2012, മാർച്ച് 7, ബുധനാഴ്‌ച

സഹജര്‍ക്കരുളുക സന്തോഷം


മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശം പോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്.  

മൃതിയെ ഭയക്കും മനുജാ നീ
സഹജര്‍ക്കരുളുക സന്തോഷം.
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!

സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!

കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍
ദാഹം , പശിയുമടക്കീടാന്‍
വഴിതേടുന്നവനായുണ്ട്.

ജീവിച്ചീടും വേളയിതില്‍
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!

സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!

അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!

വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.

നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം 

പകരും നന്മകളെന്നോര്‍ക്കൂ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ