ഒരു വൈദികനെ കമ്യൂണിസ്റ്റെന്ന് ആരോപിച്ചുകൊണ്ട് അജപാലന ശുശ്രൂഷയില്‍നിന്നും വിലക്കിയത് അത്തരത്തിലുള്ളവയില്‍ ഏറ്റവും കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. ഈ നടപടിക്കെതിരെ ഇടവകജനങ്ങളും പാലാ രൂപതയിലെ വിശ്വാസികളും നടത്തിയ ശക്തമായ പ്രതിഷേധ പ്രതികരണങ്ങള്‍ രൂപതയേയും കേരള കത്തോലിക്കാ സഭയേത്തന്നെയും ഇളക്കിമറിക്കാന്‍ ഇടയാക്കിയ ഒന്നാണ്. വിശ്വാസികളുടെ ധാര്‍മ്മികരോഷം പല രൂപങ്ങളില്‍ വ്യാപകമായി ആവിഷ്‌ക്കരിക്കപ്പെടുകയും, അവസാനം, പൗരസ്ത്യതിരുസംഘം അദ്ധ്യക്ഷന്‍ മെത്രാന്റെ ശിക്ഷാനടപടി റദ്ദു ചെയ്യുവാന്‍ നിര്‍ബ്ബന്ധിതനാക്കുകയും ചെയ്തു.
കത്തോലിക്കാ വിശ്വാസികളുടെ വര്‍ദ്ധിച്ചു വരുന്ന ഈ ക്രിസ്തീയ പ്രതികരണങ്ങളോടും ചെറുത്തു നില്പ്പുകളോടും, മറ്റു ക്രൈസ്തവ സഭകളിലെ വിശ്വാസികളും വിശ്വാസിസംഘങ്ങളും ആശയതലത്തിലും പ്രവര്‍ത്തനതലത്തിലും വളരെയേറെ അനുഭാവവും ഐക്യദാര്‍ഢ്യവും സഹകരണവും പുലര്‍ത്തുന്നുണ്ടെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. വിശ്വാസികളുടെ തലത്തില്‍ സ്വാഭാവികമായി വളര്‍ന്നു വരുന്ന ഈ സഭാ ഐക്യ-Ecumenical-പ്രക്രിയയെ വളരെ വിലപ്പെട്ട ഒന്നായിട്ടാണ് ഓരോ വിശ്വാസി സംഘങ്ങളും വിലയിരുത്തുന്നത്.
വിശ്വാസികളില്‍ ക്രിസ്തീയാവബോധവും പ്രതികരണശേഷിയും വര്‍ദ്ധിച്ചുവരുന്നു എന്നതിന് ഇവയൊക്കെ മതിയായ തെളിവുകളാണെങ്കിലും, സഭാഘടനയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തിയുടെയും ആദ്ധ്യാത്മിക പരിവേഷത്തിന്റെയും മുമ്പില്‍ സ്ഥിരമായി ഉയര്‍ന്നു നില്‍ക്കാന്‍ മാത്രം ആദ്ധ്യാത്മിക ഉണര്‍വോ ധാര്‍മ്മികശക്തിയോ അവര്‍ നേടിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ്, ഒറ്റപ്പെട്ടതും താല്ക്കാലികവുമായ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും മാത്രം അവിടവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ വിശ്വാസികളില്‍ ആത്മവിശ്വാസമുണര്‍ത്താനോ, സഭയില്‍ വരേണ്ട മാറ്റം സംബന്ധിച്ച് സ്ഥിരമായ ഒരു ശുഭാപ്തിവിശ്വാസം നിലനിര്‍ത്താനോ ഇവ പര്യാപ്തമായിട്ടില്ല. ഈ സാഹചര്യത്തില്‍, ക്രിസ്തീയമായ അടിയുറപ്പും സ്ഥൈര്യവുമുള്ള ഒരു വിശ്വാസ പ്രസ്ഥാനത്തിന് കേരള കത്തോലിക്കാ സഭയില്‍ വളരെയേറെ പ്രസക്തിയും സാധ്യതയുമുണ്ട്.
ഈ സമുദായത്തിലെ നേതൃസ്ഥാനീയരും ബുദ്ധിജീവികളുമായ പ്രമുഖ വ്യക്തികളുടെ ഒരു വലിയ നിരതന്നെ, ഇന്നത്തെ അക്രൈസ്തവമായ സഭാഘടനയ്‌ക്കെതിരെ അണിനിരന്നിട്ടുണ്ടെന്നത്, ഇങ്ങനെയൊരു പ്രസ്ഥാനത്തെ സംബന്ധിച്ച് ഒരു അനുയോജ്യഘടകമാണ്. ഇതര ക്രൈസ്തവസഭകളിലെ വിശ്വാസികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും ഈ പ്രസ്ഥാനത്തിനുണ്ടാകുമെന്നതിന് സംശയത്തിനവകാശമില്ല.
*************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ